Tuesday, August 20, 2013

ദിവസത്തില്‍ പകുതി സമയവും ഞാന്‍ ചിലവഴിക്കുന്നത് ഫോണ്‍ തിരയാനാണെന്ന് മകന്‍ എപ്പോഴും കളിയാക്കാറുണ്ട്. അതില്‍ കുറച്ച് സത്യമില്ലാതില്ല..ലാന്റ് ഫോണില്‍ നിന്ന് ബെല്ലടിപ്പിച്ച് ആ ബെല്ലും തിരഞ്ഞു നടക്കുന്നത് കാണുമ്പോള്‍ ഇവിടെ എല്ലാവര്‍ക്കും ചിരിയാണ്.ചാര്‍ജ് ചെയ്യാന്‍ മറക്കുന്ന ദിവസങ്ങളില്‍ സ്വിച്ച് ഓഫ് ആയ ഫോണ്‍ പുസ്തകങ്ങളുടെ ഇടയില്‍ നിന്നോ അടുക്കളയില്‍ നിന...്നോ കിട്ടുന്ന ത് വരെ ആരെങ്കിലും എന്റെ ഫോണ്‍ കണ്ടോ എന്നും ചോദിച്ച് വീടാകെ തിരഞ്ഞു നടക്കുന്ന സ്വഭാവം അടുത്ത കൂട്ടുകാര്‍ക്കെല്ലാം അറിയാവുന്നത് കൊണ്ട് ഫോണ്‍ ചെയ്തിട്ട് എടുത്തില്ലല്ലോ എന്ന് പറഞ്ഞ് ആരും പിണങ്ങിയിട്ടില്ലായിരുന്നു ഇതു വരെ.

രണ്ടു ദിവസം മുന്‍പ് എനിക്കേറെ ഇഷ്ട്ടമുള്ള രേഷു വിളിക്കുമെന്ന് വിചാരിച്ച് ഫോണ്‍ തിരഞ്ഞെടുത്ത് വെച്ചതായിരുന്നു ഞാന്‍.പൊടുന്നനെ പെയ്ത മഴയും നോക്കി പുറത്തിരുന്നപ്പോള്‍ ബെല്ല് അടിച്ചത് ഞാന്‍ കേട്ടതേ ഇല്ല..വിളിച്ചപ്പോ എടുത്തില്ലെന്നും പറഞ്ഞ് പിണങ്ങിയ ആ കുറുമ്പി ഇനി പിണക്കം പോവണമെങ്കില്‍ കൈക്കൂലി വേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍ ചിക്കന്‍ ബിരിയാണിയും പത്തിരിയും ഉന്നക്കായയുമൊക്കെ കൊടുക്കാമെന്ന് പറഞ്ഞിട്ടും സമ്മതിക്കുന്നില്ലെന്ന് ഹഫ്സയോട് പറഞ്ഞപ്പോള്‍ അങ്ങോട്ട് അടുപ്പം കാട്ടി ചെല്ലുമ്പോള്‍ അവള്‍ ഒരു മമ്മദാക്കയാവുന്നുണ്ടല്ലേ എന്ന് ചോതിച്ചപ്പോള്‍ എനിക്ക് ചിരി അടക്കാനായില്ല. ആ പേര് കേള്‍ക്കുമ്പോഴെല്ലാം രേഷു ചോതിക്കും എന്താണീ മമ്മദാക്കയെന്ന്?

വായനയും സംഗീതവും മഴയും പുഴയും മനസു നിറയെ പ്രണയവുമായി കൂട്ടുകാരോടൊപ്പം ഉല്ലസിച്ചു നടന്നിരുന്ന ബി എസ് സി പരീക്ഷയുടെ അവസാനമൊരു ദിവസം ബാപ്പ പത്തു ദിവസത്തിനുള്ളില്‍ കണ്ടു പിടിച്ച പയ്യനുമായുള്ള വിവാഹം കഴിഞ്ഞു വന്ന വീട് എനിക്ക് പുതിയൊരു ലോകമായിരുന്നു...എല്ലാം കൊണ്ടും..

ആണ്‍കുട്ടികള്‍ മാത്രമുള്ള ആ വീട്ടിലെ രണ്ടാമത്തെ മകനായിരുന്ന എന്റെ ഭര്‍ത്താവ് എം ബി എ പഠനത്തിന്റെ പേരും പിന്നെ ജോലിയുമായി വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ അനുജന്മാരെല്ലാം ചോദ്യവും ഉത്തരവും പറയാന്‍ പാടില്ലാത്ത സിദ്ദിഖ് സിനിമയിലെ അഞ്ഞൂറാന്റെ സ്വഭാവവും രൂപവുമുള്ള ആ വീട്ടിലെ ബാപ്പയുടെ ഉത്തരവ് പ്രകാരം കൗമാരത്തില്‍ തന്നെ കല്യാണം കഴിച്ചിരുന്നു.
ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ കൂടെ പോയ ഒരു കോഴിക്കോട് യാത്രയില്‍ മിംസില്‍ വെച്ച് കണ്ട ഒരു ഡോക്ട്ടര്‍ സ്നേഹത്തോടെ അവരുടെ കയ്യില്‍ വന്നു പിടിച്ച് വിശേഷങ്ങള്‍ പറയുന്നതിനിടെ അന്ന് അറുപത്തി ഒന്‍പതില്‍ അവിടെ ബി ഇ എം സ്കൂളിലെ ബോര്‍ഡിങ്ങില്‍ കൂടെ ഉണ്ടായിരുന്നുവെന്നും പഠിക്കാന്‍ മിടുക്കിയായിരുന്നുവെന്നും പറഞ്ഞത് കേട്ട് തിരിച്ചുള്ള യാത്രയില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ കല്യാണം കഴിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അന്നൊക്കെ വൈക്കോല്‍ കൂഞ്ഞയുടെ എണ്ണം നോക്കി തറവാട്ടു മഹിമ നോക്കിയ കാലമല്ലേ എനിക്കെന്തറിയാം എന്ന് വിഷമത്തോടെ ചോദിച്ചത് എന്നെ അന്ന് വല്ലാതെ സങ്കടപ്പെടുത്തി.

ഇതൊക്കെയാണെങ്കിലും ആ വീട്ടില്‍ സ്നേഹത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. അവിടുത്തെ ഉമ്മയുടെ കുട്ടിക്കാല കഥകളും തറവാട്ടിലെ ഒരു കല്യാണത്തിന് ,പുറത്ത് പഠിക്കാന്‍ പോയി തിരിച്ചു വന്ന മുടി വളര്‍ത്തിയ ആളെ കാണാന്‍ പടിപ്പുരയില്‍ പെണ്ണുങ്ങള്‍ തിരക്കിയതും [അന്‍പതുകളില്‍ മുസ്ലീം യുവാക്കള്‍ മുടി വളര്‍ത്താറില്ലായിരുന്നു എന്നെനിക്ക് പുതിയ അറിവായിരുന്നു. ] ഖിലാഫത്തില്‍ നാടു കടത്തിയ അമ്മാവന്റെ ഭാര്യ പണിക്കാരന്റെ കൂടെ ഒളിച്ചോടിയ കഥയുമെല്ലാം കേട്ട് ആ വീട്ടിലെ പകല്‍ സമയങ്ങളില്‍ പോലും വെളിച്ചം കയറാത്ത മുറികളിലൂടെയും അവിടുത്തെ കുട്ടികളുടെ കൂടെ വവ്വാലിനെ കാണാന്‍ മച്ചിന്‍ പുറത്തുമൊക്കെ അലഞ്ഞു നടക്കുമ്പോഴെല്ലാം ഞാന്‍ ശ്രദ്ധിച്ചിരുന്നു ആ വീട്ടിലെ മമ്മദാക്ക എന്ന് വിളിക്കുന്ന കുറിയ മനുഷ്യനെ.
തറവാട്ടിലെ ആകെയുണ്ടായിരുന്ന പെണ്‍തരിയായിരുന്ന ഉമ്മ പെണ്ണു കാണാന്‍ വന്നതാണെന്നറിയാതെ കൂട്ടുകാരികളോടൊപ്പം മൂവാണ്ടന്‍ മാവിന്റെ മുകളിരുന്ന് മാങ്ങ തിന്നുമ്പോള്‍ അതിലെ പോയ പയ്യന്മാരെ മാങ്ങ അണ്ടി താഴേക്കിട്ടു പറ്റിച്ച ദിവസം ബാപ്പയുടെ കൂടെ കാണാന്‍ തുടങ്ങിയതാണ് എന്നാണ് മമ്മദാക്കയെ കുറിച്ച് ചോദിച്ചപ്പോള്‍ ഉമ്മ പറഞ്ഞു തന്നത്.

എന്നെ കാണുമ്പോഴെല്ലാം സ്നേഹത്തോടെ ചിരിച്ചിരുന്ന ആ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്ന മമ്മദാക്കയും അവിടുത്തെ കുട്ടികളെയെല്ലാം നോക്കി വളര്‍ത്തിയത് ഞാനാണെന്ന് ഞങ്ങള്‍ മരുമക്കളെ ഓര്‍മിപ്പിച്ചിരുന്ന പാത്തുമ്മാത്തയും എപ്പോഴും വഴക്കായിരുന്നു.പണിക്കാരില്‍ പാത്തുമ്മാത്തയുടെ ഭാഗം പറയുന്നവര്‍ക്ക് ഒരു കഷ്ണം മീന്‍ അധികം കൊടുക്കുന്നു എന്നും ഉച്ചയൂണിന് മമ്മദാക്ക വൈകി വരുന്ന ദിവസം പാത്തുമ്മാത്ത വിറകിനാണെന്നും പറഞ്ഞ് ചുറ്റി തിരിയുന്നു എന്നതുമായിരുന്നു മിക്ക ദിവസങ്ങളിലും കേട്ട കാരണങ്ങള്‍.എങ്കിലും മമ്മദാക്കാക്ക് മാത്രമെ ബാപ്പയോട് സംസാരിക്കാന്‍ ധൈര്യമുള്ളു എന്നതിനാല്‍ എല്ലാര്‍ക്കും ഒരു ചെറിയ പേടിയുമുണ്ടായിരുന്നു.
എന്നെ വലിയ ഇഷ്ട്ടമായിരുന്ന മമ്മദാക്കയായിരുന്നു ലൈബ്രറിയില്‍ നിന്ന് മെമ്പര്‍ ഷിപ്പ് കാര്‍ഡും ചൊവ്വാഴ്ച്ചകളില്‍ പുറത്ത് പോവുമ്പോഴെല്ലാം എനിക്ക് മാത്രുഭുമി വീക്കിലിയുമൊക്കെ കൊണ്ട് തന്നിരുന്നത്.

ആ വീടും ആ വീട്ടിലെ ശീലങ്ങളും പിന്നീട് എനിക്കും ഇഷ്ട്ടമായി തുടങ്ങി.മമ്മദാക്ക എന്റെ മക്കള്‍ക്കും ഏറെ പ്രിയപ്പെട്ട ആളായിരുന്നു.യാത്രകള്‍ വലിയ ഇഷ്ട്ടമായിരുന്നു മമ്മദാക്കാക്ക്. വലിയ അഭിമാനിയായിരുന്നതിനാല്‍ ഞങ്ങള്‍ എവിടെയെങ്കിലും യാത്ര പോവുന്ന ദിവസങ്ങളില്‍ കൂടെ വരട്ടേ എന്ന് ചോദിക്കാന്‍ മനസ്സ് സമ്മതിക്കാതെ അവിടെ ചുറ്റി പറ്റി നില്‍ക്കുന്നത് കണ്ട് നമ്മളെങ്ങാനും നിങ്ങളും വരു എന്ന് പറഞ്ഞാല്‍ നൂറു തിരക്കു ഭാവിക്കും.പിന്നെ നിര്‍ബന്ധിക്കണം.പിണങ്ങിയ ദിവസങ്ങളിലാണെങ്കില്‍ അങ്ങോട്ട് പിണക്കം മാറ്റാന്‍ ചെന്നാല്‍ ആ പിണക്കം കൂടുകയേ ഉള്ളു.പിന്നീട് ചെറിയ കുട്ടികളെ പോലെ പിണക്കമെല്ലാം തീര്‍ന്ന് ആള്‍ തിരിച്ചു വരുന്നത് വരെ കാത്തിരിക്കണമെന്നേ ഉള്ളു..

വീട്ടില്‍ കുട്ടികള്‍ ആരെങ്കിലും ഇതു പോലെ കുറുമ്പും വാശിയും കാണിക്കുമ്പോള്‍
മമ്മദാക്കയെ പോലെ വലുതാകുകയാണ് എന്ന് പറയുമ്പോള്‍ ആദ്യമെല്ലാം ഞാന്‍ അന്തം വിട്ടു നിന്നിരുന്നു.എന്നോ ഒരിക്കല്‍ സംസാരത്തിനിടെ ഞാന്‍ പറഞ്ഞു കൊടുത്ത മമ്മദാക്ക കഥകള്‍ അറിയാവുന്ന ഹഫ്സ മനസ്സ് നിറയെ സ്നേഹവും അല്പ്പം കുറുമ്പുമുള്ള ഞങ്ങളുടെ പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുടെ പിണക്കങ്ങളെ കുറിച്ച് വിഷമത്തോടെ സംസാരിക്കുമ്പോള്‍ അവളൊരു മമ്മദാക്കയാണ്എവിടെയും പോവില്ല പിണക്കം തീരുമ്പോള്‍ തിരിച്ചു വരുമെന്ന് ഞാന്‍ പറയുമ്പോള്‍ നിര്‍ത്താതെ ചിരിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ അവളും പറഞ്ഞു തുടങ്ങി മമ്മദാക്കയെ പോലെ എന്ന്.

No comments:

Post a Comment