Saturday, October 5, 2013

കോളേജ് വിട്ടിട്ട് ഒരു പാട് വര്‍ഷമായെങ്കിലും ഞങ്ങളുടെ കെമിസ്റ്റ്രി ഡിപ്പാര്‍റ്റ്മെന്റിലെ അദ്ധ്യാപകരുമായി ഞങ്ങള്‍ക്കിപ്പോഴും നല്ല അടുപ്പമുണ്ട്.അതിനു കാരണം എന്റെ പ്രിയപ്പെട്ട കൂട്ടുകാരി സുഷയാണെന്നതാണു സത്യം.അവള്‍ ഇടക്കെല്ലാം അവരുടെയെല്ലാം വിശേഷങ്ങള്‍ ചോദിച്ച് ഫോണ്‍ ചെയ്യും.കൂട്ടത്തില്‍ എന്റെ വിശേഷങ്ങളും പറയും അവരോട്.അത് കൊണ്ട് തന്നെ മേരി മാഡവും ... ഭരതന്‍ സാറുമൊക്കെ കാണുമ്പോള്‍ തലേ ദിവസം കണ്ടു പിരിഞ്ഞ അത്ര അടുപ്പത്തില്‍ സംസാരിക്കാറുണ്ട്.

ഇടക്ക് ഞാനും സുഷയും റിട്ടയര്‍മെന്റിനു ശേഷം ഒറ്റപ്പാലത്ത് താമസമാക്കിയ ഞങ്ങള്‍ കെ എ എന്‍ സാര്‍ എന്ന് വിളിക്കുന്ന ഫിസിക്സിലെ നാരായണ സാറിനെ കാണാന്‍ പോവാറുണ്ട്.ആദ്യമൊക്കെ ഞങ്ങള്‍ മാത്രമായി പുറത്തു പോവാനുള്ള ഒരു സൂത്രമായിരുന്നു ആ യാത്ര.
ഞങ്ങള്‍ വരുന്നുവെന്നറിഞ്ഞ് വിഭവങ്ങള്‍ ഒരുക്കി കാത്തിരിക്കുന്ന സാറിന്റെ ഭാര്യ കല്യാണി ചേച്ചിയോടൊത്ത് വിടര്‍ന്നു ചിരിച്ചു ഉമ്മറപ്പടിയില്‍ കാത്തു നില്‍ക്കുന്ന സാറിനെ കണ്ടു തുടങ്ങിയപ്പോള്‍ പിന്നെ അവരോടൊത്ത് കുറച്ചു സമയം ചിലവഴിക്കുക എന്ന് മാത്രമായി ചിന്ത.

മക്കളുടേയും പേര മക്കളുടേയും വിശേഷം പറയുന്നത് കേട്ട് നാട്ടു വഴിയിലൂടെ അവരോടൊത്ത് നടന്ന് തിരിച്ചു വരുമ്പോള്‍ മനസിനൊരു സന്തോഷമാണ്.എന്നെ കാണുമ്പോഴെല്ലാം പെരിന്തല്‍മണ്ണയില്‍ സാറ് പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ സെന്ററില്‍ വന്ന് അവരോടൊപ്പം ചേരാന്‍ പറയാറുണ്ട്.

ഇടക്കിടെ ഞങ്ങള്‍ കൂട്ടുകാരെല്ലാം അദ്ധ്യാപകരോടൊത്ത് ഒത്തു കൂടാറുണ്ടെങ്കിലും സെക്കന്റ് ലാംഗ്വേജ് പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുമായി അത്ര അടുപ്പമില്ലായിരുന്നു.കൂട്ടത്തില്‍ ഞങ്ങള്‍ രണ്ട് പേര്‍ മാത്രമേ മലയാളം രണ്ടാം ഭാഷയായി പഠിച്ചിരുന്നുള്ളു.മലയാളം എടുത്തിരുന്നത് ഇക്കണോമിക്സ് ക്ലാസ്സില്‍ വെച്ചായിരുന്നു.ഹിന്ദി ഞങ്ങളുടെ ക്ലാസ്സിലും.

അന്ന് അതിന്റെ പേരില്‍ ഭരതന്‍ സാറിന്റെ കയ്യില്‍ നിന്നെനിക്ക് ഇടക്കിടെ വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.പരിസരം മറന്ന് ചിരിക്കുന്ന പരിപാടി അന്നുമുണ്ടായിരുന്നു.ഇടക്ക് മലയാളം പിരിയഡിന് മറ്റു ക്ലാസ്സിന്റെ വരാന്തയിലൂടെ ആടി പാടി ഇക്കണോമിക്സിലേക്ക് പോവുമ്പോള്‍ കൂട്ടുകാരി പറഞ്ഞ തമാശ കേട്ട് ഉറക്കെ പൊട്ടിചിരിക്കുന്നത് കേട്ട് ക്ലാസ്സില്‍ കയറാതെ ഉഴപ്പി നടക്കുകയാണെന്ന് പറഞ്ഞായിരുന്നു അത്.മലയാളം ക്ലാസ്സിലേക്ക് പോവുകയാണെന്ന് പല പ്രാവശ്യം പറയേണ്ടി വന്നിട്ടുണ്ട്.

മലയാളമെടുത്തിരുന്നത് സി വി എന്‍ സാറും ജമാല്‍ സാറുമായിരുന്നു.ജമാല്‍ സാറിന്റെ ക്ലാസ്സ് നല്ല രസമായിരുന്നു റോസി തോമസിന്റെ ഇവ്നെന്റെ പ്രിയ സി ജെ സാര്‍ വായിക്കുന്നത് കേട്ടിരിക്കാന്‍ തന്നെ രസമായിരുന്നു.ചില ദിവസം പുസ്തകങ്ങളെ കുറിച്ചും എഴുത്തുകാരെ കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളാവും.

കാളിദാസന്റെ മേഘസന്ദേശം പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ക്ലാസ്സിലെ ആണ്‍കുട്ടികള്‍ക്കെല്ലാം വലിയ സന്തോഷമായിരുന്നു.കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയിൽ നിന്ന് വിന്ധ്യാ പർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട പുതുമണവാളനായ ഒരു യക്ഷന്‍ ഭാര്യക്കയക്കുന്ന സന്ദേശമായിരുന്നു അത്. വിരഹദുഃഖത്താൽ തകര്‍ന്നു പോയ യക്ഷൻ മേഘം വഴി തന്റെ പത്നിക്ക് സന്ദേശം അയയ്ക്കുന്നു. വിന്ധ്യാപർവതത്തിൽ നിന്ന് അളകാപുരി വരെ പോകാനുള്ള വഴിയും അയാൾ മേഘത്തിന് നിർദ്ദേശിച്ചുകൊടുക്കുന്നു.
മലകൾ അയാൾക്ക് ഭൂമിയുടെ സ്തനങ്ങളും, ജലസമൃദ്ധമായ നദികൾ കാമിനികളായും വേനലിൽ വരണ്ട നദികൾ വിരഹികളായ നായികമാരുമായി തോന്നിച്ചു എന്നൊക്കെ ഒരു കള്ളചിരിയോടെ ക്ലാസ്സ് എടുക്കുന്ന സാറിനോട് ആണ്‍കുട്ടികളെ രസിപ്പിക്കാന്‍ വേണ്ടി സാറ് വൃത്തികേട് പറയുന്നു എന്ന് പറഞ്ഞു എന്റെ കൂട്ടുകാരി സുഹറ വഴക്കടിക്കുകയുണ്ടായി. അവളും സാറും ഒരു യുദ്ധം തന്നെ നടന്നു. മുലപ്പാല്‍ എന്ന് പറയുമ്പോള്‍ വൃത്തികേട് ഇല്ലെങ്കില്‍ ബാക്കി പറയുന്നതിനും കുഴപ്പമില്ല എന്നൊക്കെ പറഞ്ഞ് തര്‍ക്കിച്ച സാറും അവളും തമ്മില്‍ നടന്ന യുദ്ധം ബെല്ലടിച്ചതിനാലാണ് അവസാനിച്ചത്.

സി വി എന്‍ സാറിന്റെ ക്ലാസ്സ് പരമ ബോറായിരുന്നു.മിക്കവാറും സാറിന്റെ ക്ലാസ്സില്‍ തലേ ദിവസം കണ്ട സിനിമയുടെ കഥ പറയലോ വരാന്തയിലൂടെ പോകുന്ന ആണ്‍കുട്ടികളെ വായ് നോക്കലോ ആവും.ഇടക്കൊക്കെ അതു കണ്ടു പിടിച്ച് എന്നെ ക്ലാസ്സില്‍ എഴുന്നേല്പ്പിച്ചു നിര്‍ത്തിയിട്ടുണ്ട് സാറ്.എനിക്കുറപ്പുണ്ടായിരുന്നു സാറിന് എന്നെ ഇഷ്ട്ടമില്ലെന്ന്.

ഒരു ദിവസം കൂട്ടുകാരി ലേഖയുടെ അനിയന്‍ ഞങ്ങള്‍ കുട്ടന്‍ എന്ന് വിളിക്കുന്ന Raavisankar tourism india കൂട്ടുകാരോടൊത്ത് സംഘടിപ്പിച്ച മാനവേദന്‍ സ്കൂളില്‍ വെച്ച് നടന്ന ഒരു ചെറുകഥാ ക്യാമ്പില്‍ പങ്കെടുക്കാന്‍ ഞങ്ങളേയും വിളിക്കുകയുണ്ടായി.സാറും മുഖ്യ സംഘാടകനായിരുന്നു എന്ന് തോന്നുന്നു.വലിയ എഴുത്തുകാരൊക്കെ പങ്കെടുത്ത ആ ക്യാമ്പില്‍ എല്ലാവരും അന്നാകരിനീനയെ കുറിച്ച് മാത്രം സംസാരിക്കുന്നു എന്ന് പറഞ്ഞ് അതില്‍ പ്രധിഷേധിക്കുകയും മദ്യപിച്ചു വന്ന കവി സുരാസു ബഹളമുണ്ടാക്കുകയും ഒക്കെ ചെയ്തു. ബഹളമെല്ലാം ഒതുങ്ങിയ ശേഷം ഈണത്തിലും ഉച്ചത്തിലും സുരാസു ചൊല്ലുന്ന കവിത കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് സാറ് ഞങ്ങളെ കണ്ടത്. അന്ന് അവിശ്വസിനീയമായി എന്തോ കണ്ട ഭാവത്തില്‍ ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്ന സാറിനെ എനിക്ക് മറക്കാനാവില്ല.അതിനു ശേഷം എന്നെ കാണുമ്പോഴെല്ലാം സാറ് പുഞ്ചിരിക്കുമായിരുന്നു.

പിന്നീട് ഞാന്‍ കുടുംബവും കുട്ടികളുമായി തിരക്കായതിനു ശേഷം സാറിനെ കണ്ടിട്ടില്ല..ആ വര്‍ഷം തന്നെ സാറ് റിട്ടയറായി എന്ന് മാത്രമേ എനിക്കറിയൂ.
ഇന്നലെ ഓര്‍ക്കാതിരുന്ന ഒരു നിമിഷത്തിലാണ് സുഷ ഫോണ്‍ ചെയ്ത് പറയുന്നത്.നിന്റെ മലയാളം വാസുദേവന്‍ നമ്പൂതിരി സാറിന്റെ മകന്‍ വിളിച്ചിരുന്നു.നിന്റെ നമ്പര്‍ ചോദിച്ചു എന്ന് . ആദ്യം എനിക്ക് മനസിലായില്ല.പിന്നീട് സി വി എന്‍ എന്നു പറഞ്ഞപ്പോഴാണ് മനസിലായത്.ഈ മാസം പതിമൂന്നിന് സാറിന്റെ നവതിയാണ് തന്നെ ക്ഷണിക്കാനാണ് നമ്പര്‍ ചോദിച്ചത് എന്നൊക്കെ അവള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല.ഇപ്പോഴും സാറ് ഓര്‍ത്തിരിക്കുന്നു എന്ന് സാറിന്റെ മകനോട് സംസാരിച്ചപ്പോള്‍ എനിക്ക് മനസിലായി.

ഒരു പക്ഷേ സാറിന്റെ അടുത്ത കൂട്ടുകാരനായ നാരായണന്‍ സാര്‍ കാണുമ്പോഴെല്ലാം ഞങ്ങളെ കുറിച്ച് പറയാറുണ്ടായിരിക്കാം. സൈറ എഫ് ബി യില്‍ സജീവമാണെന്ന് സുഷ പറഞ്ഞു അച്ഛന് എല്ലാ വരേയും കാണാന്‍ ആഗ്രഹമുണ്ട് ഫ്രന്റ് ലിസ്റ്റില്‍ മമ്പാട് കോളേജില്‍ അന്നു പഠിച്ചവരുണ്ടെങ്കില്‍ വരാന്‍ പറയു എന്നൊക്കെ സാറിന്റെ മകന്‍ പറഞ്ഞപ്പോള്‍ സന്തോഷവും സങ്കടവും തോന്നി.

No comments:

Post a Comment