Tuesday, August 20, 2013

രാവിലെ കോരി ചൊരിയുന്ന മഴയിലൂടെ കുടയും ചൂടി വെള്ളം കയറിയ തൊടിയിലും മുറ്റത്തുമെല്ലാം ചുറ്റിതിരിഞ്ഞ് വരുമ്പോള്‍ സിറ്റൗട്ടില്‍ മാത്രുഭൂമി പത്രത്തിന്റെ സ്പോര്‍റ്റ്സ് പേജില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന മകനോട് ഇവിടുത്തെ പാത്തുമ്മാത്ത "പെരും ജാതി മയ"" എന്നു പറയുന്നത് കേട്ടാണ് ഞാനങ്ങോട്ട് ചെന്നത്.

പാത്തുമ്മാത്താക്ക് സ്വന്തമായി അങ്ങിനെ കുറേ വാക്കുക...ളുണ്ട്.പെരും ജാതി ഇഷ്ടം, കുന്തത്രാണ്ടം, പെരും ജാതി ദേഷ്യം,പെരും ജാതി തിരക്ക്, പെരും ജാതി മഴ.

ഒരു ദിവസം നെറ്റിയിലാകെ ടൈഗര്‍ ബാം വാരി പൂശിയത് കണ്ട് എന്താണി ചെയ്തു വെച്ചിരിക്കുന്നത് എന്ന എന്റെ ചോദ്യത്തിന് പെരും ജാതി തലവേദന എന്ന പാത്തുമ്മാത്തയുടെ മറുപടി കേട്ട് ചിരിച്ച മക്കള്‍ അതിന് ശേഷം ഹോസ്റ്റലില്‍ നിന്ന് ഫോണ്‍ ചെയ്യുമ്പോഴും അസുഖമാവുമ്പോഴുമെല്ലാം ഈ "പെരും ജാതി " കൂടുതല്‍ എന്ന് വരുന്നയിടത്തെല്ലാം തമാശയായി ചേര്‍ക്കാന്‍ തുടങ്ങിയത് കേള്‍ക്കുമ്പോള്‍ പാത്തുമ്മാത്തയും ചിരിക്കാന്‍ തുടങ്ങി.



പ്രണയിക്കുമ്പോള്‍ പാത്തുമ്മാത്ത പ്രണയിക്കുന്നത് പോലെ പ്രണയിക്കണമെന്ന് കളിയാക്കും എന്റെ മകന്‍
.അമ്പത്തെട്ടാം വയസില്‍ അവര്‍ ആരുമില്ലാതെ അലഞ്ഞു തിരിഞ്ഞു വന്ന ആ അറുപത്തഞ്ചുകാരനെ കല്യാണം കഴിച്ചതിന് ശേഷം സ്വന്തമായുള്ള അറുപത് സെന്റില്‍ വീട് വെച്ച് താമസമാക്കിയ ശേഷം രാവിലെ കളി ചിരിയുമായി വരുന്ന ദമ്പതികളെ കാണുമ്പോഴെല്ലാം മക്കളവരെ കളിയാക്കുമായിരുന്നു പെരുംജാതി സ്നേഹമാണല്ലോ എന്ന് പറഞ്ഞ്.

രാവിലെ കുട്ടികളുടെ ഇഷ്ടം നോക്കി വിഭവങ്ങള്‍ തയ്യാറാക്കിയിരുന്ന ഞാന്‍ പിന്നെ പാത്തുമ്മാത്തയുടെ ഭര്‍ത്താവിനിഷ്ടമുള്ളത് ആദ്യം പരിഗണിക്കണമെന്ന നിയമം പാത്തുമ്മാത്ത പാസാക്കിയത് അന്ന് അവധിക്കാലത്ത് ഹോസ്റ്റലില്‍ നിന്ന് വന്നിരുന്ന മക്കള്‍ക്ക് ഇഷ്ട്ടമായിരുന്നില്ല.അവരുടെ ഡാഡിയെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ എടുത്തു നടന്നതും അവരുടെ മമ്മ വിവാഹിതിയായി കയറി വന്ന വീട്ടില്‍ പെട്ടെന്നൊരു മരണം നടന്ന സമയമായതിനാല്‍ അതു വരെ കേട്ടു പരിചയമില്ലാത്ത വൈകുന്നേരങ്ങളിലെ മൗലൂദും അതിനു വരുന്ന മൗലവിമാര്‍ക്ക് വിഭവങ്ങള്‍ ഒരുക്കുന്ന വീടുമൊക്കെ കണ്ട് പകച്ചു പോയപ്പോള്‍ കൂടെ നിന്നാശ്വസിപ്പിച്ചതുമെല്ലാം കണക്ക് പറഞ്ഞ് അവരെ നിശബ്ദരാക്കിയിരുന്നതും പാത്തുമ്മാത്ത തന്നെയായിരുന്നു.

ഉസ്താദ് ഹോട്ടലിലെ വാതിലിന്‍ ആ വാതിലിന്‍ എന്ന പാട്ടു ട്ടിവിയില്‍ കണ്ടുകൊണ്ടിരിക്കെ ഒരു ദിവസം ആ പാട്ടുസീനില്‍ ഭാര്യയെ കുറിച്ച് പറയുമ്പോള്‍ തിലകന്റെ കണ്ണില്‍ വിരിയുന്ന പ്രണയമാണ് ഈ പാട്ട് ഞാനിഷ്ട്ടപ്പെടാന്‍ കാരണമെന്ന് പറഞ്ഞപ്പോള്‍ അപ്പുറത്തിരിന്നിരുന്ന പാത്തുമ്മാത്ത കേള്‍ക്കാതെ മകന്‍ പാത്തുമ്മാത്താക്ക് ഭര്‍ത്താവിനെ കുറിച്ച് പറയുമ്പോള്‍ വരുന്ന പെരും ജാതി പ്രണയം പോലെയല്ലെ എന്ന് ചെവിയില്‍ പറഞ്ഞപ്പോള്‍ എനിക്ക് ചിരി ചിരി വന്നതേ ഇല്ല.

അഞ്ചു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ക്യാന്‍സര്‍ വന്ന ഭര്‍ത്താവിനെ രാവും പകലും കൂടെ നിന്ന് ശുശ്രൂഷിച്ച് മരിച്ചു പോയതിനു ശേഷവും ഇടക്കെല്ലാം എന്തോ ഓര്‍ത്തിരുന്ന് ഭര്‍ത്താവിനെ കുറിച്ചും വൈകുന്നേരങ്ങളില്‍ പുറത്തെ കോലായിലിരുന്ന് രണ്ടു പേരും വര്‍ത്തമാനം പറഞ്ഞതിനെ കുറിച്ചുമെല്ലാം പറയുന്നത് കേള്‍ക്കുമ്പോള്‍ പുറം പണിക്ക് വരുന്ന പെണ്ണുങ്ങള്‍ വയസുകാലത്തെ പ്രേമം എന്ന് അടക്കിപറഞ്ഞ് ചിരിക്കുന്നത് കേള്‍ക്കുമ്പോള്‍ ജാര നരകള്‍ ബാധിച്ച ശരീരങ്ങളെ അതിജീവിച്ച ഫ്ലോറന്റീനോ അരിസയുടെയും ഫെര്‍മിന ഡാസയുടെയും അഭൗമമായ ലാവണ്യമുള്ള വൃദ്ധ പ്രണയത്തെ നെഞ്ചിലേറ്റുന്ന എനിക്ക് പാത്തുമ്മാത്താന്റെ പ്രണയത്തെ കേട്ടിരിക്കാനും മുഖ ഭാവങ്ങള്‍ കണ്ടിരിക്കാനും "പെരും ജാതി " ഇഷ്ട്ടമാണെന്നതാണ് വാസ്തവം.

No comments:

Post a Comment