Monday, October 21, 2013


ഗുലാം അലിയുടെ ചുപ് കേ ചുപ് കെ രാത് ദിന്‍ കേട്ടു കിടന്ന എന്റെ ഉച്ചസമയത്തെ അലസതയിലേക്കാണാ കാളിങ് ശബ്ദം മുഴങ്ങിയത്. ടി വി യില്‍ മുഴുകിയിരിക്കുന്ന മകനോ ഫോണില്‍ സംസാരിച്ചിരുന്നിരുന്ന ഭര്‍ത്താവോ അത് കേട്ട ഭാവം നടിച്ചതേ ഇല്ല. അവരോട് രണ്ടുപേരോടും തോന്നിയ നീരസത്തോടെ ചെന്ന് വാതില്‍ തുറന്ന എന്നെ കാത്തിരുന്നത് ഒരു വര്‍ണ വിസ്മയമായിരുന്നു .സാധാരണയായി   ലാന്റ് ഫോണ്‍ ബില്ലോ ഭര്‍ത്താവിനു വരുന്ന എന്തെങ്കിലും പേപ്പറുകളൊ മാത്രം കൊണ്ടു വരുന്ന പോസ്റ്റ് മാന്‍ നീട്ടിയ കവറുകള്‍ക്കിടയില്‍ വെട്ടി തിരുത്തിയ വിലാസത്തില്‍ എന്നെ തേടി വന്ന ഒരു നീല ഇന്‍ ലന്റ്. സരള കൂട്ടില്‍ വാരിയം എന്നു മാത്രമെഴുതിയ ഫ്രം അഡ്രസില്‍ വന്ന ആ കത്ത് പൊട്ടിക്കുമ്പോള്‍ എന്റെ വിസ്മയം പറഞ്ഞറിയിക്കാനാവില്ല.

ഞാന്‍ ട്ടീച്ചറായി ജോലി ചെയ്യുന്നു . അച്ഛനുമമ്മയും മരിച്ച ശേഷം ഭാഗം വെച്ചു കിട്ടിയ ഇല്ലം പൊളിക്കാന്‍ കൊടുത്തപ്പോള്‍ ഏട്ടന്‍ പഴയ ഫോട്ടോകളും കത്തുകളുമെല്ലാം സൂക്ഷിച്ചു വെച്ച ഇരുമ്പു പെട്ടി കൊടുത്തയക്കുകയുണ്ടായി.മകളുമൊന്നി   അതെല്ലാം പരിശോധിക്കുന്നതിനിടയിലാണ് പ്രീഡിഗ്രീ കാലത്തെ ഓട്ടോഗ്രാഫ് കണ്ണില്‍ പെട്ടത്..ഒരു തമാശക്ക് അതെല്ലാം ഒന്നു വായിച്ചു നോക്കുന്നതിനിടയില്‍ ഓര്‍ക്കുക വല്ലപ്പോഴും എന്നെഴുതി അതിനിടയില്‍ നീ കുറിച്ചിട്ട ഈ അഡ്രസ് ക ണ്ടു.അതു കണ്ട് മകള്‍ നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണീ കത്ത് എന്നായിരുന്നു അതിലെ ഉള്ളടക്കം.കുറേ സമയം ഞാനാ കത്തിലേക്ക് തന്നെ നോക്കിയിരുന്നു പോയി.
                                         എത്ര വായിച്ചാലും മതിവരാതെ ഇന്‍ലന്റ് നിറച്ചെഴുതിയാലും വിശേഷങ്ങള്‍ തീരാതെ മടക്കുകളിലും വശങ്ങളിലും കുനു കുനെ എഴുതിയിരുന്ന എന്റെ പ്രിയ കൂട്ടുകാരുടെ സന്ദേശങ്ങളെ കുറിച്ചൊരോര്‍മപ്പെടുത്തലായിരുന്നു ആ കത്ത്..ഒരു ഫോണ്‍ വിളിക്കപ്പുറത്ത് നമ്മുടെ പ്രിയപ്പെട്ടവരെ കിട്ടുമെന്നായപ്പോള്‍ ഹൃദയത്തില്‍ തൊടുന്ന ,സ്നേഹം പകര്‍ത്തിയ ആ പഴയ കത്തെഴുത്ത് നാം പാടേ മറന്നു പോയി.


                        നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുട്ടികളുടെ എണ്ണം കൂടുതലായ കാരണത്താല്‍ ഡിവിഷന്‍ മാറി പോയ കൂട്ടുകാരിക്ക് മനസിലെ സങ്കടങ്ങളെല്ലാം എഴുതി കൊടുത്ത കത്തിന് അവള്‍ വൈകുന്നേരം തിരിച്ചു തന്ന മറുപടി കത്ത് സരോജിനി ട്ടീച്ചര്‍ പിടിച്ച ദിവസമാണ് എന്റെ ആദ്യത്തെ കത്തെഴുത്തിന്റെ തുടക്കം . പിന്നീട് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അടുത്ത വീട്ടിലെ കൂട്ടുകാരിയുടെ വീട്ടില്‍ വിരുന്നു വന്ന ഒമ്പതാം ക്ലാസുകാരനയച്ച പ്രണയ ലേഖനം നേരേ അനിയത്തിയുടെ കയ്യില്‍ വന്നതും അതവള്‍ നേരേ ഉമ്മയുടെ കയ്യിലെത്തിച്ച് അടി വാങ്ങി തന്നതും കത്തിനെകുറിച്ചുള്ള മനോഹരമായ ഓര്‍മയാണ്..
                        പിന്നീട് വലുതായപ്പോള്‍ കോളേജിലെ അവധിക്കാലങ്ങളില്‍ കൂട്ടുകാര്‍ക്ക് എഴുതിയിരുന്ന കത്തുകളിലൂടെ സ്നേഹവും ആശങ്കകളും സ്വപ്നങ്ങളും പങ്കുവെച്ച ദിവസങ്ങള്‍. അതും എപ്പോഴോ നിന്നു പോയി.കൃഷ്ണമൂര്‍ത്തി ഫൌണ്ടേഷന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ മക്കള്‍ക്ക് വ്യാഴാഴ്ച്ചകളിലെ ഒരു പിരിയഡ് കത്തയക്കാനുള്ളതായിരുന്നു.അന്നൊക്കെ അവര്‍ വായിച്ച പുസ്തകങ്ങളെകുറിച്ചും ട്രെക്കിങ്ങിനു പോയി തിരിച്ചു വന്നപ്പോള്‍ കൈ കാണിച്ച് നിര്‍ത്തിയ ലോറിയില്‍ കയറിയതും തൊട്ട് ഓരോ വിശേഷങ്ങളും എഴുതുമായിരുന്നു. മുതിര്‍ന്നപ്പോള്‍ തിരക്കായെന്ന് പറഞ്ഞ് കാര്‍ഡുകളിലേക്ക് വഴി മാറിയപ്പോള്‍ ഞാന്‍ ആശ്വസിച്ചിരുന്നത് ഇത്രയും സ്നേഹം നിറഞ്ഞ വാക്കുകള്‍ അവര്‍ എനിക്ക് വേണ്ടി തിരഞ്ഞെടുത്തുവല്ലോ എന്നോര്‍ത്താണ്. ഇപ്പോള്‍ ഒരു ഫോണ്‍ വിളിക്കപ്പുറത്തുള്ള അവരും മറന്നു പോയി കത്തുകളെഴുതാന്‍ . 

              കാത്തു കാത്തിരുക്കുമ്പോള്‍ ഗെയ്റ്റിനപ്പുറത്ത് നിന്ന് ഒരു കയ്യില്‍ കാലന്‍ കുടയും മറു കയ്യില്‍ കത്തുകളുമായി വരുന്ന പോസ്റ്റ് മാന്‍ നീട്ടുന്ന നീല ഇന്‍ ലന്റില്‍ ആര്‍ദ്രമായി എഴുതിയ വരികള്‍ ക്കു വേണ്ടിയുള്ള ആ കാത്തിരിപ്പും ഗൃഹാതുരത്വമുണര്‍ത്തുന്ന  ഒരോര്‍മ    മാത്രമായി.

No comments:

Post a Comment