Saturday, May 17, 2014

ശലഭ ജന്മങ്ങള്‍

           "എന്നെക്കുറിച്ചൊരു കഥ എഴുതിക്കൂടേ നിനക്ക്?" ഒരു കോഴിക്കോടന്‍ യാത്രയില്‍, എഫ് എമ്മില്‍ നിന്ന് ഒഴുകി വന്ന 'ശ്യാമ സുന്ദര പുഷ്പമേ' കേട്ട് ഊതനിറമാര്‍ന്ന ആകാശക്കാഴ്ചയിലേക്ക് വെറുതെ നോക്കിയിരിക്കുകയായിരുന്ന ഞാന്‍ തൊട്ടടുത്ത സീറ്റില്‍നിന്നുയര്‍ന്ന ആ ശബ്ദം കേട്ട് ഒന്നമ്പരന്നു. ഇത്തയായിരുന്നു അത്. ജ്യേഷ്ഠന്റെ ഭാര്യ.   "കഥയോ? ഞാനെന്ത് എഴുതാനാണ് എന്റിത്താ" എന്ന് മനസ്സില്‍ പറഞ്ഞു. പിന്നെ ചിരിയോടെ ചോദിച്ചു. "അല്ല ഇത്താ, നിങ്ങളെക്കുറിച്ച് ഞാനെന്താ എഴുതുക? അത്രക്കൊന്നും എഴുതാന്‍ എനിക്കറിയില്ലല്ലോ?"   സാധാരണ ഗതിയില്‍ ആ മറുപടികൊണ്ടുതന്നെ ചോദ്യങ്ങള്‍ തീരേണ്ടതായിരുന്നു. എന്നാല്‍, അതവിടെ നിന്നില്ല. മറവി കൊണ്ട് ഞാന്‍ കഴുകിക്കളഞ്ഞ ഒരു കാലത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോവുന്ന വിധത്തില്‍ ഇത്ത സംസാരം തുടര്‍ന്നു.   "പണ്ട് കാക്കു മരിച്ചപ്പോള്‍ ഞാന്‍ 'ഇദ്ദ'യിരുന്നില്ലേ. അന്ന് എന്റെ മുറിയിലിരുന്ന് വീട്ടുകാരെക്കുറിച്ചും എന്നെക്കുറിച്ചുമെല്ലാം കഥയെഴുത്തുകാരിയായ നിന്റെ കൂട്ടുകാരിക്ക് എഴുതിയിരുന്നില്ലേ? അതു പോലൊക്കെ എഴുതിയാല്‍ മതി"   ഇപ്രാവശ്യം ഞാന്‍ ശരിക്കും ഞെട്ടി!  
 
                   "ആ കത്തുകള്‍ ഞാനെത്ര തവണ വായിച്ചൂന്നറിയ്വോ നിനക്ക്. നീ അതൊക്കെ എഴുതി എന്നല്ലാതെ പോസ്റ്റ് ചെയ്തിരുന്നില്ലല്ലോ. ഒക്കെ കിടക്കയുടെ അടിയില്‍ കൊണ്ടു വെച്ച് നീ പോയില്ലേ. നിന്നോട് ഞാനിതുവരെ പറയാത്ത ഒരു കാര്യം പറയട്ടെ, നാല്‍പ്പതു ദിവസത്തെ മൌലൂദും പ്രാര്‍ഥനയുമെല്ലാം കഴിഞ്ഞ് എല്ലാരും പോയപ്പോള്‍ നീയും പോയല്ലോ. നാലു മാസവും പത്തു ദിവസവും ഞാനവിടെ തന്നെ ഇരിപ്പായിരുന്നു. ഇദ്ദ ഇരുന്ന ആ നാലുചുമരുകള്‍ക്കുള്ളില്‍ എനിക്ക് ഭ്രാന്തു പിടിക്കാന്‍ തുടങ്ങിയിരുന്നു. എത്ര പ്രാര്‍ഥിച്ചിട്ടും മനസിനു സമാധാനം കിട്ടിയില്ല. മരിച്ചു പോകാന്‍ ആഗ്രഹം തോന്നി ഒരു ദിവസം. അന്നാണ് അതെന്റെ കയ്യില്‍ വന്നു പെട്ടത്. നിന്റെ കത്തുകള്‍. മടുപ്പ് തോന്നുമ്പോഴെല്ലാം ഞാനാ കത്തുകള്‍ എടുത്ത് വായിച്ചു നോക്കി. അതെനിക്ക് അന്ന് വലിയ സമാധാനമായിരുന്നു. വീട്ടില്‍ പോയ ശേഷം നീയെനിക്ക് ഒരു കത്തയച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയിരുന്നു. എനിക്കും അയക്കായിരുന്നില്ലേ ഒരു കത്ത്?"

       അനേകം വര്‍ഷങ്ങള്‍ക്കുശേഷം ഇങ്ങിനെ ഒരു ചോദ്യം എന്നെ കാത്തിരിക്കുന്നുണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്തു പറയണമെന്നറിയാതായപ്പോള്‍ ഞാനവരുടെ കൈത്തണ്ടയില്‍ മുറുകെ പിടിച്ചു.   എന്തു കൊണ്ടാണ് ഞാന്‍ ഇത്തയുടെ ഇദ്ദക്കാലം തീരുന്നതുവരെ കൂട്ടിരിക്കാതിരുന്നത്? കൂട്ടുകാര്‍ക്ക് കത്തുകള്‍ എഴുതുമ്പോള്‍ അവരെക്കുറിച്ചു എന്തേ ഞാനന്നു മറന്നു പോയി? ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞ് അവര്‍ പറയുമ്പോളല്ലാതെ ഞാനതിനെ കുറിച്ചു ഓര്‍ത്തു പോലുമില്ലല്ലോ? ഉത്തരമില്ലാത്ത ഒരു പാടു ചോദ്യങ്ങള്‍ എന്റെ മനസിനെ പൊള്ളിച്ചു. ജീവിതത്തെക്കുറിച്ചു അത്രക്കങ്ങോട്ട് ആലോചിക്കാനുള്ള വിവരമൊന്നും അന്നത്തെ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ലല്ലോ എന്നെല്ലാം മനസ്സില്‍ മിണ്ടിയും തര്‍ക്കിച്ചും നോക്കിയിട്ടും ആ നീറ്റലിനു ഒരു കുറവും ഉണ്ടായില്ല.
 
                       വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഇത്തയെ ഞാനാദ്യം കാണുന്നത്. എന്തോ മറന്നുവെച്ചത് പോലെ ഒരു തോന്നലായിരുന്നു എപ്പോഴും. എപ്പോഴം ഒരു സങ്കടം. പരിചയമില്ലാത്ത ആളുകള്‍. ചുറ്റുപാടുകള്‍. ആദ്യ ദിവസം കാറിറങ്ങി സങ്കടപ്പെട്ടു നിന്ന എന്നെ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് കൈപിടിച്ച് അകത്തേക്ക് കൊണ്ടുപോയത് അവരായിരുന്നു. ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും ആദ്യ നോട്ടത്തില്‍ത്തന്നെ ചിലരോട് ഒരടുപ്പം തോന്നും എന്നറിഞ്ഞത് അന്നായിരുന്നു. ഒരു പുഞ്ചിരിക്ക് മനസ്സിന്റെ ആകുലതകളെയെല്ലാം മായ്ക്കാനാവും എന്ന് തിരിച്ചറിഞ്ഞതും അന്നായിരുന്നു.   എല്ലാവരും ഇത്ത എന്നു വിളിച്ചിരുന്ന അവര്‍ക്ക് എന്നെക്കാളും പതിനഞ്ചു വയസെങ്കിലും കൂടുതല്‍ കാണും. വെളുത്തു മെലിഞ്ഞ അവരെ കണ്ടാല്‍ സാരിയുടുത്ത ഒരു പെണ്‍കുട്ടി എന്നേ തോന്നു. മൂന്ന് ആണ്‍മക്കളായിരുന്നു അവര്‍ക്ക്. ആദ്യമൊക്കെ ആ വീട്ടിലെ കുട്ടികളായിരുന്നു എനിക്കു കൂട്ട്. പിന്നീട് സ്കൂള്‍ തുറന്ന് കുട്ടികളെല്ലാം തിരക്കിലായപ്പോഴാണ് ഞാന്‍ ഇത്തയുമായി അടുത്തത്. കാക്കു എന്നു വിളിക്കുന്ന ജ്യേഷ്ഠന്‍ കോയമ്പത്തൂരിലെ മരമില്ലില്‍നിന്ന് ഇടക്കേ വരൂ.   അന്നുവരെ ജീവിച്ച സാഹചര്യങ്ങളില്‍നിന്നും വ്യത്യാസമുള്ള അന്തരീക്ഷമായിരുന്നു അവിടെ. സിനിമ കണ്ടും പുസ്തകം വായിച്ചും കൂട്ടുകാരികളോടൊപ്പം ആഘോഷമായി നടന്നിരുന്ന കാലത്ത് പ്രായമായവരില്‍നിന്ന് പറഞ്ഞുകേട്ട തരം ഒരു ജീവിതം. ഇരുപതു വര്‍ഷം പിറകോട്ടു നടന്ന അവസ്ഥയായിരുന്നു അത്. സിനിമ, ടി.വി എന്നൊന്നും ആ വീട്ടില്‍ പറയാന്‍ പോലും ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. മാതൃഭൂമി പത്രം മാത്രമായിരുന്നു പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന ഏകകണ്ണി. അതും ആണുങ്ങളെല്ലാം വായിച്ചുകഴിഞ്ഞു രാത്രിയാവുന്നതിനിടക്കെപ്പോഴെങ്കിലുമേ കിട്ടൂ. സ്ത്രീകള്‍ക്ക് വീടിന്റെ മുന്‍ഭാഗത്തേക്ക് പ്രവേശനമേ ഇല്ലായിരുന്നു. ചാരുകസേരയില്‍ ഇരിക്കുന്ന ഉപ്പക്കു ചുറ്റും കറങ്ങുന്ന ആണ്‍മക്കള്‍. രാവിലെ ആരൊക്കെ എവിടെ പോകണം എന്തൊക്കെ ചെയ്യണം എന്ന നിര്‍ദേശങ്ങള്‍ കേട്ട് പുറത്തേക്കു പോവുന്ന പുരുഷന്മാരൊന്നും സ്ത്രീകളോട് എവിടെ പോവുന്നുവെന്നോ എപ്പോള്‍ തിരിച്ചുവരുമെന്നോ പറയാറില്ലായിരുന്നു. ഉപ്പ പറഞ്ഞതനുസരിക്കാതെ ദൂരദേശത്തുപോയി ബിസിനസ് മാനേജ്മെന്റ് പഠിച്ച ഭര്‍ത്താവ് അപ്പോഴേക്കും ജോലി സ്ഥലത്തേക്ക് തിരിച്ചു പോയിരുന്നു. നിക്കാഹ് കഴിഞ്ഞ നാളുകളില്‍ എനിക്കയച്ചിരുന്ന ഒറ്റവരി കത്തുകളിലൊന്നും എന്നെ കാത്തിരിക്കുന്നത് ഇങ്ങനെ ഒരു ജീവിതമാണെന്ന് ഒരു സൂചന പോലും ഉണ്ടായിരുന്നുമില്ല.

          എല്ലാവരും മയക്കത്തിലേക്ക് വീണുപോവുന്ന ഉച്ചസമയങ്ങളില്‍ എന്നെയും വിളിച്ചു തൊടിയിലൂടെ ചുറ്റിനടക്കാന്‍ അവര്‍ക്കിഷ്ടമായിരുന്നു. പതിമൂന്നാം വയസില്‍ വിവാഹിതയായതും കല്യാണ ദിവസം ആണ്‍വീടുകളിലെയും പെണ്‍വീടുകളിലേയും പാട്ടുകാര്‍ തമ്മിലുള്ള മത്സരം മുറുകിയപ്പോള്‍ പാതിരയായിട്ടും വീട്ടുപടിക്കല്‍ കാത്തു നിന്നു കാലുകഴച്ച കല്യാണപ്പെണ്ണിനെ കൈപിടിച്ചു കയറ്റാന്‍ എല്ലാവരും മറന്നു പോയതും അവസാനം വീട്ടിലെ ജോലിക്കാരിലൊരാള്‍ വന്ന് കൈപിടിച്ചു കയറ്റിയതുമെല്ലാം എനിക്കു പറഞ്ഞു തന്നത് അങ്ങനെ ഞങ്ങള്‍ മാത്രമുള്ള ഒരുച്ച നേരത്തായിരുന്നു.   ജീവിതത്തില്‍ തിയറ്ററില്‍ പോയി ആകെ രണ്ടു സിനിമ മാത്രമാണ് കണ്ടിട്ടുള്ളത് എന്നു പറഞ്ഞിരുന്ന അവര്‍ "ക്യാ ഖൂബ് ലഗ്ത്തീ ഹോ ബഡി സുന്ദറ് ദിഖ്ത്തീ ഹോ" എന്ന് മനോഹരമായി ചൂളമടിക്കുന്നത് കേട്ട് ഞാനത്ഭുതപെട്ടുപോയിട്ടുണ്ട്. "ഓ, അതോ, നിന്റെ പുതിയാപ്പിളയുടെ റൂമില്‍നിന്ന് കേട്ട പാട്ടാണ്" എന്നൊരു ചിരിയായിരുന്നു അതിനുള്ള ഉത്തരം. പൂത്തുനില്‍ക്കുന്ന ശീമക്കൊന്നയുടെ കമ്പ് പൊട്ടിച്ചെടുത്ത് ഞാന്‍ ചൂണ്ടിക്കാണിക്കുന്ന മാങ്ങ എറിഞ്ഞുവീഴ്ത്തി തന്നും കയറു പൊട്ടി കിണറ്റില്‍ വീണ ബക്കറ്റെടുക്കാന്‍ ആരെയെങ്കിലും വിളിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞു ജോലിക്കാരി പാടത്തേക്കിറങ്ങിയ സമയത്ത് ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കൂ എന്നും പറഞ്ഞു കിണറ്റിലേക്കിറക്കി വെച്ച ഏണിയിലൂടെ താഴെ ഇറങ്ങി ബക്കറ്റുമായി കയറിവന്നും അവരെന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേ ഇരുന്നു. ആറു ആണ്‍കുട്ടികളുടെ ഒരേ ഒരനിയത്തിയായതുകൊണ്ടാണ് ഈ ഇത്ത ഇങ്ങനെയായി പോയതെന്ന് ഭര്‍ത്താവ് അവരെ കളിയാക്കുമായിരുന്നു.   കളിച്ചും ചിരിച്ചും ദിവസങ്ങള്‍ നീങ്ങുന്നതിനിടയിലാണ് കടുത്ത പനിയും മഞ്ഞപ്പിത്തവുമായി കോയമ്പത്തൂരില്‍ നിന്ന് ഇത്തയുടെ ഭര്‍ത്താവ് തിരിച്ചെത്തിയത്. അതൊരു മരണത്തിനുള്ള മുന്‍ ഒരുക്കമാണെന്ന് ആരും വിചാരിച്ചിരുന്നില്ല. മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനൊടുവില്‍ അദ്ദേഹം മരണക്കയത്തിലേക്ക് ആണ്ടുപോയ ദിവസം തളര്‍ന്നു വീണ അവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ പകച്ചുപോയി ഞാന്‍.    

              ഖബറടക്കം കഴിഞ്ഞു വന്നവര്‍ക്കെല്ലാം ചായ കൊടുത്തും രാത്രി മൌലൂദിനു വരുന്ന ആളുകള്‍ക്ക് ഉണ്ടാക്കേണ്ട ഭക്ഷണത്തെകുറിച്ചു പറഞ്ഞും എല്ലാവരും തിരക്കിലായിരുന്നു. മറയിലിരുത്തേണ്ടേ, സ്വര്‍ണമെല്ലാം അഴിപ്പിക്കേണ്ടേ എന്നെല്ലാം ചോദിച്ചു ബഹളം വെച്ചു നടക്കുന്ന അമ്മായിമാരെ കടന്ന് ഞാനവരുടെ മുറിയിലേക്കൊന്ന് എത്തിനോക്കി. സ്വന്തം ഉമ്മയുടെ കയ്യില്‍ മുറുകെ പിടിച്ചു തല താഴ്ത്തിയിരിക്കുന്ന ആ രൂപം കണ്ട് എനിക്കു തല ചുറ്റുന്നതുപോലെ തോന്നി. 

             ഭര്‍ത്താവ് മരിച്ചാല്‍ മറയില്‍ ഇരിക്കുക എന്ന നാലുമാസവും പത്തു ദിവസമുള്ള ഇദ്ദ കാലത്തെക്കുറിച്ചു ഞാന്‍ അന്നൊന്നും ബോധവതിയായിരുന്നില്ല. അടുപ്പമുള്ള ആരേയും ആ പത്തൊന്‍പതു വയസ്സില്‍ അങ്ങിനെ കണ്ടിട്ടില്ലായിരുന്നു.   ആദ്യ ദിവസങ്ങളിലെല്ലാം അവരുടെ ഉമ്മയും ഉണ്ടായിരുന്നു വീട്ടില്‍. പിന്നെ ഇദ്ദ ഇരിക്കുന്ന അവരെ കാണാന്‍ വരുന്ന ബന്ധുക്കളുടെ ബഹളവും. അതു കൊണ്ട് എനിക്കു അടുത്തു ചെല്ലാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല. വീണ്ടും ഒറ്റപ്പെടലിലേക്ക് വീണുപോയിരുന്നു ഞാന്‍. പകല്‍ സമയങ്ങളില്‍ പോലും ഇരുട്ടു വീണു കിടക്കുന്ന ആ വീടിന്റെ അകത്തളങ്ങള്‍ പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയിലേക്ക് കൂപ്പ് കുത്തിയിരുന്നു.  
               നാല്‍പ്പതാം ദിവസം വരാമെന്നു പറഞ്ഞു ഇത്തയുടെ ഉമ്മയും തിരിച്ചു പോയപ്പോള്‍ ചാരിയിട്ട ആ വാതില്‍പാളികള്‍ക്കപ്പുറം തേങ്ങലായി അവര്‍ മാത്രം ബാക്കിയായി. എങ്ങനെ അഭിമുഖീകരിക്കും എന്തു പറയുമെന്നൊക്കെ ഓര്‍ത്ത് ആ മുറിയിലേക്ക് ചെല്ലാന്‍ ആദ്യമൊന്നും എനിക്കു ധൈര്യമുണ്ടായിരുന്നില്ല. വാതില്‍പ്പടി വരെ പോയും തിരിച്ചുനടന്നും ഒടുവില്‍ ധൈര്യം സംഭരിച്ച് അവര്‍ക്കുള്ള ഭക്ഷണവുമായി ഞാന്‍ ചെല്ലുമ്പോള്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു അവര്‍. ഞാന്‍ ചോദിച്ച ചോദ്യങ്ങളൊന്നും അവര്‍ കേള്‍ക്കുന്നേ ഇല്ലെന്നു തോന്നി. നിശബ്ദതയില്‍ പൂണ്ടുപോയ അവര്‍ ഇനി ഒരിക്കലും സംസാരിക്കില്ലേ എന്നു ഞാന്‍ പേടിച്ചു പോയി.   ദൂരദര്‍ശനില്‍ കണ്ട ശാന്തിയുടേയും സ്വാഭിമാന്റേയും കഥ പറഞ്ഞുകൊടുത്തും വീട്ടില്‍ നിന്നു കൊണ്ടുവന്ന അഗ്നിസാക്ഷിയും കലാകൌമുദിയില്‍ വന്ന 'നഷ്ടപ്പെട്ട നീലാംബരിയും' വായിച്ചു കൊടുത്തും നിര്‍ത്താതെ സംസാരിച്ചുകൊണ്ടേ ഇരുന്നു ഞാന്‍. ഇടക്ക് അവര്‍ മയക്കത്തിലാണെന്നു തോന്നിയ സമയങ്ങളില്‍ മനസിന്റെ കലക്കങ്ങളെല്ലാം കടലാസില്‍ പകര്‍ത്തി കഥാകാരിയായ കൂട്ടുകാരിയുടെ അഡ്രസ് എഴുതിയ കവറിലിട്ട് ചിലതൊക്കെ പോസ്റ് ചെയ്തും പോസ്റു ചെയ്യാത്തവ അവരുടെ ബെഡ്ഡിനിടയില്‍ വെച്ചും ദിവസങ്ങള്‍ കൊഴിഞ്ഞു വീണു.   നാല്‍പ്പതാം ദിവസം വന്നപ്പോള്‍ വീണ്ടും വീട്ടില്‍ ആളുകളുടെ ബഹളമായി. അടുത്ത ദിവസം ഇത്തയെ കാണാന്‍ വന്ന ഉമ്മയുടെ കൂടെ ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ചു പോന്നു. അമ്മയാവാന്‍ പോകുന്നു എന്ന പരിഭ്രമത്തിലും സന്തോഷത്തിലുമായ ഞാന്‍ ഉടനെയൊന്നും അങ്ങോട്ട് തിരിച്ചുപോയതുമില്ല. പിന്നീട് ഞാനവിടെ ചെല്ലുമ്പോള്‍ അവരുടെ ഇദ്ദ കാലം തീരാറായിരുന്നു. വീണ്ടും കണ്ടപ്പോള്‍, നാലു ചുവരുകള്‍ക്കുള്ളില്‍ പുറത്തിറങ്ങാനാവാതെ ശ്വാസം മുട്ടിയപ്പോള്‍ പലപ്പോഴും നിന്നെ ഓര്‍ത്തിരുന്നു എന്നെല്ലാം പറഞ്ഞപ്പോള്‍, അവര്‍ക്കു പുറത്തിറങ്ങാമല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞാന്‍.

              നാലു ചുവരുകള്‍ക്കുള്ളില്‍ പുറത്തിറങ്ങാനാവാതെ, ഒരു മനുഷ്യജീവി ഇവിടെയുണ്ടെന്ന് ഇടക്കെല്ലാം എല്ലാവരും മറന്നുപോയിരുന്ന ദിവസങ്ങള്‍ എന്ന്‍ ഇത്ത പറയുന്ന വേദനക്കാലവും, നീന്തിക്കടന്ന് മക്കളുമൊത്ത് ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്ന അവര്‍, പിന്നീട് ഒന്നു മൂളുന്നതു പോലും ഞാന്‍ കണ്ടിട്ടില്ല.

കാനന കാഴ്ച്ചകള്‍


ഒരോയാത്ര കഴിഞ്ഞുവരുമ്പോഴും മനോഹരമായ ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്നതുപോലെ ഒരു തോന്നലാണ് എനിക്ക്. യാത്രക്കൊരുങ്ങുമ്പോഴൊക്കെ എന്തൊക്കെ കാഴ്ചകളാവും എന്നെ കാത്തിരിക്കുന്നത് ആലോചിച്ചു നോക്കാറുണ്ട്. അറിയാത്ത ലോകത്തേക്കൊരു പറക്കല്‍. ഇതു വരെ കാണാത്ത ആകാശം, മരങ്ങള്‍, ആളുകള്‍. ചിലപ്പോള്‍ ആഗ്രഹിച്ചു കാണാന്‍ കാത്തിരുന്ന കാഴ്ച്ചകള്‍, ചിലപ്പോള്‍ വിചാരിച്ചതൊന്നുമാവില്ല കാത്തിരിക്കുന്നത്. മറ്റു ചിലപ്പോള്‍ ഓര്‍ത്തിരിക്കാത്ത ഒരു നേരത്ത് മറ്റുള്ളവര്‍ കാണാന്‍ കൊതിച്ച കാഴ്ച്ചകളാവാം ഒരു കൈവീശലോടെ അല്ലെങ്കില്‍ ഒരു നറുപുഞ്ചിരിയിലൂടെ മുന്നില്‍ വന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നത്.
 
കുറച്ചു ദിവസത്തേക്ക് യാത്രകളൊന്നുമില്ല എന്ന് മനസില്‍ വിചാരിച്ച സമയത്താണ് സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞു മകന്‍ എത്തിയത്. വന്ന അന്നു തൊട്ട് ഒരു ചെറുയാത്ര പോവാമെന്ന് പറഞ്ഞു പിറകില്‍ നടന്നു തുടങ്ങിയതായിരുന്നു. എവിടെ പോവണമെന്ന് പറഞ്ഞും തര്‍ക്കിച്ചും അവന്റെ അവധി തീരാറായി തുടങ്ങിയിരുന്നു. ഒരിക്കല്‍ സംസാരത്തിനിടെ ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളെ കുറിച്ച് ഒരു ചങ്ങാതി പറഞ്ഞ ദിവസം മനസില്‍ ഉറപ്പിച്ചു വെച്ച ഒരു യാത്രയുണ്ടായിരുന്നു. പൂത്തുലഞ്ഞു നില്‍ക്കുന്ന ഗുണ്ടല്‍പേട്ടിലെ സൂര്യകാന്തി പാടങ്ങളിലേക്കൊരു യാത്ര. പിന്നീട് മറന്നു പോയ യാത്രയായിരുന്നു അത്. ബാംഗ്ലൂര്‍ യാത്രകളില്‍ ഗുണ്ടല്‍പേട്ട വഴി കടന്നുപോവുമ്പോഴെല്ലാം റോഡിനിരുവശവും പൂത്തു നില്‍ക്കുന്ന ആയിരം സൂര്യകാന്തി പൂക്കളുടെ മഞ്ഞ നിറത്തിലേക്ക് നോക്കിയിരിക്കുമ്പോള്‍ എന്റെ മനസ്സിലും സന്തോഷത്തിന്റെ പൂക്കടല്‍ അലയടിക്കാറുണ്ട്. അപ്പോഴെല്ലാം പൂത്തുനില്‍ക്കുന്ന സൂര്യകാന്തി പൂക്കള്‍ക്കിടയിലൂടെ, ഉലയുന്ന പട്ടുപാവാട ഒതുക്കി പിടിച്ച് കാറ്റിനൊപ്പം ഓടുന്ന, ദൂരെയായി കണ്ട ഏറുമാടത്തിന്റെ ഇടക്കിടെ പൊട്ടിയ കൈവരിയില്‍ തൂങ്ങി മുകളില്‍ കയറിയിരുന്ന് കൂട്ടുകാരിക്കൊപ്പം കഥകള്‍ മെനയുന്ന ഒരു പാവാടക്കാരിയെ കുറിച്ചുള്ള സ്വപ്നത്തില്‍ ഞാന്‍ മയങ്ങി പോവാറുണ്ട്. പിന്നെ കുടുംബ സുഹൃത്തിന്റെ ഗൂഡലൂരിലെ ചായത്തോട്ടത്തിനു നടുവില്‍ എന്നെ മോഹിപ്പിച്ച മനോഹരമായ ഒരു കുഞ്ഞു വീടുമുണ്ടായിരുന്നു മനസ്സില്‍. വിദേശത്തുള്ള അവര്‍, ഫോണ്‍ ചെയ്യുമ്പോഴെല്ലാം ഇടക്ക് പോയി താമസിച്ചോളൂ എന്ന് പറയാറുണ്ടെങ്കിലും ഇതു വരെ പോവാന്‍ കഴിഞ്ഞിരുന്നില്ല. ആ വീട്ടില്‍ താമസിച്ച് ഗുണ്ടല്‍പേട്ടയും ഗോപാലസ്വാമി ബെട്ടയുമൊക്കെ പോവാമെന്ന് പറഞ്ഞപ്പോള്‍ മകനു സന്തോഷമായി. അനിയത്തിയും മകനും കൂടെ വരാമെന്ന് പറഞ്ഞപ്പോള്‍ യാത്ര തീരുമാനമായി.
 
 
അവിചാരിതമായി വന്ന വിരുന്നുകാര്‍ കാരണം പുറപ്പെടാന്‍ വൈകിയതിനാല്‍ ഗൂഡലൂരില്‍ എത്തുമ്പോള്‍ നേരം നന്നെ ഇരുട്ടിയിരുന്നു. താക്കോലുമായി കാത്തു നിന്നിരുന്ന കെയര്‍ടേക്കറുടെ കൂടെ കണ്ട പത്തുവയസുകാരിയുടെ കവിളില്‍ ഒന്നു തൊട്ടപ്പോള്‍ അവള്‍ക്ക് നാണമായി. ഈയിടെയായി കാട്ടാന ശല്യമുണ്ട്, കാര്‍ ഷെഡ്ഡില്‍ കയറ്റിയിടേണ്ടി വരുമെന്ന് അയാള്‍ മകനോട് പറയുന്നത് കേട്ടപ്പോള്‍ ആ സുന്ദരികുട്ടിയേയും കൂട്ടി പുലരി മഞ്ഞിലൂടെ ഒരു നടത്തം സ്വപ്നം കണ്ടത് മായ്ച്ചു കളയേണ്ടി വന്നു. ഗേറ്റ് പൂട്ടി പോവാന്‍ നേരം, ശബ്ദം കേട്ടാല്‍ വാതില്‍ തുറക്കരുത്, ടെറസില്‍ കയറി നിന്ന് നോക്കിയാല്‍ മതി എന്നൊക്കെ പറഞ്ഞ് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നടന്നു നീങ്ങുന്ന അയാളെ നോക്കി നില്‍ക്കുമ്പോള്‍ എനിക്കുള്ളില്‍ ചെറിയ ഒരു പരിഭ്രമം ഉണ്ടായിരുന്നു. ഉറക്കം വരാതെ ആനയുടെ ചവിട്ടടി ചെവിയോര്‍ത്ത് കിടക്കുമ്പോള്‍ രാത്രിക്ക് ഇത്ര ശബ്ദമുണ്ടെന്ന് ഞാനാദ്യമായി അറിയുകയായിരുന്നു. ഏതോ പക്ഷിയുടെ ചിറകടി ശബ്ദവും നീട്ടി കരയുന്ന, പേരറിയാത്ത തിരിച്ചറിയാനാവാത്ത, ഏതൊക്കെയോ ജന്തുക്കളുടെ കരച്ചിലും കേട്ട് നേര്‍ത്ത നിലാവില്‍ കുളിച്ചു നില്‍ക്കുന്ന ചായത്തോട്ടത്തിലേക്ക് നോക്കി എപ്പോഴോ മയങ്ങി പോയപ്പോഴാണ് മകന്‍ വന്ന് തട്ടി വിളിച്ചത്. പുറത്ത് നിന്ന് എന്തോ ശബ്ദം കേള്‍ക്കുന്നുണ്ട്, ടെറസില്‍ പോയി നോക്കാമെന്നവന്‍ പറഞ്ഞപ്പോള്‍ എനിക്കൊട്ടും സമ്മതമില്ലായിരുന്നു. എന്റെ പേടി കണ്ടപ്പോള്‍ അവനു ചിരി വന്നു. മക്കള്‍ രണ്ടും പോയപ്പോള്‍ എനിക്കും അനിയത്തിക്കും അവരുടെ കൂടെ പോകുകയല്ലാതെ രക്ഷയില്ലായിരുന്നു. മാന്‍ കൂട്ടമായിരുന്നു മുറ്റത്ത്. എങ്കിലും ചായതോട്ടത്തിന്റെ ചെരിവില്‍ ഉള്ള വീടിന്റെ ടെറസില്‍ നില്‍ക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്നെനിക്ക് തോന്നി. പുലിക്കും കരടിക്കുമെല്ലാം ഒറ്റ ചാട്ടത്തിന് കയറാവുന്ന ഉയരമേ ഉള്ളു എന്ന് മകന്‍ പറയുകയും കൂടി ചെയ്തപ്പോള്‍ ആദ്യം എനിക്ക് പേടി തോന്നിയെങ്കിലും ഡിസംബറിന്റെ തണുപ്പില്‍ നിലാവില്‍ പുതഞ്ഞു കിടക്കുന്ന വിശാലമായ ചായതോട്ടവും അതിന്റെ മണവും ശ്വസിച്ച് ആകാശത്തു കണ്ട അമ്പിളിക്കീറിലേക്ക് നോക്കി നിന്നപ്പോള്‍ കുറച്ചു നേരത്തേക്കെങ്കിലും ഞാനെല്ലാം മറന്നു പോയിരുന്നു.
 
അടുത്ത ദിവസം പുലര്‍ച്ചക്ക് ഗുണ്ടല്‍പേട്ടയിലേക്ക് പുറപ്പെടുന്നതിനു മുന്‍പ്, തിരിച്ചെത്താന്‍ വൈകുമെന്ന് കെയര്‍ടേക്കറോട് പറയാന്‍ പോയ മകന്‍, തിരിച്ചു വരുമ്പോള്‍ മുഖത്ത് കണ്ട കുസൃതി ചിരി കണ്ടപ്പോഴേ എന്നെ കളിയാക്കാന്‍ ഉള്ള എന്തോ കിട്ടിയിട്ടുണ്ടെന്ന് എനിക്ക് മനസിലായിരുന്നു. പൂപ്പാടത്ത് പൂക്കളില്ലായിരുന്നു. സീസണ്‍ കഴിഞ്ഞു പോയിരുന്നു. എന്റെ സ്വപ്നത്തെ കുറിച്ചറിയാവുന്ന അവന്‍ അതോര്‍ത്ത് ചിരിച്ചതായിരുന്നു. വഴിയെല്ലാം കോടമൂടി കാഴ്ചകളെല്ലാം മറച്ചിരുന്നു. റോഡിനിരുവശവുമുള്ള ചായത്തോട്ടങ്ങളില്‍ വെളിച്ചം വീണു തുടങ്ങുന്നതേ ഉള്ളു. സ്റ്റീരിയോയില്‍ നിന്നൊഴുകുന്ന ജല്‍ത്തേഹെ ജിസ്‌കേലിയേ കേട്ട് നിശബ്ദയായി പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ ആ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്നു തോന്നി. മുതുമല സാങ്ച്ച്വറിയും കഴിഞ്ഞ് ബന്ദിപൂര്‍ സാംങ്ച്വറിയിലേക്ക് കാര്‍ കടന്നപ്പോള്‍ ചെക്ക് പോസ്റ്റില്‍ കണ്ട വനം വകുപ്പുദ്യോഗസ്ഥന്‍ ഗോപാല്‍സ്വാമി ബെട്ടയിലേക്കുള്ള വഴി വിശദമായി പറഞ്ഞു തന്നിരുന്നു.
  
        ബന്ദിപൂരിന്റെ തണല്‍ തണുപ്പിലലിഞ്ഞ് മിഴിച്ചു നില്‍ക്കുന്ന മാന്‍കൂട്ടങ്ങളുടേയും പീലി വിടര്‍ത്തിയ മയില്‍കൂട്ടങ്ങളുടേയും കടന്ന് പതുക്കെ നീങ്ങുന്ന ഞങ്ങളുടെ വാഹനത്തെ മറികടന്ന്, പുറത്തേക്കൊഴുകുന്ന ഒരു ഡപ്പാം കൂത്തിന്റെ ബഹളത്തില്‍ കൂവി വിളിച്ച് കുറേ യുവാക്കള്‍ ഞങ്ങളെ കടന്നു പോയി. വനയാത്രയില്‍ പാലിക്കേണ്ട കുറേ മര്യാദകളുണ്ട്. ഒരിക്കലും കാടിന്റെ നിശബ്ദതയെ അലസോരപ്പെടുത്തരുത്. വനയാത്രകള്‍ പതുക്കെ മൂളുന്ന ഒരു ഈരടി പോലെ, ഗസല്‍ കേള്‍ക്കുന്ന അനുഭൂതി പോലെയായിരിക്കണം. യോ യോ സംഗീതംപോലെ ബഹളമയമാവരുത്.
 
          കളിഹോധന ഹള്ളിയില്‍ ആദ്യം കാണുന്ന ആര്‍ച്ചു വഴി തിരിഞ്ഞാല്‍ ഗോപാലസ്വാമി ബെട്ടയില്‍ എത്തുമെന്ന് ചെക്ക് പോസ്റ്റില്‍ നിന്ന് പറഞ്ഞിരുന്നു. വൈക്കോലും കരിമ്പുമായി നീങ്ങുന്ന കാളവണ്ടികളേയും പീടിക തിണ്ണയില്‍ അലസമായിരുന്ന് സംസാരിക്കുന്ന ആളുകളേയും കടന്ന് പൂപ്പാടങ്ങളുടെ നാട്ടിലേക്ക് ചെല്ലുമ്പോള്‍ ഒഴിഞ്ഞ ഏറുമാടങ്ങളും വിത്തിടാന്‍ ഒരുക്കിയ പൂപ്പാടങ്ങളുമാണ് എന്നെ എതിരേറ്റത്. ചെറിയ ഒരു സങ്കടം തോന്നി എന്നതാണു സത്യം. ഗുണ്ടല്‍പേട്ടിലേക്ക് നിലമ്പൂരില്‍ നിന്ന് നാലുമണിക്കൂര്‍ ഡ്രൈവേ ഉള്ളൂ, എപ്പോള്‍ വേണമെങ്കിലും വരാവുന്ന ദൂരം എന്നൊക്കെ പറഞ്ഞ് മകന്‍ എന്നെ ആശ്വസിപ്പിച്ചു. ദൂരെയായി കണ്ട ഗോപാലസ്വാമി മലയുടെ കാഴ്ച്ച ആ സങ്കടങ്ങളെല്ലാം മായ്ച്ചുകളഞ്ഞു. ധാരാളം വന്യ ജീവികളുള്ള ബന്ദിപൂര്‍ സാങ്ച്വറിയുടെ ഹൃദയഭാഗത്താണ് ഗോപാല സാമി ബെട്ട. പ്രവേശന കവാടത്തില്‍ വനം ഉദ്യോഗസ്ഥരുടെ കര്‍ശന പരിശോധനയുണ്ട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ മദ്യകുപ്പികളുമായി ബാംഗ്ലൂരില്‍ നിന്നു വന്ന ഒരു കൂട്ടം യുവാക്കളുമായി തര്‍ക്കത്തിലായിരുന്നു അവര്‍. പ്ലാസ്റ്റിക്ക് കുപ്പികളോ മദ്യമോ ഭക്ഷണ സാധനങ്ങളോ അകത്തേക്ക് കൊണ്ടുപോവാനാവില്ല. വനത്തിനുള്ളില്‍ ട്രെക്കിങ്ങോ പാര്‍ട്ടികളോ അനുവദിക്കുന്നതല്ല. രാവിലെ എട്ടര മണി തൊട്ട് വൈകുന്നേരം നാലുമണി വരെ മാത്രമേ പ്രവേശനമുള്ളു. ഒന്നരമണിക്കൂറിനുള്ളില്‍ തിരിച്ചു പോരണം.

ഹിമവാദ് ഗോപാലസ്വാമി ബെട്ട എന്നാണീ ക്ഷേത്രത്തിന്റെ മുഴുവന്‍ പേര്. വര്‍ഷം മുഴുവന്‍ മൂടല്‍മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്നതിനാലാണ് ഈ പേരു വന്നത്. ഏഡി 1315-ല്‍ ചോള രാജാവായ ബല്ലാല നിര്‍മിച്ചതാണീ ക്ഷേത്രം. പിന്നീട് മൈസൂരിലെ വോഡയാര്‍ രാജാക്കന്‍മാരുടെ സംരക്ഷണയിലായിരുന്നു. കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ജില്ലയിലെ ഈ ക്ഷേത്രം 1450 മീറ്റര്‍ ഉയരത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ബന്ദിപൂരിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത ശിഖരമാണിത്.
 
                പ്രാഭാതത്തിലെ ഇളം തണുപ്പില്‍ വളഞ്ഞു പുളഞ്ഞ വഴിയിലൂടെ ഞങ്ങളുടെ വാഹനം കയറുമ്പോള്‍ യാതൊരു ധൃതിയുമില്ലാതെ ഞങ്ങളെ ഒട്ടും ഗൗനിക്കാതെ റോഡ് മുറിച്ചു കടന്ന കാട്ടുപോത്തിന്‍ കൂട്ടത്തെ നോക്കി ഈ സ്ഥലം പറഞ്ഞു തന്ന മമ്മയുടെ കൂട്ടുകാരന് നന്ദി പറയൂ എന്ന് മകന്‍ പറയുന്നുണ്ടായിരുന്നു. വഴിയിലൊന്നും വാഹനം നിര്‍ത്തി ഇറങ്ങരുത് എന്ന് പറഞ്ഞിരുന്നു. എങ്കിലും ദൂരെ താഴെയായി കണ്ട ഗ്രാമക്കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്താന്‍ മകന്‍ കാര്‍ നിര്‍ത്തിയ സമയം അല്‍പ്പദൂരം വനമ്പാതയിലൂടെ നടക്കാമെന്നോര്‍ത്തെങ്കിലും വഴിയില്‍ കണ്ട ആനപ്പിണ്ടി കണ്ട് ഞാന്‍ പിന്മാറി.
 
                         ഗോപാലസ്വാമിബേട്ട എന്ന കാനനക്ഷേത്രത്തിലാണ് വഴി അവസാനിക്കുന്നത്. ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ. കുട്ടികളില്ലാത്തവര്‍ ഇവിടെ വന്നു പ്രാര്‍ഥിച്ചാല്‍ സന്താന സൗഭാഗ്യമുണ്ടാവുമെന്ന് അവിടെ വെച്ചു പരിചയപ്പെട്ട കന്നട ദമ്പതികള്‍ പറഞ്ഞു. കണ്ണിനും മനസിനും ഉന്മേഷം തരുന്ന കാഴ്ച്ചകളാണ് ചുറ്റും. കുറച്ചു ദൂരേയായി അടച്ചിട്ടൊരു ട്രാവലേഴ്‌സ് ബംഗ്ലാവുണ്ട്. ഇപ്പോള്‍ അവിടേക്ക് പ്രവേശനമില്ല. ചുറ്റുമുള്ള കാഴ്ചകള്‍ ഓടി നടന്ന് ക്യാമറയില്‍ പകര്‍ത്തുന്ന അനിയത്തിയേയും മക്കളേയും വിട്ട് തീര്‍ഥാടകരുടെ തിരക്കോ ബഹളങ്ങളോ ഇല്ലാത്ത, കാടുകളുടെ വിജനതയിലെ ആ ക്ഷേത്രമുറ്റത്തിലൂടെ, കിളികളുടെ ശ്രുതിമീട്ടലും കാതോര്‍ത്ത് നടക്കുമ്പോള്‍ ഭക്തിയും ധ്യാനവും പ്രണയവുമെല്ലാം ഒന്നാവുന്ന പോലെ. ശാന്തതയാണു തേടുന്നതെങ്കില്‍ ഇതിലും നല്ലൊരിടമില്ലെന്ന് തോന്നി. അവിടെ സ്വന്തം നിഴലിനു പോലും മോഹിപ്പിക്കുന്ന, മയക്കുന്ന ഒരു സൗമ്യതയുണ്ട്. അനുവദിച്ച ഒന്നരമണിക്കൂറും കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ ആഹ്ലാദത്തിന്റെ ശലഭച്ചിറകിലേറി എന്റെ മനസ്സും പറന്നു നടക്കുകയായിരുന്നു.
        
   
 
ബാരാചുക്കി വെള്ളചാട്ടം സന്ദര്‍ശിക്കാനായിരുന്നു അടുത്ത പ്ലാനെങ്കിലും സ്ഥലത്തെ കുറിച്ചോ വഴിയെ കുറിച്ചോ ഒരു ഐഡിയയുമുണ്ടായിരുന്നില്ല. ഒരു രൂപരേഖയുമില്ലാതെ ഇങ്ങിനെയൊരു യാത്ര ആദ്യമായിരുന്നു. മോഹന്‍ലാല്‍ ഒരു സിനിമയില്‍ പറഞ്ഞ പോലെ ചോദിച്ചു ചോദിച്ചു പോവാമെന്നായി മകന്‍. ജി പി എസ് നോക്കിയായിരുന്നു യാത്ര എങ്കിലും ചെക്ക്പോസ്റ്റില്‍ ഒന്നന്വേഷിക്കാമെന്ന എന്റെ നിര്‍ബന്ധത്തില്‍ അവിടെ ചോദിച്ചപ്പോള്‍ ചാമരാജനഗറില്‍ പോയി കൊല്ലഗല്‍ ചെന്നാല്‍ മതി, അവിടെ ചോദിച്ചാല്‍ പറഞ്ഞു തരും എന്നു പറഞ്ഞു. അതിനിടയില്‍ ഡീസലടിക്കുന്ന കാര്യം എല്ലാവരും മറന്നിരുന്നു. പിന്നീട് പെട്രോള്‍ പമ്പ് തിരഞ്ഞായി യാത്ര. അവസാനം ഒരു ഓട്ടോക്കാരന്റെ സഹായത്താല്‍ ഡീസലടിച്ച് , ചാമരാജ നഗറും പിന്നിട്ട് ജി പി എസിലെ നീണ്ടു കിടക്കുന്ന റോഡ് നോക്കിയപ്പോള്‍ മകനു സംശയമായിരുന്നു. മറവിക്കാരിയായ മമ്മ ഇല്ലാത്ത ഒരു വെള്ളച്ചാട്ടത്തിന്റെ പേരും പറഞ്ഞു കൊണ്ടുപോവുകയാണോ എന്ന്.
 
ചോളവും കരിമ്പും പച്ചക്കറികളും കൃഷിചെയ്യുന്ന വിശാലമായ പാടത്തിനു നടുവിലൂടെ നീണ്ടു പോവുന്ന പാതയിലൂടെ പായുന്ന കാറില്‍ പിറകിലേക്ക് ചാരി പുറത്തെ കാഴ്ച്ചയിലേക്ക് കണ്ണോടിച്ചിരിക്കുമ്പോള്‍ ഒരു മല പോലും കാണുന്നില്ലല്ലോ എന്നെനിക്ക് വേവലാതി തുടങ്ങിയിരുന്നു. ഞാന്‍ കണ്ട വെള്ളച്ചാട്ടങ്ങളെല്ലാം മലമുകളില്‍ നിന്നുള്ളതായിരുന്നു. ചിലപ്പോള്‍ ഈ വെള്ളചാട്ടം ഭൂനിരപ്പില്‍ നിന്ന് താഴോട്ട് ചാടുന്നതാണെങ്കിലോ എന്ന് മകന്‍ കളിയാക്കി. എങ്കിലും എല്ലാവരും നല്ല ഉത്സാഹത്തിലായിരുന്നു. കൊല്ലഗില്‍ എത്തിയപ്പോള്‍ ആര്‍ക്കും ഇങ്ങിനെയൊരു വെള്ളച്ചാട്ടം തന്നെ അറിയില്ല. ജി പി എസ് ഞങ്ങളെ ആകെ കണ്‍ഫ്യുഷനിലും ആക്കിയിരുന്നു. അവസാനം ഒരു പോലീസുകാരനാണ് വഴി പറഞ്ഞു തന്നത്. ഗുണ്ടല്‍ പേട്ടില്‍ നിന്ന് 150 കിലോമീറ്റര്‍ പോവണം ബാരാചുക്ക വെള്ളചാട്ടത്തിനരികിലെത്താന്‍. അവിടെ പ്രവേശന ഫീസായി കാശൊന്നും ഈടാക്കുന്നില്ല. വിശപ്പും ദാഹവും കൊണ്ട് തളര്‍ന്നിരുന്നെങ്കിലും കാറില്‍ നിന്നിറങ്ങിയപ്പോള്‍ കണ്ട വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം എന്നെ അമ്പരപ്പിച്ചു. ഇത്രയും മനോഹരമായ ഒരു വെള്ളച്ചാട്ടം ഞാന്‍ ഹോളിവുഡ് സിനിമയിലേ കണ്ടിട്ടുള്ളു. പ്രകൃതിസ്‌നേഹിയായ ഒരു ചിത്രകാരന്റെ അതിരു വിട്ട ഭാവന എന്നൊക്കെ ഞാന്‍ വായിച്ചിട്ടേ ഉള്ളു. എല്ലാവരും കയ്യിലുള്ള മൊബൈലില്‍ ആ ദൃശ്യം പകര്‍ത്തുന്ന തിരക്കിലായിരുന്നു. വെള്ളച്ചാട്ടത്തിന്റെ പരിസരപ്രദേശങ്ങളിലൊരിടത്തും കടകളോ ഹോട്ടലോ ഇല്ല.
 
                    കര്‍ണാടകയിലെ മാണ്ഡ്യജില്ലയുടേയും ചാമരാജനഗര ജില്ലയുടേയും അതിര്‍ത്തിയിലായി സ്ഥിതിചെയ്യുന്ന ഗഗനചുക്കിയെന്നും ഭാരാചുക്കിയെന്നും അറിയപ്പെടുന്ന രണ്ടു വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്നതാണ് ശിവസമുദ്ര വെള്ളച്ചാട്ടം. ശിവനസമുദ്ര എന്ന കന്നടവാക്കിന് ശിവന്റെ സമുദ്രം എന്നാണര്‍ത്ഥം. ശിവന്റെ തിരുജഡയില്‍ നിന്നും വരുന്ന തീര്‍ത്ഥമായാണ് കാവേരിനദിയെ അവിടുത്തെ ജനങ്ങള്‍ കണ്ടുവരുന്നത്. ശിവസമുദ്ര തടങ്ങളില്‍ വച്ച് കവേരി നദി പ്രസിദ്ധങ്ങളായ ഗഗന്‍ ചുക്കി, ബാരാ ചുക്കി വെള്ളചാട്ടങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് 320 അടി താഴേയ്ക്ക് പതിക്കുന്നു. ഈ നദി പടിഞ്ഞാറോട്ടൊഴുകാതെ കിഴക്കോട്ട് ആണ് ഒഴുകുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്. ഏഷ്യയിലെ തന്നെ ആദ്യത്തെ സംരംഭമായ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
 
                    മലയിടുക്കിന്റെ ഒരു ഭാഗത്തിന് ചാടിക്കടക്കാവുന്ന വീതിയേ ഉള്ളൂ. ഗോട്‌സ് ലീപ്പ് എന്നറിയപ്പെടുന്ന ഇതിനെ നാട്ടുകാര്‍ മേക്കേഡാടു എന്നാണു വിളിക്കുന്നത്. കന്നടയില്‍ ആട് ചാടുന്നത് എന്നാണത്രേ ഇതിനര്‍ഥം. വെള്ളച്ചാട്ടത്തിന്റെ അടിവശം വരെ കോണ്‍ക്രീറ്റ് പടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവിടെ ഇറങ്ങിച്ചെന്ന് കുളിക്കാനും നീന്താനുമെല്ലാം സൗകര്യമുണ്ട്.
 
                     പടികളിറങ്ങി താഴെ ചെന്നപ്പോള്‍ അധികം സഞ്ചാരികളുണ്ടായിരുന്നില്ല. പുഴയോര കാടുകള്‍ക്കരികെ മുളകു പുരട്ടിയ പൈനാപ്പിളും തണ്ണിമത്തനും മുളകുബജിയും വില്‍ക്കുന്ന രണ്ടോ മൂന്നോ സ്ത്രീകളും കുറച്ചു യുവമിഥുനങ്ങളും. പക്ഷികളുടെ ഗാനാലാപനങ്ങള്‍ക്ക് മീതെ അലറിവിളിച്ച് ഊക്കോടെ പാറയില്‍ വന്നിടിക്കുന്ന നദി വളരെ ഉയരത്തിലേയ്ക്ക് പൊങ്ങി മഴവില്ലു വിരിയിക്കുന്ന കാഴ്ച എത്ര കണ്ടാലും മതിയാവില്ല. നല്ല വഴുക്കലുള്ള പാറകല്ലുകള്‍ക്കിടയില്‍ തണുത്ത വെള്ളത്തില്‍ ആവോളം മുങ്ങി കയറുമ്പോള്‍ വിശപ്പും ദാഹവും കൊണ്ട് തളര്‍ന്നിരുന്നു.
 
                                 
 
320 അടി താഴ്ചയുള്ള വെള്ളചാട്ടത്തിന്റെ അടിയില്‍ നിന്നും എത്ര കയറിയിട്ടും കയറിയിട്ടും തീരാത്ത പടികളിലേക്ക് നോക്കിയപ്പോള്‍ ആകാശത്തോളം ഉയരത്തിലേക്കാണ് ഈ പടികള്‍ ചവിട്ടികയറേണ്ടതെന്ന് തോന്നി പോയി. നേരം വൈകുന്നേരമായി തുടങ്ങിയിരുന്നു. വഴിയില്‍ ഭക്ഷണം കഴിച്ച് ചെക്ക് പോസ്റ്റ് അടയ്ക്കുന്നതിനു മുന്‍പ് ഞങ്ങളെ കാത്തിരിക്കുന്ന ഗൂഡലൂരിലെ സ്വപ്നവീട്ടില്‍ എത്താനുള്ള തിരക്കിലായിരുന്നു ഞങ്ങള്‍.
 
അടുത്ത ദിവസം ഉറക്കമുണര്‍ന്നത് വന്നദിവസം കണ്ട സുന്ദരികുട്ടിയുടെ പാദസരകിലുക്കം കേട്ടാണ്. ചായക്കുള്ള പാലുമായി വന്നതായിരുന്നു അവള്‍. എല്ലാവരും തലേദിവസത്തെ ക്ഷീണത്തില്‍ നല്ല ഉറക്കമായിരുന്നു. നടക്കാന്‍ പോവാമെന്ന് പറയേണ്ട താമസം തുള്ളിച്ചാടി എന്നേയും കൂട്ടി മുറ്റത്തേക്കിറങ്ങി അവള്‍. ആനയുണ്ടാവുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് തലയാട്ടിയ അവളുടെ പിറകില്‍ നടക്കുമ്പോള്‍ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളു. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയിലത്തോട്ടത്തിന്റെ പച്ചപ്പിലൂടെ വാ തോരാതെ സംസാരിക്കുന്ന ആ മിടുക്കിയുടെ പിറകെ നടക്കുമ്പോള്‍ കോടമഞ്ഞു വന്നു ഞങ്ങളെ പൊതിഞ്ഞു. നടത്തം കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ നേരം നന്നായി പുലര്‍ന്നിരുന്നു.
 
പ്രഭാത ഭക്ഷണവും കഴിച്ച്,    ' നാ ജാനേ ക്യോം ഹോതാ യേ സിന്ദഗീ കീ സാത്... അചാനക് യേ മന്‍ കിസീകേ ജാനേ കേ ബാദ്' എന്ന് ലതാ മങ്കേഷക്കര്‍ പാടുന്നത് കേട്ട് ഇളം വെയിലില്‍ പുറത്തിരിക്കുമ്പോള്‍ തിരിച്ചു   പോവാനേ തോന്നിയില്ല. മൂന്നു ദിവസത്തെ യാത്രക്കു ശേഷം തിരിച്ചു ചുരമിറങ്ങുമ്പോള്‍ ഇത്രയും മനോഹരമായ ഒരു സമ്മാനം എനിക്കായി കരുതി വെച്ചതിന് ഞാന്‍ ദൈവത്തിനു നന്ദി പറയുകയായിരുന്നു.
 
         

Saturday, February 22, 2014

          മഴ പെയ്യുമെന്നറിഞ്ഞിട്ടും, കുട മനപൂര്‍വ്വം വീട്ടില്‍ മറന്നു വെച്ച നാലുമണിയാവുമ്പോള്‍ ജയഹേ എന്നു മുഴുവന്‍ കേള്‍ക്കുന്നതിനു മുന്‍പ് ആര്‍ത്തു ചിരിച്ചും വെള്ളം തെറിപ്പിച്ചും പുസ്തകങ്ങള്‍ ഉടുപ്പിനടിയില്‍ വെച്ച് മഴയിലേക്ക് ഓടി ഇറങ്ങിയിരുന്ന ഒരു മഴക്കാലമുണ്ട് ഉള്ളില്‍.

             ട്യൂഷന്‍ മാസ്റര്‍ വരാത്ത ഞായറാഴ്ചകളില്‍ കൂട്ടുകാരികളോടൊത്ത് കണ്ണു ചുവക്കുന്നതു വരെ നീന്തിയിരുന്ന ഒരു പുഴക്കാലവുമുണ്ടെനിക്ക്. ലൈബ്രറിയിലെ പുസ്തകങ്ങള്‍ക്കിടയില്‍ മനസ്സിനെ നഷ്ടപ്പെട്ടു പോയിരുന്ന ഒരു ലൈബ്രറിക്കാലവും.

                    അതു തന്നെയാണ് റേഡിയോ കാലവും. ബാല ലോകവും ഇഷ്ടപ്പെട്ട ചലചിത്രഗാനങ്ങളും കേള്‍ക്കാന്‍ കാത്തിരുന്ന ആകാശവാണിക്കാലം. ആര്‍ക്കാണീ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നത് എന്ന് കുഴഞ്ഞു ചോദിക്കുന്ന ചാനലിലെ സുന്ദരികള്‍ വരുന്നതിനു കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ശ്രീലങ്കന്‍ റേഡിയോ പ്രക്ഷേപണ നിലയം ഇപ്പോള്‍ സമയം മൂന്നു മണി മുപ്പതു മിനിറ്റ് എന്നു പറയുന്നത് കേള്‍ക്കാന്‍ കാത്തിരുന്നിട്ടുണ്ട്. അതിലെ സന്ദേശഗാനങ്ങള്‍ എന്ന പരിപാടിയില്‍ സ്ഥിരമായി കേട്ടിരുന്ന ഒരു സന്ദേശമുണ്ടായിരുന്നു.സുല്‍ത്താനേറ്റ് ഓഫ് ഒമാനില്‍ നിന്ന് ഹുസ്സൈന്‍ റസിയാക്ക് അയക്കുന്ന ഗാനം കേള്‍ക്കു എന്ന ആ സന്ദേശം. അത് കേള്‍ക്കുമ്പോഴെല്ലാം, പ്രണയിക്കാന്‍ ആരെയെങ്കിലും തിരഞ്ഞു നടന്നിരുന്ന ആ കൌമാരത്തില്‍, ഏതെങ്കിലും ഒരു ഹുസ്സൈന്‍ അയക്കുന്ന ഗാനം ഒരിക്കല്‍ എന്നെ തേടിയും വരുമെന്ന് ദിവാസ്വപ്നം കണ്ടിരുന്നു.

ഒരിക്കല്‍, കൂട്ടുകാരിയോടുത്തുള്ള ഒരു യാത്രയില്‍, 'ദേവീ നിന്‍ ചിരിയില്‍.. 'എന്ന പാട്ട് കാര്‍ സ്റീരിയോയിലൂടെ ഒഴുകി വന്നു. ശ്രീലങ്കന്‍ റേഡിയോയിലൂടെ സ്വന്തം റസിയാക്ക് സന്ദേശമയച്ചിരുന്ന ആ ഹുസ്സൈനെ കുറിച്ചു ഞാനന്നേരം പറഞ്ഞു. 'ആരായിരുന്നിരിക്കാം ആ റസിയയും ഹുസ്സൈനും' ^അവളപ്പോള്‍ ചോദിച്ചു. അവരിപ്പോള്‍ എവിടെയായിരിക്കും, ഇപ്പോഴുമുണ്ടാവുമോ അവരിലാ പ്രണയം, പാട്ടുകള്‍ എന്നൊക്കെയായി ആ ചര്‍ച്ച വഴിമാറി. അതോടെ, വല്ലാത്ത ഒരു മൂഡിലേക്ക് എന്റെ കൂട്ടുകാരി മാറി.

               അതിനിടയിലാണ് ദൂരദര്‍ശന്‍ കാലവും. ചിത്രഹാറും അലിഫ് ലൈലയും ഫൌജിയുമെല്ലാം കണ്മുന്‍പില്‍ വിസ്മയങ്ങളായി. ഇടക്ക് വിരുന്നു വന്നിരുന്ന വെല്ലിമ്മ എന്നു വിളിച്ചിരുന്ന ബാപ്പയുടെ ഉമ്മക്ക് എന്നും പരാതിയായിരുന്നു. പഠിത്തത്തിന്റെയും കത്തെഴുത്തിന്റെയും തിരക്കിനിടയിലും, വെറ്റിലയില്‍ അടക്കയും ചുണ്ണാമ്പും വെച്ച് ചെറിയ ഉരലില്‍ വെച്ചു ഇടിച്ചു കൊടുക്കുമ്പോള്‍, പറഞ്ഞു തരുന്ന കഥകള്‍ കേള്‍ക്കാനും വൈകുന്നേരങ്ങളില്‍ കൈ പിടിച്ചു നടക്കാനും ഉത്സാഹിച്ചിരുന്ന പേര മക്കള്‍ ഏതു സമയവും ആ കുന്ത്രാണ്ടത്തിന്റെ മുന്‍പിലാണല്ലേ. 'ഈ കുന്ത്രാണ്ടം വന്നപ്പോള്‍ കുട്ട്യാള്‍ക്കൊക്കെ മിണ്ടാനും ഇല്ലാതായല്ലോ ബദരീങ്ങളേ' എന്നു പറയുമായിരുന്നു വല്ലിമ്മ.

അന്ന് അതിന്റെ അര്‍ത്ഥം മനസ്സിലായില്ല. പിന്നെ, ഞാനും ഒരമ്മയായപ്പോള്‍, കഥകള്‍ പറഞ്ഞു കൊടുത്തും ചിത്ര കഥാ പുസ്തകത്തിലെ മുയലിനും ആമക്കും വീട്ടിലേക്കുള്ള വഴി കണ്ടു പിടിക്കാന്‍ സഹായിച്ചും മക്കള്‍ക്ക് ചുറ്റും കറങ്ങി തിരിഞ്ഞപ്പോള്‍ പതിയെപ്പതിയെ അതു ബോധ്യമാവുന്നു. വാട്സ് അപ്പിലൂടെ എത്തുന്ന മകന്റെ ചിത്രലിഖിതങ്ങള്‍ കാണുമ്പോള്‍ വല്ലിമ്മയുടെ വാക്കുകള്‍ ഞാനും ആവര്‍ത്തിക്കുന്നു.

                   ജി കൃഷ്ണമൂര്‍ത്തിയുടെ ഊട്ടിയിലുള്ള സ്കൂളില്‍ നിന്ന് എന്നെ തേടി നിരന്തരം എത്തിയിരുന്നു മക്കളുടെ കത്തുകള്‍. ഉള്ളിലുള്ള സ്നേഹം മുഴുവന്‍ നിറച്ചു അവര്‍ക്ക് മറുപടി കത്തുകളെഴുതി. വായിച്ച പുസ്തകങ്ങളെ കുറിച്ചും കണ്ട സിനിമകളെ കുറിച്ചും കൂട്ടുകാരെ കുറിച്ചും വാരാന്ത്യങ്ങളില്‍ പോയിരുന്ന വൃദ്ധസദനത്തിലെ ആളുകളെകുറിച്ചുമെല്ലാമായിരുന്നു മകളുടെ എഴുത്തുകള്‍. ഫുട്ബാള്‍ മാച്ചിനു പോയപ്പോള്‍ കോപ്പറേഷന്‍ സ്കൂളിലെ കുട്ടികളോട് കൂട്ടുകൂടിയതും ട്രെക്കിങ്ങിനു പോയി തിരിച്ചു വരുമ്പോള്‍ ലോറിക്ക് കൈകാണിച്ചു ലിഫ്റ്റ് ചോദിച്ചതുമെല്ലാമാണ് മകനെഴുതാനുണ്ടായിരുന്നത്. അവരുടെ ഇഷ്ടങ്ങളും രുചികളും പതിയെ മാറുന്നത് ആ എഴുത്തുകളിലൂടെ ഞാന്‍ അറിയുന്നുണ്ടായിരുന്നു.

പിന്നെ അവര്‍ വലുതായി. പഠിത്തം കോളേജിലായി. അപ്പോഴേക്കും അത് മൊബൈല്‍ ഫോണിന്റെ കാലമായിരുന്നു.ഒരു വിളിക്കപ്പുറത്തു കിട്ടുമെന്നായപ്പോള്‍ അവര്‍ കത്തെഴുതാന്‍ മറന്നു പോയി.

          പിന്നെയിപ്പോള്‍ വാട്ട്സ് ആപ് കാലമായി. എവിടെയാണെന്ന ചോദ്യത്തിന് ഒരു ഫോട്ടോ ക്ലിക്കിലൂടെ മറുപടി വന്നു. അന്നേരമാണ്, മകന്‍ എന്റെ ഫോണില്‍ വാട്ട്സ് ആപ്പ് ഡൌണ്‍ ലോഡ് ചെയ്തു തന്നതിന്റെ ദൂഷ്യം ഞാന്‍ തിരിച്ചറിഞ്ഞത്. വിവര സാങ്കേതിക വിദ്യ മാറിയിരുന്നു. ഒപ്പം, നീണ്ട കത്തുകള്‍ ഫോണ്‍ വിളികളായി. അവ പിന്നീട് വാട്ട്സ് ആപ്പ് പടങ്ങളായി. ലോകം ചുരുങ്ങുമ്പോഴും സ്നേഹം മാത്രം അതേ പടി ജ്വലിച്ചു നിന്നു.

               പ്രോജക്റ്റിന്റേയും അസൈന്‍ മെന്റിന്റേയും തിരക്കാണെന്ന് പറയുമ്പോള്‍, ഞാന്‍ പരാതി പറയുമെന്നറിയാവുന്നതു കൊണ്ട് 'ബ്യൂട്ടിഫുള്‍ ലേഡി, മിസ്സ് യൂ സൈറാ ബാനൂ, ലവ് യൂ അമ്മക്കള്ളി, ഞാനിപ്പോ ഇവിടെയാണ് ട്ടൊ' എന്നു പറഞ്ഞു വാട്സ് ആപ്പിലെത്തുന്നു ഫോട്ടോ സന്ദേശങ്ങള്‍. വാട്ട്സ് ആപ്പില്‍ പച്ച വെളിച്ചം തെളിയുമ്പോള്‍, ഈ കുന്ത്രാണ്ടം വന്നപ്പോള്‍ കുട്ട്യാള്‍ക്കൊക്കെ മിണ്ടാനൊന്നും ഇല്ലാതായല്ലോ ബദരീങ്ങളേ' എന്ന വെല്ലിമ്മയുടെ ഡയലോഗ് ഓര്‍ക്കാറുണ്ട് ഞാന്‍.

     

Thursday, January 9, 2014

മണൽക്കടൽ തഴുകുന്ന സ്വര്‍ഗ്ഗ താഴ് വാരങ്ങൾ

   രോ യാത്രയും കഴിയുമ്പോളും യാത്രയോടുള്ള ഇഷ്ടവും കൂടി വരികയാണ്.സൌണ്ട് ഓഫ് മൂസിക് കണ്ട് ഓസ്ട്രിയ കാണാനാഗ്രഹിച്ചിരുന്നു. പുനത്തിലിന്റെ വോള്‍ ഗയില്‍ മഞ്ഞു പെയ്യുമ്പോള്‍ വായിച്ച് റഷ്യ മുഴുവന്‍ കറങ്ങാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു.ഇതെല്ലാം കേള്‍ക്കുമ്പോള്‍ പണ്ട് കഥ വായിച്ചു വായിച്ച്‌ ഒരു രാജകുമാരനെനെ മാത്രമേ കല്യാണം കഴിക്കു എന്ന്‍ പറഞ്ഞു കളഞ്ഞ എട്ടു വയസുകാരിയുടെ ആന മണ്ടത്തരങ്ങള്‍ പോലെ ഇതും എന്ന്‍ കളിയാക്കുമായിരുന്നു ഉമ്മ .

                              യാത്രകള്‍ ഇഷ്ടമാണെങ്കിലും ഒരു യു എ ഇ യാത്ര എന്റെ മനസില്‍ ഉണ്ടായിരുന്നേ ഇല്ല.യു എ ഇ എന്നെ മോഹിപ്പിച്ചിട്ടെ ഇല്ല..അവിടെ എന്താണ് കാണാനുള്ളത് എന്നായിരുന്നു എന്റെ മനസില്‍.മക്കള്‍ രണ്ടു പേരും ഒരു പാട് നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമുണ്ടായതായിരുന്നു എന്റെ ആ യു എ ഇ യാത്ര. .അബുദാബിയില്‍ പറന്നിറങ്ങുമ്പോള്‍ വലിയൊരു മരുഭൂമിയുടെ ചിത്രമായിരുന്നു മനസ്സില്‍ .

                         റോഡിനിരു വശവും വിടര്‍ന്നു നില്‍ക്കുന്ന പൂക്കളും ഷോപ്പിംഗ്‌ മാളുകളിലൂടെ സന്തോഷത്തോടെ നടന്നു നീങ്ങുന്ന ആളുകളും യാത്രകളിലെല്ലാം മനോഹരമായ സംഗീതവുമായി എഫ് എമ്മും ചീറി പായുന്ന ബൈക്കുകളും ഫിലിപീനികളും ബംഗാളികളും ഇന്ത്യക്കാരും മറ്റു വിദേശിയരും എല്ലാമായി ആകെ ഒരു ജാസി ഗിഫ്റ്റ് സംഗീതം പോലെ മുന്നില്‍ വന്ന് അബുദാബി എന്നെ അമ്പരപ്പിച്ചുകളഞ്ഞു.


                          ഷോപ്പിംഗ്‌ മാളിലൂടെ നടക്കുമ്പോള്‍ ഓടി അടുത്ത് വന്ന മൂന്ന് വയസുകാരനെയും കയ്യിലെ ചൊകളേറ്റ് നീട്ടിയ പെണ്‍കുട്ടിയെയും നോക്കി മകന്‍ എന്നെ കളിയാക്കി മമ്മക്ക് ഒരു ആയ ലുക്ക് ഉണ്ടോ എന്നൊരു ഒരു സംശയമുണ്ടെനിക്കെന്ന് പറഞ്ഞ്. ബുര്‍ജ് ഖലീഫ ,അബ്രയിലെ ബോട്ട് യാത്ര ,സ്പൈസ് മാര്‍ക്കറ്റ് ,ഗോള്‍ഡ്‌ സൂക് ,ഡോള്ഫിനെരിയം ,അബുധാബിയിലെ ഹെരിറ്റെജ് വില്ലേജിലെ വിജനമായ ബീച്ചില്‍ ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ 100 ദിര്‍ഹം തന്നാല്‍ ലുലു ഐലന്റ് വരെ കൊണ്ടു1378993_612027938855866_1992186815_n പോവമെന്ന്‍ പറഞ്ഞു പേടിയോടെ ചുറ്റും നോക്കിയ തമിഴന്‍ ബോട്ടുകാരന്‍, ചിത്ര പണികളും പൂവള്ളികളും ആലേഖനം ചെയ്ത ഗ്രാന്റ് മോസ്ക് ,ഒട്ടക സവാരി ,അറബ് ഭക്ഷണം ,മരുഭൂമിയിലൂടെ ത്രില്ലിംഗ് ഡ്രൈവ് ,ബെല്ലി ഡാന്‍സ് .അപൂര്‍വമായ ഒരു യാത്രാ അനുഭവം തന്നെയാണ് അബുദാബി എനിക്ക് തന്നത്.


   ഇന്നു   നമ്മള്‍   ഡെസേര്‍ട്ട്   സഫാരിക്ക്   പോകുന്നു   എന്ന്   മകള്‍   പറഞ്ഞപ്പോള്‍   എനിക്ക്   ഉള്ളില്‍   ഒരു   പരിഭ്രമമുണ്ടായിരുന്നു   എന്നതാണ്   നേര്.അല്‍ ഖാത്തിമിലായിരുന്നു ഞങ്ങളുടെ ഡെസേര്‍ട്ട് സഫാരി    അറേഞ്ച്   ചെയ്തിരുന്നത്.ഒരു പൊടി മീശക്കാരന്‍  അറബിയുടെ ലാന്റ് ക്രൂസില്‍   ആയിരുന്നു   യാത്ര.അല്‍പ്പം   വൈകിയെത്തിയ ഞങ്ങളെയും കാത്ത് ഗ്രൂപ്പിലെ   മറ്റു   വാഹനങ്ങളുമായി   കാത്തുനിന്നിരുന്ന   ഡ്രൈവര്‍മാര്‍   ടയറിന്റെ കാറ്റ് അഴിച്ചു വിടുന്ന തിരക്കിലായിരുന്നു.യാത്രക്കാര്‍   മിക്കവരും   യൂറോപ്പ്യന്‍   നാടുകളില്‍   നിന്നുള്ളവരായിരുന്നു.
                  
മണല്‍   തിട്ടയുടെ   ഉയരങ്ങളിലൂടെ  കുതിച്ചു   പൊങ്ങിയ   വാഹനം   അഗാധമായ   താഴ്ച്ചയിലേക്കെന്നവണ്ണം   കൂപ്പു   കുത്തുമ്പോള്‍    എനിക്കത്ര   പേടിയൊന്നും   തോന്നിയില്ല.

                            ഒറ്റ നിമിഷം കൊണ്ട് കണ്‍ മുന്നില്‍ പ്രത്യക്ഷപെട്ട അനന്തമായി പരന്നു കിടക്കുന്ന മരുഭൂമിയുടെ കാഴ്ച കടല്‍ കാണുന്ന പോലെ സുന്ദരമായി തോന്നി .മണലിന്റെ ഒരു വന്‍ കടല്‍ .കാറ്റിനനുസരിച്ച് പുതിയ പുതിയ ചിത്രങ്ങള്‍ വരയ്ക്കുന്ന മരുഭൂമിയുടെ വിസ്മയ കാഴ്ച. ആടിയും ഉലഞ്ഞും കടലിലെ തിരമാലയിലൂടെ നടത്തുന്ന ഒരു ബോട്ട് യാത്ര പോലെ മണല്‍ വീശിയടിച്ച് കൊണ്ട് മണല്‍കൂമ്പാരങ്ങള്‍ക്കുമുകളിലൂടെ ചീറി പായുന്ന ലാന്‍റ് ക്രൂസര്‍ .

                       മനോഹരമായ ഒരു കാഴ്ചയാണ് മരുഭൂമിയിലെ സൂര്യാസ്തമയവും വാലന്റൈന്‍സ് ദിനത്തിലെ ആ സന്ധ്യയില്‍ ഉയര്‍ന്നു നില്‍ക്കുന്ന മണല്‍ കൂനക്ക് മുകളില്‍ ഇരുള്‍ വീഴുന്നത് വരെ എല്ലാവരും ആ കാഴ്ച്ച കണ്ടിരുന്നു. അന്നത്തെ യാത്ര അവസാനിച്ചത് അറബിക്ക് സംഗീതം അലയടിക്കുന്ന ഒരു ക്യാമ്പിനു മുന്നിലായിരുന്നു .മൈലാഞ്ചി അണിഞ്ഞ കൈകളുമായി താഴ്ന്ന ഇരിപ്പിടങ്ങളില്‍ ഇരുന്ന്‍ അറബിക്ക് ഭക്ഷണത്തിനോടൊപ്പം ബെല്ലി ഡാന്‍സ് കണ്ട ആ രാത്രിയില്‍ നക്ഷത്രങ്ങളും നിലാവും തണുപ്പും മരുഭൂമിയുടെ നിശബ്ദതയും ആസ്വദിക്കാനായി വെളിച്ചം കെടുത്തിയ അവസാന മിനിറ്റുകള്‍ ആണ് ഞാനേറെ ഇഷ്ടപെട്ടത് .

       
                      അല്‍ ഐനിലെ ജബല്‍   ഹഫീത്തിലേക്കുള്ള യാത്രയിലാണ് മകള്‍ പറഞ്ഞത് റേസ് എന്ന ബോളിവുഡ് സിനിമയിലെ ക്ലൈമാക്സ് ചിത്രീകരിച്ചത് ഇവിടെയാണെന്ന് .അന്നാ സിനിമ കണ്ടപ്പോള്‍ ആസ്ട്രേലിയ ആവുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത് . അരികിലെത്തും തോറും ഭംഗി കൂടി വരുന്ന ആ കുന്നിന്‍ മുകളില്‍ നല്ല തണുപ്പുള്ള ആ വൈകുന്നേരം ചൂട് ചായയും കുടിച്ച് അസ്തമയവും കണ്ടിരുന്നത് മറക്കാനാവില്ല.അവിടുന്ന്‍ തിരിച്ചുള്ള യാത്രയില്‍ തിരിഞ്ഞു   നോക്കുമ്പോള്‍  അകലങ്ങളോളം കാര്‍ത്തിക വിളക്ക് കത്തിച്ചുവെച്ച പോലെ വെളിച്ചം പൊഴിച്ച് നീണ്ടു കിടക്കുന്ന റോഡിന്റെ കാഴ്ച്ച കണ്ണുകളില്‍ എത്ര നിറച്ചിട്ടും മതിയായില്ല.

     ഷാര്‍ജ ,റാസല്‍ ഖൈമ വഴി ഖൊര്‍ഫ് ഖാനിലേക്കുള്ള നീണ്ട ഡ്രൈവ് മറക്കാനാവില്ല. .വിജനമായ കുന്നിന്‍ ചെരുവിലെ സിമന്റ് ഫാക്ടറിയും ദൂരെ അതിനരികിലൂടെ നീങ്ങുന്ന ലോറിയും നോക്കിയിരിക്കുമ്പോള്‍ മകള്‍ പറഞ്ഞു ഇവിടെ താമസിക്കുന്നവര്‍ക്ക് സന്ധ്യയാവുമ്പോള്‍ വെറുതേ മനസ്സില്‍ സങ്കടം വന്നു നിറയുമായിരിക്കും എന്ന്.അത് തന്നെ ആലോചിച്ച് ഇരിക്കുമ്പോള്‍ ആണ്  മസാഫിയില്‍ വഴിയോരത്ത് നിറമുള്ള പഴങ്ങളും പച്ചക്കറികളും വി ല്‍പ്പനക്ക് നിരത്തി കാത്തിരിക്കുന്ന ബംഗാളികളെ കണ്ടത്.അവിടുന്ന് വാങ്ങിയ നല്ല മധുരമുള്ള ഓറഞ്ചും നുണഞ്ഞ്കുന്നുകളും മലകളും നിറഞ്ഞ വഴിയിലൂടെ കാര്‍ നീങ്ങുമ്പോള്‍ താഴാന്‍ തുടങ്ങുന്ന സൂര്യനെ നോക്കി ഇരുട്ടുന്നതിനു മുന്‍പ് ഖൊര്‍ഫ് ഖാനില്‍ എത്തില്ലെ എന്ന് വേവലാതി പെടുന്ന മകളെ ഞാന്‍ ശ്രദ്ധിച്ചതേയില്ല.




                          പണ്ട് കോളേജ് പഠനകാലത്ത് സൗണ്ട് ഓഫ് മ്യൂസിക്ക് കണ്ട് വന്ന് എന്നെ കാണാന്‍ നിര്‍ബന്ധിച്ച ഫിലിം ഫെസ്റ്റിവലും പുസ്തകോത്സവങ്ങളും കാണാന്‍ കൂട്ടുവന്ന അവളുടെ കോവിലകത്തെ അമ്മുട്ടിയമ്മ ഉണ്ടാക്കിയ നനുത്ത ഇഡ്ഡലി കൊണ്ടുതന്നിരുന്ന എനിക്കേറെ പ്രിയപെട്ട എന്റെ കൂട്ടുകാരിയെ കാണാന്‍ കൂടിയുള്ളതായിരുന്നു എന്റെ അബുധാബി യാത്ര എങ്കിലും അവളെ എനിക്ക് കാണാനായില്ല.എന്നിട്ടും പത്തു ദിവസം ഒന്നിനും തികഞ്ഞു കാണില്ല എന്നെനിക്കറിയാലോ എന്ന ഒരു സന്ദേശമയച്ച് എന്നെ ആശ്വസിപ്പിച്ച എന്റെ കൂട്ടുകാരിയും എന്റെ പൊന്നു മകളും താമസിക്കുന്ന യുഎഇ എന്നെ മനോഹാരിത കൊണ്ട് വിസ്മയിപ്പിച്ചു കളഞ്ഞു.

Monday, December 30, 2013

വിവാഹവാര്‍ഷികം

നവംബറിനോടാണെനിക്കിഷ്ടം കൂടുതല്‍.നവംബര്‍ എനിക്ക് ഗൃഹാതുരത്വം നിറഞ്ഞ കുട്ടിക്കാലത്തിന്റെ പൂക്കാലമാണ്.വീട്ടിലെ ബോഗേന്‍ വില്ലകളെല്ലാം പൂത്തുലഞ്ഞു തുടങ്ങുന്ന മാസം.രാവിലെ വീടിനടുത്തുള്ള അമ്പലത്തില്‍ നിന്ന് കൗസല്യാ ... സുപ്രജാ എന്ന് കേട്ട് പുലരിയിലെ തണുപ്പില്‍ മൂടി പുതച്ചു കിടക്കാനിഷ്ടപ്പെട്ടിരുന്ന മാസം.
എങ്കിലും എന്റെ ജീവിതത്തിലെ പ്രധാനപെട്ട കാര്യങ്ങളെല്ലാം നടന്നത് ഡിസംബറിലായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ടുകാരുടേയും പുസ്തകങ്ങളുടേയും ലോകത്ത് നിന്ന് ഒരു പാടു സ്വപ്നങ്ങളുമായി വിവാഹിതയായി ഈ വീട്ടിലേക്ക് വന്നതും ഒരു ഡിസംബറിലായിരുന്നു.

ഡിസംബര്‍ രണ്ടിനു നിക്കാഹ് പിന്നെ സൗകര്യം പോലെ ഒരു ദിവസം നോക്കി കല്യാണം നടത്താമെന്നായിരുന്നു തീരുമാനം.വന്ന വിവാഹാലോചനയില്‍ ഏതു വേണമെന്ന്, വേണമെങ്കില്‍ നിനക്ക് തീരുമാനിക്കാമെന്ന് പറഞ്ഞപ്പോള്‍ എനിക്കെല്ലാവരോടും ദേഷ്യമായിരുന്നു.അലിഗഡിലെ എം ബി എ ക്കുശേഷം ജോലി ചെയ്യുന്നു യാത്രകള്‍ ഇഷ്ടമാണെന്നൊക്കെ ജ്യേഷ്ഠന്‍ പറഞ്ഞപ്പോള്‍ പിന്നെ ഞാന്‍ എതിര്‍ത്തതുമില്ല.
നിക്കാഹ് കഴിഞ്ഞ് ആദ്യ ആഴ്ച്ചയില്‍ തന്നെ ഭര്‍ത്താവിന്റെ അസുഖബാധിതനായ ബാപ്പ മരിച്ചതിനാല്‍ ഞാന്‍ കയറി വന്നത് ഒരു മരണവീട്ടിലേക്കായിരുന്നു.എന്നെ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേരമില്ലായിരുന്നു.ഞാന്‍ ജീവിച്ച സാഹചര്യങ്ങളില്‍ നിന്ന് ഏറെ വ്യതസ്ഥമായ അന്തരീക്ഷം.അന്നു വരെ മരണ വീടെന്നാല്‍ ഇടക്കിടെയുള്ള തേങ്ങലും നിശബ്ദതയുമായിരുന്നു എന്റെ മനസ്സില്‍.വൈകുന്നേരങ്ങളില്‍ പള്ളിയില്‍ നിന്ന് കുറേ മൗലവിമാര്‍ വന്ന് മൗലൂദ് ഓതുന്നത് എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു.നാല്പ്പതു ദിവസവും വീട്ടില്‍ നിറയെ ബന്ധുക്കളും നെയ്ച്ചോറിന്റേയും കോഴി വേവുന്നതിന്റെയും ഗന്ധവും മധുരപലഹാരങ്ങളുമായി വരുന്ന അതിഥികളും എല്ലാം കണ്ട് ഞാന്‍ പകച്ചു പോയിരുന്നു.

പഴയ തറവാടു വീടിന്റെ ഇരുള്‍ വീണുകിടക്കുന്ന ഇട നാഴിയിലൂടെ നടന്നപ്പോള്‍ ഒരു ദിവസം കണ്ടെടുത്ത റാഫിയുടേയും മുകേഷിന്റേയും പാട്ടുകളുടെ കാസറ്റുകളായിരുന്നു ആശ്വാസം.ഇടക്ക് വഴി തെറ്റി ഉമ്മാന്റെ മുറിയില്‍ കയറുമ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് വിളിച്ച് അടുത്തിരുത്തി ചേര്‍ത്തു പിടിക്കുന്നത് എനിക്കിഷ്ടവുമായിരുന്നു.



ആല്‍ബം നോക്കുമ്പോഴെല്ലാം വധുവിന്റെ വേഷത്തില്‍ എന്റെ ഒരു ഫോട്ടോ പോലും ഇല്ല എന്നത് മകള്‍ക്ക് സങ്കടമായിരുന്നു. അപ്പോഴെല്ലാം നിന്റെ മമ്മ ആരുമറിയാതെ ഓടി പോയി കല്യാണം കഴിച്ചതാണെന്ന് പറഞ്ഞ് അനിയത്തിമാര്‍ അവളെ പറഞ്ഞ് പറ്റിക്കുമായിരുന്നു.

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. പൂക്കളേയും പൂമ്പാറ്റകളേയും പ്രകൃതിയേയും മനുഷ്യരേയും ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന രണ്ട് മക്കളുണ്ടല്ലോ.രണ്ട് വിരുദ്ധ സ്വഭാവക്കാരാണെങ്കിലും അല്പ്പം കാശ് കയ്യില്‍ വന്നാല്‍ പുസ്തകം വാങ്ങുകയോ യാത്ര പോവാന്‍ സമ്മതം ചോദിക്കുകയോ ചെയ്യുമ്പോള്‍ കിറുക്കത്തി എന്ന് വിളിക്കുമെങ്കിലും എന്നെ മനസിലാക്കുന്ന ഒരാള്‍ തന്നെയാണല്ലോ.സ്നേഹം കൊണ്ട് മൂടുന്ന വീട്ടുകാരാണല്ലോ.എന്റെ മക്കള്‍ വിളിക്കുന്ന പോലെ മമ്മ എന്ന് വിളിക്കുന്ന ഒരു പാട് കുട്ടികളുള്ള വീടാണല്ലൊ.


ഭര്‍ത്താവ് തിരക്കിലും ഞാന്‍ ഏതെങ്കിലും പുസ്തകത്തിലോ സിനിമയിലോ മുഴുകി ഇരിക്കുകയും ചെയ്യുന്ന ചില സമയങ്ങളില്‍ നിര്‍ത്താതെ അടിക്കുന്ന ഫോണിന്റെ മണിയടി ഉത്തരമില്ലാതെ അവസാനിക്കുമ്പോള്‍ മക്കള്‍ പരസ്പരം വിളിച്ച് കളിയാക്കി പറയാറുണ്ട്. .സൈരാ ബാനുവും ദിലീപ് കുമാറും അഭിനയിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയാണ് ആ ട്ടാക്കീസില്‍ ഓടുന്നതെന്ന്.
“The best thing about me is you” ..എന്നൊക്കെ ആ ഗൗരവക്കാരനോട് പറയണമെന്നുണ്ട്.കിറുക്കത്തി എന്ന് വീണ്ടും കളിയാക്കിയാലോ..

പ്രിയപെട്ട സാന്താ,

പ്രിയപെട്ട സാന്താ,

എപ്പോഴും മഞ്ഞ് വീഴുന്ന ദൂരെ എവിടെയോ നിന്ന് പറക്കും റെയ്ൻ ഡിയറുകള്‍ വലിക്കുന്ന മാന്ത്രിക വണ്ടിയില്‍ വരുന്ന മഞ്ഞുപോലെ വെളുത്ത താടിയുള്ള നിന്നേയും കാത്തിരുന്ന ഒരു കുഞ്ഞുടുപ്പുകാരിക്ക് സമ്മാനങ്ങളുമായി വരാന്‍ നീയെന്തേ അന്ന് മറന്നു പോയി..?കഥകളിലും പുസ്തകങ്ങളിലുമെല്ലാം പറയുന്നത് നുണയാണെന്ന് പറഞ്ഞ വീട്ടിലെ ജോലിക്കാര...ി പറഞ്ഞതൊന്നും അന്നവള്‍ വിശ്വസിച്ചിരുന്നില്ല ട്ടൊ. അത്ഭുതങ്ങളൊന്നും സംഭവിക്കാതെ നേരം പുലര്‍ന്നപ്പോള്‍ മഞ്ഞില്ലാത്തത് കൊണ്ടാവും വരാതിരുന്നത് എന്ന് അനിയത്തി പറഞ്ഞത് ശരിവെച്ച അവള്‍ നിന്നെ ഒരിക്കലും അവിശ്വസിച്ചിരുന്നില്ല.

ഒരു സ്വകാര്യം പറഞ്ഞുതരട്ടെ നിനക്ക്?അന്നെന്റെ കയ്യില്‍ സോക്സുണ്ടായിരുന്നില്ല.ജ്യേഷ്ഠന്‍ വലിയ പത്രാസുകാരനായതിനാല്‍ അവന്റെ കയ്യില്‍ മാത്രമേ സോക്സുണ്ടായിരുന്നുള്ളു.അന്നു ഞങ്ങള്‍ കട്ടിലിന്റെ കാലില്‍ തൂക്കിയിട്ട സോക്സ് ഞാനും അനിയത്തിയും കട്ടെടുത്ത ജ്യേഷ്ഠന്റെ സോക്സായിരുന്നു.

ഒരു പക്ഷേ അതു കൊണ്ടാവുമോ നീ ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ തരാതിരുന്നത്?ഞാന്‍ അനിയത്തിയോട് പറഞ്ഞതായിരുന്നു കട്ടെടുത്ത സോക്സില്‍ സാന്റാ സമ്മാനങ്ങള്‍ ഇടില്ല എന്ന്.അതിന്‍ അവള്‍ സമ്മതിച്ചു തന്നിട്ടു വേണ്ടേ? അവള്‍ പറയുന്നതെല്ലാം ശരിയാണെന്ന് വിശ്വസിച്ചിരുന്ന ഒരു മണ്ടിയായിരുന്നല്ലോ ഞാനന്ന്. ഞങ്ങള്‍ ചീത്തകുട്ടികളാണെന്ന് കരുതിയോ നീ?

പിന്നെ ഒരു സ്വകാര്യം കൂടിയുണ്ട് ട്ടൊ.ആ കുട്ടിയുടുപ്പ്കാരി വലുതായി അവള്‍ക്കൊരു മകളുണ്ടായി. നിന്നെകുറിച്ചുള്ള ധാരാളം ചിത്ര പുസ്തകങ്ങളും വായിച്ച് അവളും സോക്സുമായി സമ്മാനങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നിരുന്നു.അപ്പോഴൊക്കെ ഞാന്‍ അവള്‍ക്കിഷ്ടമുള്ള കുഞ്ഞു കുഞ്ഞു സമ്മാനപൊതികള്‍ അതിനടുത്ത് കൊണ്ടു പോയി വെച്ചു..

രാവിലെ എഴുന്നേറ്റ് വന്ന് വലിയ കണ്ണുകള്‍ വിടര്‍ത്തി ശരിക്കും സാന്റ വന്നിരുന്നൊ എന്ന് ചോദിക്കുമ്പോള്‍ ആ കുഞ്ഞി കണ്ണില്‍ നോക്കി വന്നിരുന്നുവെന്ന് പറയാന്‍ മടിച്ച് നിങ്ങളുടെ നാട്ടില്‍ മഞ്ഞില്ലാത്തതിനാല്‍ റെയിന്‍ഡീറുകല്‍ക്ക് മര വണ്ടി വലിക്കാനാവുന്നില്ല നിങ്ങള്‍ എന്റെ സമ്മാനങ്ങള്‍ ആ സുന്ദരികുട്ടിക്ക് കൊടുത്താല്‍ നിങ്ങള്‍ക്ക് എല്ലാം കൂടി ഒരിക്കല്‍ ഒന്നിച്ചു തിരിച്ചു തരാമെന്ന് സ്വപ്നത്തില്‍ വന്നു പറഞ്ഞത് കൊണ്ട് ഞാന്‍ തന്നെ വെച്ചതാണെന്ന് പറയേണ്ടി വന്നു.എന്നാലും അതു കേള്‍ക്കുമ്പോള്‍ അവള്‍ക്ക് സന്തോഷമായിരുന്നു .
സമ്മാനങ്ങളെല്ലാം സാന്റാ തിരിച്ചു തന്നോ എന്നവള്‍ ഒരു പാടു കാലം ചോദിച്ചിരുന്നു ട്ടോ .ഇന്ന് എഫ് ബി യില്‍ നിന്റെ ചിത്രങ്ങള്‍ നോക്കിയിരുന്നപ്പോളാണ് ഞാനോര്‍ത്തത്.നീയെനിക്ക് അവയെല്ലാം തിരിച്ചു തന്നിരുന്നോ?
ഇന്നലെ എന്നോട് ഒരു കൂട്ടുകാരി ചോദിച്ചു നിന്റെ കൂട്ടുകാരെല്ലാം നന്നായി എഴുതുന്നവരാണല്ലെ എന്ന്.ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുമെന്നല്ലേ അതു കൊണ്ടാവും നീയും എഴുതി നോക്കാന്‍ തുടങ്ങിയത് എന്നും കൂടി പറഞ്ഞു ‍‍.അപ്പോഴാണ് ഞാനെന്റെ ചങ്ങാതിമാരെ കുറിച്ച് ഓര്‍ത്തു നോക്കിയത്. എനിക്കു കിട്ടിയ ചന്ദന മണമുള്ള ഈ സൗഹൃദം നീ എനിക്കു മടക്കിതന്ന സമ്മാനങ്ങളാണെന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നു.നന്ദി സാന്റാ.ഇതിലും വലിയൊരു സമ്മാനം ലോകത്ത് എന്താണുള്ളത്.
ഒരുപാടിരുപാട് സ്നേഹത്തോടെ
ഇങ്ങു ദൂരെ നിന്ന് ഒരു നബീസു.

മകള്‍ കൊഞ്ചല്‍


ഇതു പോലൊരു കുളിരുള്ള ഡിസംബര്‍ മാസത്തിലാണ് അവള്‍ പിറന്നത്.വിവാഹിതയായി അധികം മാസങ്ങളൊന്നുമായിരുന്നില്ല.ഒട്ടും ഓര്‍ത്തിരിക്കാതൊരു ദിവസം മനസുകൊണ്ട് ഒരുങ്ങാത്ത സമയത്ത് എന്റെ ഉള്ളില്‍ അവള്‍ വളരുന്നു എന്നറിവ് എന്ന...െ ആദ്യം വല്ലാത്തൊരു അങ്കലാപ്പില്‍ ആഴ്ത്തുകയാണുണ്ടായത്.ഡിഗ്രിക്കു ശേഷം പഠനം തുടരാന്‍ തീരുമാനിച്ച സമയമായിരുന്നു അത്.

ഞാന്‍ കണ്ട സിനിമകളില്‍ കണ്ട പോലെ സന്തോഷ വര്‍ത്തമാനമറിയിക്കുമ്പോള്‍ എടുത്ത് വട്ടം ചുറ്റലും സ്നേഹം കൊണ്ട് മൂടലുമെല്ലാം സ്വപ്നങ്ങളില്‍ മാത്രമേ സംഭവിക്കൂ എന്ന തിരിച്ചറിവായി കഴിഞ്ഞതിനാലാവാം ആദ്യം ആരോടും പറയാന്‍ തോന്നാതിരുന്നത്. എപ്പോഴും പുസ്തകത്തില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന എന്റെ മാറ്റം എന്റെ മുഖമൊന്നു വാടിയാല്‍ പെട്ടെന്ന് തിരിച്ചറിയുന്ന അനിയത്തിയാണ് കണ്ടുപിടിച്ചത്. ഒരു പാട് നേരം ചോദിച്ചു പിറകെ നടന്നപ്പോളാണ് ഞാനത് അവളോട് പറഞ്ഞത്.ആരോടും പറയാതിരുന്നതിനും ഡോക്ടറെ കാണാന്‍ പോവാതിരുന്നതിനും ആദ്യം അവളെന്നെ കുറ്റപ്പെടുത്തിയെങ്കിലും പിന്നീട് അവളുടെ മുഖത്തു കണ്ട സന്തോഷം നോക്കിയിരിക്കേ സന്തോഷത്തിന്റെ മൃദുസ്പര്‍ശം പതുക്കെ പതുക്കെ എന്റെ ഉള്ളിലും വിരിയുന്നത് ഞാനറിയുന്നുണ്ടായിരുന്നു.


ഈ കഥകളെല്ലാം എന്നെ കൊണ്ട് വീണ്ടും വീണ്ടും പറയിപ്പിക്കുന്ന മകള്‍ പറയുന്നത് പതുക്കെ പതുക്കെയാണ് ഞാനവളെ ഇഷ്ട്ടപെട്ടു തുടങ്ങിയതെന്നാണ്. .പിന്നീടാണ് അത് വലിയൊരു ഇഷ്ടമായി മാറുകയായിരുന്നു എന്നാണ്.ഒരു തരത്തില്‍ സത്യവുമാണത്.ഡിസംബര്‍ ആയി ആശുപത്രിയില്‍ അഡ്മിറ്റായപ്പോഴേക്ക് ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.അതൊരു പെണ്‍കുഞ്ഞായിരിക്കുമെന്ന്. എന്റെ ഉള്ളില്‍ ഊറികൂടിയ എന്റെ മകളുടെ അനക്കങ്ങള്‍ അറിയുമ്പോഴെല്ലാം അവളുടെ മുഖം എങ്ങിനെയായിരിക്കുമെന്നോര്‍ത്ത് വരച്ചും മായ്ച്ചും ഇരുന്ന നാളുകള്‍. അന്ന് ഞാനേറെ കൊതിച്ചത് അവളുടെ മുഖമൊന്ന് കാണാനായിരുന്നു.

അവസാനം ഡിസംബറിലെ ക്രിസ്തുമസ്സ് രാത്രിയില്‍ ഡെറ്റോളിന്റെ രൂക്ഷ ഗന്ധമുള്ള ആ ആശുപത്രിയില്‍ ഞാന്‍ അഡ്മിറ്റായ ദിവസം പരിശോധനകള്‍ക്കു ശേഷം ബാപ്പയുടെ അടുത്ത സുഹൃത്തായ ഡോക്ടര്‍ ആന്റിയും എന്റെ ഭര്‍ത്താവും എന്തിനാണിത്ര ടെന്‍ഷനാവുന്നത് എന്ന് എനിക്കു മനസിലായതേ ഇല്ലായിരുന്നു. നിര്‍ബന്ധിച്ച് എന്നെ ആശുപത്രി വരാന്തയിലൂടെ നടത്തുമ്പോള്‍ എനിക്ക് ആദ്യമൊക്കെ എല്ലാവരോടും ദേഷ്യം തോന്നിയിരുന്നു.

അങ്ങിനെ ഒരു നടത്തത്തിനിടയില്‍ ചേച്ചിയുടെ പ്രസവത്തിനു കൂടെ വന്ന ജൂനിയറായി പഠിച്ച പ്രിയപെട്ട കൂട്ടുകാരനെ കണ്ടുമുട്ടിയതിനു ശേഷം കൂടെയുള്ള നടത്തം അവനേറ്റെടുത്തു.പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെയും മകളേയും കണ്ടപ്പോള്‍ ഞാനന്ന് അവനോട് പറഞ്ഞ എന്റെ മകള്‍ സ്വപ്നത്തെ കുറിച്ചും പ്രസവിക്കുന്നതിനു മുന്‍പേ അമ്മയായികഴിഞ്ഞെന്ന അന്നത്തെ അവന്റെ തമാശ തോന്നലുകളെകുറിച്ചും പറഞ്ഞു കേട്ടപ്പോള്‍ മകളുടെ മുഖം സന്തോഷം കൊണ്ട് വിടരുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.



ഈ സീ ജി യില്‍ കണ്ട വേരിയേഷന്‍ കാരണം ഓപറേഷന്‍ ചെയ്യാനാവാതെ നീണ്ടു പോയ വേദനദിവസങ്ങള്‍ക്കൊടുവില്‍ ഡിസംബറിലെ കുളിരുള്ള ഒരു വൈകുന്നേരം ബോധത്തിനു അബോധത്തിനുമിടയില്‍ മുങ്ങി താഴുന്ന എന്റെ അരികില്‍ കൈകള്‍ മുറുകെ പിടിച്ച് നിന്റെ മകളെ കണ്‍ തുറന്നു നോക്കൂ എന്നു പറഞ്ഞ ഡോക്ടറാന്റിയുടെ ശബ്ദം കേട്ട നിമിഷം.എന്റെ മകളെ ഞാന്‍ ആദ്യമായി കയ്യിലെടുത്ത നിമിഷം. ഞാനമ്മയായ ദിവസം.അതാണെനിക്ക് ഡിസംബര്‍ ഇരുപത്തെട്ട്.

വൈകുന്നേരങ്ങളില്‍ വഴിയിറമ്പത്തിലൂടെയും ഇടവഴികളിലൂടേയും എന്റെ കൈവിരല്‍ തുമ്പില്‍ തൂങ്ങി അവള്‍ നടക്കുമ്പോള്‍ ഞാന്‍ വായിച്ച റഷ്യന്‍ നാടോടി കഥകളും അറേബ്യന്‍ കഥകളും വീണ്ടും വീണ്ടും എന്നെ കൊണ്ട് പറയിച്ച് പൂക്കളും പൂമ്പാറ്റയും കണ്ടും തൊട്ടറിഞ്ഞ് നടന്ന നാളുകളില്‍ എന്റെ ലോകം അവള്‍ക്ക് ചുറ്റും മാത്രമായി കറങ്ങി കറങ്ങി ചെറുതാവുന്നത് ഞാറിഞ്ഞിരുന്നില്ല.

അമ്മയെ പോലെയാണെന്ന് കേള്‍ക്കുമ്പോള്‍ അഭിമാനത്തോടെ എന്നെ ചേര്‍ന്നു നില്‍ക്കുന്ന മകള്‍.എനിക്കൊരു കുഞ്ഞുണ്ടാവുമ്പോള്‍ മമ്മ എന്നെ വളര്‍ത്തിയ പോലെ വളര്‍ത്തുമെന്നു പറയുന്ന മകള്‍.ഏതോ സുകൃതത്താല്‍ ഞാനാഗ്രഹിച്ചു കിട്ടിയ എന്റെ മകള്‍. എന്റെ കൂട്ടുകാരി.എന്റെ ഓരോ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഓര്‍ത്തു വെച്ച് എനിക്ക് സര്‍പ്രൈസ് തരുന്ന അവളോട് ചിലപ്പോഴൊക്കെ നീയാണോ അമ്മ അതോ ഞാനോ എന്ന് കളിയാക്കി ചോദിക്കാറുണ്ട് ഞാന്‍. ഇന്നവളുടെ ജന്മദിനമാണ്.എന്റേയും.ഞാനമ്മയായ ദിനം

  • .