Saturday, October 5, 2013

വിവാഹിതയായി വന്ന ഈ ഗ്രാമത്തിനോട് അന്നെനിക്ക് ഒട്ടും ഇഷ്ട്ടമുണ്ടായിരുന്നില്ല.ഒരു ലൈബ്രറി പോലുമില്ലാത്ത പെട്ടികടപോലുമില്ലാത്ത ഗ്രാമമായിരുന്നു അന്നിവിടം. ദൂരേ ജോലി സ്ഥലത്ത് നിന്നു വരുന്ന ഭര്‍ത്താവിന്റെ കത്തും കാത്തിരുന്നനാളില്‍ വായിച്ച് ഓരോ പേജ് നമ്പര്‍ പോലും കാണാപാഠമായ ആശാപൂര്‍ണാദേവിയുടെ സുവര്‍ണലതയും ബകുളിന്റെ കഥയും മാത്രമായിരുന്നു അന്നെനിക്...ക് കൂട്ട്.

ഒരു മാത്രുഭൂമി വീക്കിലി പോലും കിട്ടാത്ത നാടെന്ന് പറഞ്ഞപ്പോള്‍ മാത്രുഭൂമി വീക്കിലിയാണോ ജീവിതം എന്ന് തിരിച്ചു ചോദിച്ച ഭര്‍ത്താവിനോട് എനിക്കന്ന് ദേഷ്യം തോന്നിയിരുന്നു. കാണുമ്പോഴൊക്കെ ഒരു നൂറ്റാണ്ട് പിന്നിലാണ് നിങ്ങള്‍ എന്ന് കളിയാക്കുന്ന ജ്യേഷ്ഠനോട് എന്നും കലഹിക്കുമായിരുന്നു ഞാന്‍. പിന്നീട് എപ്പോഴോ ഞാനീ ഗ്രാമത്തേയും ഇവിടുത്തെ ആളുകളേയും ഇഷ്ട്ടപെട്ടുതുടങ്ങി എന്നത് വേരേ കാര്യം.

ഡെട്ടോളിന്റെ മണമുള്ള ആശുപത്രിയുടെ പ്രസവമുറിയില്‍ വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞ പ്രസവത്തിനൊടുവില്‍ തളര്‍ന്ന് മയങ്ങി കിടന്ന എന്നോട് കണ്ണു തുറന്ന് നിന്റെ സുന്ദരി മകളെ നോക്കു എന്ന് പറഞ്ഞ കുടുംബ സുഹൃത്തായ ഡോക്ടറുടെ വാക്കുകള്‍ കേട്ട് കണ്ണു തുറന്നപ്പോള്‍ കൈവിരലുകള്‍ ചുരുട്ടിപിടിച്ച് എന്റെ അരികില്‍ കിടന്ന എന്റെ മകളെ കണ്ടപ്പോള്‍ എനിക്ക് തോന്നിയ സന്തോഷം എല്ലാ സങ്കടങ്ങളേയും മായ്ച്ചു കളഞ്ഞു.പിന്നീട് അവളിലായിരുന്നു എന്റെ ലോകം..ഞാന്‍ വായിച്ച കഥകള്‍ പറഞ്ഞുകൊടുത്തും കളികുടുക്കയിലെ മുയലിന്റെ വീട് കണ്ട് പിടിക്കാന്‍ സഹായിച്ചും ചിത്രങ്ങള്‍ക്ക് നിറം കൊടുത്തും അവള്‍ വലുതായത് ഞാനറിഞ്ഞതേ ഇല്ല.

പിന്നീട് അവളെ സ്കൂളില്‍ ചേര്‍ക്കാനായപ്പോഴാണ് എവിടെ ചേര്‍ക്കുമെന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായത്..വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ നടന്ന് പോയി ഭര്‍ത്താവ് പഠിച്ചിരുന്ന സ്കൂളില്‍ ആക്കാമെന്നത് ആര്‍ക്കും സമ്മതമുണ്ടായിരുന്നില്ല

അന്ന് സ്കൂള്‍ ബസും ഉണ്ടായിരുന്നില്ല. വൈല്‍ഡ് ലൈഫില്‍ ഉദ്ദ്യോഗസ്ഥനായ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവിന്റെ കൂട്ടുകാരനും ഭാര്യയും ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ മക്കളെ കാടും നാടുമറിഞ്ഞ് പ്രകൃതി യോട് അടുത്തിഴപഴകി വളരാന്‍ വീട്ടിലിരുത്തി പഠിപ്പിക്കുന്നതെല്ലാം പറഞ്ഞതോര്‍ത്ത് അങ്ങിനെ വളര്‍ത്താം എന്ന് ഞാന്‍ പറഞ്ഞു നോക്കിയതാണ്.നിന്റെ പുസ്തകങ്ങളും പ്രകൃതി യും കേട്ട് എനിക്ക് മടുത്തു എന്ന് പറഞ്ഞ ഭര്‍ത്താവ് കേജി ക്ലാസ്സുകള്‍ വീട്ടിലിരുത്തി പഠിപ്പിക്കാന്‍ സമ്മതിച്ചെങ്കിലും ഒന്നാംക്ലാസ്സായപ്പോഴേക് ബോര്‍ഡിങ്ങ് സ്കൂളിലാക്കാമെന്ന് തീരുമാനിച്ചു കഴിഞ്ഞിരുന്നു..അതിനിടയില്‍ മഹാകുസൃതിയായ മകനുമെത്തി.

നമ്മുടെ ജീവിതത്തില്‍ നമ്മള്‍ പോലുമറിയാതെ ചിലര്‍ വന്ന് ശരിയായ തീരുമാനമെടുക്കാന്‍ സഹായിക്കുമെന്ന് തോന്നിയിട്ടുണ്ട് എനിക്ക്. ലാന്റ് ഫോണ്‍ തന്നെ കുറവുള്ള ഞങ്ങളുടെ ഗ്രാമത്തില്‍ അന്ന് ഞങ്ങളുടെ വീടിനു മുനിലൂടെ പോവുമ്പോള്‍ തന്നെ ഡോക്ട്ടര്‍ കാര്‍തികേയന് ഫോണ്‍ ചെയ്യേണ്ട അത്യാവശ്യമുണ്ടായത് അത് കൊണ്ടാവാം.ഒന്നു ഫോണ്‍ ചെയ്യട്ടേ എന്ന് ചോദിച്ചു വന്ന ഹാഫ് ട്രൗസറിട്ടു വന്ന ഡൊക്ട്ടറും ഭാര്യയും പിന്നീട് ഞങ്ങളുടെ അടുത്ത കൂട്ടുകാരായി.ഇംഗ്ലണ്ടില്‍ നിന്ന് മെഡിസിനും ഉയര്‍ന്ന ഡിഗ്രികളും സമ്പാദിച്ച അവര്‍ രണ്ടു പേരും ഗ്രാമത്തില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുകയായിരുന്നു.
ഡോക്ട്ടറാണ് മകള്‍ പഠിക്കുന്ന റിഷിവാല്ലി സ്കൂളില്‍ ചേര്‍ത്തികൂടെ എന്ന് ചോദിച്ചത്.അഡ്മിഷന്‍ കാര്യങ്ങള്‍ക്കെല്ലാം ഡോക്ട്ടര്‍ കൂടെ വന്നെങ്കിലും ചെറിയ വയസ്സില്‍ ഇത്ര ദൂരം വിടാനുള്ള എന്റെ സങ്കടം കണ്ടപ്പോള്‍ അവിടുത്തെ പ്രിന്‍സിപ്പാള്‍ പറഞ്ഞപ്പോഴാണ് ഞാനങ്ങിനെ ഒരു സ്കൂളിനെ കുറിച്ച് കേള്‍ക്കുന്നത്.

റിഷിവാലി സ്കൂളീന്റെ ഫൗണ്ടര്‍ പ്രിന്‍സിപ്പാളായ ഫ്രെഡറിക്ക് ഗോര്‍ഡന്‍ പിയേഴ്സ് ചിന്തകനും ഫിലോസഫറുമായ ജി കൃഷ്ണ മൂര്‍ത്തിയുമൊന്നിച്ച് സ്ഥാപിച്ച ബ്ലൂ മൗണ്ടൈന്‍സ് സ്കൂളിനെ കുറിച്ച് ഞാന്‍ കേട്ടിട്ടുപോലുമില്ലായിരുന്നു..ലോകത്തിന്റെ പല ഭാഗത്ത് നിന്ന് വന്ന കുട്ടികളും വിദേശത്തെ ഉയര്‍ന്ന സർവകലാശാല നിന്ന് ഒന്നോ രണ്ടോ വര്‍ഷം ലീവെടുത്ത് വന്ന അദ്ധ്യാപകരും വിശാലമായ ലൈബ്രറിയും കുട്ടികള്‍ അദ്ധ്യാപകരെ പേരു വിളിക്കുന്നതും പത്ത് കുട്ടികള്‍ മാത്രമുള്ള ഡോര്‍മിറ്ററിയില്‍ അവരെ ശ്രദ്ധിക്കാന്‍ ഒരു ആയയും ഡോം പാരന്റ് എന്ന് വിളിക്കുന്ന ഒരു ട്ടീച്ചറുമുള്ള ആ ലോകം കണ്ട് ഞാന്‍ അത്ഭുതപെട്ടു പോയി.ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളുള്ള ആ സ്കൂളില്‍ ആകെ നൂറുകുട്ടികളെ മാത്രമേ എടുക്കു എന്നതായിരുന്നു എനിക്കതിലേറെ അത്ഭുതം.
.മരചുവട്ടിലിരുന്ന് ചിത്രം വരക്കുകയും മൈതാനത്തെ പുല്ലില്‍ ഇരുന്ന് പരീക്ഷയെഴുതുകയും ചെയ്യുന്ന കുട്ടികളെ കണ്ടപ്പോള്‍ അവിടെ ചേര്‍ത്തണൊ എന്ന കണ്‍ഫ്യൂഷനിലുമായി എന്നതാണ് വാസ്തവം

ആക്റ്റിവിസ്റ്റുകളുടേയും നാച്ചറിസ്റ്റുകളുടേയും സോഷ്യല്‍ വര്‍ക്ക് ചെയ്യുന്നവരുടേയും മക്കളായിരുന്നു അവിടെ കൂടുതലും.

അന്ന് ഡോക്ട്ടറുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മകളെ അവിടെ ചേര്‍ത്തിയത്.അവളിലെ എഴുത്തിനേയും വായനേയും പാട്ടുകാരിയേയും ഡാന്‍സുകാരിയേയുമൊക്കെ കണ്ടെത്തിയ ആ സ്കൂളിലെ വിന്റര്‍ വെക്കേഷനും മണ്‍സൂണ്‍ വെക്കേഷനുമായി കിട്ടുന്ന വര്‍ഷത്തിലെ നാലു മാസത്തെ അവധിക്കാലത്ത് സ്കൂളിലെ വിശേഷങ്ങള്‍ പറയുന്നതിനിടെ മാസത്തില്‍ ഒരിക്കല്‍ വൃദ്ധ സദനത്തിലെ പ്രായമായവരെ ശുശ്രൂഷിക്കാന്‍ പോവുന്നതും സ്കൂളിനു താഴെയുള്ള ചേരിയിലെ കുട്ടികളെ പഠിപ്പിക്കുന്നതും കയ്യിലുള്ള വസ്ത്രങ്ങളുടേയും ഞായറാഴ്ചകളില്‍ കിട്ടുന്ന ചിപ്സിന്റെയും മിഠായികളുടേയും പാതി കൊടുക്കുന്നതുമെല്ലാം പറയുന്നത് കേട്ടിരിക്കുമ്പോള്‍ പണി എടുപ്പിക്കാനാണോ എന്റെ കുട്ടിയെ അവിടെ ചേര്‍ത്തതെന്ന് സങ്കടം പറയുന്ന അവളുടെ ''ഉമ്മമ്മയെ'' നോക്കി കിലുങ്ങി ചിരിച്ച പത്ത് വയസുകാരി എത്ര പെട്ടെന്നാണ് വലുതായി പോയത്..

.പിന്നീട് വലുതായി കോളേജ് പഠനത്തിനായി പുറത്ത് ദൂരെ പോവേണ്ടി വന്നപ്പോഴും പണ്ട് സ്കൂളിലെ വ്യാഴ്ച്ചകളില്‍ വന്നിരുന്ന കത്തിനു പകരം എല്ലാ വൈകുന്നേരങ്ങളിലും കോളേജ് വിശേഷങ്ങള്‍ അറിയിച്ചുകൊണ്ടുള്ള അവളുടെ ഫോണ്‍ വിളികളായി.

ഒരു പ്രായമാകുമ്പോള്‍ പെണ്മക്കള്‍ അമ്മമാരുടെ കൂട്ടുകാരായിതീരുന്നു എന്ന് തോന്നിയിട്ടുണ്ട് എനിക്ക്.എന്റെ വിരല്‍ തുമ്പില്‍ പിടിച്ച് പിച്ച വെക്കാന്‍ പഠിച്ച പണ്ട് നാട്ടു വഴിയിലൂടേയും വയല്‍ വരമ്പിലൂടേയും എന്റെ കൈ വിരല്‍ പിടിച്ച് നടന്നിരുന്ന മകള്‍ വലുതായി ജോലിയും വിവാഹവുമായി തിരക്കിലായപ്പോള്‍ കുറച്ചുകാലത്തേക്ക് വല്ലാത്ത ഒരു ശൂന്യത തോന്നിയിരുന്നു.
ഇന്ന് വന്ന ലാന്റ് ഫോണിന്റെ മണിയടി എനിക്കൊരു സന്തോഷ വാര്‍ത്ത തരാനാവുമെന്ന് ഞാന്‍ വിചാരിച്ചതേ ഇല്ല. ഒരു മാസത്തെ ലീവില്‍ നാട്ടില്‍ വരുന്നു.ഓഫീസും തിരക്കുമില്ലാതെ മമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് ട്ടീവിയും കണ്ട് പഴയ കുട്ടിയുടുപ്പുകാരിയെ പോലെ മടി പിടിച്ചു കിടക്കണമെനിക്ക് എന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ എന്റെ അമ്മ മനസ്സ് സന്തോഷത്താല്‍ ചിറകു വിരിച്ച പറന്നു പോയതിനാലാവാം പിന്നെ കുറേ നേരത്തേക്ക് ഞാനൊന്നും കേട്ടില്ല.

No comments:

Post a Comment