Saturday, October 5, 2013

പ്രശസ്തനായ ഒരാളുടെ ഇന്റെർവ്യു ട്ടീവീയില്‍ കാണുന്നതിനിടെ കോഴിക്കോട്ടെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ ഡോക്ട്ടറെ കാണാന്‍ ചെന്ന ഫാബി ബഷീര്‍ ഞാന്‍ ഫാബി ബഷീറാണെന്ന് പറഞ്ഞപ്പോള്‍ ഒന്നു തല ഉയര്‍ത്തിനോക്കുകപോലും ചെയ്യാതിരുന്ന ഡോക്ട്ടറെ ഒന്നു ഞെട്ടിക്കാന്‍ പേര് വൈക്കം മുഹമ്മദ് ബഷീറാണെന്ന് മാറ്റി പറഞ്ഞപ്പോള്‍ , എന്താ ഇത്ര ദൂരം വന്നത് വൈക്കത്ത് ... നല്ല ആശുപത്രിയില്ലേ എന്ന് ചോതിച്ച ഒരു ഡോക്ടറെ കുറിച്ച് കേള്‍ക്കുകയുണ്ടായി.

എനിക്കൊരു കൂട്ടുകാരിയുണ്ട് ഇതു പോലെ. കിട്ടുന്ന കാശിന് സാരി വാങ്ങാതെ പുസ്തകങ്ങള്‍ വാങ്ങുന്ന എനിക്ക് വട്ടാണെന്ന് പറയുന്ന കൂട്ടുകാരി.വായന ഒട്ടുമില്ല അവള്‍ക്ക്.പേപ്പര്‍ വായിക്കുന്നത് തന്നെ ചരമകോളം നോക്കാന്‍ മാത്രം. അവളൊരിക്കല്‍ ഒരു യാത്ര പോയപ്പോള്‍ നിനക്കെന്തു കൊണ്ടുവരണമെന്ന് ചോതിക്കുകയുണ്ടായി. മെഹദി ഹസ്സന്റെ ഗസല്‍സിന്റെ സീഡി കിട്ടിയാല്‍ കൊണ്ടു വരു എന്ന് കുറേ നിര്‍ബന്ധിച്ചു ചോതിച്ചത് കൊണ്ട് മാത്രം പറഞ്ഞതായിരുന്നു.യാത്രയുടെ അവസാന ദിവസം ഷോപ്പിങ്ങിനിടെ ഗായകന്റെ പേര് മറന്നു പോയ അവള്‍ ഫോണ്‍ ചെയ്ത് എനിക്കാ സീഡി കിട്ടിയില്ല അങ്ങിനൊരു ഹസ്സന്റെ മാപ്പിളപാട്ടില്ലെന്ന് പറയുന്നു കടക്കാരന്‍ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ പാടുപെടേണ്ടി വന്നു.

നിഷ്കളങ്കയായ മനസു നിറയെ സ്നേഹമുള്ള അവളെ എനിക്കിഷ്ട്ടമാണ്. വില്‍സ് സ്മിത് ആണ് ഏറ്റവും സുന്ദരനെന്ന് പറഞ്ഞപ്പോള്‍ നിന്റെ കൂടെ പഠിച്ചതാണോ എന്ന് ചോതിച്ച ആളാണ്. ഒരിക്കല്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ കാണാന്‍ മമ്മൂട്ടിയുടെ പടമാണെന്ന് നുണ പറഞ്ഞ് കൊണ്ട് പോയതിന് സിനിമ കഴിയുന്നത് വരെ എന്നെ ചീത്ത വിളിച്ച കൂട്ടുകാരി. കാണുന്നവരോടെല്ലാം തോന്നുന്ന ഇഷ്ടമല്ല പ്രണയമെന്ന് പറഞ്ഞപ്പോള്‍ എന്നാ പിന്നെ അങ്ങിനെ ഒരു സാധനം ഈ ഭൂലോകത്തില്ലെന്ന് തര്‍ക്കിച്ചവള്‍.നന്നായി പാചകം ചെയ്യുന്ന അവളില്‍ നിന്നാണ് ഞാന്‍ കേക്കും സുറിയാനി ക്രിസ്ത്യന്‍ വിഭവങ്ങളും പഠിച്ചെടുത്തത്.

സ്വന്തം വീട്ടിലേക്ക് പോവാന്‍ റെഡിയാവാന്‍ പറയുന്ന ഭാര്യയോട് ചൂടുചായയില്‍ മുക്കിയ തെര്‍മോമീറ്റര്‍ കാണിച്ച് പനിയാണെന്ന് പറയുന്ന ഭര്‍ത്താവിനെ ഒരു ട്ടീവി പരസ്യത്തില്‍ കണ്ടിട്ടുണ്ട്. .ഇവിടെയും അങ്ങിനെയാണ്. പ്രിയപ്പെട്ട കൂട്ടുകാരുടെ വീട്ടിലോ സ്വന്തം വീട്ടിലോ ആണെങ്കില്‍ എല്ലാ തിരക്കുകളും മാറ്റി വെക്കുന്ന ആള്‍ ഞാന്‍ എന്റെ വീട്ടിലെ ആവശ്യത്തിന് കൂടെ വിളിച്ചാല്‍ അന്നില്ലാത്ത തിരക്കുകളുണ്ടാവില്ല..ക്യാന്‍സര്‍ വന്നു മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന എന്റെ ബന്ധുവിനെ കാണാന്‍ കൂടെ വരാന്‍ പറഞ്ഞപ്പോള്‍ എനിക്കു തിരക്കാണ് എന്ന് പറഞ്ഞപ്പോള്‍ എനിക്കാദ്യം സങ്കടം വന്നതായിരുന്നു.പിന്നീട് കൂട്ടുകാരിയെ കൂട്ടിക്കോളൂ ഞാന്‍ സമ്മതം വാങ്ങിതരാമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി..ഞങ്ങള്‍ക്കിഷ്ടമുള്ളിടങ്ങളിലൂടെ എല്ലാം വണ്ടി ഓടിച്ച് ഞങ്ങള്‍ മാത്രമുള്ള ഈ കുഞ്ഞന്‍ യാത്രകള്‍ രണ്ടുപേര്‍ക്കും ഇഷ്ട്ടമാണ്.അങ്ങിനെപോയ ഒരു യാത്രയിലാണ് ഞങ്ങള്‍ അയാളെ കണ്ടത്.


എഴുപത് വയസു തോന്നിക്കുന്ന ഒരാള്‍.ആശുപത്രികളില്‍ ഡോക്ട്ടറെ കാത്തിരിക്കുമ്പോഴെല്ലാം വെറുതെ ആളുകളെ നിരീക്ഷിക്കുന്ന ഒരു സ്വഭാവമുണ്ടെനിക്ക്.സങ്കടം നിറഞ്ഞ മുഖവുമായി ഇരിക്കുന്നവരും വേദന
കടിച്ചമര്‍ത്തിയിരിക്കുന്നവരും നിറഞ്ഞ ആ മുറിയില്‍ നിശബ്ദയായി ഇരിക്കുമ്പോള്‍ കൂട്ടുകാരി തന്നെയാണ് ആദ്യമായി അയാളോട് സംസാരിച്ചു തുടങ്ങിയത്.പറഞ്ഞ് പറഞ്ഞ് അവര്‍ രണ്ടും പരിചയക്കാരാവുന്നതും അവളുടെ അമ്മയുടെ കൂടെ പഠിച്ചതതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവളുടെ മുഖം വിടരുന്നതും നോക്കി കൗതുകത്തോടെ ഇരിക്കുകയായിരുന്നു ഞാന്‍.
അതിനിടയില്‍ നേഴ്സ് വന്ന് എന്നെ വിളിച്ചപ്പോള്‍ രോഗിയെ കാണാന്‍ എഴുന്നേറ്റു പോയി തിരികെവന്നപ്പോഴേക്കും രണ്ടാളും നല്ല കൂട്ടായി കഴിഞ്ഞിരുന്നു. യാത്ര പറയാന്‍ നേരം അയാള്‍ അവ്യക്തമായി എനിക്കു പിറക്കാതെ പോയ മകള്‍ എന്ന് പറഞ്ഞ് അവളുടെ കൈകള്‍ കൂട്ടിപിടിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടാളും എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം പതറിപോയി.പിന്നീട് ഒന്നും മനസിലാകാതെ പകച്ചു നിന്ന മകനോട് യാത്ര പറഞ്ഞിറങ്ങിയിട്ടും കുറച്ചു നേരത്തേക്ക് രണ്ടുപേരും പരസ്പരം നോക്കിയതേ ഇല്ല.

സാധാരണ നിര്‍ത്താതെ സംസാരിക്കുന്ന ഞങ്ങള്‍ രണ്ടും നിശബ്ദരായി പോയ മടക്കയാത്രയില്‍ കാര്‍ പെട്രോള്‍ പമ്പിലേക്ക് തിരിക്കുന്നതിനിടെ എന്റെ അമ്മക്ക് അങ്ങിനെയൊരു പ്രണയമുണ്ടായിരുന്നോ എന്ന് സ്വയം ചോതിക്കുന്ന അവളെ നോക്കിയിരുന്നപ്പോള്‍ എപ്പോഴും നിശബ്ദയായി വേദനിക്കുന്ന കാലും വലിച്ച് നടന്നിരുന്ന സുന്ദരിയായ ആ അമ്മയെ ഓര്‍ത്തെടുക്കുകയായിരുന്നു ഞാന്‍.

.ഇറ്റലിയിലെ പ്രാന്തപ്രദേശമായ വെറോണയിലെ ഷേക്സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റിലെ വസതിയില്‍ നഷ്ടപ്രണയങ്ങളുടെ കത്തുകള്‍ നിക്ഷേപിക്കുന്ന ഒരു പതിവുണ്ടത്രേ.സ്വയം സെക്രട്രമറിമാര്‍ എന്ന് വിളിക്കുന്ന പതിനഞ്ചോളം ആളുകള്‍ ഈ കത്തെല്ലാം വായിച്ച് മറുപടിയും അയക്കുമത്രേ.
ലെറ്റേഴ്സ് ടു ജൂലിയറ്റ് എന്നൊരു സിനിമയുണ്ട് .ന്യൂ യോര്‍ക്കെര്‍ എന്നൊരു പത്രത്തില്‍ ജോലി ചെയ്യുന്ന സോഫി ഒരു രെസ്റ്റോറന്റ് തുറക്കണമെന്ന് സ്വപ്നം കാണുന്ന കാമുകന്‍ വിക്ടറുമൊത്ത് പ്രീ ഹണിമൂണ്‍ ആഘോഷിക്കാന്‍ ഇറ്റലിയിലെ വെറോണയിലെ പ്രാന്ത പ്രദേശങ്ങളിലൂടെ നടത്തുന്ന യാത്രയില്‍ കാമുകന്‍ തുറക്കാന്‍ പോവുന്ന റെസ്റ്റോറന്റിനു വേണ്ടിയുള്ള ഗവേഷണങ്ങളില്‍ തിരക്കിലാവുന്നതിനിടെ ഒറ്റപ്പെട്ടുപോയ സോഫിക്ക് ലഭിക്കുന്ന കത്തിന്റെ കഥ പറയുന്ന സിനിമ.കത്തില്‍ നിന്ന് ലഭിച്ച അഡ്രസ്സില്‍ മറുപടി അയച്ച സോഫിയെ തേടി പേര മകന്‍ ക്രിസ്റ്റഫറുമൊത്ത് വൃദ്ധയായ ക്ലയര്‍ വരുന്നതും അവര്‍ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒരു മുന്തിരിതോട്ടത്തില്‍ വെച്ച് ക്ലയറിന്റെ ലോറെന്‍സോയെ കണ്ടെത്തുന്നതും അവരുടെ പ്രണയം വീണ്ടും പൂവണിയുന്നതുമാണ് കഥ .അവളുടെ മൂഡ് ശരിയാവാന്‍ പറഞ്ഞുകൊടുത്തതായിരുന്നു ഞാനാകഥ.പെട്ടെന്നാണ്
അവള്‍ ചോതിച്ചത് നീയെന്താ ആരേയും പ്രണയിക്കാതിരുന്നതെന്ന്. കല്യാണം കഴിച്ചില്ലെങ്കില്‍ മരിച്ചു പോവുമെന്ന് തോന്നിയ ഒരാളേം ഞാന്‍ കണ്ടുമുട്ടിയിരുന്നില്ലെന്ന എന്റെ ഉത്തരം അവള്‍ക്കൊട്ടും വിശ്വാസമായില്ല..അപ്പോള്‍
കമലഹാസന്റെ വാഴ്വേമായം കണ്ട് ഒരാളെ പ്രണയിക്കണം എന്നിട്ടയാള്‍ ക്യാന്‍സര്‍ വന്ന് മരിച്ചു പോകുകയും വേണമെന്ന് പറഞ്ഞ ഒരു പാവാടക്കാരിയുടെ കഥ പറഞ്ഞുകൊടുത്തു ഞാനവള്‍ക്ക്.അന്നത് കേട്ട് അവള്‍ ഒരു പാട് ചിരിച്ചു.

ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വീട്ടിലെ ബന്ധുവിനെ പ്രണയിച്ചു പോയതിന് വീട്ടില്‍ അടച്ചിട്ടും തല്ലിയും ശിക്ഷിച്ചപ്പോള്‍ കേട്ട കസിന്‍ സഹോദരിയുടെ കരച്ചിലാണപ്പോള്‍ ഞാനോര്‍ത്തത്. പിന്നീട് സുഖമായും സന്തോഷമായും ജീവിക്കുന്ന അവളോട് നിനക്കെന്താ അന്ന് ഒളിച്ചോടായിരുന്നില്ലേ എന്ന് ചോതിച്ച കോളേജ്കാരി പെണ്ണിനോട് നീ വായിക്കുന്ന കഥയിലും കണ്ട സിനിമയിലുള്ളതൊന്നുമല്ല ജീവിതം എന്ന് പറഞ്ഞു തന്ന സഹോദരിയുടെ വാക്കുകളും ഓര്‍ത്തുപോയി.


പ്രണയമില്ലാതെ കല്യാണം കഴിക്കുന്ന പെണ്‍കുട്ടികളെ കാണുമ്പോള്‍ കുളിപ്പിച്ച് നിര്‍ത്തി വില്‍ക്കാന്‍ കൊണ്ടുപോവുന്ന പശുവിനെ ഓര്‍മവരുമെന്ന് ഒരു കൂട്ടുകാരിയുടെ വാളില്‍ വായിച്ച ദിവസം അങ്ങിനെ ഒരു പശുവാണെങ്കിലും പോകെ പോകെ സൈരാബാനുവിന് ദിലീപ്കുമാറിനോട് പ്രണയമായി പോയതിനാല്‍ അതെന്നെകുറിച്ചല്ല എന്ന് ഞാനങ്ങ് വിശ്വസിച്ചു.

ഒരിക്കല്‍ മക്കളേയും കൂട്ടി അനിയത്തിയുമൊന്നിച്ച് ഫൊര്‍ട്ട് കൊച്ചിയിലെ തെരുവിലൂടെ വെറുതെ നടക്കുമ്പോള്‍ കോളേജില്‍ സീനിയറായി പഠിച്ച കൂട്ടുകാരനെ കാണുകയുണ്ടായി.സന്തോഷത്തോടെ അടുത്ത് വന്ന് എന്റെ മക്കളെ ചേര്‍ത്ത് പിടിച്ച് സംസാരിച്ച് തിരിച്ചു പോയ അവനെ നോക്കി അനിയത്തിയും എന്റെ മകനും പിറക്കാതെ പോയ മക്കളാവുമെന്ന് പറഞ്ഞ് കളിയാക്കി. ഞാന്‍ പേരു പോലും മറന്നു പോയ ആ സുഹൃത്തിനെ കുറിച്ച് അങ്ങിനെ പറയുന്നത് കേട്ടപ്പോള്‍ തമാശക്ക് പോലും ആരെകുറിച്ചും അങ്ങിനെ പറയരുതെന്ന് ദേഷ്യപ്പെട്ടത് അന്ന് കോഴിക്കോട് വെച്ച് കണ്ട എന്റെ കൂട്ടുകാരിയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് പതുക്കെ ചുണ്ടനക്കിയ മുഖമോര്‍ത്തായിരുന്നു..

No comments:

Post a Comment