Tuesday, August 20, 2013

..ഇടക്ക് ഇവിടുത്തെ പാത്തുമ്മാത്ത അവരുടെ അനിയത്തിക്ക് അയക്കുന്ന കത്തുകളെല്ലാം എഴുതി കൊടുക്കുന്നത് ഞാനായത് കൊണ്ട് പ്രണയ ലേഖനമല്ലെങ്കിലും വാഴ്മൊഴിയില്‍ കത്തെഴുതികൊടുത്ത് എനിക്ക് നല്ല ശീലമാണ്.കാരണം എഴുതികഴിഞ്ഞ് വായിച്ചു കേള്‍പ്പിക്കുമ്പോള്‍ അവര്‍ പറഞ്ഞു തന്ന പോലെ തന്നെ എഴുതിയില്ലെങ്കില്‍ അത് വെട്ടി വീണ്ടും എഴുതിക്കുമെന്നറിയാവുന്നത് കൊണ്ട് അവര്‍ പറയുന്നത് അങ്ങിനെ പകര്‍ത്തുകയാണ് പതിവ്.

ഇവിടുത്തെ ഉമ്മയും പാത്തുമ്മാത്തയുമൊക്കെ പോസ്റ്റ്മാന്‍ എന്നതിനു പകരം പോസ്റ്റ് മേനോന്‍ ന്നേ പറയു. പണ്ടൊക്കെ ഈ പോസ്റ്റ് മേനോന്മാര്‍ കത്ത് കൊണ്ടു വരികമാത്രമല്ല എഴുതി കൊടുക്കുകയും വേണമായിരുന്നു എന്നാണ് ഉമ്മ പറഞ്ഞു തന്നത്.അങ്ങിനെ ബിലാത്തിയിലുള്ള ഭര്‍ത്താവിന് കത്തെഴുതി കൊടുത്ത് അവസാനം പോസ്റ്റ് മേനോന്റെ കൂടെ പോയ ഒരു പെണ്‍കുട്ടിയുടെ കഥ കൂടി പറഞ്ഞാവും അതവസാനിപ്പിക്കുന്നത്.

പഠിക്കുന്ന സമയത്ത് എന്നും കഥകളും കവിതകളും എഴുതിയിരുന്ന കൂട്ടുകാരി സുഹറ നിന്റെ കത്തുകള്‍ വായിക്കാന്‍ എനിക്ക് നല്ല ഇഷ്ട്ടമാണ് നിനക്കെന്തെങ്കിലും എഴുതി നോക്കികൂടെ എന്ന് ചോതിക്കുമായിരുന്നു എപ്പോഴും.കൂട്ടത്തില്‍ അവളും ലേഖയുമെല്ലാം എഴുതുന്ന കഥകളും കവിതകളും വായിച്ചു കൊതിയോടെ ഇരുന്ന ആ കാലത്ത് എനിക്ക് അത് കേള്‍ക്കുന്നതേ ചമ്മലായിരുന്നു.

ജീവിതത്തില്‍ പഠിക്കുന്നകാലത്ത് പ്രണയലേഖനമെഴുതാന്‍ എന്തായാലും ഭാഗ്യമുണ്ടായിരുന്നില്ല.വിവാഹിതയായി ദൂരെ ജോലി സ്ഥലത്തേക്ക് പോയ എന്റെ ദിലീപ് കുമാറിനയച്ച പ്രണയലേഖനങ്ങള്‍ക്ക് നല്ല വെടിപ്പുള്ള ഇംഗ്ലീഷില്‍ വന്നിരുന്ന മൂപ്പരുടെ മറുപടിയാണെങ്കില്‍ എവിടെയെങ്കിലും പ്രണയമുണ്ടോ എന്നറിയണമെങ്കില്‍ ടെലെസ്ക്കോപ്പ് വെച്ച് നോക്കേണ്ടിയിരുന്ന ഇവിടെ സുഖം അവിടെ സുഖം രീതിയിലുള്ള കത്തുകളുമായിരുന്നു എന്ന് ഞാന്‍ മക്കളോട് തമാശയായി പറയാറുണ്ട്.
ഇന്നെന്തായാലും ഈ പ്രണയലേഖനം രേഷ്മക്കുള്ളതാണ്. മറുപടിയും പ്രതീക്ഷിച്ചു കൊണ്ട് സൈറാബാനു.


.......................................................................................................................................... എത്രയും പിരിശത്തില്‍ ഇങ്ങള്‍ വായിച്ചറിയുവാന്‍ ഞാന്‍ എഴുത്ത്,
ഇങ്ങക്ക് സുഖാന്ന് കരുത്ണു.ഇവടെ സുഖം.ഇങ്ങളെ ബിസേസമെന്തൊക്കെയാണ്?ഇങ്ങളെ കത്ത് കിട്ടീട്ട് ദെവസം കുറച്ചായെങ്കിലും മറുപടി വെയ്കിയതിന് ദേസ്യമൊന്നും തോന്നരുത്.ഒരു വെടവ് കിട്ടാഞ്ഞിട്ടാണ്.പുള്ളി പയ്യിന്റെ പേറ് അടുത്തതിന്റെ ബേജാറിലായിരുന്നു.

ഇങ്ങള്‍ എയ്ത്ണ പോലെ തേനേ പാലേന്നൊന്നും എയ്താന്‍ ഇച്ചറിലാ...ഇങ്ങളെ ഞാനെന്നും സത്യായിട്ടും നിരീച്ചലുണ്ട്.ഇങ്ങള്‍ അസര് നിസ്ക്കാരം കയിഞ്ഞ് പള്ളിക്കന്ന് ആ വെള്ള തലീകെട്ടും കെട്ടി സുജായിന്റെ ചേല്‍ക്ക് വരുന്നത് ഞാനെപ്പളും ഓര്‍ക്കും.റേഡിയോല് ഇങ്ങള്‍ എപ്പളും പാട്ണ ആ പാട്ട് ല്ലേ അത് കേള്‍ക്കുമ്പളും.റംസാനിലെ ചന്ദ്രികയോ...അയകിന്‍ പൂക്കൊടി അയകിന്‍ പൂമണി ആരിജ്...ആരിജ്...ആരിജ്...അതല്ലേ ആ പാട്ട്.നമ്മളെ ഹാജിയാര് കിളിചുണ്ടന്‍ മാമ്പയം എന്നു പേരുള്ള സിനിമീല്‍ പാട്ണ പാട്ടെയ്..

ആ...ഞാന്‍ ഇങ്ങളോടൊരു കാര്യം പറയാന്‍ മറന്ന്.ഇന്റെ ഒരു ചെങ്ങായിച്ചി പറയാ ഓള്‍ക്ക് നമ്മളെ മലപ്പ്രം ബാസീല്‍ എയ്തിയ ഒരു കത്ത് വായിച്ചാന്‍ പൂതിണ്ട് ന്ന്.അതോണ്ട് ഇങ്ങള്‍ ഈ കത്ത് വായിച്ചാ അപ്പ തന്നെ കീറി കളയണം.അല്ലെങ്കി ഓളത് ഇട്ത്ത് വായിച്ചു കളയും..കത്ത് ചുരുക്കുന്നു.
എന്ന് ഇങ്ങളെ നബീസു

No comments:

Post a Comment