Saturday, February 22, 2014

          മഴ പെയ്യുമെന്നറിഞ്ഞിട്ടും, കുട മനപൂര്‍വ്വം വീട്ടില്‍ മറന്നു വെച്ച നാലുമണിയാവുമ്പോള്‍ ജയഹേ എന്നു മുഴുവന്‍ കേള്‍ക്കുന്നതിനു മുന്‍പ് ആര്‍ത്തു ചിരിച്ചും വെള്ളം തെറിപ്പിച്ചും പുസ്തകങ്ങള്‍ ഉടുപ്പിനടിയില്‍ വെച്ച് മഴയിലേക്ക് ഓടി ഇറങ്ങിയിരുന്ന ഒരു മഴക്കാലമുണ്ട് ഉള്ളില്‍.

             ട്യൂഷന്‍ മാസ്റര്‍ വരാത്ത ഞായറാഴ്ചകളില്‍ കൂട്ടുകാരികളോടൊത്ത് കണ്ണു ചുവക്കുന്നതു വരെ നീന്തിയിരുന്ന ഒരു പുഴക്കാലവുമുണ്ടെനിക്ക്. ലൈബ്രറിയിലെ പുസ്തകങ്ങള്‍ക്കിടയില്‍ മനസ്സിനെ നഷ്ടപ്പെട്ടു പോയിരുന്ന ഒരു ലൈബ്രറിക്കാലവും.

                    അതു തന്നെയാണ് റേഡിയോ കാലവും. ബാല ലോകവും ഇഷ്ടപ്പെട്ട ചലചിത്രഗാനങ്ങളും കേള്‍ക്കാന്‍ കാത്തിരുന്ന ആകാശവാണിക്കാലം. ആര്‍ക്കാണീ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നത് എന്ന് കുഴഞ്ഞു ചോദിക്കുന്ന ചാനലിലെ സുന്ദരികള്‍ വരുന്നതിനു കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ശ്രീലങ്കന്‍ റേഡിയോ പ്രക്ഷേപണ നിലയം ഇപ്പോള്‍ സമയം മൂന്നു മണി മുപ്പതു മിനിറ്റ് എന്നു പറയുന്നത് കേള്‍ക്കാന്‍ കാത്തിരുന്നിട്ടുണ്ട്. അതിലെ സന്ദേശഗാനങ്ങള്‍ എന്ന പരിപാടിയില്‍ സ്ഥിരമായി കേട്ടിരുന്ന ഒരു സന്ദേശമുണ്ടായിരുന്നു.സുല്‍ത്താനേറ്റ് ഓഫ് ഒമാനില്‍ നിന്ന് ഹുസ്സൈന്‍ റസിയാക്ക് അയക്കുന്ന ഗാനം കേള്‍ക്കു എന്ന ആ സന്ദേശം. അത് കേള്‍ക്കുമ്പോഴെല്ലാം, പ്രണയിക്കാന്‍ ആരെയെങ്കിലും തിരഞ്ഞു നടന്നിരുന്ന ആ കൌമാരത്തില്‍, ഏതെങ്കിലും ഒരു ഹുസ്സൈന്‍ അയക്കുന്ന ഗാനം ഒരിക്കല്‍ എന്നെ തേടിയും വരുമെന്ന് ദിവാസ്വപ്നം കണ്ടിരുന്നു.

ഒരിക്കല്‍, കൂട്ടുകാരിയോടുത്തുള്ള ഒരു യാത്രയില്‍, 'ദേവീ നിന്‍ ചിരിയില്‍.. 'എന്ന പാട്ട് കാര്‍ സ്റീരിയോയിലൂടെ ഒഴുകി വന്നു. ശ്രീലങ്കന്‍ റേഡിയോയിലൂടെ സ്വന്തം റസിയാക്ക് സന്ദേശമയച്ചിരുന്ന ആ ഹുസ്സൈനെ കുറിച്ചു ഞാനന്നേരം പറഞ്ഞു. 'ആരായിരുന്നിരിക്കാം ആ റസിയയും ഹുസ്സൈനും' ^അവളപ്പോള്‍ ചോദിച്ചു. അവരിപ്പോള്‍ എവിടെയായിരിക്കും, ഇപ്പോഴുമുണ്ടാവുമോ അവരിലാ പ്രണയം, പാട്ടുകള്‍ എന്നൊക്കെയായി ആ ചര്‍ച്ച വഴിമാറി. അതോടെ, വല്ലാത്ത ഒരു മൂഡിലേക്ക് എന്റെ കൂട്ടുകാരി മാറി.

               അതിനിടയിലാണ് ദൂരദര്‍ശന്‍ കാലവും. ചിത്രഹാറും അലിഫ് ലൈലയും ഫൌജിയുമെല്ലാം കണ്മുന്‍പില്‍ വിസ്മയങ്ങളായി. ഇടക്ക് വിരുന്നു വന്നിരുന്ന വെല്ലിമ്മ എന്നു വിളിച്ചിരുന്ന ബാപ്പയുടെ ഉമ്മക്ക് എന്നും പരാതിയായിരുന്നു. പഠിത്തത്തിന്റെയും കത്തെഴുത്തിന്റെയും തിരക്കിനിടയിലും, വെറ്റിലയില്‍ അടക്കയും ചുണ്ണാമ്പും വെച്ച് ചെറിയ ഉരലില്‍ വെച്ചു ഇടിച്ചു കൊടുക്കുമ്പോള്‍, പറഞ്ഞു തരുന്ന കഥകള്‍ കേള്‍ക്കാനും വൈകുന്നേരങ്ങളില്‍ കൈ പിടിച്ചു നടക്കാനും ഉത്സാഹിച്ചിരുന്ന പേര മക്കള്‍ ഏതു സമയവും ആ കുന്ത്രാണ്ടത്തിന്റെ മുന്‍പിലാണല്ലേ. 'ഈ കുന്ത്രാണ്ടം വന്നപ്പോള്‍ കുട്ട്യാള്‍ക്കൊക്കെ മിണ്ടാനും ഇല്ലാതായല്ലോ ബദരീങ്ങളേ' എന്നു പറയുമായിരുന്നു വല്ലിമ്മ.

അന്ന് അതിന്റെ അര്‍ത്ഥം മനസ്സിലായില്ല. പിന്നെ, ഞാനും ഒരമ്മയായപ്പോള്‍, കഥകള്‍ പറഞ്ഞു കൊടുത്തും ചിത്ര കഥാ പുസ്തകത്തിലെ മുയലിനും ആമക്കും വീട്ടിലേക്കുള്ള വഴി കണ്ടു പിടിക്കാന്‍ സഹായിച്ചും മക്കള്‍ക്ക് ചുറ്റും കറങ്ങി തിരിഞ്ഞപ്പോള്‍ പതിയെപ്പതിയെ അതു ബോധ്യമാവുന്നു. വാട്സ് അപ്പിലൂടെ എത്തുന്ന മകന്റെ ചിത്രലിഖിതങ്ങള്‍ കാണുമ്പോള്‍ വല്ലിമ്മയുടെ വാക്കുകള്‍ ഞാനും ആവര്‍ത്തിക്കുന്നു.

                   ജി കൃഷ്ണമൂര്‍ത്തിയുടെ ഊട്ടിയിലുള്ള സ്കൂളില്‍ നിന്ന് എന്നെ തേടി നിരന്തരം എത്തിയിരുന്നു മക്കളുടെ കത്തുകള്‍. ഉള്ളിലുള്ള സ്നേഹം മുഴുവന്‍ നിറച്ചു അവര്‍ക്ക് മറുപടി കത്തുകളെഴുതി. വായിച്ച പുസ്തകങ്ങളെ കുറിച്ചും കണ്ട സിനിമകളെ കുറിച്ചും കൂട്ടുകാരെ കുറിച്ചും വാരാന്ത്യങ്ങളില്‍ പോയിരുന്ന വൃദ്ധസദനത്തിലെ ആളുകളെകുറിച്ചുമെല്ലാമായിരുന്നു മകളുടെ എഴുത്തുകള്‍. ഫുട്ബാള്‍ മാച്ചിനു പോയപ്പോള്‍ കോപ്പറേഷന്‍ സ്കൂളിലെ കുട്ടികളോട് കൂട്ടുകൂടിയതും ട്രെക്കിങ്ങിനു പോയി തിരിച്ചു വരുമ്പോള്‍ ലോറിക്ക് കൈകാണിച്ചു ലിഫ്റ്റ് ചോദിച്ചതുമെല്ലാമാണ് മകനെഴുതാനുണ്ടായിരുന്നത്. അവരുടെ ഇഷ്ടങ്ങളും രുചികളും പതിയെ മാറുന്നത് ആ എഴുത്തുകളിലൂടെ ഞാന്‍ അറിയുന്നുണ്ടായിരുന്നു.

പിന്നെ അവര്‍ വലുതായി. പഠിത്തം കോളേജിലായി. അപ്പോഴേക്കും അത് മൊബൈല്‍ ഫോണിന്റെ കാലമായിരുന്നു.ഒരു വിളിക്കപ്പുറത്തു കിട്ടുമെന്നായപ്പോള്‍ അവര്‍ കത്തെഴുതാന്‍ മറന്നു പോയി.

          പിന്നെയിപ്പോള്‍ വാട്ട്സ് ആപ് കാലമായി. എവിടെയാണെന്ന ചോദ്യത്തിന് ഒരു ഫോട്ടോ ക്ലിക്കിലൂടെ മറുപടി വന്നു. അന്നേരമാണ്, മകന്‍ എന്റെ ഫോണില്‍ വാട്ട്സ് ആപ്പ് ഡൌണ്‍ ലോഡ് ചെയ്തു തന്നതിന്റെ ദൂഷ്യം ഞാന്‍ തിരിച്ചറിഞ്ഞത്. വിവര സാങ്കേതിക വിദ്യ മാറിയിരുന്നു. ഒപ്പം, നീണ്ട കത്തുകള്‍ ഫോണ്‍ വിളികളായി. അവ പിന്നീട് വാട്ട്സ് ആപ്പ് പടങ്ങളായി. ലോകം ചുരുങ്ങുമ്പോഴും സ്നേഹം മാത്രം അതേ പടി ജ്വലിച്ചു നിന്നു.

               പ്രോജക്റ്റിന്റേയും അസൈന്‍ മെന്റിന്റേയും തിരക്കാണെന്ന് പറയുമ്പോള്‍, ഞാന്‍ പരാതി പറയുമെന്നറിയാവുന്നതു കൊണ്ട് 'ബ്യൂട്ടിഫുള്‍ ലേഡി, മിസ്സ് യൂ സൈറാ ബാനൂ, ലവ് യൂ അമ്മക്കള്ളി, ഞാനിപ്പോ ഇവിടെയാണ് ട്ടൊ' എന്നു പറഞ്ഞു വാട്സ് ആപ്പിലെത്തുന്നു ഫോട്ടോ സന്ദേശങ്ങള്‍. വാട്ട്സ് ആപ്പില്‍ പച്ച വെളിച്ചം തെളിയുമ്പോള്‍, ഈ കുന്ത്രാണ്ടം വന്നപ്പോള്‍ കുട്ട്യാള്‍ക്കൊക്കെ മിണ്ടാനൊന്നും ഇല്ലാതായല്ലോ ബദരീങ്ങളേ' എന്ന വെല്ലിമ്മയുടെ ഡയലോഗ് ഓര്‍ക്കാറുണ്ട് ഞാന്‍.

     

No comments:

Post a Comment