Saturday, October 5, 2013

ഇടക്ക് ഉമ്മയെ കാണാന്‍ വീട്ടില്‍ പോവുമ്പോഴെല്ലാം റെയില്‍വേ സ്റ്റേഷനടുത്തുള്ള ചെറിയ ആ കടയും അതിനകത്തിരിക്കുന്ന മുപ്പത് വയസു തോന്നിക്കുന്ന ആ ചുരീദാറുകാരിയേയും ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്നെ കാണുമ്പോഴെല്ലാം വിടര്‍ന്നു ചിരിക്കുന്ന ആ മുഖം കാണുമ്പോഴെല്ലാം അവിടെ ഒന്ന് കയറിയാലോ എന്നോര്‍ക്കാറുണ്ട്. അപ്പോഴെല്ലാം പിന്നീടൊരിക്കലാവാമെന്ന് ഒരു പിന്‍ വിളിയില്‍ അതുപേക്ഷിക്കാറാണു പതിവ്. കഴിഞ്ഞ ദിവസം വീടിനടുത്തുണ്ടായിരുന്ന ബാല്യകാലത്തെ കളികൂട്ടുകാരന്റെ മകളുടെ കല്യാണത്തിന് പോയപ്പോള്‍ ആണ് ഞാനവളെ വീണ്ടും കണ്ടത്.
രാവിലെ എഴുന്നേറ്റപ്പോള്‍ തൊട്ട് എല്ലാത്തിനോടും ഒരു മടുപ്പ് തോന്നിയതിനാല്‍ പോവുന്നില്ലെന്ന് വിചാരിച്ച യാത്രയായിരുന്നു അത്. റെയില്‍വേ സ്റ്റേഷനില്‍ വന്ന് പിക്ക് ചെയ്യാമെന്ന് പറഞ്ഞ അനിയത്തിയോട് വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചില്ല. കുട്ടിയായിരുന്നപ്പോള്‍ നിന്റെ പിറകേ എപ്പോഴും വാലായി നടന്നിരുന്നതല്ലേ തലയില്‍ തട്ടമിടാത്തത് മൗലവിക്ക് പറഞ്ഞു കൊടുത്ത് അടി കൊള്ളിച്ച ചങ്ങാതിയെ ഒളിച്ചിരുന്ന് കല്ലെറിഞ്ഞത് കേസായപ്പോള്‍ കുറ്റം ഏറ്റെടുത്ത് അടി മുഴുവന്‍ വാങ്ങിയതെല്ലാം നീ മറന്നു പോയല്ലേ എന്നൊക്കെ ചോദിച്ചപ്പോള്‍ ഉണ്ടായ യാത്രയായിരുന്നു അത്.
ട്രെയിന്‍ ഇറങ്ങി കാത്തുനിന്ന അനിയത്തിയോടൊപ്പം പോവുമ്പോള്‍ ഞാനവളെ ഒന്ന് തിരിഞ്ഞു നോക്കി.. ഒരു ചെറിയ കടയായിരുന്നു അത്. ചായയും ചില്ലു ഭരണിയില്‍ ഇട്ടു വെച്ച കുറച്ചു കേക്കും പിന്നെ തോര്‍ത്ത് മുണ്ട് ബ്രഷ് കുഞ്ഞു പാക്കറ്റുകളിലുള്ള പേസ്റ്റ്. അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളു കടയില്‍.
എന്നെ കണ്ടതും എന്നത്തേയും പോലെ ചിരിച്ചു കൊണ്ടെഴുന്നേറ്റ അവളെ കണ്ടപ്പോള്‍ ഞാനുറപ്പിച്ചു. തിരിച്ചുള്ള യാത്രയില്‍ അവിടെ ഒന്നു കയറണമെന്ന്. ഗള്‍ഫില്‍ പോയി ഇപ്പോള്‍ സാമ്പത്തികമായി നല്ല നിലയില്‍ ജീവിക്കുന്ന കൂട്ടുകാരന്‍ മക്കളൊക്കെ പഠിച്ച് എഞ്ചിനീയറിങ്ങും മെഡിസിനുമൊക്കെ ചെയ്യുന്ന സന്തോഷം പങ്കു വെക്കാന്‍ കൂടി വിളിക്കുന്നതാണ് എന്നൊക്കെ അനിയത്തി പറയുന്നുണ്ടായിരുന്നു. ആ പെണ്‍കുട്ടിയെ കാണിച്ച് കൊടുത്ത് നമുക്കവിടെ ഒന്ന് കയറിയാലോ എന്ന് ഞാനവളോട് ചോദിച്ചതായിരുന്നു. അതിനിടെ എത്താറായോ ഞാന്‍ സ്റ്റേഷനില്‍ വരണോ എന്നൊക്കെ ചോദിച്ച് കൂട്ടുകാരന്റെ ഫോണ്‍ വന്നപ്പോള്‍ തിരിച്ചു വരുമ്പോള്‍ കയറാം ഒരു പക്ഷേ നമ്മളറിയുന്ന ആരെങ്കിലുമാവുമെന്ന് അവള്‍ പറയുകയും ചെയ്തു.
അങ്ങിനെയാണ് തിരിച്ചുള്ള യാത്രക്ക് എന്നെ ട്രെയിന്‍ കയറ്റി വിടാന്‍ വന്ന അനിയത്തിയേയും കൂട്ടി ഞാനാ കടയില്‍ കയറിയത്. രണ്ടു പേരേയും ഒന്നിച്ചു കണ്ടപ്പോള്‍ എന്നെ അറിയില്ലേ എന്ന് വിടര്‍ന്ന് ചിരിച്ചു കൊണ്ട് എഴുന്നേറ്റു വന്ന് പണ്ട് ഞാന്‍ നിങ്ങളുടെ വീടിനടുത്തായിരുന്നു താമസം നിങ്ങളുടെ ചെറിയ അനിയത്തിയുടെ കൂടെ പഠിച്ചതാണ് എന്നൊക്കെ പറഞ്ഞു തുടങ്ങി. പണ്ട് നിങ്ങളുടെ അനുജന്റെ കൂട്ടുകാരന്‍ ആ വെളുത്ത പയ്യനില്ലേ അവന്റെ ഉമ്മ രാത്രി കടയിലേക്ക് പറഞ്ഞയക്കുമ്പോഴെല്ലാം പേടി ഇല്ലാതിരിക്കാന്‍ നിങ്ങളുടെ വീട്ടിലെ കുട്ടികളുടെ പേര് ഉറക്കെ വിളിച്ച് കടയില്‍ പോയിരുന്ന പയ്യന്‍, അവനിപ്പോ പോലീസാണല്ലേ എന്നൊക്കെ ചോദിച്ച് നിര്‍ത്താതെ സംസാരിക്കുന്നതിനിടെ ആവി പറക്കുന്ന ചായ തരാന്‍ മറന്നില്ല. എന്നിട്ടും എനിക്കവളെ ഓര്‍മ വന്നതേ ഇല്ല. എന്റെ വിഷമം കണ്ട് ഞാന്‍ സ്കൂളില്‍ പോവുന്ന കാലത്ത് നിങ്ങളൊക്കെ കോളേജില്‍ പോയി തുടങ്ങിയിരുന്നു അതാണോര്‍മ വരാത്തതെന്ന് അവള്‍ എന്നെ ആശ്വസിപ്പിച്ചു.
ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ട് അതു വരെ ഇവിടെ ഇരിക്കാം എന്ന് നിര്‍ബന്ധിച്ച അവള്‍ സംസാരത്തിനിടെ പെട്ടെന്നാണ് ചോദിച്ചത്. ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ കണ്ടിട്ടുണ്ടോ എന്ന്. അതില്‍ മൈസൂര്‍ കല്യാണത്തെ കുറിച്ച് വന്ന പരിപാടിയില്‍ ഞാനുണ്ടായിരുന്നു. അതില്‍ നാലു വരി പാട്ടും പാടി, അതില്‍ നാലു വരി പാട്ടും പാടി, എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോഴും ആ പാട്ടെന്നെ പാടി കേള്‍പ്പിച്ചപ്പോഴും ആ കണ്ണിലുണ്ടായിരുന്ന കുസൃതി ചിരി അവളുടെ കല്യാണത്തെ കുറിച്ചും പതിമൂന്ന് വയസുള്ള മകളെ കുറിച്ചുമൊക്കെ പറഞ്ഞു വന്നപ്പോഴേക്കും കെട്ടു പോയിരുന്നു.
തൊണ്ണൂറ്റി എട്ടു ശതമാനം മൈസൂര്‍ വിവാഹങ്ങളും പരാജമാണെന്ന് പറഞ്ഞു തുടങ്ങിയ അവള്‍ ഉപ്പ മരിക്കുന്നതിനു മുന്‍പ് വിവാഹിതരായ സാമ്പത്തിക ഭദ്രതയൊന്നും ഇല്ലെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നു സഹോദരിമാരെ കുറിച്ചും ഉപ്പ മരിച്ചതിനു ശേഷം ജ്യേഷ്ഠന്മാരുടെ അവഗണനയെ കുറിച്ചും നിസ്സഹായയായ ഉമ്മയുടെ കണ്ണീരിനെ കുറിച്ചും പറയുന്നത് കേട്ട് മിണ്ടാതിരുന്നപ്പോള്‍ ഈ ദുരിതങ്ങളില്‍ നിന്നെല്ലാം ഒരു മോചനമാവാം അവള്‍ ഈ താരതമ്യേന കുറഞ്ഞ സ്ത്രീധനം കല്യാണത്തിലൂടെ സ്വപ്നം കണ്ടിരുന്നതെന്ന് എനിക്ക് തോന്നി. പ്രാഥമിക കാര്യങ്ങള്‍ക്കുപോലും സൗകര്യമില്ലാത്ത അടുത്തടുത്തുള്ള കുടിലുകളില്‍ ഒന്നില്‍ ഭര്‍ത്താവും മാതാപിതാക്കളും സഹോദരങ്ങളുമൊത്ത് താമസിച്ചിരുന്ന നാളുകളില്‍ ഒരിക്കല്‍ പോലും പുറം കാണാന്‍ അനുവാദമില്ലാതെ ഭാഷ മനസ്സിലാവാതെ പട്ടിണി കിടന്ന നാളുകളില്‍ ഒരു ഗ്ലാസ്സ് കട്ടന്‍ ചായ കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയിട്ടുണ്ട് എന്നാണവള്‍ ആ ദിവസങ്ങളെ കുറിച്ച് പറഞ്ഞത്.
ഗര്‍ഭിണിയാണെന്നറിഞ്ഞ് നാട്ടില്‍ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിന്റെ ഒരു വിവരവുമറിയില്ലെന്ന് പറഞ്ഞപ്പോള്‍ എന്തേ ആരും അന്വേഷിച്ച് പോയില്ല എന്ന ചോദ്യത്തിന് ഇതിന്റെയൊക്കെ പിറകെ അന്വേഷിച്ചു പോവാന്‍ വയസായ ഒരു ഉമ്മയല്ലാതെ എനിക്കാരാണുള്ളത് എന്ന മറു ചോദ്യം എന്നെ നിശബ്ദയാക്കികളഞ്ഞു. മദ്രസ്സയില്‍ കൂടെയുണ്ടായിരുന്ന കുട്ടികളധികവും സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വീട്ടില്‍ നിന്നുള്ളവരായിരുന്നു. പിന്നീട് അവരില്‍ ചിലരുടെ ഉമ്മമാരെ എവിടെ നിന്നെങ്കിലും കാണുമ്പോള്‍ കൂട്ടുകാരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കുന്ന എന്നോട് അന്യ ദേശത്ത് നിന്ന് വന്ന രണ്ടാം കെട്ടുകാര്‍ വിവാഹം ചെയ്തു എന്നൊക്കെ പറയുമ്പോള്‍ മനസിലൊരു നീറ്റല്‍ ഉണ്ടാവാറുണ്ട്. അവര്‍ സുഖമായിരിക്കുന്നോ സന്തോഷമായി ഇരിക്കുന്നോ എന്ന് ചോദിക്കുമ്പോഴൊക്കെ ഞാനും കൂടെ ഇല്ലാതായാല്‍ അവളെ ആരു നോക്കാനാ ഒരു കുട്ടിയെ കിട്ടിയാല്‍ അവള്‍ക്കൊരു തുണയാവുമല്ലോ അതു കൊണ്ട് ചെയ്തു പോയതാ എന്ന് പറഞ്ഞ ആ ഉമ്മയുടെ നിസ്സഹായത എന്നെ ഏറെ നൊമ്പരപ്പെടുത്തി. അന്നത്തെ കാലത്ത് മൈസൂര്‍ കല്യാണങ്ങളും അറബി കല്യാണങ്ങളും ആരും ശ്രദ്ധിക്കപ്പെടാതെ പോയതിനാല്‍ അവരുടെ വേദനകളൊന്നും ആരുമറിഞ്ഞിരുന്നുമില്ല. അറിഞ്ഞവരൊന്നും അത് ശ്രദ്ധിച്ചിരുന്നുമില്ല.
അവളുതന്ന ചായയും കേക്കും കഴിച്ച് യാത്ര പറഞ്ഞിറങ്ങാന്‍ നേരം തുഛമായ പെന്‍ഷനും ഈ കടയിലെ വരുമാനവും കൊണ്ട് പതിമൂന്നുകാരി മകളോടൊത്ത് ഞാന്‍ പഞ്ചായത്തില്‍ നിന്ന് അനുവദിച്ചു തന്ന വീട്ടിലാണ് താമസിക്കുന്നത്, ഒരു ദിവസം അവിടെ വരു എന്ന് പറഞ്ഞ ആ പെണ്‍കുട്ടിയുടെ കണ്ണിലെ ദൈന്യത കണ്ടപ്പോള്‍ ഞാനെന്റെ കൂട്ടുകാരെ ഓര്‍ത്തു പോയി. എവിടെയാണവര്‍.. സുഖമായും സന്തോഷമായും ജീവിക്കുന്നുണ്ടാവുമോയെന്തോ!

No comments:

Post a Comment