Tuesday, August 20, 2013

കുറേ അനിയത്തിമാരും ജ്യേഷ്ടനും ജ്യേഷ്ടന്റെ കൂട്ടുകാരുമൊത്ത് കളിച്ചു വളര്‍ന്ന ബാല്യത്തില്‍ നേരെ താഴെയുള്ള അനിയത്തി യോടായിരുന്നു എനിക്ക് കൂടുതല്‍ അടുപ്പം .സ്കൂള്‍ വിട്ടു വന്നാലും കളിക്കുമ്പോഴും ഇടക്ക് ഉമ്മാക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോവുമ്പോഴും എല്ലാം ഒന്നിച്ചു ഒരു പോലെയുള്ള ഉടുപ്പുമിട്ട് നടന്നിരുന്ന ഞങ്ങള്‍ ഇരട്ടകുട്ടികളാണെന്നായിരുന്നു അ...ന്നെല്ലാവരും വിചാരിച്ചിരുന്നത്. കൃത്യം ഒരു വയസിന്റെ മാത്രം വ്യത്യാസമേ ഞങ്ങളുണ്ടായിരുന്നുള്ളു.


.കുട്ടികളായിരുന്നപ്പോള്‍ ഇടക്കിടെ ഞങ്ങള്‍ അടി കൂടുമെങ്കിലും പൊതുവെ അന്ന് ആരോഗ്യം കുറഞ്ഞ കുട്ടിയായിരുന്നു ഞാന്‍ എന്നതിനാല്‍ തോൽവി എന്നും എനിക്കായിരുന്നു..വീട്ടിലെല്ലാവരും അവള്‍ പാവമാണെന്ന് പറയുമായിരുന്നുവെങ്കിലും അവള്‍ പെന്‍സില്‍ കൂര്‍പ്പിക്കുമ്പോള്‍ ഞാനടുത്ത് നിന്നത് കൊണ്ടാണ് മുന ഒടിഞ്ഞത് എന്ന് പറഞ്ഞ് വഴക്കടിച്ചിരുന്ന ,രാജകുമാരനെ കല്യാണം കഴിക്കാനാഗ്രഹിച്ച എനിക്ക് നീലകണ്ണുകളും ഞൊറിയുള്ള പാവാടയുമുണ്ടായാലേ രാജകുമാരിയാവൂ അതിന് പ്രാർത്ഥിക്കാമെന്ന് പറഞ്ഞ് കൈക്കൂലിയായി എനിക്ക് കിട്ടുന്ന മിഠായിയുടെ പാതി ചോതിച്ച , കറന്റ് പോവുന്ന സമയത്ത് ഒളിച്ചു കളിക്കുമ്പോള്‍ ആരും കണ്ടുപിടിക്കാത്ത സ്ഥലം കാണിച്ചു തരാമെന്ന് പറഞ്ഞ് എന്നെ ഉറുമ്പ് കൂട്ടത്തില്‍ കൊണ്ടു പോയി ഇരുത്തി ദൂരെ നിന്ന് നോക്കിയാല്‍ കാണുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞ് ഉറുമ്പുകള്‍ എന്നെ പൊതിയുന്ന വരെ ഇരുത്തി ഞാന്‍ ഉറുമ്പ് കടി സഹിക്കാനാവാതെ ചാടി ഓടുന്നത് കണ്ട് നിര്‍ത്താതെ ചിരിച്ച അവള്‍ അത്ര പാവമൊന്നുമായിരുന്നില്ല എന്നെനിക്കല്ലേ അറിയുമായിരുന്നുള്ളു.

അതിനിടയില്‍ അവളെഴുതിയ ഒരു കഥ ഞങ്ങള്‍ രണ്ടാളും ആരുമറിയാതെ പൂമ്പാറ്റയിലേക്ക് അയച്ചു കൊടുത്തത് അച്ചടിച്ചു വന്നതിന് സമ്മാനമായി ആ ലക്കം പൂമ്പാറ്റയും കിട്ടുകയുണ്ടായി.അതിനു ശേഷം അവള്‍ക്കിത്തിരി ഗമയും കൂടി പോയി.

അന്നൊക്കെ ചെറിയ തെറ്റുകള്‍ക്ക് പോലും നല്ല അടി കിട്ടുമായിരുന്നു ഞങ്ങള്‍ക്ക്. അടി കിട്ടുമ്പോള്‍ അതില്‍ ഏറ്റകുറച്ചിലുകളുണ്ടായിയിരുന്നില്ല..രണ്ടു പേര്‍ക്കും ഒരു പോലെ കിട്ടുമായിരുന്നു..അടി കൊണ്ട് ഞങ്ങള്‍ രണ്ടാളും കരയുന്നത് കാണുമ്പോഴെല്ലാം മരക്കച്ചവടക്കാരനായിരുന്ന ബാപ്പാന്റെ ആപ്പീസിലെ കണക്കെഴുതിയിരുന്ന നെടുങ്ങാടി രണ്ടാളെയും തവിട് കൊടുത്തു വാങ്ങിയതാണെന്ന് അത് കൊണ്ടാണെപ്പോഴും അടി കിട്ടുന്നത് എന്നൊക്കെ പറഞ്ഞ് എപ്പോഴും കളിയാക്കുമായിരുന്നു.കുറെ ദിവസം അടുപ്പിച്ച് കേട്ടപ്പോള്‍ അതില്‍ സത്യമുണ്ടോ എന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും സംശയവുമായി.

അന്നൊക്കെ മാസത്തില്‍ ഒരിക്കല്‍ വളകളും റിബണുമായി വന്നിരുന്ന വള ചെട്ടി അവരുടെ പെട്ടി അഴിച്ച് സാധനങ്ങളെല്ലാം പുറത്തേക്കെടുക്കുന്നത് കാണാന്‍ ഞങ്ങളെല്ലാവരും വലിയ ബഹളമായിരിക്കും.ഒരു ദിവസം അവരുടെ കയില്‍ നിന്ന് വാങ്ങിയ റിബണിന്റെ പേരില്‍ രണ്ടു പേരും വഴക്കായി അടിപിടിയായപ്പോള്‍ ആണ് കൂട്ടത്തില്‍ ഏറ്റവും ചെറിയ ആള്‍ ഉമ്മയെ വിളിച്ചു കൊണ്ടു വന്നത്.ചൂരലുമായി വരുന്ന ഉമ്മയെ കണ്ടാല്‍ കോളേജിലെ എസ് എഫ് ഐ കെ എസ് യു സമരം നടക്കുമ്പോള്‍ ലാത്തി വീശുന്ന പോലീസിനെ കാണുമ്പോള്‍ വിദ്യാർത്ഥി ഐഖ്യം സിന്ദാബാദ് വിളിക്കുന്ന പോലെ ഞങ്ങള്‍ രണ്ടാളും ഒന്നാവുമായിരുന്നു.ഉമ്മാന്റെ കയ്യിലെ ചൂരല്‍ കണ്ടപ്പോള്‍ വഴക്കെല്ലാം മറന്ന് സ്വന്തം കുട്ടികളല്ലല്ലോ എത്ര വേണമെങ്കിലും അടിക്കാമല്ലോ എന്ന് അവളെന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞതായിരുന്നെങ്കിലും അത് കേട്ട ഉമ്മ ആരാണിതൊക്കെ പറഞ്ഞു തന്നതെന്ന് എത്ര ചോതിച്ചിട്ടും ഞങ്ങള്‍ നെടുങ്ങാടിയുടെ പേര് പറഞ്ഞുകൊടുത്തില്ല .ഇടക്കിടെ ആപ്പീസ് മുറിയില്‍ ചെല്ലുമ്പോള്‍ നെടുങ്ങാടി തന്നിരുന്ന ഒഴിഞ്ഞ മഷികുപ്പിയും പാതി എഴുതിയ നോട്ട് പുസ്തകങ്ങളുമോര്‍ത്തായിരുന്നു അത് .

വീട്ടിലെ പണിക്കാരിയാണ് പിന്നീട് നെടുങ്ങാടിയുടെ പേര് പറഞ്ഞ് കൊടുത്തത്.കുട്ടികളോട് നെടുങ്ങാടി വേണ്ടാത്തതെല്ലാം പറയുന്നു എന്ന് ബാപ്പ വന്നപ്പോള്‍ ഉമ്മ പരാതി പറഞ്ഞെങ്കിലും ബാപ്പയും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരും അത് പറഞ്ഞ് ഞങ്ങളെ കളിയാക്കുകയാണ് ചെയ്തത്.

നെടുങ്ങാടിയുടെ പേരു പറഞ്ഞ് കൊടുത്ത് വഴക്ക് കേള്‍പ്പിച്ചതിന് ഓഫീസ് റൂമിലേക്ക് കയറാതിരിക്കാന്‍ കാണുമ്പോള്‍ വാതിലടച്ചതിലും അധികം വിഷമിപ്പിച്ചത് ഞങ്ങളെ കാണുമ്പോള്‍ മുഖം തിരിച്ചതായിരുന്നു എന്ന് വീണ്ടും വീണ്ടും പറഞ്ഞ് നെടുങ്ങാടിയെ സങ്കടപ്പെടുത്തി ഒന്നും എഴുതാത്ത നോട്ട് പുസ്തകവും പെന്‍സിലുകളും പറ്റിച്ചുടുക്കലായിരുന്നു പിന്നെ ഞങ്ങളുടെ ജോലി.

വികൃതികളും കുസൃതികളുമായി ഒന്നിച്ചു നടന്നാലും
വലുതായതിന് ശേഷവും കോളേജിലെ സമരദിവസങ്ങളില്‍ ഞാന്‍ വീട്ടിലറിയാതെ കൂട്ടുകാരുടെ വീട്ടില്‍ പോയത് ഉമ്മാക്ക് ഏഷണി കൂട്ടികൊടുക്കുന്ന കാര്യത്തില്‍ അവള്‍ക്കെന്നോട് യാതൊരു അനുകമ്പയുമില്ലായിരുന്നു.

ഞങ്ങള്‍ രണ്ടു പേരും കൂടിയാല്‍ എന്താണ് ഒപ്പിക്കുന്നത് എന്ന പേടിയാണെന്ന് പറയുമായിരുന്നു ഉമ്മ.ഒരു കോഴിക്കോടന്‍ യാത്രയില്‍ ബസിനുള്ള പൈസ മത്രം എടുത്തു വെച്ച് ഭക്ഷണം പോലും കഴിക്കാതെ ബാക്കി പൈസക്കു മുഴുവന്‍ പുസ്തകങ്ങള്‍ വാങ്ങി പെട്ടെന്നുണ്ടായ ഒരു ബസ് സമരത്തില്‍ വഴിയില്‍ കുടുങ്ങി പോയ കഥയുമുണ്ട് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും. യൂണിവേഴ്സിറ്റിയില്‍ നിന്ന് വന്ന മെമ്മോ അന്വേഷിക്കാന്‍ പോയ ദിവസം അവിടുത്തെ പരിപാടി പെട്ടെന്ന് തീര്‍ന്നാല്‍ കോഴിക്കോട് പോയി പുസ്തകങ്ങള്‍ വാങ്ങി വരാന്‍ സമ്മതം വാങ്ങി പോയതായിരുന്നു ഞങ്ങള്‍ രണ്ട് പേരും.പുസ്തകങ്ങള്‍ വാങ്ങി ബില്ല് അടക്കാന്‍ നേരംകണ്ട '' ഗുരുസാഗരം '' വാങ്ങാമെന്ന് പറഞ്ഞത് ഞാനാണെങ്കിലും ബസ്സിനുള്ള പൈസ മാത്രമേ പിന്നെ കയ്യിലുണ്ടാവു എന്ന് പറഞ്ഞപ്പോള്‍ അത് സാരമില്ല എന്നൊക്കെ ധൈര്യം തന്നത് അവളാണ്.
തിരിച്ചു വന്ന വഴി രാമനാട്ടുകര എത്തിയപ്പോള്‍ മഞ്ചേരിയില്‍ ഏതോ ഡ്രൈവറെ തല്ലിയതിന് ബസുകളെല്ലാം പണിമുടക്കി യാത്രക്കാരെ വഴിയില്‍ ഇറക്കി വിട്ടപ്പോള്‍ പിന്നെ കയ്യില്‍ ഒറ്റ പൈസയില്ലാതെ ആകെ വിഷമിച്ചു പോയെങ്കിലും അന്ന് ബസില്‍ കണ്ട പരിചയക്കാരനോട് ഫോണ്‍ ചെയ്യാനുള്ള പൈസ കടം വാങ്ങി വീട്ടിലേക്ക് വിളിച്ച് കോഴിക്കോടുള്ള കുടുംബ സുഹ്രുത്ത് വന്ന് ഞങ്ങളെ കൂട്ടി കൊണ്ടു പോയ ദിവസം കിട്ടിയ വഴക്കിന് അവസാനമില്ലായിരുന്നു.

പൂമ്പാറ്റയില്‍ കഥ എഴുതിയിരുന്ന പുസ്തകങ്ങള്‍ ഇഷ്ട്ടപ്പെട്ടിരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും അനിയത്തിയുമായ അവള്‍ക്ക് പിന്നീട് ജീവിതത്തില്‍ ഒരു പാട് ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും ഒഴുക്കിനെതിരെ നീന്തി ജോലിയും ബിസിനസ്സും മക്കളുമായി ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്ന അവള്‍ പിന്നീട് വായനയില്‍ നിന്നും എഴുത്തില്‍ നിന്നും അകന്നുപോയെങ്കിലും എവിടെ പോയി വരുമ്പോളും എനിക്കൊരു പുസ്തക്ം സമ്മാനമായി വാങ്ങി കൊണ്ടു വന്നു തരുമ്പോഴെല്ലാം ഇഷ്ട്ടം കൊണ്ടൊന്നുമല്ല പണ്ട് ബാപ്പയുടെ കൂട്ടുകാരന്‍ നിനക്ക് സമ്മാനിച്ച 'കാട്ടുകടന്നല്‍ ' കോളേജില്‍ കൊണ്ടു പോയി കളഞ്ഞതിനു പകരമാണെന്ന് പറയുമ്പോഴെല്ലാം ഞാനോര്‍ക്കും ഇത്രയും കാലം കഴിഞ്ഞിട്ടും ആ പഴയ കുറുമ്പി സ്വഭാവത്തിന് ഒരു മാറ്റവും വന്നില്ലല്ലോ എന്ന്.

No comments:

Post a Comment