ഞായറാഴ്ച്ചയുടെ അലസതയിലേക്കാണ് പ്രിയ
കൂട്ടുകാരി ലേഖയുടെ ഫോണ്‍ വിളി വന്നത്. അഞ്ചാം ക്ലാസ് തൊട്ട് എല്ലാ
കുസൃതികള്‍ക്കും കൂടെയുണ്ടായിരുന്ന കൂട്ടുകാരിയാണവള്‍. സാധാരണ പോലെ
വിശേഷങ്ങള്‍ പറയാനാവും ആ വിളിയുമെന്നേ വിചാരിച്ചിരുന്നുള്ളു. ഫോണ്‍
എടുത്തതും നീ കാശ്മീരിലേക്ക് വരുന്നോ എന്ന ചോദ്യം കേട്ട് ഒന്ന് അമ്പരന്നു
എന്നതാണു സത്യം. സ്‌കൂള്‍ തൊട്ടേ ഉള്ള ഞങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതി
ശ്രീനഗറില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷനിലെ ഉയര്‍ന്ന തസ്തികയില്‍
ചേര്‍ന്ന അന്നു മുതല്‍ ഫോണ്‍ വിളിക്കുമ്പോഴെല്ലാം ഞങ്ങളെ കാശ്മീര്‍ കാണാന്‍
ക്ഷണിക്കാറുണ്ടായിരുന്നു... പലപ്രാവശ്യവും ഒരുങ്ങി പിന്നീട് നടക്കാതെ പോയ
എന്റെ ഒരു സ്വപ്ന യാത്രയായിരുന്നു ഭൂമിയിലെ സ്വര്‍ഗത്തിലേക്കുള്ള ആ യാത്ര.
ജാക്ക് നിക്കോള്‍സനും മോര്‍ഗന്‍ ഫ്രീമാനും
അഭിനയിച്ച ദ ബക്കറ്റ് ലിസ്റ്റ് എന്നൊരു ഹോളിവുഡ് സിനിമയുണ്ട്. ക്യാന്‍സര്‍
രോഗികളായ കാര്‍ട്ടറും എഡ്വേര്‍ഡും ആശുപത്രിയില്‍ കണ്ടുമുട്ടി
സുഹൃത്തുക്കളാവുന്നു. കാര്‍ട്ടര്‍ ജീവിതത്തില്‍ നടക്കാതെ പോയ സ്വപ്നങ്ങളുടെ
ഒരു ലിസ്റ്റ് തയ്യാറാക്കുന്നു. മരിക്കുന്നതിനു മുന്‍പ് ചെയ്തു
തീര്‍ക്കാന്‍ തയ്യാറാക്കിയ സ്വപ്നങ്ങളുടെ ലിസ്റ്റ്. പിന്നീട് എഡ്വേര്‍ഡ്
അതില്‍ അയാളുടെ ആഗ്രഹങ്ങള്‍ കൂടി കൂട്ടിചേര്‍ത്ത് രണ്ടു കൂട്ടുകാരും
ചേര്‍ന്ന് അവരുടെ ലിസ്റ്റിലെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ നടത്തുന്ന
യാത്രയുടെ കഥ പറയുന്ന സിനിമ.
എന്നെ പോലെ യാത്രകള്‍ ഇഷ്ടപ്പെടുന്ന
ലേഖയ്ക്കും എനിക്കും അതു പോലെ ഒരു ലിസ്റ്റ് ഉണ്ട്. ബക്കറ്റ് ലിസ്റ്റ് എന്ന്
ഞങ്ങള്‍ പേരിട്ട ആ ലിസ്റ്റില്‍ ഞങ്ങള്‍ സന്ദര്‍ശിക്കാന്‍ പോവുന്ന
സ്ഥലങ്ങളില്‍ കാശ്മീര്‍, ഹിമാലയം തൊട്ട് കല്‍ക്കത്ത, അമൃതസര്‍ അടക്കം നീണ്ട
ഒരു നിര തന്നെയുണ്ട്. നടക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ലിസ്റ്റ്.
കാശ്മീരിലേക്ക് പോവാന്‍ സമ്മതം
ചോദിച്ചപ്പോള്‍ യൂറോ ട്രിപ്പ് പോവുന്നു, ഗ്രീസ് പോവുന്നു എന്നൊക്കെ ഇടക്ക്
പറയുന്ന പോലെ കിറുക്ക് പറയുകയാണെന്ന് വിചാരിച്ച് ആരും കാര്യമാക്കിയില്ല.
പിന്നീട് കൂട്ടുകാരി സുഷയും ശ്രീ നഗറില്‍ നിന്ന് ചങ്ങാതിയും വിളിച്ചു
സമ്മതം ചോദിച്ചപ്പോഴാണ് കാര്യമായി പറയുകയാണെന്ന് എല്ലാവര്‍ക്കും
മനസ്സിലായത്. വിവരമറിഞ്ഞപ്പോള്‍ മക്കള്‍ രണ്ടാളും പിന്തുണയുമായി വന്നു.
കുടുംബ സുഹൃത്ത് ഗോവര്‍ദ്ധനന്‍ മാമയും ഭാര്യയും കൂടെ ചേരുന്നു എന്ന്
കേട്ടപ്പോള്‍ പിന്നീട് എല്ലാം വേഗത്തിലായി.
കൂട്ടുകാരികള്‍ക്ക് രണ്ടാള്‍ക്കും അധികം
ലീവ് എടുക്കാനാവില്ല എന്നതിനാല്‍ യാത്ര വിമാനമാര്‍ഗമാവാമെന്ന തീരുമാനമായി.
പിന്നീട് കാശ്മീരിനെ കുറിച്ച് എന്ത് കണ്ടാലും തേടിപിടിച്ചു വായനയായിരുന്നു.
ഞങ്ങളൊഴികെ എല്ലാവര്‍ക്കും കശ്മീര്‍ എന്ന് കേട്ട് ടെന്‍ഷനായിരുന്നു.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ കുറിച്ചും വെടി വെപ്പിനെ കുറിച്ചും
പത്രങ്ങളിലും മാധ്യമങ്ങളിലും വന്നിരുന്ന വാര്‍ത്തകള്‍ അത്ര
നല്ലതായിരുന്നില്ലല്ലോ.
നെടുമ്പാശേരിയില്‍ നിന്ന്
ഡല്‍ഹിയിലേക്കുള്ള വിമാനം പറന്നുയരുന്നത് വരെ ഞാന്‍ കാശ്മീര്‍ പോവുന്നു,
അതും പ്രിയപ്പെട്ട കൂട്ടുകാരികളുമൊത്ത് എന്ന് എനിക്ക് വിശ്വാസിക്കാനായില്ല.
ഡല്‍ഹി എയര്‍പോര്‍ട്ടിലെ ഒരു മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം ശ്രീ
നഗറിലേക്കുള്ള വിമാനം പറന്നുയരുമ്പോള്‍ അതില്‍ ഭൂരിപക്ഷം ആളുകളും
ടൂറിസ്റ്റുകളായിരുന്നു. കൂട്ടുകാരിയുടെ സംസാരവും കേട്ട് ഇരിക്കുന്നതിനിടെ,
ജാലകത്തിലൂടെ കണ്ട മഞ്ഞു മൂടിയ പര്‍വ്വതനിരകളുടെ ഭംഗി ക്യാമറയില്‍
പകര്‍ത്തുന്ന സഞ്ചാരികളെ നോക്കിയിരിക്കേ, ശ്രീനഗറില്‍ ഇറങ്ങാന്‍ പോവുന്നു
എന്ന അറിയിപ്പ് വന്നു. എയര്‍പോര്‍ട്ടില്‍ കൂട്ടുകാരന്‍ കാത്തു
നില്‍ക്കുന്നുണ്ടായിരുന്നു. ലേ തടാകത്തിനരികിലൂടെ അവരുടെ ഗസ്റ്റ്
ഹൗസിലേക്ക് ഞങ്ങളുടെ കാര്‍ തിരിയുമ്പോള്‍ സഹിക്കാവുന്ന തണുപ്പേ
ഉണ്ടായിരുന്നുള്ളു. ശ്രീനഗറില്‍ മഞ്ഞു വീണു തുടങ്ങിയിരുന്നില്ല.
ഗസ്റ്റ് ഹൗസിലെ കുക്ക് തീറഥ് ഉണ്ടാക്കിയ
രുചികരമായ ഭക്ഷണം കഴിച്ച് ആദ്യം പോയത് ദാല്‍ തടാകത്തിലേക്കായിരുന്നു.
കാശ്മീരിന്റെ ഹൃദയമാണ് ശ്രീനഗറെങ്കില്‍ ശ്രീനഗറിന്റെ ഹൃദയമാണ് ദാല്‍ തടാകം.
സഞ്ചാരികളെ കാത്തിരിക്കുന്ന ഷിക്കാറകള്‍ കണ്ടപ്പോള്‍ മിഷന്‍ കാശ്മീരില്‍
പ്രീതിസിന്റയും റിതിക്ക് രോഷനും പാടിയ ചുപ് കേസെ സുന്‍ അറിയാതെ മൂളി പോയി.
ദൂരെ കണ്ട മലനിരകള്‍ക്കെല്ലാം മഞ്ഞയും ഓറഞ്ചും കലര്‍ന്ന നിറമായിരുന്നു.
മഞ്ഞു കാലത്തെ വരവേല്‍ക്കാന്‍ ചീനാര്‍ മരങ്ങളെല്ലാം ഇല പൊഴിക്കാനുള്ള
തയ്യാറെടുപ്പിലായിരുന്നു. അതു കൊണ്ട് തന്നെ പിങ്ക് കലര്‍ന്ന ഛായം വാരി
പൂശിയപോലെയായിരുന്നു ശ്രീനഗറിന്. കണ്ടാലും കണ്ടാലും മതി വരാത്ത
കാഴ്ച്ചയാണത്.
തടാകത്തിന്റെ ഒരു ഭാഗത്തായി വില്ലോ
ട്രീകളുടെ ഓരത്തായി സഞ്ചാരികളെ കാത്തിരിക്കുന്ന ടെറസിലും ജനല്‍ പടികളിലും
മനോഹരമായ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ഹൗസ്‌ബോട്ടുകള്‍! തടാകത്തിന്റെ
ഒത്ത നടുവിലെ ചാര്‍ ചിനാര്‍. വെളുത്ത മൂടല്‍ മഞ്ഞിലൂടെ കണ്ട ഹസ്രത്ത്ബാല്‍
പള്ളിയുടെ മകുടങ്ങള്‍. ഹൗസ് ബോട്ടുകള്‍ക്കരികിലായി നിര്‍ത്തിയിട്ട ഒരു
വള്ളത്തില്‍ കാശ്മീരികളുടെ ചായയായ ഖാവ വില്‍ക്കുന്നത് കണ്ട് ഞങ്ങളുടെ
ഷിക്കാര അങ്ങോട്ടടുപ്പിച്ചു. തണുപ്പില്‍ വിശന്നു തുടങ്ങിയിരുന്നത് കൊണ്ടാണൊ
എന്നറിയില്ല ഇത്ര രുചിയുള്ള ചായ ഞാനിതു വരെ കുടിച്ചിട്ടില്ലെന്ന് തോന്നി.
അതിനിടെ കാശ്മീരി ആഭരണങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരുടെ ഷിക്കാരകള്‍
ഞങ്ങളെ പൊതിഞ്ഞു. വലിയ വില പറഞ്ഞ ഒരു കശ്മീരി ജുംക്കക്ക് വില പേശുന്നതിനിടെ
ഞങ്ങളുടെ അടുത്തേക്ക് ക്യാമറയുമായി ഒരു പയ്യന്‍ തുഴഞ്ഞു
വന്നു. കാശ്മീരിന്റെ പരമ്പരാഗത ഡ്രസ്സിട്ട ഫോട്ടൊ എടുത്തുതരാന്‍ നൂറ്റി
മുപ്പത് രൂപ തന്നാല്‍ മതി എന്ന് പറയേണ്ട താമസം വെള്ളവും തോണി യാത്രയും
എനിക്ക് പേടിയാണെന്ന് എപ്പോഴും പറയുന്ന ഞാന്‍ ആ ഷിക്കാരയിലേക്ക് ചാടി
കയറിയത് പറഞ്ഞ് കൂട്ടുകാര്‍ ചിരിയായിരുന്നു.
നേര്‍ത്ത മഞ്ഞില്‍ ശാന്തയായി കിടക്കുന്ന
തെളിഞ്ഞ തടാകത്തിലൂടെ പതുക്കെ നീങ്ങുന്ന ഷിക്കാര. ആകാശത്തിന്റെ അങ്ങേ
അറ്റത്ത് സൂര്യന്‍ താഴ്ന്നു തുടങ്ങിയിരുന്നു. തുഴച്ചില്‍ക്കാരന്റെ ഒരു പഴയ
ടേപ്പ് റിക്കാര്‍ഡില്‍ നിന്ന് ഒഴുകിവരുന്ന ഹിന്ദി ഗാനവും ആസ്വദിച്ച്
വീശിയടിച്ച കാറ്റിന്റെ തണുപ്പില്‍ ഷിക്കാരയില്‍ ചാഞ്ഞു കിടന്നപ്പോള്‍ ഈ
ജീവിതത്തിനോട് എനിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നി.
സവാരിക്കുള്ള പൈസ വാങ്ങുന്നതിനിടെ
പച്ചക്കറി വില്‍ക്കുന്നവരും പൂക്കള്‍ നിറച്ച ഷിക്കാരകളും കാണണമെങ്കില്‍
പുലര്‍ച്ചക്ക് വരണമെന്ന് തുഴച്ചില്‍ക്കാരന്‍ പറഞ്ഞപ്പോള്‍ അധികം
ദൂരമില്ലാത്ത ഞങ്ങളുടെ താമസസ്ഥലത്തു നിന്ന് ഒരു പ്രഭാത സവാരി പ്ലാന്‍
ചെയ്തതായിരുന്നു. ശ്രീനഗറില്‍ തെരുവുപട്ടികളുടെ ശല്യമാണെന്നും രണ്ടു ദിവസം
മുന്‍പ് പട്ടികളെ കണ്ട് പേടിച്ചോടിയ ഒരു കാശ്മീരി പയ്യനെ കുറേ പട്ടികള്‍
ആക്രമിച്ചെന്നുമൊക്കെ തീറഥ് പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ ആ പരിപാടി
വേണ്ടെന്ന് വെച്ചു. കൂട്ടുകാര്‍ക്ക് കാശ്മീരി സില്‍ക്കും ഷാളും മനോഹരമായ
കാശ്മീര്‍ ഡിസൈന്‍ തുന്നല്‍ പണികളുള്ള ചുരീദാറുമെല്ലാം വാങ്ങണമെന്ന്
പറഞ്ഞപ്പോള്‍, നേരെ നിരനിരയായി വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന
തടാകകരയിലെ കടകളിലേക്കാണ് പിന്നെ പോയത്. സാരികള്‍ വിരിച്ചിടുന്നിടെ ഷാരൂഖ്
ഖാന്‍ ജബ് തക്ക് ഹേ ജാനിന്റെ ഷൂട്ടിങ്ങിനു വന്നപ്പോള്‍ അഞ്ചു ലക്ഷത്തിന്റെ
കാഷ്മീരി ഷാള്‍ വാങ്ങിയ കഥ പറയുന്ന തിരക്കിലായിരുന്നു കടക്കാരന്‍.
കശ്മീര്‍ ആപ്പിളിന്റെ സൗന്ദര്യമുള്ള
സ്ത്രീകളും കുട്ടികളും ഉത്സാഹത്തോടെ നടക്കുന്നത് കാണാമായിരുന്നു.
വെളിച്ചത്തില്‍ മുങ്ങി ശാന്തമായി കിടക്കുന്ന ദാള്‍ തടാകത്തിലേക്ക് നോക്കി
ഞാനും ലേഖയുടെ മകള്‍ ഗാഥയും വെറുതെ ആ തണുപ്പില്‍ ഇറങ്ങി നടക്കുമ്പോള്‍
ഞാന്‍ ഓര്‍ത്തത് ദാലിന്റെ ഓരം ചേര്‍ന്നു പോകുന്ന വഴിയുടെ ഓരോ മുക്കിനും
മൂലക്കും ബോംബ് സ്‌ഫോടനങ്ങളുടെ വേദനിക്കുന്ന കഥ പറയാനുണ്ടെന്ന് പറഞ്ഞ
കൂട്ടുകാരന്റെ വാക്കുകളായിരുന്നു. ഗസ്റ്റ് ഹൗസിലെ ഹീറ്ററിനൊന്നും അസ്ഥി
തുളച്ചുകയറുന്ന ശ്രീനഗറിന്റെ തണുപ്പിനെ തോല്പ്പിക്കാനായില്ല.
കൂട്ടുകാരെല്ലാം ഉറങ്ങിയിട്ടും ഞാന്‍ മാത്രം ഉറക്കം വരാതെ ഫ്രഞ്ച്
വിന്‍ഡോയുടെ ചില്ലിലൂടെ വന്ന വെളിച്ചത്തിലേക്ക്ക്ക് നോക്കി കിടന്നു.
II
ശ്രീനഗറിലെ രണ്ടാമത്തെ ദിവസത്തിലേക്ക്
സൂര്യന്‍ എന്നെക്കാള്‍ മുന്‍പേ ഉണര്‍ന്നെഴുന്നേറ്റിരുന്നു. അന്ന്
ഗുല്‍മാര്‍ഗിലേക്കാണ് യാത്ര എന്ന് തീരുമാനിച്ചിരുന്നു. ഗുല്‍മാര്‍ഗ്
എന്നാല്‍ പൂക്കളുടെ വീഥി എന്നാണര്‍ഥം. വസന്തകാലത്ത് വന്നാല്‍ ഡയ്‌സിയും
ബ്ലൂബെല്‍സും അടക്കം പലതരം പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഗുല്‍മാര്‍ഗ്
ആയിരിക്കും നമ്മെ വരവേല്‍ക്കുന്നതെന്ന് ഞങ്ങളുടെ ഡ്രൈവര്‍
പറയുന്നുണ്ടായിരുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 2730 അടി ഉയരത്തില്‍
സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് കളിക്കാര്‍ക്ക് പറുദീസയാണ്.
ശൈത്യകാല വിനോദമായ സ്‌കീയിങ്ങ് ഒരു പ്രധാന ആകര്‍ഷണമാണ്. കാശ്മീര്‍
താഴ്വരയില്‍ നിന്ന് ഗുല്‍മാര്‍ഗിലേക്കുള്ള വഴിയില്‍ ഇടതൂര്‍ന്ന
പൈന്മരക്കാടുകളുടെ വന്യതയും പുല്‍ മേടുകളും സമതലങ്ങളും കടന്ന് ഞങ്ങളുടെ
ഇന്നോവ മുന്നേറുമ്പോള്‍ ആ മനോഹരമായ കാഴ്ച്ച ഞാനെന്റെ കണ്ണിലേക്കും
മനസിലേക്കും ആവോളം പകര്‍ത്തിയെടുക്കുന്ന തിരക്കിലായിരുന്നു.
ഒരാഴ്ച്ചകൂടി കഴിഞ്ഞാല്‍ പൈന്‍
മരക്കൂട്ടങ്ങളെല്ലാം മഞ്ഞില്‍ മൂടി പോവും എന്ന് ഡ്രൈവര്‍ പറഞ്ഞു.
ഗുല്‍മാര്‍ഗ് അടുക്കും തോറും മഞ്ഞു വീണ മേള്‍ക്കൂരകളും പൈന്‍ മരങ്ങളും
ദൃശ്യമായി തുടങ്ങി. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗൊണ്ടോല എന്ന
റോപ്പ്‌വേയില്‍ 13,500 അടി ഉയരെ വരെ പോവാനാവും. താരതമ്യേന ഉയരം കുറഞ്ഞ ആദ്യ
സ്‌റ്റേഷനില്‍ ഇറങ്ങി ഏറ്റവും മുകളിലുള്ള ആല്‍പെന്തറിലെ രണ്ടാമത്തെ
ഹിമപര്‍വതത്തിലേക്ക് പോവുന്ന ഗൊണ്ടാലയിലേക്ക് മാറി കയറണം. ഒരു കേബിള്‍
കാറില്‍ മൂന്ന് മുതല്‍ ആറ് പേര്‍ക്ക് വരെ ഇരിക്കാം. ഒരു റോപ്പിലൂടെ നമ്മള്‍
മുകളിലേക്ക് കയറുമ്പോള്‍ മറ്റൊരു റോപ്പിലൂടെ യാത്ര കഴിഞ്ഞ് മടങ്ങുന്ന
കാറുകള്‍ കാണാം. ഏതാണ്ട് പതിനഞ്ച് മിനുട്ട് നേരമെടുത്തു പര്‍വത
മുകളിലെത്താന്‍. ഞങ്ങള്‍ ഗൊണ്ടോലയില്‍ നിന്ന് ആദ്യത്തെ സ്‌റ്റേഷനില്‍
ഇറങ്ങുമ്പോള്‍ തന്നെ നൂറുകണക്കിന് ടൂറിസ്റ്റുകള്‍ അവിടെയുണ്ട്. മഞ്ഞു
മലകളില്‍ ഓടിക്കളിക്കുന്നവര്‍, ഫോട്ടോയെടുക്കുന്നവര്‍, മഞ്ഞു കട്ടകള്‍
പരസ്പരം എറിഞ്ഞു കളിക്കുന്നവര്‍, സ്‌കീയിംഗ്, ചൂടുള്ള ഭക്ഷണം തുടങ്ങി
എല്ലാം അവിടെയുണ്ട്.
പണ്ട് കുട്ടികളായിരുന്നപ്പോള്‍ പാളയില്‍
കയറി ഇരുന്ന് കൂട്ടുകാര്‍ വലിച്ചു കൊണ്ടു പോവുന്ന ഒരു കളിയുണ്ടായിരുന്നു.
അതു പോലെ മരം കൊണ്ട് നിര്‍മിച്ച ഒരു പലകയില്‍ കയറി ഇരിക്കുന്ന സഞ്ചാരികളെ
മഞ്ഞിലൂടെ വലിച്ചു കൊണ്ടു പോവുന്നത് കണ്ട് നോക്കി നിന്നപ്പോള്‍ തന്നെ ഞാന്‍
തീരുമാനിച്ചിരുന്നു അതിലൊന്ന് കയറിയിട്ടേ ബാക്കി കാര്യമുള്ളു എന്ന്. എന്റെ
മനസറിയാവുന്ന കൂട്ടുകാര്‍ ആകാശത്ത് ഉരുണ്ടുകൂടുന്ന മേഘങ്ങള്‍ നോക്കി
ആദ്യമേ പറഞ്ഞു, മുകളിലുള്ള സ്‌റ്റേഷനില്‍ പോയി വന്നിട്ടാവാം. മഴ പെയ്താല്‍
ആകെ തിരക്കാവുമെന്ന്.
മഞ്ഞു മലകള്‍ക്ക് മുകളിലൂടെയുള്ള ആ യാത്ര
മറക്കാനാവാത്ത ഒരു അനുഭവമാണ്. മേഘപാളികളെ തൊട്ടുരുമ്മി നില്‍ക്കുന്ന മഞ്ഞു
മൂടിയ മലനിരകളുടെ മനോഹര കാഴ്ച്ച. താഴെ മഞ്ഞില്‍ പൊതിഞ്ഞ കൊച്ചു വീടുകള്‍
കാണാം. ഗുജ്ജന്‍ ഡോക് എന്നാണതിനെ പറയുന്നത്. ആട്ടിടയന്മാരായ ഗുജ്ജര്‍ വംശം
താമസിക്കുന്നത് ഈ വീടുകളിലാണ്.
ഗൊണ്ടോലയുടെ ജനല്‍ ഗ്ലാസ്സില്‍
മുഖമമര്‍ത്തിയിരിക്കെ ഗാഥ ചോദിക്കുന്നുണ്ടായിരുന്നു, സൈറാന്റി നമ്മള്‍
സ്വപ്നം കാണുകയല്ലല്ലോ എന്ന്. അന്നേരം എനിക്കും തോന്നിയിരുന്നു ഞാന്‍ വേറെ
ഏതോ ലോകത്താണെന്ന്.
തിരിച്ചുള്ള യാത്രയില്‍ ആദ്യ
സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ ഞാനും ഗാഥയും സ്‌കീയിങ്ങ്
പഠിക്കാനാണോടിയത്. നാന്നൂറു രൂപയാണു ഫീസ്. ഡിസ്‌ക്കവറി ചാനലിലും ഇംഗ്ലീഷ്
സിനിമകളിലൊക്കെ സ്‌ക്കീയിങ്ങ് ചെയ്യുന്നത് കണ്ടപ്പോള്‍ വിചാരിച്ചിരുന്നതാണ്
ഒരു ദിവസം ഇതിന്മേലൊന്നു കയറി നോക്കണമെന്ന്. അത്ര ഉയരത്തില്‍
നിന്നൊന്നുമല്ല സഞ്ചാരികള്‍ക്കുള്ള സ്‌ക്കീയിങ്ങ്. ചെറിയൊരു ഗ്രൗണ്ടിന്റെ
അത്ര സ്ഥലത്ത് ആണ് പരിപാടി. കുട്ടികളെല്ലാം അനായസമായി
ചെയ്യുന്നുണ്ടെങ്കിലും ഇടക്ക് മറിഞ്ഞു വീഴുന്നുമുണ്ട്. മീശ മുളക്കാത്ത ഒരു
കാശ്മീരി പയ്യനായിരുന്നു എന്റെ ഇന്‍സ്ട്രക്റ്റര്‍. നിന്നെ പോലെ എനിക്കൊരു
മകനുണ്ടെന്നൊക്കെ പറഞ്ഞ് ആദ്യമേ ഞാനവനെ കയ്യിലെടുത്തു. ഒറ്റ പ്രാവശ്യം
പോലും വീഴാനനുവദിക്കാത അവനെന്നെ നന്നായി പഠിപ്പിച്ചപ്പോള്‍ എനിക്ക്
മനസിലായി അവനെന്റെ സോപ്പില്‍ വീണു പോയി എന്ന്.
മഞ്ഞിലൂടെ വലിച്ചുള്ള യാത്രയാണ്
കൂട്ടുകാരെല്ലാം തിരഞ്ഞെടുത്തത്. മഞ്ഞില്‍ തെന്നി വീഴാതിരിക്കാനുള്ള ബൂട്ട്
അവിടെ വാടകക്ക് കിട്ടും. ഞങ്ങള്‍ എത്തിയപ്പോഴേക്ക് അത്
തീര്‍ന്നുപോയിരുന്നു. അതില്ലെങ്കിലും കുഴപ്പമില്ലെന്നൊക്കെ പറഞ്ഞു കേട്ട
ധൈര്യത്തിലാണ് ആ പലകയില്‍ കയറി ഇരുന്നത്. നല്ല കുത്തനെയുള്ള ഉയരത്തില്‍
എത്തുമ്പോള്‍ നമ്മള്‍ എഴുന്നേറ്റ് നടക്കണമെന്ന്
ഞങ്ങള്‍ക്കറിയില്ലായിരുന്നു. എല്ലാവരും അവനവന്റെ ഡ്രൈവറുടെ കയ്യില്‍ തൂങ്ങി
മഞ്ഞിലൂടെ അനായസമായി കയ്യറിയപ്പോള്‍ ഒട്ടും ഗ്രിപ്പ് കിട്ടാത്ത എന്റെ ഷൂ
എന്നെയും ആ കാശ്മീരി പയ്യനേയും താഴേക്ക് ഉരുട്ടി വിടുമെന്ന് ഞാനൊട്ടും
പ്രതീക്ഷിച്ചില്ല. എല്ലാവരും അതു കണ്ട് ആര്‍ത്തു ചിരിക്കാനും തുടങ്ങി. ഒരു
വിധത്തില്‍ മുകളിലെത്തിയപ്പോള്‍ കുറേ പേരുണ്ട് സ്‌കൂട്ടറിന്റെ
പുറകിലിരിക്കുന്നത് പോലെ കാശ്മീരി പയ്യന്മാരുടെ പുറകില്‍ ഇരുന്ന്
കുത്തനെയുള്ള ഇറക്കത്തിലൂടെ നല്ല സ്പീഡില്‍ താഴോട്ടു വരുന്നു. ആദ്യം പേടി
തോന്നിയെങ്കിലും പണ്ട് ജ്യേഷ്ഠനുമൊത്ത് കളിച്ചിരുന്ന പാര്‍ക്കിലെ പഴയ
ദിവസങ്ങളെ ഓര്‍മിപ്പിക്കുന്നതായിരുന്നു ആ റൈഡ്.
തിരിച്ചുള്ള യാത്രയിലാണ് ആപ്പിള്‍
തോട്ടത്തില്‍ ഇറങ്ങിയത്. പൂത്തു നില്‍ക്കുന്ന ആപ്പിള്‍ മരങ്ങള്‍. മനോഹരമായ
കാഴ്ച്ച തന്നെയാണ്. സീസണില്‍ ഇരുന്നൂറു രൂപ കൊടുത്താല്‍ ഇഷ്ടമുള്ളത്ര
ആപ്പിള്‍ പറിച്ചു കഴിക്കാമെന്ന് തോട്ടം ചുറ്റികാണിക്കാന്‍ കൂടെ വന്ന
കാശ്മീരി പയ്യന്‍ പറഞ്ഞു. പക്ഷേ ഞങ്ങള്‍ ചെല്ലുമ്പോള്‍ സീസണ്‍
തീരാറായതിനാല്‍ ആപ്പിള്‍ പറിക്കാന്‍ സമ്മതമില്ലായിരുന്നു. ആപ്പിള്‍ തോട്ടം
കാണാന്‍ വരുന്ന സഞ്ചാരികളില്‍ നിന്ന് ഒരു നിശ്ചിത ഫീസ് വാങ്ങി കഴിയുന്നത്ര
ദിവസങ്ങള്‍ അതങ്ങനെ നില നിര്‍ത്തുന്നതാണ് പറിച്ചു വില്‍ക്കുന്നതിലും ലാഭം
എന്ന് ആ പയ്യന്‍ തന്നെയാണ് പറഞ്ഞത്.
തണുപ്പ് വന്ന് ആകെ പൊതിഞ്ഞു
തുടങ്ങിയിരുന്നു. തോട്ടത്തില്‍ നിന്ന് കുറച്ചകലെ തീ കായുന്ന കാശ്മീര്‍
പയ്യന്മാരുടെ കൂടെ അല്‍പ്പ നേരം തീ കായാമെന്ന് വെച്ച് ചെന്നപ്പോള്‍ ഞങ്ങള്‍
കലപില പറയുന്ന ഭാഷ ഏതാണെന്നായി അവര്‍. കേരളത്തില്‍ നിന്നാണെന്ന്
പറഞ്ഞപ്പോള്‍ അതിലൊരുവന്റെ സഹോദരന്‍ എക്‌സിബിഷനില്‍ കരകൗശല വസ്തുക്കള്‍
വില്‍ക്കാന്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഒരു കാര്യം ഞാന്‍
ശ്രദ്ധിച്ചിരുന്നു. കേബിള്‍ കാറില്‍ കൂടെയുണ്ടായിരുന്ന കാശ്മീരിയും കൂടെ തീ
കായുമ്പോള്‍ മനോഹരമായി കാശ്മീരിഗാനം പാടി തന്ന ആ പയ്യന്മാരും ആദ്യം
ചോദിച്ചത് കാശ്മീര്‍ കൈസാ ലഗാ എന്നായിരുന്നു. കാശ്മീരില്‍ ഒരു
പ്രശ്‌നവുമില്ല എല്ലാം മീഡിയയും പട്ടാളവും പടച്ചുണ്ടാക്കുന്നതാണ്,
ടൂറിസ്റ്റുകള്‍ ഇവിടെ സേഫാണ് എന്നും കൂട്ടിച്ചേര്‍ക്കാന്‍ അവരാരും
മറന്നില്ല. ഇതെല്ലാം കേട്ടപ്പോള്‍ സങ്കടം തോന്നി.
ഇരുട്ട് വീണു തുടങ്ങിയിരുന്നു.
സഹിക്കാനാവാത്ത തണുപ്പും. കാശ്മീരികളുടെ കൈകളെല്ലാം ഫറന്‍ എന്നു പേരുള്ള
അവരുടെ വസ്ത്രത്തിന്റെ ഉള്ളില്‍ അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. ഇവിടുള്ള
പുരുഷന്മാരേയും സ്ത്രീകളേയും കണ്ടാല്‍ ഗര്‍ഭിണികളെ പോലെയുണ്ടെന്ന്
പറഞ്ഞപ്പോള്‍ അതു കാങ്കിടി കഴുത്തില്‍ കെട്ടി തൂക്കിയത് കൊണ്ടാണെന്ന്
ഡ്രൈവര്‍ പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. വഴിയരികിലെല്ലാം വില്‍ക്കാന്‍ വെച്ച ഒരു
പൂക്കൂട പോലെ തോന്നിച്ച, ചൂരലു കൊണ്ട് പൊതിഞ്ഞ മണ്‍ചട്ടിയെ കുറിച്ച്.
കനലുകള്‍ ഇട്ട ഒരു നെരിപ്പോട് ആണ് കാങ്കിടി, കൈയില്‍ സൗകര്യാര്‍ത്ഥം
തൂക്കിപ്പിടിക്കാം. മഞ്ഞു കാലങ്ങളില്‍ സാധാരണ കാശ്മീരികളുടെ സന്തത
സഹചാരിയാണ് ഇത്. ഇത് കഴുത്തില്‍ തൂക്കി ഫറന്‍ അതിനു മുകളിലണിഞ്ഞ് അനായസേന
ജോലി ചെയ്യുന്ന കാശ്മീരികള്‍ നമുക്ക് അത്ഭുതം തന്നെയാണ്. ഗസ്റ്റ് ഹൗസില്‍
തിരിച്ചെത്തിയപ്പോഴേക്കും നന്നായി ഇരുട്ടിയിരുന്നു. അന്നെന്തായാലും മഞ്ഞു
മലകളും ആപ്പിള്‍ തോട്ടങ്ങളും സ്വപ്നം കണ്ട് ഞാന്‍ നന്നായി ഉറങ്ങി.
No comments:
Post a Comment