Monday, October 21, 2013

ഊട്ടി യാത്ര എന്നോര്‍ക്കുമ്പോഴെല്ലാം മനസ്സില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളേജില്‍ നിന്ന് പോയ എസ്കര്‍ഷനെ കുറിച്ചുള്ള ഓര്‍മകളാണ് ആദ്യം മനസ്സില്‍ വരാറ്.

ഊട്ടിയിലേക്ക് ഒരു പാടുയാത്ര പോയിട്ടുണ്ടെങ്കിലും നല്ലകോരി ചൊരിയുന്ന മഴയത്തൊരു യാത്ര   ഇതു വരെ ഉണ്ടായിട്ടില്ല.ഊട്ടിയിലേക്ക് ഇവിടുന്ന് അധികം ദൂരമില്ല എന്നതിനാല്‍ അകലെയുള്ള കൂട്ടുകാര്‍ വരുമ്പോഴെല്ലാം അവരുമൊത്ത് ഔട്ടിങ്ങ് പ്ലാന്‍ ചെയ്യുമ്പോഴെല്ലാം അവരാദ്യം പറയുന്നത് ഊട്ടി പോവാമെന്നായിരിക്കും..പിന്നെ കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളും അവിടെയായതിനാല്‍ വര്‍ഷത്തില്‍ ഒരു പാട് പ്രാവശ്യം ഉണ്ടായിട്ടുണ്ട് ഊട്ടി യാത്രകള്‍.ഇപ്പോള്‍ മക്കള്‍ വലുതായി തിരക്കിലുമായി.അവരോടൊത്തുള്ള യാത്രകളും കുറഞ്ഞു.

ഇപ്രാവശ്യം മക്കള്‍ വന്ന അവധിക്ക് മൂന്നു ദിവസത്തേക്ക് ഒരു മഴ യാത്ര എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഇനിയുമൊരു ഊട്ടിട്രിപ്പ് എന്ന് പറഞ്ഞാല്‍ ഇഷ്ടമായില്ലെങ്കിലോ എന്നോര്‍ത്ത് ഞാന്‍ മിണ്ടാതിരുന്നതായിരുന്നു.ഇടക്ക് കൂട്ടുകാരുമൊത്ത് യാത്ര പോവാറുണ്ടെങ്കിലും മക്കളോടൊത്തുള്ള യാത്ര എനിക്കേറെ ഇഷ്ട്ടമാണ്.അവരും എന്നെ പോലെ ട്രക്കിങ്ങും ഹൈക്കിങ്ങുമെല്ലാം ഇഷ്ടപ്പെടുന്നതിനാല്‍ അതിനു പറ്റിയ ഇടങ്ങളാവും അവര്‍ തിരഞ്ഞെടുക്കുക എന്നറിയാവുന്നത് കൊണ്ടും കൂടിയാണ്.പിന്നെ എത്ര നടന്നാലും ക്ഷീണമെന്ന് പറഞ്ഞ് മടുപ്പ് കാണിക്കില്ല.അവരുടെ ചെറുപ്പത്തിന്റെ ഊര്‍ജം നമ്മിലേക്ക് പകരുന്ന യാത്രയാവുമത്.

യാത്ര പ്ലാന്‍ ചെയ്തപ്പോള്‍ ഗവി ,വയനാട്,എന്നൊക്കെയായിരുന്നു ആദ്യം വിചാരിച്ചത്. തീരുമാനമാവാതെ പിരിഞ്ഞ ആ രാത്രിയില്‍ പാമുക്കിന്റെ മഞ്ഞ് വായിക്കാനിരിക്കുമ്പോള്‍ ഞങ്ങള്‍ പോവുന്നത് വരെ വായനയും കൂട്ടുകാര്‍ക്കുള്ള ഫോണ്‍ വിളിയും എഫ് ബി യും എല്ലാം നിരോധിച്ചിരിക്കുന്നു എന്നായി മക്കള്‍.
ഒരാഴ്ച്ച മുന്‍പ് കൂട്ടുകാരികള്‍ ഇവിടെ വന്നപ്പോള്‍ ഒരു ഊട്ടി ട്രിപ്പ് പോയിരുന്നു ഞാന്‍.

സൈറത്തെക്കെന്നോട് പിണക്കം തോന്നിയ യാത്ര എന്ന്  അവരിലൊരാള്‍    പേരിട്ട ആ യാത്ര ഞാന്‍ നന്നായി എഞ്ചൊയ് ചെയ്തിരുന്നു എന്നതാണ് സത്യം.മഴയിലൂടെയുള്ള   കൂട്ടുകാരിയുടെ   അനായാസ   ഡ്രൈവിങ്ങും     ചാറല്‍ മഴ നനഞ്ഞ് ദോഡബെട്ടയിലും ഗ്ലെന്മോര്‍ഗിലെ പൈന്‍ ഫോറസ്റ്റിലൂടെയും നടന്നത് നല്ല ഒരു അനുഭവം തന്നെയായിരുന്നു.എങ്കിലും നീഡിൽ റോക്ക് വ്യൂ പോയന്റ് എന്നറിയപ്പെടുന്ന തവളയുടെ ആകൃതിയുള്ള മലമുകളിൽ നിന്നും കാണുന്ന നീലഗിരിയുടെ മനോഹരമായ ദൃശ്യവിസ്മയം എത്ര കണ്ടാലും മതി വരില്ല അതു വരെ നടക്കാമെന്ന് പറഞ്ഞപ്പോള്‍ നടക്കാന്‍ ആവാതെ ക്ഷീണിച്ചിരുന്നതിന് ഞാനിത്തിരി പിണക്കം കാണിച്ചത് കൊണ്ടാണ് അവള്‍ ആ യാത്രക്ക് ആ പേരിട്ടത്.

      ഇതെല്ലാം കേട്ടപ്പോള്‍ മഴ നനഞ്ഞു തണുത്ത് വിറച്ചു ഒരു ഊട്ടി യാത്ര കൂടെയാവാമെന്ന് മക്കള്‍ പറഞ്ഞപ്പോള്‍ സന്തോഷമാണ് തോന്നിയത്.നല്ല കോരി ചൊരിയുന്ന മഴയത്ത് ആ യാത്ര മനോഹരമായ ഒരു അനുഭവമായിരുന്നു..ഓരോ സീസണിലുമുള്ള ഓരോ യാത്രയും നമുക്ക് തരുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരിക്കും.

      ഞങ്ങളുടെ ആ യാത്ര കോരിചൊരിയുന്ന മഴയിലൂടെയായിരുന്നു.പൈക്കാര ഡാമിലൂടെ ചാറി വീശുന്ന മഴയിലൂടെ നടത്തിയ ബോട്ട് യാത്ര എത്ര മാത്രം ആസ്വദിച്ചു എന്ന് പറയാനാവില്ല.

ലേക്ക് വ്യൂവില്‍ നേരത്തെ റും ബുക്ക് ചെയ്തിരുന്നു. ഇടക്കിടെ വെയില്‍ തെളിയുമ്പോള്‍ തെളിഞ്ഞു വരുന്ന ഗ്ലെന്‍ മോര്‍ഗനിലെ പുല്‍മേടുകളിള്‍ നിന്നാല്‍ കാണുന്ന മനോഹരമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ വന്ന ചാറ്റല്‍ മഴ മഞ്ഞിന്റെ വെളുത്ത പുക കൊണ്ട് മൂടി പരസ്പരം നോക്കുമ്പോള്‍ നിഴല്‍കാഴ്ച്ചകളാവുന്നത് നല്ല ഒരു അനുഭവമായിരുന്നു.

        റൂമിലെത്തി ലഗ്ഗേജ്ജെല്ലാം വെച്ച് ഊണും കഴിച്ചാവാം ഇനി യാത്രയെന്ന് വിചാരിച്ച് ഹോട്ടലില്‍ എത്തിയപ്പോള്‍ ഇനി താല്‍റൈസ് മാത്രമേ ഉള്ളു എന്ന് റിസപ്ഷനില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍ മക്കള്‍ രണ്ടും എന്നെ നോക്കി ചിരിക്കുന്നതെന്താണെന്ന് ആദ്യം എനിക്ക് മനസിലായില്ല.ചോറുണ്ണണമെങ്കില്‍ ഒരു കഷ്ണം മീനോ കുറഞ്ഞത് ഒരു കഷ്ണം ഓംലെറ്റെങ്കിലും വേണമെന്ന എന്റെ സ്വഭാവമോര്‍ത്താണ് അവര്‍ക്ക് ചിരി വന്നതെന്ന് ആ താല്‍റൈസ് കണ്ടപ്പോഴാണ് എനിക്കു മനസിലായത്.
                            ഭക്ഷണമെല്ലാം കഴിച്ച് ദോഡബെട്ടയില്‍ എത്തിയപ്പോള്‍ അഞ്ചു മണിയായിരുന്നു.ഇനി കടത്തി വിടാനാവില്ല എന്നൊക്കെ ഗാര്‍ഡ് പറഞ്ഞെങ്കിലും മക്കള്‍ രണ്ടും ഇറങ്ങി ചെന്ന് സംസാരിച്ചപ്പോള്‍ അയാള്‍ സമ്മതിച്ചു.വീശിയടിക്കുന്ന കാറ്റും അതിനൊപ്പം ചാറല്‍ മഴയും തണുപ്പും കൂടിയായപ്പോള്‍ പൊടുന്നനെ കോട മഞ്ഞു വന്നു പൊതിഞ്ഞു കണ്മുന്‍പില്‍ നിന്നെല്ലാം മായ്ച്ചു കളഞ്ഞു.ശരിക്കും മഴക്കാലത്ത് പോവണം ഊട്ടി കാണാന്‍ എന്ന് അന്നെനിക്ക് മനസിലായി.                          അവലാഞ്ചിലെ ട്രെക്കിങ്ങ് നല്ല ഒരു അനുഭവമാണ്.ഏക്കറുകളോളം പരന്നു കിടക്കുന്ന ഗ്ലെന്മോര്‍ഗന്‍ ട്ടീ എസ്റ്റെറ്റിനൊടുവില്‍ പരന്നുകിടക്കുന്ന പയ്ക്കാര തടാകത്തിന്റെ ഭംഗി എത്ര കണ്ടാലും മതിയാവില്ല.അവിടെ പോലീസ് ചെക്ക് പോസ്റ്റില്‍ നിന്ന് പെര്‍മിഷന്‍ വാങ്ങിയാല്‍ 938.78 മീറ്റര്‍ ഉയരത്തില്‍ അതായത് ഏഷ്യയില്‍ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പവര്‍ പ്ലാന്റ് സന്ദര്‍ശിക്കാം.അവിടെ ഒരു ഹൗലേജ്ജ് വിഞ്ച് ഉണ്ട്.സിംഗാരയിലെ പവര്‍ ഹൗസിലേക്ക് ജീവനക്കാരെ കൊണ്ടു പോവുന്ന വിഞ്ച്.300 മീറ്റര്‍ നീളമുള്ള റ്റ്രാക്കിലൂടെ നല്ല വണ്ണമുള്ള ഒരു ഇരുമ്പ് കയറില്‍ തൂങ്ങി പോവുന്ന ആ ബോഗിയിലൂടെയുള്ള യാത്ര ഓര്‍ത്താല്‍ തന്നെ പേടി തോന്നും.അവിടെയുള്ള വ്യൂ പോയിന്റില്‍ നിന്ന് നോക്കിയാല്‍ ഇത്രയും മനോഹരമായി നീലഗിരിയെ കാണാന്‍ ഇവിടെ തന്നെ വരണമെന്ന് തോന്നി.തിരിച്ചുള്ള യാത്രയില്‍ വഴിയില്‍ കണ്ട ചായകടയില്‍ നിന്ന് പരിപ്പു വടയും ചൂടുല്ല ചായയും കഴിക്കുമ്പോള്‍ പാലക്കാട്ടുകാരനായ ചായകടക്കാരനാണ് പറഞ്ഞു തന്നത് ചായതോട്ടങ്ങള്‍ക്കപ്പുറത്ത് കാണുന്ന കുരിശുമലയില്‍ പോവാന്‍ ഓഫീസില്‍ നിന്ന് സമ്മതം വാങ്ങാനാവുമെന്ന്.                                കേട്ടി വാലിയും മുക്കുറുത്തി പീക്കും വെള്ളചാട്ടങ്ങളുമെല്ലാമായി ഊട്ടിയെ കാണണമെങ്കില്‍ ഒരാഴ്ച്ചയെങ്കിലും വേണം.
               മടക്കയാത്രയില്‍ കണ്ണുകാണാന്‍ പറ്റാത്തത്ര ശക്തിയില്‍ പെയ്യുന്ന മഴയിലൂടെ വിജനമായ പൈന്‍ മരകൂട്ടങ്ങളും യൂക്കാലിപ്റ്റസ് തോട്ടങ്ങളും കടന്ന് ഹെയര്‍ പിന്‍ വളവുകളിലൂടെ കാര്‍ പായുമ്പോള്‍ ഞാന്‍ വെറുതെ തിരിഞ്ഞു നോക്കി.ദൂരെ കോടമഞ്ഞു പൊതിഞ്ഞു ഒന്നും കാണുന്നില്ലായിരുന്നു.
See More

No comments:

Post a Comment