Tuesday, August 20, 2013

        ഞങ്ങളുടെ വീട്ടില്‍ ബാപ്പയുടെ അഭാവത്തില്‍ കാര്യങ്ങളെല്ലാം നടത്താന്‍ ബാപ്പ ഏല്പ്പിച്ചിരുന്ന ആളായിരുന്നു മെയ്തീന്‍ കാക്ക.ഞങ്ങള്‍ക്ക് സ്കൂളിലേക്കും മദ്രസയിലേക്കും വേണ്ട പുസ്തകങ്ങളും വീട്ടിലേക്കാവശ്യമുള്ള സാധനങ്ങളും വാങ്ങുന്നതും തുടങ്ങി എല്ലാ കാര്യത്തിന്റെയും ഇന്‍ ചാര്‍ജ് മെയ്തീന്‍ കാക്കക്ക് ആയിരുന്നു.ഒഴിവു സമയങ്ങളില്‍ മീന്‍ പിടിക്കാന്‍ പോവുന്നതായി...രുന്നു മൂപ്പര്‍ക്കേറെ ഇഷ്ട്ടം..പുഴയില്‍ വെള്ളം കുറവുള്ള ദിവസങ്ങളിള്‍ ഞങ്ങളെയും കൂട്ടും.മൊയ്ദീന്‍ കാക്കയുടെ മകന്‍ സീതി കോയയായിരുന്നു ഞങ്ങളുടെ ലീഡര്‍.

എനിക്കും അനിയത്തിക്കും മൊയ്ദീന്‍ കാക്കയെ അന്ന് അത്ര ഇഷ്ട്ടമല്ലായിരുന്നു എന്നതാണു സത്യം.നാട്ടില്‍ മൊയ്തീങ്കാക്ക ''രാജ്യം പിടിച്ച മൊയ്തീന്‍'' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.അയാളുടെ പച്ച ബെല്‍ട്ടില്‍ കൊളുത്തിയിട്ട പിച്ചാത്തി കൊണ്ട് ഒരാളെ ഒറ്റ കുത്തിന് കൊന്ന് കൈ കൊണ്ട് ചോര വടിച്ചു കളഞ്ഞ് തിരിഞ്ഞു ഒന്നും സംഭവിക്കാത്തത് പോലെ നടന്ന ആളാണ് അത് കൊണ്ടാണ് ആളുകള്‍ അങ്ങിനെ വിളിക്കുന്നത് എന്ന് വീട്ടിലെ പണിക്കാരി പേടിപ്പിച്ചതായിരുന്നു കാരണം..ഉമ്മ അതൊക്കെ നുണയാണെന്ന് എത്ര പറഞ്ഞിട്ടും ഞാനത് വിശ്വസിച്ചിരുന്നില്ല.

പിന്നീട് വലുതായി കോളേജില്‍ എത്തിയപ്പോ എപ്പോഴും ഉറക്കെ പൊട്ടിചിരിക്കുന്നു ബസ് ഇറങ്ങി വരുമ്പോ കൂടെ പഠിക്കുന്ന ആണ്‍കുട്ടികളോട് വര്‍ത്തമാനം പറയുന്നത് കണ്ടു എന്നൊക്കെ ഉമ്മാക്ക് ഏഷണി കൂട്ടി കൊടുക്കുന്നു എന്നതായി കാരണം..ഇന്ന് എഫ് ബി യില്‍ കാണാത്ത കേള്‍ക്കാത്ത കൂട്ടുകാരുടെ വാളില്‍ വായിച്ച് ലൈക്കും കമന്റും കൊടുക്കുമ്പോഴെല്ലാം ഇപ്പോ മൊയ്ദീന്‍ കാക്ക ഉണ്ടായിരുന്നുവെങ്കില്‍ എന്ത് പറയുമായിരുന്നു എര്‍ന്നോര്‍ക്കാറുണ്ട്.

ഇന്നു ഞാന്‍ മൊയ്ദീന്‍ കാക്കയെ ഓര്‍ക്കാന്‍ കാരണം എന്റെ ഇലഞ്ഞി പൂക്കള്‍ എന്ന കൂട്ടുകാരിയുടെ നന്നായി വായിക്കുന്ന മകളെ കുറിച്ചും അവളുടെ കൂട്ടുകാരനെ കുറിച്ചുമെല്ലാം എഴുതിയ മനോഹരമായ ആ കുറിപ്പ് വായിച്ചതാണ്.

നന്നായി വായിക്കുന്ന ഭാവനയില്‍ എല്ലാം പൊലിപ്പിച്ചു പറഞ്ഞിരുന്ന എന്റെ മകളെ ഭാവിയിലെ മാധവികുട്ടി എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു അനിയത്തിമാര്‍.അവള്‍ പറയുന്നതെല്ലാം കേട്ടിരിക്കാന്‍ എനിക്കിഷ്ട്ടവുമായിരുന്നു..ഭാവിയില്‍ കുട്ടികള്‍ നുണ പറയാന്‍ പഠിക്കുമെന്നൊക്കെ ഓര്‍ത്ത് എന്റെ ഉമ്മാക്കന്ന് വലിയ പേടിയായിരുന്നു..പിന്നീട് നന്നായി കവിതയും ലേഖനങ്ങളുമെല്ലാമെഴുതിയിരുന്ന മകള്‍ ഇപ്പോള്‍ ജോലിയുടെ തിരക്കില്‍ അതെല്ലാം മാറ്റി വെച്ചെങ്കിലും ഒരു കുട്ടിയുണ്ടാവുമ്പോള്‍ മമ്മ എന്നെ വളര്‍ത്തിയ പോലെ വളര്‍ത്തുമെന്ന് പറഞ്ഞ ദിവസം അവള്‍ക്ക് അനിയത്തിമാര്‍ '' മൊയ്ദീന്‍ കാക്കാന്റെ സീതികോയ '' എന്നു പേരിട്ടത് പറഞ്ഞ് ഞങ്ങള്‍ കുറേ ചിരിച്ചു.
ഞാന്‍ വായിച്ചും കേട്ടും വളര്‍ന്ന കഥകള്‍ പറഞ്ഞുകൊടുത്തും ബാലരമയിലെ മുയലിനും മാനിനും വീട് കണ്ടു പിടിക്കാന്‍ സഹായിച്ചും നിറയെ ആളുകളുള്ള വീട്ടിലെ അവളുടെ '' ഇമ്മമ്മ''യുടെ കഥ കുടുക്കയിലെ കഥകളെല്ലാം കേട്ടും വളര്‍ന്ന മകള്‍ ഒരു ദിവസം സ്കൂള്‍ വിട്ടു വന്നത് തീ പിടിച്ച് ഒരു ഹെലിക്കോപ്ട്ടര്‍ സ്കൂള്‍ ഗ്രൗന്റില്‍ ഇടിച്ചിറക്കിയ കഥയുമായാണ്.ആദ്യം ഞങ്ങളത് വിശ്വസിച്ചെങ്കിലും കുറച്ചു സമയം കഴിഞ്ഞപ്പോള്‍ തീ പിടിക്കാത്ത ഹെലൊകോപ്ട്ടറായിരുന്നു എന്നായി കഥ .പിന്നീടത് ഒരു ഹെലിക്കോപ്ട്ടര്‍ പോവുന്നത് കണ്ടപ്പൊ തീ പിടിച്ചാല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഇടിച്ചിറക്കേണ്ടി വരില്ലേ എന്ന് വിചാരിച്ചുവെന്നായി...
അന്നത്തെ കൂട്ടചിരിക്കിടയില്‍ അവളെയെല്ലാവരും സീതികോയാന്നും വിളിച്ച് കളിയാക്കലായിരുന്നു
..മൊയ്ദീന്‍ കാക്കാക്ക് മീന്‍ പിടിക്കാന്‍ പോവാന്‍ തോന്നിയ ഒരു ദിവസം സീതികോയ വന്നു വിളിച്ചപ്പോള്‍ റ്റ്യൂഷന്‍ മാഷ് വന്നതിനാല്‍ ഞങ്ങള്‍ക്ക് കൂടെ പോവാന്‍ കഴിഞ്ഞിരുന്നില്ല..അടുത്ത ദിവസം അവന്‍ വന്ന് രണ്ട് കയ്യും വിടര്‍ത്തി ഇത്രേം വല്യ മീനാ കിട്ടിയത് എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും സങ്കടപ്പെട്ടിരിക്കുന്നത് കണ്ട് റ്റ്യുഷന്‍ മാഷ് സത്യം പറ അത്ര വലിപ്പമുള്ള മീനൊന്നും നമ്മുടെ ചാലിയാറില്‍ ഉണ്ടെന്നു തോന്നുന്നില്ല എന്ന് പറഞ്ഞപ്പോള്‍ കുറച്ചൂടെ ചെറുതായിരുന്നു എന്നായി അവന്‍..മാഷ് അതും നുണ എന്ന് പറയുന്നതിനനുസരിച്ച് അവന്റെ മീനിന്റെ വലുപ്പവും കുറഞ്ഞു കുറഞ്ഞു വന്നു..അവസാനം അത് ചെറിയ പരല്‍ മീനുകളായിരുന്നു എന്നവന് സമ്മതിക്കേണ്ടി വന്നു.
വായന കുട്ടികളെ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്നു.പുസ്തകം വായിക്കുമ്പോള്‍ കുട്ടികളുടെ ഭാവന ഉണരുന്നു....ഇന്നലെകളുടെ സ്വപ്നങ്ങളാണ് നാളെയുടെ ശാസ്ത്ര സിദ്ധാന്തങ്ങളാവുന്നത്.സ്വപ്നങ്ങള്‍ ആണ് മനുഷ്യനെ ഗവേഷണങ്ങളിലേക്ക് കൊണ്ടു പോവുന്നതും. അതു കൊണ്ട് അവര്‍ പറയുന്ന കഥകള്‍ക്ക് ചെവിയോര്‍ക്കുക.നുണ പറയുന്നുവെന്ന് പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തുകയെങ്കിലും ചെയ്യാതിരിക്കുക.ഭാവന നല്ലതാണ്, പക്ഷേ അത് കള്ളം പറയാനാവരുത് എന്ന് അവളെ മനസ്സിലാക്കി കൊടുത്താല്‍ മതിയാവും      

No comments:

Post a Comment