Tuesday, August 20, 2013     തോന്നാറുണ്ടോ...?

ചിലപ്പോള്‍ നമ്മേ തന്നെ എടുത്തൊരേറു കൊടുക്കാന്‍...?

ഇത് ഒരു കൂട്ടുകാരന്റെ വാളില്‍ വായിച്ച മനോഹരമായ ഒരു കുറിപ്പില്‍ കണ്ട വാക്കുകളാണ്.
.എനിക്ക് തോന്നിയിട്ടുണ്ടോ അങ്ങിനെ...? എപ്പോഴെങ്കിലും.

ഒന്നിനും ഒരു കുറവുമില്ലാതിരുന്ന വീട്ടില്‍ സ്നേഹം പ്രകടിപ്പിക്കാനുള്ളതല്ല ലാളിച്ചാല്‍ കുട്ടികള്‍ വഷളായി പോവുമെന്ന് ചിന്തിച്ചിരുന്നവരാണ്... ഉമ്മയും ബാപ്പയും.വീട്ടിലെ ജോലിക്കാരാണെങ്കില്‍ ചെറിയ ഒരു കുസൃതി കാണിക്കുമ്പോഴേക്ക് ഉമ്മയോട് പറയും എന്ന് ഭീഷണി മുഴക്കുന്നവരും.വേനല്‍ക്കാലത്ത് പാടം ഉഴുതു മറിക്കുന്ന ട്രാക്ടറിന്റെ ഡ്രൈവര്‍ ആണെങ്കില്‍ ബാപ്പ സ്ഥലത്തില്ലാത്തപ്പോള്‍ അതിലൊന്നു കയറ്റാമോ എന്ന് ചോതിച്ചാല്‍ വൈകുന്നേരം ഉള്ള പാലിന്റേയും മുട്ടയുടേയും പങ്കു ചോതിക്കുന്നവനും.

ചെറിയ ഒരു തെറ്റു കണ്ടാല്‍ മതി ഉമ്മ വടിയുമായി വരും. അന്നൊക്കെ വായിച്ചിരുന്നത് സങ്കടപ്പെടുന്ന സിന്‍ഡ്രല്ലയെ രക്ഷിക്കാന്‍ വരുന്ന രാജകുമാരന്റെ കഥകളായിരുന്നു.അന്നൊക്കെ വായിച്ചിരുന്ന പൂമ്പാറ്റയിലും അങ്ങിനെയുള്ള കഥകളായിരുന്നു. . ആര്‍ക്കും എന്നോട് സ്നേഹമില്ലെന്ന് സങ്കടപ്പെട്ടിരുന്ന സിന്‍ഡ്രല്ലയാണെന്ന് സങ്കല്‍പ്പിച്ചിരുന്ന അന്നത്തെ കുട്ടിയുടുപ്പുകാരിയാവട്ടെ രക്ഷിക്കാന്‍ വരുന്ന രാജകുമാരനെ കാത്തിരുന്ന് ഒടുവിലങ്ങ് തീരുമാനിച്ചു മരിച്ചുകളയാമെന്ന്.ഉമ്മയെ കരയിക്കാന്‍ അതല്ലാതെ വേറെ ഒരു വഴിയുമില്ല എന്ന്.

അന്നാണെങ്കില്‍ മദ്രസ്സയില്‍ ലോകാവസാനവും മരണശേഷമുള്ള ശിക്ഷയുമൊക്കെ പറഞ്ഞ് മൗലവി ക്ലാസ്സ് എടുക്കുന്നത് കേട്ട് രാത്രികളിലെല്ലാം അപ്പൂപ്പന്‍ താടി പോലെ പറന്ന് നടക്കുന്ന മലകളും തീ പിടിക്കുന്ന കടലും ബഹളത്തിനിടയില്‍ പരിഭ്രമിച്ച് കൈ പിടിച്ചോടിയ അനിയത്തിയെ കാണാതാവുന്നതുമെല്ലാം കണ്ട് ഞെട്ടി ഉണരുന്ന സമയവുമായിരുന്നു.

അന്ന് എന്തുണ്ടായാലും വലിയ ബുദ്ധിമതിയാണെന്ന് സ്വയം വിശ്വസിക്കുന്ന അനിയത്തിയോട് ഉപദേശം ചോതിക്കുന്ന ഒരു ശീലമുണ്ടായിരുന്നു.മൗലവി പറഞ്ഞു തന്ന മരണ ശേഷമുള്ള ശിക്ഷകളും നോമ്പ് എടുക്കാന്‍ മടിയായതിനാല്‍ സിറാത്തിന്‍ പാലം കടക്കാന്‍ ബുദ്ധിമുട്ടിയാലോ കുറച്ചൂടെ നിസ്കരിച്ചിട്ടൊക്കെ മരിക്കാം എന്നായി അവള്‍.അങ്ങിനെയാണ് അന്നത്തെ മരണം ഞാന്‍ നീട്ടിവെച്ചത്.


ബാപ്പ അടിക്കാറേ ഇല്ലായിരുന്നു.എന്നാലും ബാപ്പയെ എന്നും പേടിയായിരുന്നു.അവധിക്കാലത്ത് മാത്രം താമസിക്കുന്ന എരുമമുണ്ടയിലെ വീട്ടില്‍ വെച്ചാണ് ആദ്യമായി ബാപ്പയുടെ കയ്യില്‍ നിന്ന് അടികിട്ടിയത്.അനിയത്തിയും കൂട്ടുകാരുമായി സാറ്റ് കളിക്കുമ്പോള്‍ കൂട്ടത്തില്‍ ഏറ്റവും ചെറിയ ആളെ കളിയില്‍ ചേര്‍ക്കാന്‍ കൂട്ടാക്കാത്ത ദേഷ്യത്തില്‍ ഞങ്ങള്‍ ഒളിച്ചിരിക്കുന്ന സ്ഥലം കാണിച്ചു കൊടുത്ത ദിവസമായിരുന്നു അത്. കയ്യിന് നല്ല ഒരു അടി വെച്ചു കൊടുത്തത് അനിയത്തിയാണ്. കയ്യിലെ കുപ്പിവള പൊട്ടി ചോര പൊടിഞ്ഞപ്പോള്‍ അലറി വിളിച്ച് കരയുന്ന അവളെ കണ്ട്കൊണ്ട് വന്ന ബാപ്പ അവിടെകിടന്ന വടി എടുത്ത് ആരാണ് എന്താണെന്നൊന്നും ചോതിക്കാതെ അടിക്കുമെന്ന് ഞങ്ങള്‍ രണ്ടാളും വിചാരിച്ചില്ല.ശബ്ദം പൊങ്ങരുത് എന്ന താക്കീതും കൂടെ തന്ന് ബാപ്പ പോയപ്പോള്‍ അനിയത്തിയാണ് പറഞ്ഞത് ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല രണ്ടാള്‍ക്കും പോയി മരിക്കാമെന്ന്.


എങ്ങിനെ മരിക്കണമെന്ന് എത്ര ആലോചിട്ടും ഒരു പിടിയും കിട്ടുന്നുമില്ല..തൊടിയിലെ കുളത്തില്‍ ചാടാമെന്നവള്‍ പറഞ്ഞപ്പോള്‍ വെള്ളം എനിക്ക് പേടിയാണെന്നായി ഞാന്‍..അവസാനം അവള്‍ തന്നെയാണ് പറഞ്ഞത് കളിക്കുന്നതിനിടെ തോട്ടത്തില്‍ കണ്ട വലിയ ഗുഹയില്‍ കാലു വെക്കാം പാമ്പ് വന്ന് കടിച്ചോളുമെന്ന്.വലിയ ധൈര്യശാലിയായ അവളുടെ മുന്‍പില്‍ തോറ്റുകൊടുക്കാന്‍ ഇഷ്ട്ടമില്ലാത്തതിനാല്‍ ഞാന്‍ സമ്മതിച്ചു കൂടെ ചെന്നു. പാമ്പ് കടിച്ചാല്‍ മരിക്കില്ല ബോധം പോയി കയ്യും കാലും ഇളക്കാന്‍ പറ്റാത്തതിനാല്‍ മരിച്ചെന്നു വിചാരിച്ചു കൊണ്ടുപോയി ഖബറടക്കുന്നതാണ് എന്നെല്ലാം വീട്ടിലെ പണിക്കാര്‍ വര്‍ത്തമാനം പറയുന്നത് വായില്‍ നോക്കി നില്‍ക്കുമ്പോള്‍ കേട്ടതൊക്കെ ഓര്‍ത്തപ്പോള്‍ എനിക്ക് പേടിയുണ്ടായിരുന്നു.

പോവുമ്പോള്‍ മൂക്കും ഒലിപ്പിച്ച് അവിടെ നിന്നിരുന്ന കരച്ചില്‍കാരിക്ക് ഒരടികൂടി കൊടുത്ത് മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞിട്ടും ഒരു കുലുക്കവുമില്ല.

കുറേ സമയം കഴിഞ്ഞപ്പോളാണ് ഞങ്ങള്‍ രണ്ടാളേയും കാണാനില്ലെന്ന് വീട്ടിലെല്ലാവരും അറിയുന്നത്..പേടിച്ചു പോയ ബാപ്പ തോട്ടത്തിലും പാടത്തും പണിയെടുക്കുന്ന എല്ലാവരെയും വിളിച്ച് വരുത്തി നാലുപാടും ഞങ്ങളെ തിരയാന്‍ വിട്ടതൊന്നും ഞങ്ങളറിയുന്നുണ്ടായിരുന്നില്ല. കാല് ഗുഹയിലേക്കും വെച്ച് പാമ്പിനെയും കാത്തിരുന്ന ഞങ്ങള്‍ ഇടക്കിടെ കരഞ്ഞും സങ്കടം പറഞ്ഞും ഇരിക്കുമ്പോഴാണ് വര്‍ഷങ്ങളായി വീട്ടില്‍ ജോലി ചെയ്യുന്ന കേശു അവിടെ എത്തിയത്.അവനും കുറച്ചു നേരം ഞങ്ങളുടെ കൂടെ കരഞ്ഞതിനു ശേഷമാണ് പറയുന്നത് ബാപ്പ പൊറൊട്ടയും ചിക്കനുമൊക്കെ വരുത്തിയിട്ടുണ്ട് വേഗം ചെല്ലാന്‍ പറഞ്ഞുവെന്ന്.മരിക്കാന്‍ വല്യ ഇഷ്ടമൊന്നുമില്ലാത്ത ഞാന്‍ പൊറോട്ട കഴിച്ചു വന്നിട്ട് മരിക്കാമെന്ന് പറഞ്ഞിട്ട് അനിയത്തി കേള്‍ക്കുന്നുമില്ല..കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ക്കും തോന്നി ഞാന്‍ പറയുന്നതാണ് ശരിയെന്ന്.
പൊറോട്ടയെല്ലാം കഴിച്ചു കഴിഞ്ഞപ്പോള്‍ ജ്യേഷ്ഠനും ബാപ്പയും അവിടെയുണ്ടായിരുന്ന പാടത്തെ പണിക്കാരുമെല്ലാം ഞങ്ങളെ കളിയാക്കി ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ ആകെ നാണക്കേടായി തോന്നിയെങ്കിലും കുറച്ചു നേരം കേശു ഞങ്ങളുടെ കൂടെ കരഞ്ഞതിനാല്‍ നമ്മള്‍ തന്നെയാണ് ജയിച്ചതെന്ന് അവള്‍ പറഞ്ഞപ്പോള്‍ എനിക്കാശ്വാസമായി. വളര്‍ന്നു വലുതായിട്ടും കാണുമ്പോഴെല്ലാം കേശു അത് പറഞ്ഞ് കളിയാക്കാറുണ്ട്.


വീടിനു തൊട്ടു മുന്‍പിലുള്ള ഖബര്‍സ്ഥാനിലേക്ക് നിലാവുള്ള രാത്രികളിലെല്ലാം നോക്കിയിരിക്കുന്ന ഒരു ശീലമുണ്ടെനിക്ക്.അപ്പോഴെല്ലാം ഞാനെന്റെ മരണത്തെകുറിച്ചും എന്റെ വീടിന്റെ സിറ്റൗട്ടില്‍ കിടത്തിയ രൂപത്തെകുറിച്ചും വെറുതെ സങ്കൽപ്പിച്ചു നോക്കാറുമുണ്ട്.
എങ്കിലും മരണം എന്നെ ഭീതിപ്പെടുത്തിയത് നല്ല മഴ ഉള്ള ഒരു രാത്രിയില്‍ സംസാരിച്ചിരിക്കെ നെഞ്ചു വേദനയെന്ന് പറഞ്ഞ് എന്റെ തോളിലേക്ക് ചാരിയിരുന്ന അനുജന്‍ നിമിഷ നേരം കോണ്ട് മരണകയത്തിലേക്ക് ആണ്ടു പോയപ്പോളാണ് .അവസാനമായി അവനെ ഉമ്മ വെച്ചപ്പോള്‍ കുറച്ചുകൂടെ അവനെ സ്നേഹിക്കാമായിരുന്നു നിന്നെ എനിക്കെന്തു ഇഷ്മാണെന്ന് പറയാമായിരുന്നു പുസ്തകം വായിച്ചു കിടക്കുമ്പോള്‍ അടുത്ത് വന്ന് കിടന്ന് കോളേജിലെ വിശേഷങ്ങള്‍ പറയുമ്പോള്‍ കേട്ടിരിക്കാമായിരുന്നു എന്നെല്ലാമോര്‍ത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും സങ്കടപെടുന്ന എന്നെ ഇപ്പോള്‍ ഭയപ്പെടുത്തുന്നത് എനിക്കേറെ പ്രിയപ്പെട്ടവരുടെ വേര്‍പാടാണ്.

No comments:

Post a Comment