Tuesday, August 20, 2013

ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന വീട്ടില്‍ നിന്നും നിലമ്പൂരിലെ എന്റെ വീട്ടിലേക്കുള്ള മുക്കാല്‍ മണിക്കൂര്‍ ഒറ്റക്കുള്ള ട്രെയിന്‍ യാത്ര എനിക്കേറെ ഇഷ്ട്ടമാണ്.അതു കൊണ്ട് തന്നെയാണ് അങ്ങിനെ ഒരു ചാന്‍സ് കിട്ടാന്‍ വേണ്ടി കാത്തിരിക്കുന്ന ഞാന്‍ ഭര്‍ത്താവോ മകനോ തിരക്കിലാവുന്ന സമയത്ത് വീട്ടില്‍ പോവേണ്ട അത്യാവശ്യം വരുമ്പോഴെല്ലാം ഡ്രൈവറെ തിരയുന്നത് കാണുമ്പോ ഞാന്‍ ട്രെയിനില്‍ പൊയ്ക്കോളാമെന്ന് പറയുന്നത് . കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ക്ക് കാര്യം മനസിലാവുകയും ചെയ്യും.

അധികം തിരക്കില്ലാത്ത കമ്പാര്‍ട്ടമെന്റില്‍ പുറത്തെ പച്ചയും ഇളം പച്ചയും കടും പച്ചയും നിറഞ്ഞ വിജനമായ മരകൂട്ടത്തിനിടയിലൂടെയുള്ള അങ്ങിനെയൊരു നിലമ്പൂര്‍ ട്രെയിനിലെ യാത്രയില്‍ ഇടക്കേതോ സ്റ്റേഷനില്‍ നിന്ന് കയറിയ ആ കുടുംബത്തെ ഞാന്‍ ശ്രദ്ധിച്ചിട്ടേയില്ലായിരുന്നു.എപ്പോഴോ കൂട്ടത്തിലെ ചെറിയ മിടുക്കി വന്ന് കയ്യില്‍ തൊട്ട് എന്റെ ഉപ്പയെ ആന്റി അറിയുമോ നോക്കു എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ അവരെ ശ്രദ്ധിച്ചത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിഗ്രികാലത്തെ മൂന്നു വര്‍ഷത്തില്‍ മിക്ക സമയവും എന്തെങ്കിലും കാരണമുണ്ടാക്കി എന്നോട് എപ്പോഴും പിണങ്ങിയിരുന്ന കൂട്ടുകാരനെ കണ്ട് ഞാന്‍ അതിശയിച്ചു പോയി.കോളേജ് വിട്ടതിനു ശേഷം ഞങ്ങള്‍ കണ്ടിട്ടേയില്ലായിരുന്നു.

ഞങ്ങള്‍ രണ്ടു പേരും പഴയ കൂട്ടുകാരെകുറിച്ചെല്ലാം പറയുന്നതിനിടെ അവന്റെ ഭാര്യ കൂട്ടുകാരെ കുറിച്ച് പറയുമ്പോള്‍ മുഖത്തിനെന്ത് തെളിച്ചമാണെന്നോ ജീവിതത്തില്‍ ഇത്രേം അസൂയ എനിക്കാരോടും തോന്നിയിട്ടില്ല എന്ന് പറഞ്ഞത് കേട്ട് അടുത്തിരുന്നവര്‍ പോലും ചിരിച്ചു പോയി.

അന്ന് തിരിച്ചുള്ള യാത്രയില്‍ മുഴുവനും ജീവിതത്തില്‍ എനിക്കാരോടായിരിക്കാം അത്ര അസൂയ തോന്നിയതെന്ന് ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.
ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ വീട്ടില്‍ പോയ ഒരു ദിവസം അദ്ദേഹത്തിന്റെ ഭാര്യ അവരുടെ റോട്ടറി ക്ലബിനെ കുറിച്ചും അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുമെല്ലാം വാ തോരാതെ സംസാരിച്ച് വീടെല്ലാം നടന്ന് കാണിക്കുന്നതിനിടെ നിളയിലേക്ക് തുറക്കുന്ന വാതിലുള്ള ഒരു റൂമിലെ വലിയ ചില്ലലമാരയില്‍ അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങളും കാണിക്കയുണ്ടായി.ഞാന്‍ ജീവിതത്തില്‍ എന്നെങ്കിലും വായിക്കണമെന്നും സ്വന്തമാക്കണമെന്നും ആഗ്രഹിച്ച പുസ്തകങ്ങള്‍ കണ്ട് ഏറെ ഇഷ്ട്ടത്തോടെ നിങ്ങള്‍ നന്നായി വായിക്കുമല്ലേ എന്ന് ചോതിച്ചപ്പോള്‍ അതൊരു സ്റ്റൈലിന് വെച്ചതാണെന്ന അവരുടെ മറുപടി കേട്ട് ഒന്നും മിണ്ടാനാവാതെ നിന്ന അന്നത്തെ മടക്ക യാത്രയില്‍ അവരെ കുറ്റപ്പെടുത്തിയുള്ള എന്റെ സംസാരം കേട്ട് ഭര്‍ത്താവും മക്കളും ആ പുസ്തകങ്ങളെല്ലാം കണ്ടപ്പോ എനിക്കവരോട് അസൂയയായിപോയെന്ന് പറഞ്ഞ് കളിയാക്കി

No comments:

Post a Comment