Tuesday, August 20, 2013

മദ്രസ്സയില്‍ പഠിക്കുന്നകാലത്ത് ഒരു കൂട്ടുകാരി ഒരിക്കല്‍ എല്ലാവരോടുമായി ഒരു ചോദ്യം ചോതിക്കുകയുണ്ടായി.ഏത് പാട്ട് കേള്‍ക്കാനാണിഷ്ട്ടം നിങ്ങള്‍ക്കെല്ലാമെന്ന്.അന്ന് രാജ്വേശ്വരി റ്റാക്കീസില്‍ നിന്ന് കേട്ടിരുന്ന ക്യാ ഹുവാ തേരാവാദായും റേഡിയോയിലെ ചലചിത്രഗാനങ്ങളും മാത്രം കേട്ട് വളര്‍ന്ന ഞങ്ങള്‍ക്കൊന്നും എത്ര ആലോചിച്ചിട്ടും ഒരു പാട്ടും മനസില്‍ വന്നില്ല....അവസാനം അവള്‍ക്കിഷ്ടപ്പെട്ട പാട്ട് നോമ്പ് കഴിഞ്ഞ് വരുന്ന പെരുന്നാളിന്റെ രാവിലെ പള്ളിയില്‍ നിന്ന് കേള്‍ക്കുന്ന ഈണത്തില്‍ ചൊല്ലുന്ന തഖ്ബീര്‍ ആണെന്ന് പറഞ്ഞത് കേട്ട് ക്ലാസിലേക്ക് കയറി വന്ന മൗലവി അന്നവളെ നോമ്പ്കള്ളത്തിക്ക് നോമ്പ് തീര്‍ന്ന സന്തോഷം കൊണ്ടാണതിനോടിഷ്ട്ടമെന്ന് പറഞ്ഞ് കളിയാക്കി.

സത്യം പറഞ്ഞാല്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ എനിക്കും നോമ്പ് എടുക്കാന്‍ മടിയായിരുന്നു.റവയും പഞ്ചസാരയും അണ്ടിപരിപ്പും ഉണക്കമുന്തിരിയുമിട്ട് ഉമ്മയുണ്ടാക്കുന്ന തരികഞ്ഞിയുടെയും ഉന്നക്കായയുടെയും നനുത്ത പത്തിരിയുടെയും മണം അടുക്കളയില്‍ നിന്ന് പൊങ്ങുമ്പോള്‍ അവിടെ ചുറ്റിപറ്റി നിന്നാല്‍ ഉമ്മ കാണാതെ വീട്ടിലെ ജോലിക്കാരി വെളിച്ചെണ്ണയില്‍ നിന്ന് ഉന്നക്കായ് കോരിയെടുക്കുമ്പോള്‍ അതില്‍ നിന്ന് ഒരെണ്ണം തരുന്നത് ഓര്‍ക്കുമ്പോള്‍ മാത്രമല്ല മടി തോന്നിയിരുന്നത്. പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കുന്നത് കൂടി ഓര്‍ത്തായിരുന്നു.

വീടിനടുത്തുള്ള കുട്ടികളും എനിക്ക് എങ്ങിനെ പാര പണിയാമെന്ന് നോക്കി നടക്കുന്ന അനിയത്തി മദ്രസ്സ തുറന്നാല്‍ മൗലവിയോട് പറഞ്ഞ് കോടുക്കുമെന്ന് പേടിച്ചിട്ടും അന്ന് നോമ്പ് എടുക്കാന്‍ മടിയായിരുന്ന ഞാനെടുത്ത നോമ്പുകളെല്ലാം അള്ളാഹു കണക്കിലെടുത്തിട്ടില്ലെന്ന് പറഞ്ഞ് വീട്ടിലെ പണിക്കാരെല്ലാം കളിയാക്കുമായിരുന്നു.

സ്കൂള്‍ വിട്ടു വന്നാല്‍ പത്തിരി പരത്താനും സമോസ നിറക്കാനുമൊക്കെ ഞങ്ങള്‍ കുട്ടികളും മത്സരമായിരുന്നു.

ഇപ്പോള്‍ നോമ്പിന്റെയും ഖുര്‍ ആന്‍ പാരായണത്തിന്റെയും നോമ്പ് തുറയുടെയും തിരക്കിലും ഇടക്ക് ഉമ്മയെ വിളിക്കുമ്പോഴെല്ലാം നോമ്പ് എടുക്കാന്‍ മടിയായിരുന്ന ബാപ്പ നോമ്പുകള്ളത്തി എന്ന് കളിയാക്കിയിരുന്ന പഴയ പത്തുവയസുകാരിയുടെ കഥ ഉമ്മ ഓര്‍മിപ്പിച്ചപ്പോള്‍ നോമ്പ് കഴിഞ്ഞു വരുന്ന പെരുന്നാളിന്റെ മൈലാഞ്ചി ചോപ്പിന്റെ മൊഞ്ചുള്ള പഴയ ആ ബാല്യം ഓര്‍ത്തു പോയി.

No comments:

Post a Comment