Saturday, October 5, 2013

എണ്‍പത് വയസുപ്രായമുള്ള പൊതുവെ ആരോഗ്യവതിയായ ഭര്‍ത്താവിന്റെ ഉമ്മക്ക് പതിവ് ചെക്കപ്പിനായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്കുള്ള ആ പോക്ക് ഇഷ്ടമാണ് എന്നറിയാവുന്നത് കൊണ്ട് ഞാനത് മുടക്കാറില്ല.സാഗറില്‍ കയറി ഒരു ബിരിയാണി ഒക്കെ കഴിച്ച് ബീച്ചില്‍ പോയി കാറില്‍ തന്നെ ഇരുന്ന് കടലിന്റെ ഇരമ്പവും അവിടുത്തെ തിരക്കും എല്ലാം ആസ്വദിച്ച് തിരിച്ചു പോരുമ്പോള...്‍ മുഖത്ത് നല്ല തെളിച്ചമായിരിക്കും.ആ പോക്കിലൊന്നും ഞാന്‍ ഷോപ്പിങ്ങിനോ കോഴിക്കോടുള്ള കൂട്ടുകാരിയെ കാണാനോ നില്‍ക്കാറില്ല.

കുടുംബ സുഹൃത്തായ ഡോക്ട്ടര്‍ക്കും ഇഷ്ട്ടമാണ് ഉമ്മയെ കാണുന്നത്.അറുപത് വയസായെങ്കിലും ഉമ്മ കുട്ട്യേന്നേ ഡോക്ട്ടറെ വിളിക്കു.ലോകത്ത് ഉമ്മയും ഉപ്പയും മരിച്ചതിനു ശേഷം ഈ ഉമ്മയല്ലാതെ എന്നെ ആരുമില്ല ഇങ്ങിനെ വിളിക്കാന്‍ എന്ന് പറയുമ്പോള്‍ ഡോക്ട്ടറുടെ കണ്ണിലെ തെളിച്ചം കണ്ടിരിക്കുമ്പോള്‍ എനിക്കും വെറുതേ ഒരു സന്തോഷം തോന്നും.


അങ്ങിനെ പോയ ഒരു കോഴിക്കോടന്‍ യാത്രയില്‍ ഈ സീ ജീയില്‍ വേരിയേഷന്‍ കണ്ടതിനാല്‍ കൂടുതല്‍ ടെസ്റ്റുകള്‍ വേണ്ടി വരും ഉമ്മക്ക് തത്ക്കാലം ഒഴിവുള്ള ഏതെങ്കിലും കണ്‍സല്‍ട്ടിങ്ങ് റൂമില്‍ കിടക്കാനുള്ള സൗകര്യം ചെയ്യാം എന്ന് പറഞ്ഞതനുസരിച്ച് ട്ടെസ്റ്റ് കാത്തിരിക്കുന്ന മടുപ്പ് ഒഴിവാക്കാന്‍ ബാഗില്‍ കരുതിയിരുന്ന ഖാലിദ് ഹൊസ്സൈനിയുടെ തിളക്കമാര്‍ന്ന ഒരായിരം സൂര്യന്മാര്‍ തിരയുമ്പോള്‍ അവരെന്റെ അടുത്ത സീറ്റില്‍ ഇരിക്കുന്നുണ്ടായിരുന്നു.എനിക്കത്ര മുഖ പരിചയം തോന്നാതിരുന്നതിനാലാണ് ഞാനവരെ അത്ര ശ്രദ്ധിക്കാതിരുന്നത്.ഇടക്കെപ്പോഴോ മുഖമുയര്‍ത്തിയപ്പോഴും അവരെന്നെ ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍ വെറുതെ ഒന്ന് ലോഹ്യം പറയാംന്നേ വിചാരിച്ചിരുന്നുള്ളു.


സംസാരത്തില്‍ ഇത്തിരി ഇഷ്ടകുറവുണ്ടോ എന്നൊരു സംശയം തോന്നിയതിനാല്‍ വീണ്ടും പുസ്തകത്തിലേക്ക് മുഖം പൂഴ്ത്താന്‍ തുടങ്ങുമ്പോഴാണ് അവര്‍ പറയുന്നത്.നമ്മള്‍ ഒരിക്കല്‍ പരിചയപ്പെട്ടതാണ് അന്നൊരു പാട് നേരം സംസാരിക്കുകയും ചെയ്തിരുന്നു എന്ന്. അങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് തന്നെ ഒരേ ബാച്ചില്‍ പഠിച്ച ഒരു ചങ്ങാതിയുടെ ഭാര്യയാണ് അവനാണ് നമ്മളെ പരിചയപ്പെടുത്തിയത് എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് ഓര്‍മ വന്നത് തന്നെ.അവര്‍ക്ക് തോന്നിയ നീരസത്തിന്റെ കാരണം എനിക്ക് മനസിലായതും അപ്പോഴാണ്.

ഒരാളെ പത്ത് പ്രാവശ്യം കണ്ടാലേ എനിക്കോര്‍മവരൂ എന്ന് മക്കള്‍ കളിയാക്കുന്നതും പേര് തെറ്റിച്ചു വിളിക്കുന്നതും ഫോണും മറ്റു സാധനങ്ങളും തിരഞ്ഞു നടക്കുന്നതും ഏട്ടി എമില്‍ പോയി പിന്‍ കോഡ് മറന്നു പോയതുമെല്ലാം പറഞ്ഞപ്പോഴാണ് അവരുടെ മുഖം തെളിഞ്ഞത്.പൊതുവേ എന്റെ വീട്ടില്‍ എല്ലാവര്‍ക്കുമുണ്ട് ഈ സ്വഭാവം.ആരും അതത്ര കാര്യമാക്കാറുമില്ല.

.കുട്ടികള്‍ക്ക് അവധി ഉണ്ടാവുമ്പോഴെല്ലാം എല്ലാവരും നിലമ്പൂരിലെ വീട്ടില്‍ ഒത്തുകൂടാറുണ്ട്.സിനിമ കണ്ടും ആഡ്യന്‍ പാറയിലെ വെള്ള ചാട്ടത്തില്‍ കുളിച്ചും മലകയറ്റവുമെല്ലാമായി ആഘോഷത്തിന്റെ നാളുകള്‍.സിനിമക്ക് പോയാല്‍ പൊതുവെ ഒച്ചയും ബഹളവും വെച്ച് സിനിമയെ കീറി മുറിച്ച് അഭിപ്രായം പറഞ്ഞും തര്‍ക്കിച്ചുമുള്ള മടക്കയാത്രകളാണ് പതിവ്.

ഒരു അവധിക്കാലത്ത് അനിയത്തിമാരും ജ്യേഷ്ഠനുമൊത്ത് അല്‍ഷിമേഴ്‌സ്‌’ എന്ന രോഗം വരുത്തി തീര്‍ക്കുന്ന ദുരന്തത്തിന്റെ കഥ പറയുന്ന ബ്ലെസ്സിയുടെ തന്മാത്ര കണ്ട് മടങ്ങുമ്പോള്‍ എല്ലാവരും നിശബ്ദരായി ഇരിക്കുന്നത് കണ്ട് ഡ്രൈവര്‍ ചോദിക്കുകയുണ്ടായി.എന്തു പറ്റീ എല്ലാവര്‍ക്കുമെന്ന്.എനിക്ക് അല്‍ഷിമേഴ്സ് വരുമോ എന്ന് ഞാനെന്റെ മറവിയെ ഓര്‍ത്തപ്പോള്‍ അറിയാതെ ചോദിച്ചു പോയതാണ്. ഞാനിപ്പോ എനിക്കു വരുമോ എന്നുള്ള പേടിയിലാണെന്ന് ജ്യേഷ്ഠന്‍ പറഞ്ഞപ്പോള്‍ എല്ലാവരും കൂട്ടചിരിയായി.

തനിക്കു സംഭവിക്കുന്ന അവസ്ഥയെക്കുറിച്ച്‌ അറിയുകയോ അതിന്റെ വേദനകള്‍ അനുഭവിക്കുകയോ ചെയ്യാതെ ജീവിതത്തില്‍ നിന്നുള്ള മനസ്സിന്റെ ഒരു മടക്കയാത്രയാണ്‌ അല്‍ഷിമേഴ്‌സ്.ജീവിതത്തില്‍ നിന്ന് ഒരേടാണ് അപ്രത്യക്ഷമാകുന്നത്.


അന്നതൊരു തമാശക്ക് പറഞ്ഞതാണെങ്കിലും എന്റെ ഈ മറവിയുടെ പേരില്‍ കുറ്റപ്പെടുത്തല്‍ കേള്‍ക്കുമ്പോഴെല്ലാം എനിക്ക് അങ്ങിനെ ഒരു ഭയമുണ്ട്. ഞാനും ഒരു ദിവസം നിങ്ങളുടെയെല്ലാം മുഖം മറന്നുപോയേക്കാം എന്ന് മക്കളോടും ഭര്‍ത്താവിനോടും പറയുമ്പോഴെല്ലാം അവര്‍ക്ക് ചിരിയാണ്.ഡൊക്ട്ടറും കളിയാക്കും ഈ മറവിയൊക്കെ എല്ലാവര്‍ക്കുമുണ്ടെന്ന് പറഞ്ഞ്.

അല്‍ഷിമേഴ്സ് ബാധിച്ച ഒരു പാടു പേരെ എനിക്കറിയുകയും ചെയ്യും.കാണുമ്പോഴെല്ലാം ചേര്‍ത്തു പിടിച്ചിരുന്ന ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അമ്മക്ക് പിന്നീട് എന്നെ കാണുമ്പോളൊന്നും മനസ്സിലാവാതെ ആയപ്പോള്‍ എനിക്കൊരുപാട് വേദന തോന്നിയിരുന്നു.പിന്നീട് പാലക്കാടേക്കുള്ള ആ യാത്രയില്‍ തിരിച്ചു പോരുമ്പോള്‍ എല്ലാം സീറ്റില്‍ ചുരുണ്ടുകൂടി കണ്ണടച്ചിരിക്കുമ്പോഴെല്ലാം ഭര്‍ത്താവ് ദേഷ്യപ്പേടും.അവരുടെ മക്കള്‍ക്കിത്ര വിഷമമില്ലല്ലോ ഇഷ്ടം തോന്നുന്നവരെയെല്ലാം ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്ന നിന്റെ ഈ സ്വഭാവം നിനക്ക് സങ്കടങ്ങളേ തരൂ എന്ന് പറഞ്ഞ്.

നിറയെ കുട്ടികളുള്ള വീട്ടില്‍ ജോലിക്കാരുടെ സംരക്ഷണത്തിൽ വളര്‍ന്ന പഴയ കുട്ടിയുടുപ്പുകാരിയുടെ സ്വപ്നങ്ങളിലെങ്ങോ ഉണ്ടായിരുന്ന അമ്മയുടെ മാറിലെ സുരക്ഷിതത്വം , കാണുമ്പോഴെല്ലാം ചേര്‍ത്തു പിടിക്കുന്ന ആ അമ്മയെ കാണുമ്പോള്‍ തോന്നിയിരിക്കണം .അത് കൊണ്ടാവാം ഓര്‍മയുടെ കണ്ണികള്‍ പൊട്ടിപോയ ആ അമ്മയെ ഓര്‍ക്കുമ്പോഴെല്ലാം എന്നാലും എന്നെ മറന്നു പോയല്ലോ എന്നോര്‍ത്ത് എനിക്ക് കരച്ചില്‍ വരുന്നത്.

No comments:

Post a Comment