Tuesday, August 20, 2013

ഞങ്ങള്‍ മലപ്പുറംകാരുടെ ഭാഷ മനസിലാവാന്‍ ഇച്ചിരി പ്രയാസമാണെന്ന് എന്റെ ആലുവാക്കാരി കൂട്ടുകാരി ഇവിടെ വന്ന ദിവസമാണ് എനിക്ക് ശരിക്കും മനസ്സിലായത്.ഇടക്കെപ്പഴോ ഇവിടുത്ത ആസ്യാമുവുമായി സംസാരിക്കുന്നതിനിടെ വീട്ടിലെ വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെ '' ഇഞ്ചെ ഇപ്പീം ഇമ്മീം ചെറുപ്പത്തിലെഞ്ഞെ മരിച്ച്ക്ക്ണ്'' എന്നു വിസ്തരിച്ചു പറഞ്ഞു തുടങ്ങിയ ആസ്യാമുവിനെ വിവ...ര്‍ത്തനം ചെയ്യാന്‍ എന്നെ സഹായത്തിന് വിളിച്ചത് പറഞ്ഞ് പാത്തുമ്മാത്തയും ആസ്യാമുവും ചിരിയാണ് കൂട്ടുകാരുടെ കാര്യം കേള്‍ക്കുമ്പോഴെല്ലാം

കഴിഞ്ഞ ദിവസം എന്റെ ഒഴിവ് സമയങ്ങളില്‍ കണക്ക് പഠിക്കാന്‍ വരുന്ന ആസ്യാമുവിന്റെ മകള്‍ സാനയും കൂട്ടുകാരികളും അവരുടെ ''ഉസ്കൂളിലെ'' വിശേഷങ്ങള്‍ പറയുന്നതിനിടെ പ്രവേശനോത്സവത്തിന് വന്ന ചാനലുകാരെ കുറിച്ച് പറഞ്ഞത് കേട്ട് ഞാനും മകനും ചിരിച്ചു പോയി. ..അന്നു വന്ന അവതാരകന്‍ വലിയ വലിയ വാക്കില്‍ ചോദിച്ചപ്പോള്‍ ഒന്നും മനസിലായില്ലെങ്കിലും തലയാട്ടി കൊടുത്ത കൂട്ടുകാരിയെ കുറിച്ചും ട്ടീവിയില്‍ മുഖം കാണാന്‍ തിരക്കിയ ആണ്‍കുട്ടികളെയും കുറിച്ച് പറഞ്ഞ് അന്ന് മുഴുവന്‍ അവരും ചിരിയായിരുന്നു.

.കുട്ടികളോട് സംസാരിക്കുന്നത് തന്നെ സന്തോഷമാണ്.ഏത് കാര്യമായാലും ഓരോന്നിനെ കുറിച്ചും അവര്‍ പറയുന്ന നിഷ്കളങ്കമായ അഭിപ്രായങ്ങളും വീക്ഷണങ്ങളും ചിലപ്പോഴൊക്കെ നമ്മെ അത്ഭുതപ്പെടുത്തികളയും

കുട്ടികളിലാരോ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞ ഞങ്ങളുടെ സ്കൂളും ഉപ്പുമാവും , പുതിയ പുസ്തകത്തിന്റെ മണവും, വീണു മുറിവു പറ്റുന്ന കുട്ടികളെ ഓഫീസ് റൂമില്‍ കൊണ്ടു പോയി കമ്മ്യൂണിസ്റ്റ് പച്ച പുരട്ടി തന്നിരുന്ന സത്യവതി ട്ടീച്ചറും , പദ്യം കാണാപാഠം പഠിക്കാത്തതിന് അടി കിട്ടാതിരിക്കാന്‍ സത്യപുല്ലിന്റെ ഇല വായിലിട്ടാല്‍ മതി എന്നു പറഞ്ഞ കൂട്ടുകാരിയുടെ വാക്കുകള്‍ കേട്ട് ഇലയും വായില്‍ വെച്ച് ചെന്നത് കണ്ടു പിടിച്ച ബേബി മാഷ് ഒരടി കൂടുതല്‍ തന്നതുമെല്ലാം പറഞ്ഞത് കേട്ട് രസം പിടിച്ചിരുന്ന അവര്‍ക്ക് കുത്തിവെപ്പിനു വരുന്ന വാന്‍ കാണമ്പോള്‍ പേടിച്ച് കരഞ്ഞ് ക്ലാസ്സില്‍ നിന്നിറങ്ങിയോടിയ കൂട്ടുകാരന്റെ കഥ കേട്ടപ്പോള്‍ ചിരിയടക്കാനായില്ല.

.ട്ടീച്ചറില്ലാത്ത പിരിയഡില്‍ സംസാരിക്കുന്ന കുട്ടികളുടെ പേരെഴുതുന്ന ലീഡര്‍ എത്ര വര്‍ത്തമാനം പറഞ്ഞാലും എന്റെ പേര് മാത്രം എഴുതുന്നില്ല എന്ന് കൂട്ടുകാരികള്‍ കണ്ടു പിടിച്ചത് മനപൂർവ്വം ഞാനവര്‍ക്ക് പറഞ്ഞു കൊടുത്തതുമില്ല.
ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ''ള'' എഴുതാനറിയില്ലായിരുന്നു എനിക്ക്.


ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്ക് 'ള' എന്ന് എഴുതാനറിയില്ല എന്ന് കണ്ടൂ പിടിച്ചത് ഏലികുട്ടി ടീച്ചറായിരുന്നു.ഹാജര്‍ പുസ്തകത്തില്‍ നോക്കി ഓരോ വാക്ക് പറഞ്ഞ് ഓരോരുത്തരെയായി പേര് വിളിച്ച് ബ്ലാക് ബോര്‍ഡില്‍ എഴുതിക്കുന്ന അന്നത്തെ മലയാളം പിരിയഡില്‍ ഓരോരുത്തരെയായി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ട് എന്നെ വിളിക്കുമ്പോള്‍ 'ള' എന്നുവരുന്ന വാക്ക് വരരുതേ എന്ന് പ്രാർഥിക്കുകയായിരുന്നു ഞാന്‍.
അന്നു മദ്രസയില്‍ പഠിച്ച അറിയാവുന്ന എല്ലാ പ്രാര്‍ത്ഥനളും ചൊല്ലിയിട്ടും ആ അഞ്ചു വയസുകാരിയുടെ പ്രാര്‍ത്ഥന ദൈവം കേട്ടതേയില്ല. '' തവള'' എന്ന് പറഞ്ഞ് മുഖമുയര്‍ത്തിയ ടീച്ചര്‍ എന്നെ കാണാതിരിക്കാന്‍ തിരക്കിട്ട് സ്ലേറ്റ് പെന്‍സില്‍ തറയിലുരസി കൂര്‍പ്പിക്കാനെന്ന ഭാവത്തില്‍ കുനിഞ്ഞിരുന്ന എനിക്ക് തന്നെ കിട്ടി ആ ' തവള'.
തയും വയും എഴുതി മിഴിച്ച് ബ്ലാക്‌ബോര്‍ഡിനു മുന്‍പില്‍ നിന്ന എന്നെ കണ്ടപ്പോള്‍ ആണ് എനിക്ക് ള എഴുതാനറിയില്ലെന്ന് ട്ടീച്ചര്‍ക്ക് മനസിലായത്. അന്ന് ചോക്ക് കൊണ്ട് സ്ലേറ്റില്‍ എഴുതിയ ളക്കു മേലെ വീണ്ടും വീണ്ടും കൈ പിടിച്ചെഴുതിച്ചാണ് അന്നത്തെ അഞ്ചു വയസുകാരിയുടെ വളഞ്ഞും തിരിഞ്ഞും പുളഞ്ഞും കിടന്ന് പേടിപ്പിച്ച ''ള'' യോടുള്ള പേടി ഏലികുട്ടി ട്ടീച്ചര്‍ മാറ്റി തന്നത്.

ആരും കാണാതെ പഴയ പുസ്തക താളുകളില്‍ എന്തെങ്കിലും കുറിച്ചിട്ടിരുന്ന എന്നോട് വായിക്കുന്ന ആളല്ലേ ഒന്നെഴുതി നോക്കിക്കൂടെ എന്നെപ്പോഴും നിര്‍ബന്ധിച്ചിരുന്ന സുഹൃത്തിന്റെ വാക്കുകള്‍ കേട്ട് എഴുതി തുടങ്ങിയ നാളില്‍ ഞാന്‍ എഫ് ബി യില്‍ എഴുതിയിട്ടിരുന്നു ''ള'' എഴുതാനറിയാതെ പരിഭ്രമിച്ചു പോയ പഴയ അഞ്ചു വയസുകാരിയുടെ കഥ .
എഫ് ബി ക്ക് പുറത്ത് പരിചയമുള്ളവരെ കാണുമ്പോള്‍ എഴുത്തിനെ കുറിച്ച് പറയുമോ എന്ന് പരിഭ്രമിക്കുമ്പോള്‍ ള എഴുതാനറിയാതെ ബ്ലാക്ക് ബോര്‍ഡിനു മുന്‍പില്‍ മിഴിച്ചു നിന്ന പഴയ അഞ്ചു വയസുകാരിയുടെ മനസാണെനിക്ക്.

No comments:

Post a Comment