Tuesday, August 20, 2013

ബാപ്പ എത്ര വരെ പഠിച്ചിട്ടുണ്ടാവാം എന്ന് ഞങ്ങള്‍ മക്കള്‍ക്ക് അറിയില്ല എന്നതാണു സത്യം. കുട്ടിക്കാലത്ത് ബാപ്പ എന്നാല്‍ എപ്പോഴും തിരക്കുള്ള ഏതു സമയവും യാത്രയിലുള്ള ഇടക്കിടെ വീട്ടില്‍ വരുന്ന എപ്പോഴ...ും മുഖത്ത് ഘൗരവമുള്ള ഞങ്ങള്‍ കുട്ടികള്‍ ബഹളം വെക്കുമ്പോള്‍ ഉമ്മയോട് ദേഷ്യപ്പെടുമെങ്കിലും മുന്നില്‍ ചെന്നു പെട്ടാല്‍ പുഞ്ചിരിക്കുന്ന ഒരാള്‍ എന്നാണ് വിചാരിച്ചിരുന്നത്.എനിക്ക് ബാപ്പയെ പേടിയായിരുന്നു.എപ്പോഴെങ്കിലും മുന്നില്‍ ചെന്നു പെട്ടാല്‍ തിരക്കിട്ടു വായിക്കുന്ന പോലെ കയ്യിലുള്ള പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി രക്ഷപ്പെടുകയായിരുന്നു എന്റെ പതിവ്.ഇങ്ങിനെയൊക്കെയാണെങ്കിലും ബാപ്പ വരുന്ന ദിവസം വീട് നിറയെ അതിഥികളുള്ളതിനാല്‍ ഞങ്ങള്‍ക്ക് ട്ട്യൂഷന്‍ ഉണ്ടാവില്ല എന്നറിയാവുന്നത് കൊണ്ട് ബാപ്പ വരുന്നത് കാത്തിരിക്കുമായിരുന്നു.

ഉമ്മ സ്കൂളില്‍ പോയിട്ടേയില്ല.ഞങ്ങള്‍ ചെറിയ കുട്ടികളായിരുന്നപ്പോള്‍ ഉമ്മാക്ക് ഞങ്ങളെ ശ്രദ്ധിക്കാനേ സമയമുണ്ടായിരുന്നില്ല.തുടരെ തുടരെയുള്ള പ്രസവങ്ങളും എപ്പോഴും വിരുന്നുകാരുമായി ഉമ്മ എന്നും തിരക്കിലായിരുന്നു.വീടിന്റെ തൊട്ടുള്ള മതിലിനപ്പുറത്ത് തന്നെ സ്കൂളായതിനാല്‍ ഞങ്ങളുടെ വികൃതി സഹിക്കാനാവാതെ നാലുവയസാകുമ്പോഴേക്ക് തന്നെ സ്കൂളില്‍ ചേര്‍ത്തിരുന്നു.അന്നത്തെ ഹെഡ് മാസ്റ്ററായിരുന്ന ഉണ്ണ്യസ്സന്‍ മാഷ്ക്ക് ഇഷ്ട്ടമുള്ള ഒരു ദിവസവും , വര്‍ഷവും, മാര്‍ച്ച് മാസവുമാണ് ഞങ്ങളുടെയെല്ലാം സര്‍റ്റിഫിക്കറ്റിലെ ജനന തീയതി എന്ന് ഞങ്ങളെപ്പോഴും തമാശയായി പറയാറുണ്ട്.

.നിലമ്പൂര്‍ പാട്ടുത്സവം വരുമ്പോള്‍ വിരുന്നു വന്നിരുന്ന കസിന്‍സും അയല്‍ വീട്ടിലെ കൂട്ടുകാരുമെല്ലാമൊത്ത് എട്ടു പെണ്മക്കളും രണ്ടാണ്‍കുട്ടികളുമുള്ള വീട്ടിലെ ഞങ്ങളുടെ ബാല്യം ഒരാഘോഷമായിരുന്നു.അനിയന്‍ ചെറുതായതിനാല്‍ അവനെന്നും ജ്യേഷ്ഠത്തിമാരുടെ തണലിലായിരുന്നു...ജ്യേഷ്ഠന്‍ ആയിരുന്നു ഞങ്ങളുടെ ഹീറോ..

ഉമ്മാക്ക് ജ്യേഷ്ഠനോടാണ് കൂടുതല്‍ ഇഷ്ട്ടമെന്ന് എന്റെ അനിയത്തിക്ക് എന്നും പരാതിയായിരുന്നു.. വലുതായാല്‍ പെണ്മക്കളെ മാത്രമെ പ്രസവിക്കു എന്നൊരു പ്രഖ്യാപനം നടത്തിയ എട്ടു വയസുകാരിയുടെ അന്നത്തെ പ്രധിഷേധം കേട്ടറിഞ്ഞ് ചിരിയോടെ അവളെ ചേര്‍ത്തു പിടിച്ച ദിവസമാണ് ഞാനെന്റെ ബാപ്പയെ സ്നേഹിച്ചു തുടങ്ങിയത്.
പെണ്മക്കള്‍ വീടിന്റെ ഐശ്വര്യമാണെന്ന് പറയുമായിരുന്നു ബാപ്പ.ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വിദ്യാഭ്യാസവും സംസ്കാരവും പകര്‍ന്നു നല്‍കിയ എന്റെ ബാപ്പയായിരുന്നു പിന്നീട് എന്റെ മനസിലെ ഹീറോ എന്ന് ലങ്ങ്സിനു ക്യാന്‍സര്‍ വന്നു ഐ സി യു വില്‍ കിടന്ന ദിവസം എന്നെയും ജ്യേഷ്ഠനെയും അടുത്ത് വിളിച്ച് ഓരോ കാര്യങ്ങളായി പറഞ്ഞേല്പ്പിക്കുമ്പോള്‍ ഞാന്‍ പല വട്ടം പറയാന്‍ തുനിഞ്ഞെങ്കിലും എനിക്കെന്തേ അന്നത് പറയാനായില്ല..? സ്നേഹം പ്രകടിപ്പിക്കാനറിയാത്ത ബാപ്പയെ കണ്ടാല്‍ ഓടി ഒളിക്കുന്ന മകളില്‍ നിന്നും പെട്ടെന്ന് അങ്ങിനെ കേള്‍ക്കുമ്പോള്‍ ഒരു പക്ഷേ അന്നൊരിക്കല്‍ പെണ്മക്കളെ മാത്രമേ പ്രസവിക്കു എന്നു പറഞ്ഞുകളഞ്ഞ അനിയത്തിയെ ചേര്‍ത്തു പിടിച്ചു പൊട്ടിചിരിച്ച പോലെ ഒന്നു ചിരിക്കുമായിരുന്നോ...?   

No comments:

Post a Comment