Tuesday, August 20, 2013

എന്റെ സീനിയറായിരുന്ന ഒരു കൂട്ടുകാരന്‍ എന്നെ കാണുമ്പോഴെല്ലാം എന്റെ ബാപ്പ മുറിച്ചാണ് നിലമ്പൂര്‍ കാട്ടിലെ ചൂരലുകളെല്ലാം തീര്‍ന്നു പോയതെന്ന് പറഞ്ഞ് ബാപ്പയുടെ മരക്കച്ചവടത്തെ കുറിച്ച് കളിയാക്കുമായിരുന്നു.എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കുകയാണെന്നറിയാതെ എന്റെ ബാപ്പ കൃഷി ക്കാരന്‍ കൂടിയാണെന്നും ഞങ്ങളുടെ എരുമമുണ്ടയിലെ വീട്ടിലെ മൂന്ന് ഏക്കറോളം സ്...ഥലം മരങ്ങള്‍ നട്ടുപിടിപ്പിച്ചത് അന്ന് മാത്രുഭൂമി പത്രത്തില്‍ വന്നിട്ടുണ്ടെന്നുമെല്ലാം പറയുന്നത് കേള്‍ക്കാനുമായിരുന്നു അവനിങ്ങനെ കളിയാക്കിയിരുന്നത് എന്നെനിക്കൊട്ട് മനസിലായിരുന്നുമില്ല.

മരങ്ങളെല്ലാം ഇടതൂര്‍ന്നു വളര്‍ന്നെങ്കിലും ബാപ്പ മരിച്ച് അധികം ദിവസമാവുന്നതിനു മുന്‍പ് എന്റെ ജ്യേഷ്ഠന്‍ അതെല്ലാം മുറിച്ച് റബ്ബര്‍ വെച്ചത് ഞങ്ങള്‍ക്കെല്ലാം സങ്കടമായി.
പ്രകൃതിയോടും കാടിനോടും വനയാത്രകളോടുമുള്ള എന്റെ ഈ ഇഷ്ട്ടത്തെ ആദിവാസി മൂപ്പന്റെ മകളുടെ ഇഷ്ട്ടങ്ങള്‍ എന്ന് പറഞ്ഞ് മക്കളെപ്പോഴും കളിയാക്കുമെങ്കിലും അവരും ഇതൊക്കെ ഇഷ്ട്ടപ്പെടുന്നു എന്നത് എന്റെ ഒരു സ്വകാര്യമായ അഹങ്കാരമാണ്.
പാട്ടും ഡാന്‍സും വരയുമെല്ലാം പാരമ്പര്യമായി അടുത്ത തലമുറക്ക് കിട്ടുന്നത് പോലെ ഇതും എനിക്കെന്റെ ബാപ്പയില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാവാം.
ബാല്യകാലത്ത് അനിയത്തിയോടൊപ്പം വിരുന്നു പോയിരുന്ന അരീക്കോട് തറവാടു വീടിന്റെ മണമാണ് ഇലഞ്ഞി പൂക്കള്‍ക്കെങ്കില്‍ ഞാവല്‍ പഴങ്ങള്‍ക്ക് കൂട്ടുകാരി സുഹറയുടെ കൂടെ പോയി വീടിനടുത്തുള്ള ഫോറസ്റ്റ് ഓഫീസിലെ തോടിയില്‍ നിന്ന് പെറുക്കിയെടുത്തിരുന്ന ഞാവല്‍ പഴം തിന്ന് നടന്ന ബാല്യകാലത്തിന്റെ ഓര്‍മയാണെന്നൊക്കെ പറഞ്ഞ് ബോറടിപ്പിക്കുന്നു എന്നു പറയുന്ന മകന്‍ പല തരം ഫലവൃക്ഷങ്ങള്‍ നട്ട ഞങ്ങളുടെ തൊടിയില്‍ എന്തേ അതു രണ്ടും ഇല്ലാതെ പോയത് എന്ന് ചോദിക്കാറുണ്ടായിരുന്നു...

എവിടെ നേഴ്സറിയില്‍ പോയാലും ആ രണ്ട് തൈകള്‍ മാത്രം എന്റെ കയ്യില്‍ എത്തിയിരുന്നില്ല..പുസ്തകങ്ങളായാലും മരങ്ങളായാലും അത്രക്ക് ആഗ്രഹിച്ചു പോയെങ്കില്‍ നമ്മുടെയരികില്‍ എത്തും എന്ന് ഞാന്‍ പറയുമ്പോഴെല്ലാം എന്നെ കളിയാക്കാന്‍ ഒരവസരം നോക്കി നടക്കുന്ന മകനും ഭര്‍ത്താവും നടന്ന് വരുന്ന പുസ്തകങ്ങളെയും മരങ്ങളെയും കുറിച്ച് പറഞ്ഞ് ചിരിക്കുന്നത് കാണുമ്പോള്‍ അങ്ങിനെ വരാനൊന്നും പോവുന്നില്ല എന്ന് തന്നെയാണ് ഞാനും വിശ്വസിച്ചത്.

ഒരു ദിവസം വെള്ള ട്ടാങ്ക് കഴുകാന്‍ കയറിയ പണിക്കാരിലാരോ ആണ് അരികില്‍ പറ്റി ചേര്‍ന്നു വളരുന്ന ഒരു തൈ കണ്ടത്.ചുവന്ന കട്ടയുടെ വീടായതിനാല്‍ ചുമരിനു കേടു സംഭവിക്കുമെന്ന് പറഞ്ഞ് പറിച്ചു വലിച്ചെറിഞ്ഞ ആ തൈ മുറ്റത്ത് കിടക്കുന്നത് കണ്ടപ്പോള്‍ എന്തു തൈയ്യാണെന്ന് അറിയാതെയാണ് ഞാനത് അടുക്കളയുടെ ഭാഗത്ത് നട്ടത്.കഴിഞ്ഞ ആഴ്ച്ച ഞങ്ങളുടെ മാങ്കോസ്റ്റിന്റെയും റമ്പുട്ടാന്റെയും തൈകള്‍ നടുന്നത് കാണാന്‍ വന്ന കൃഷി ഭവനിലെ ഉദ്യോഗസ്ഥൻ രണ്ടു വര്‍ഷം കൊണ്ട് പടര്‍ന്നു പന്തലിച്ച എന്റെ തൈ നോക്കി എവിടുന്നു കിട്ടീ ഞാവല്‍ തൈ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അത്ഭുതപെട്ടുപോയി.
ദിവസങ്ങള്‍ക്ക് മുന്‍പ് തൈകള്‍ നോക്കാന്‍ നേഴ്സറിയില്‍ കയറിയ ഭര്‍ത്താവിനോടൊപ്പം വെറുതെ ഒന്നു കാണാമെന്ന് വിചാരിച്ച് ചെന്ന എനിക്ക് തിരിച്ചു പോരാന്‍ നേരം നേഴ്സറിക്കാരന്‍ സമ്മാനിച്ച ഇലഞ്ഞി തൈ കണ്ട് കാലില്ലെങ്കിലും കയ്യിലെത്തുമെന്ന് ഇപ്പൊ എനിക്ക് മനസിലായി എന്നു മകനെന്നെ കളിയാക്കി.

ഇന്ന് ലോക പരിസ്ഥിതി ദിനം.
പെണ്‍കുഞ്ഞ് പിറക്കുമ്പോള്‍ നൂറ്റി പതിനൊന്ന് ഫലവൃക്ഷങ്ങളും ഔഷധവൃക്ഷങ്ങളും നട്ടു പിടിപ്പിക്കുന്ന രാജസ്ഥാനിലെ പിപ്പലാന്ത്രി എന്നൊരു ഗ്രാമത്തെ കുറിച്ച് ഇന്നലെ മാത്രുഭൂമിയില്‍ വായിച്ചിരുന്നു .മരങ്ങളൊന്നും മുറിക്കാതെ അതിന്റെ ഫലങ്ങളും ഇലകളും വരുമാനമാക്കി പൂക്കളും കിളികളും പുഴകളും മണ്ണും വിണ്ണും ഒത്ത് ചേര്‍ന്ന് അച്ഛനമ്മമാരോടൊപ്പം പെണ്‍കുഞ്ഞിന്റെ ജന്മം ആഘോഷമാക്കുന്ന ഒരു ഗ്രാമത്തിന്റെ കഥ .
ഓടകള്‍ മൂടാതെ മൂത്രപ്പുരകള്‍ ശുചിയാക്കാതെ ചപ്പു ചവറുകള്‍ നീക്കം ചെയ്യാതെ മാര്‍ബിള്‍ പതിപ്പിച്ച് മോടി പിടിപ്പിച്ച് നാടിന്റെ മുഖം മിനുക്കുന്ന തിരക്കില്‍ തിങ്ക് , ഈറ്റ് , സേവ് എന്ന് പാടി കൊണ്ടിരിക്കുമ്പോള്‍ പനിയും പകര്‍ച്ച വ്യാധിയും പടരുന്നതിന് മഴ യെ പഴിക്കുന്നവര്‍ക്കുള്ള ഓര്‍മപ്പെടുത്തലുകളാണ് പിപ്പലാന്ത്രിയിലെ ഗ്രാമവാസികളുടെ ഈ കൂട്ടായ്മ .

No comments:

Post a Comment