Saturday, October 5, 2013

ഇവിടുത്തെ പാത്തുമ്മാത്ത രാവിലെ വരുന്നതേ എന്തെങ്കിലും വാര്‍ത്തയുമായാണ്.ഇന്ന് വന്നത് അവരുടെ വീടിനടുത്ത് ബുധനാഴ്ച്ച നടക്കാന്‍ പോവുന്ന റാത്തീബിനെ കുറിച്ച് പറഞ്ഞ് കൊണ്ടായിരുന്നു.
ചൊല്ലു റാത്തീബ്, കുത്ത് റാത്തീബ് എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ ഞാനതൊന്നും കണ്ടിട്ടില്ല.നിലമ്പൂരിലെ വീടിനടുത്ത് ഇസ്ലാമിലെ തന്നെ എല്ലാ വിഭാഗക്കാരും ഉണ്ടായിരുന്നു.അവരാരും ഇത് നടത...്തി കണ്ടിട്ടില്ല.ഒരു പക്ഷേ സാമ്പത്തികമായി അവരാരും അന്ന് അത്ര ഉയര്‍ന്ന നിലയിലായിരുന്നില്ല എന്നതാവുമോ കാരണം എന്നുമറിയില്ല. ഞാന്‍ പഠിച്ച മദ്രസ്സയിലെ മൗലവി ക്ലാസ്സ് എടുക്കുന്നതിനിടെ അത് അനിസ്ലാമികമാണെന്ന് പറഞ്ഞു കേട്ട ഓര്‍മയുണ്ട്.

പാത്തുമ്മാത്തക്കും വലിയ വിവരമില്ലായിരുന്നു അതിനെ കുറിച്ച്.പണ്ട് കുട്ടികളായിരുന്നപ്പോള്‍ കണ്ട ഓര്‍മയില്‍ അവര്‍ പറഞ്ഞു തന്നതാണ്.

മങ്ങിയ വെളിച്ചത്തിലാണ് ഇത് നടന്നിരുന്നത്. പാട്ടിനൊപ്പം കത്തി, കുന്തം, സൂചി, വാള്‍ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടുള്ള മയ്യഭ്യാസവും ഉണ്ടാകുന്നു. ചൊല്ല് റാത്തീബ്, കുത്ത് റാത്തീബ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള റാത്തീബുകളുണ്ട്. ചൊല്ലുറാത്തീബില്‍ ചൊല്ലല്‍ മാത്രമേ ഉണ്ടാവൂ.കുത്തു റാത്തീബില്‍ കുത്തലും മുറിക്കലും കൂടിഉണ്ടാവുമെന്ന് അറിയാം.സ്ത്രീകള്‍ക്ക് അവിടെ പ്രവേശനമില്ല എന്ന് പറഞ്ഞവസാനിപ്പിച്ച അവര്‍ ഒരു കത്ത് കൂടി എഴുതി തരാമോ എന്നായി.


അവരുടെ അനിയത്തിക്ക് സാധാരണ എന്നെ കൊണ്ട് കത്തെഴുതിപ്പിക്കല്‍ പതിവാണ്.പേനയും കടലാസുമായി വന്നപ്പോഴാണ് അവര്‍ പറയുന്നത് റാത്തീബ് നടക്കുന്ന സ്ഥലത്ത് കൊടുക്കാനാണെന്ന്.എല്ലാവരോടും സങ്കടങ്ങള്‍ എഴുതി കൊണ്ടു കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട് .രാത്തീബിന് അവസാനം അവര്‍ എഴുത്തുകള്‍ ഓരോന്നായി എടുത്ത് വായിച്ച് പ്രാർഥിക്കും എന്ന് പറഞ്ഞപ്പോള്‍ തിരിച്ചൊന്നും പറയാനില്ലാത്തതിനാലാണ് എന്താണ് എഴുതേണ്ടത് എന്ന് ചോദിച്ചത്.

എനിക്ക് മക്കളോ ഭര്‍ത്താവോ ഇല്ല .ഒറ്റപ്പെട്ടുപോയ ഈ വയസുകാലത്ത് മരിക്കുന്നത് വരെ കിടപ്പിലാവാതെ ഇങ്ങിനെയങ്ങു പോയാല്‍ മതി എന്ന് എഴുതിക്കോളൂ എന്ന് പറഞ്ഞപ്പോള്‍ എവിടേയോ കൊളുത്തി വലിക്കുന്ന ഒരു വേദന തോന്നി.

ഒരായുസ്സ് മുഴുവന്‍ കഷ്ടപെട്ട് ജീവിത സായാഹ്നത്തില്‍ എത്തിനില്‍ക്കുന്ന അവരുടെ എപ്പോഴും പ്രസന്നമായിരിക്കുന്ന മുഖത്തേക്ക് നോക്കിയപ്പോള്‍ നാളെ എന്റെ ശരീരത്തെയും മനസ്സിനെയും ബാധിക്കാന്‍ പോവുന്ന വാര്‍ദ്ധക്യത്തെയാണ് ഞാന്‍ ഓര്‍ത്തത്.

ഒരു പക്ഷേ നാളെ എന്റെ മക്കള്‍ ജോലിയും തിരക്കുമായി ദൂരേ ദേശങ്ങളില്‍ ആവുമ്പോള്‍ ഞാനും ഇങ്ങിനെ ഒറ്റപ്പെടുമായിരിക്കും.ഞാനിത് പറയുമ്പോഴെല്ലാം എന്റെ കൂട്ടുകാരി സുഷ പറയും അങ്ങിനെ വന്നാല്‍ നമുക്ക് രണ്ടു പേര്‍ക്കും ഒന്നിച്ചു താമസിക്കണമെന്ന്.അപ്പോള്‍ ഞാന്‍ ചിത്രത്തിലില്ലേ എന്ന് ചോദിച്ച ഭര്‍ത്താവിനെ നോക്കി ആണുങ്ങള്‍ക്ക് ഒരു പേടിയും വേണ്ട മരുമക്കള്‍ക്ക് വയസായ അച്ഛന്മാരെ ശുശ്രൂഷിക്കാനുള്ള മടി കാരണം കല്യാണം കഴിപ്പിക്കുന്നതാണ് ഈയിടെ കണ്ടു വരുന്നത് എന്ന എന്റെ മറുപടി കുടുംബത്തിലെ ഒരു കസിനെ മനസിലോര്‍ത്തായിരുന്നു.
ഞാന്‍ കണ്ടിടത്തോളം ഇവിടെയുള്ള കുടുംബത്തിലെല്ലാം അമ്മമാരാണ് ഒറ്റപ്പെട്ടു പോവുന്നത്.

ഞങ്ങളുടെ അടുത്ത വീട്ടില്‍ ഒരു പെണ്‍കുട്ടിയുണ്ട്.ആകെ മൂന്നടിയേ കാണു.യാത്രകള്‍ ഒരു പാടിഷ്ടമാണവള്‍ക്ക്.ഒറ്റക്ക് അജ്മീരിലും ഡല്‍ഹിയിലുമൊക്കെ പോയി വന്ന അവള്‍ക്ക് ഇച്ചിരി വട്ടാണെന്ന് പറയും എല്ലാവരും.എന്നെ കാണുമ്പോഴെല്ലാം അടുത്ത് പോവാനിരിക്കുന്ന ജോര്‍ദാന്‍ പലസ്തീന്‍ യാത്രയെ കുറിച്ചും ഡല്‍ഹിയില്‍ പോയപ്പോള്‍ നിസാമുദ്ധീന്‍ പള്ളിയില്‍ താമസിച്ചതും എല്ലാം പറഞ്ഞു തരും.ഒരു ദിവസം സംസാരത്തിനിടെ അവള്‍ പങ്കെടുത്ത ഒരു പഞ്ചായത്ത് മീറ്റിങ്ങില്‍ വൃദ്ധസദനം ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരും അവളെ കളിയാക്കി ചിരിച്ചതിനെ കുറിച്ച് വേദനയോടെ പറയുകയുണ്ടായി.
ഒരു പക്ഷേ വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടു പോവുമെന്ന ഭീതിയാവാം അവളെ അങ്ങിനെ പറയിച്ചത്.

വൃദ്ധസദനം അത്ര സുഖകരമായ ഏര്‍പ്പാടൊന്നുമല്ല .മക്കളൊക്കെ നല്ല നിലയില്‍ ജീവിക്കുന്ന സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ ഉള്ള എന്റെ ഒരു കൂട്ടുകാരിയുടെ ചെറിയമ്മയും ചെറിയച്ചനും റിട്ടയേര്‍ഡ് ജീവിതം കുറെ ആളുകളോടൊപ്പം താമസിക്കാമെന്ന് ഓര്‍ത്താണ് വൃദ്ധസദനത്തില്‍ ചേര്‍ന്നത്.കുറച്ച് മാസങ്ങള്‍ക്ക് ശേഷം കനത്ത ഫീസ് വാങ്ങുന്ന ആ സ്ഥാപനത്തില്‍ നിന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നു .

പിന്നീട് ഒരു ദിവസം അവരെ കണ്ടപ്പോള്‍ ഞാനാദ്യം ചോദിച്ചത് എന്തേ തിരിച്ചു പോന്നത് എന്നായിരുന്നു.നമുക്ക് തോന്നുമ്പോള്‍ ഒന്ന് കിടക്കാനും സംസാരിക്കാനും വായിക്കാനുമൊന്നും പറ്റില്ല ടൈം ടേബില്‍ അനുസരിച്ചു നീങ്ങുന്ന യാന്ത്രിക ജീവിതമാണവിടെ എന്നായിരുന്നു അവരുടെ മറുപടി.

കനത്ത ഫീസ് വാങ്ങുന്ന സ്ഥാപനത്തില്‍ ജീവിക്കുന്നവര്‍ പോലും അതിഷ്ടപ്പെടുന്നില്ലെങ്കില്‍ സാധാരണക്കാരായ ആളുകള്‍ താമസിക്കുന്നിടം എന്താവും എന്നോര്‍ത്തു പോയി.

കാലത്തിന്റെ തിരക്കുകളില്‍ പെട്ടുള്ള ഈ ഓട്ടപാച്ചിലില്‍ നമുക്ക് അവരെ മറന്നു പോവാതിരിക്കാം.വാര്‍ദ്ധക്യ ജീവിതങ്ങളെ കരുതലോടെ, കരുണയോടെ സ്നേഹത്തോടെ അണച്ചുചേര്‍ത്തു നിര്‍ത്തണം.ഇതൊക്കെയേ നമുക്ക് അവസാനത്തേക്ക് കാത്തു വെക്കാന്‍ കാണു. നമുക്കും നാളെ ഇങ്ങിനെ ഒരു ദിവസം വരുമെന്ന ഓര്‍മപ്പെടുത്തലായിരുന്നു പാത്തുമ്മാത്തക്ക് എഴുതി കൊടുത്ത ആ കത്ത്.

No comments:

Post a Comment