Thursday, November 14, 2013

കശ്മീര്‍ യാത്ര ഒരു സ്വപ്നമായിരുന്നു.പത്തൊന്‍പത് വയസില്‍ വിവാഹിതയായി വന്നപ്പോള്‍ കിട്ടിയ പാലിക്കപ്പെടത്ത ഒരു വാഗ്ദാനമായിരുന്നു കാശ്മീര്‍ യാത്ര. അന്ന് ഹണിമൂണ്‍ ആഘോഷിക്കാന്‍ എവിടെ പോവണമെന്ന് ചോദിച്ചപ്പോള്‍ വായിച്ചും സ്വപ്നം കണ്ടും നടന്നിരുന്ന പാവാടക്കാരി കന്യാകുമാരിയിലെ അസ്തമയം കാണണമെന്ന് മടിച്ച് മടിച്ചാണ് പറഞ്ഞത്.പ്രായത്തിലുമധികം പക്വതയുള്ള ഭര്‍ത്താവ് അന്നത് കേട്ട് നിര്‍ത്താതെ ചിരിച്ചത് എനിക്കൊട്ടും ഇഷ്ടമായില്ലായിരുന്നു.

പിന്നീട് കാശ്മീരിലേക്കാണ് യാത്ര എന്ന് പറഞ്ഞു കേട്ടപ്പോള്‍ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലുമായി .നമ്മള്‍ വിചാരിക്കുന്നത് തന്നെ നടക്കണമെന്നില്ലല്ലോ.പെട്ടെന്നുള്ള ഭര്‍ത്താവിന്റെ ബാപ്പയുടെ അസുഖവും മരണവും കാരണം കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ കാശ്മീര്‍ യാത്ര തത്ക്കാലത്തേക്ക് മറന്നു പോവേണ്ടി വന്നു.

ഇതൊന്നും പറഞ്ഞാല്‍ മനസിലാവാനുള്ള ബുദ്ധിയൊന്നും ഇല്ലാഞ്ഞിട്ടാവും ആ തിരക്കില്‍ ഒറ്റപ്പെട്ടുപോയ അന്നത്തെ പൊട്ടിപെണ്ണ് ഒരു പാട് സങ്കടപ്പെട്ടിരുന്നു.അതു കണ്ടറിഞ്ഞാണ് വനം വകുപ്പിലെ ഉദ്ദ്യോഗസ്ഥനായ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് ഡോക്ടര്‍ ഈസ പറമ്പികുളം നിര്‍ദ്ദേശിച്ചത്.അവര്‍ ആനകളുടെ സെന്‍സര്‍ എടുക്കുന്ന സമയമായിരുന്നു അത്.കാടിന്റെ ഉള്ളിലേക്ക് പോവാനാവും എന്നൊക്കെ കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി.അനിയത്തിമാരെ വിളിച്ചത് ഞാന്‍ തന്നെയായിരുന്നു.കാടകം തേടി അവരോടൊപ്പം കാട്ടിലൂടെ അലഞ്ഞ് റെസ്റ്റ് ഹൗസിലെ കുക്ക് കുഞ്ഞു ഉണ്ടാക്കിയ രുചികരമായ ഭക്ഷണം കഴിച്ച് ഒരാഴ്ച്ച നീണ്ടു നിന്ന പറമ്പിക്കുളം യാത്ര കൊണ്ട് ആ സങ്കടം മറക്കാനായി എന്നത് വേറെ കാര്യം.പക്ഷേ അതൊരു ഹണിമൂണ്‍ ട്രിപ്പ് ആയിരുന്നില്ല എന്നതാണു രസകരം.മിധുനത്തിലെ ഉർവ്വശിയുടെ ഊട്ടി യാത്ര പോലെ അനിയത്തിമാരും ജ്യേഷ്ഠത്തിയും മകനും ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥരും എല്ലാമായി കോളേജ് എസ്കര്‍ഷന്‍ പോലെ സുന്ദരമായൊരു യാത്ര.

എന്നാലും ഇടക്കിടെ വഴക്കടിക്കുമ്പോള്‍ കാശ്മീര്‍ കൊണ്ടുപോവാമെന്ന് പറഞ്ഞ് പറ്റിച്ചില്ലെ എന്നൊക്കെ ചോദിക്കാന്‍ ഞാന്‍ മറക്കാറില്ല. .കഴിഞ്ഞ മേയില്‍ അനിയത്തിമാരോടൊത്ത് കാശ്മീര്‍ ടിബട്ട് യാത്ര പ്ലാന്‍ ചെയ്തതായിരുന്നു.അന്ന് ഉമ്മാക്ക് വന്ന സ്റ്റ്രോക്ക് കാരണം ഉപേക്ഷിക്കേണ്ടി വന്നു.നീണ്ടു നീണ്ടു പോയ ആ സ്വപ്ന യാത്രയെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ചില സ്വപ്നങ്ങള്‍ സ്വപ്നം കാണാന്‍ മാത്രമുള്ളതാണെന്ന് വിചാരിച്ചു സമാധാനിച്ചിരുന്നു.
ചില ആഗ്രഹങ്ങള്‍ നമ്മള്‍ മറന്നാലും മുകളിലുള്ള മൂപ്പര്‍ മറക്കില്ലെന്നല്ലേ തട്ടത്തിന്‍ മറയത്ത് നമ്മള്‍ക്ക് പറഞ്ഞു തന്നത്.ഞാന്‍ മറന്നു പോയ ഒരിക്കലും നടക്കാനിടയില്ലെന്ന് ഞാനോര്‍ത്ത എന്റെ സ്വപ്ന യാത്ര മുകളിലെ മൂപ്പര്‍ എന്തായാലും മറന്നില്ല. ഇന്ന് ഞാന്‍ ഒരു കാശ്മീര്‍ യാത്രക്കുള്ള തയ്യാറെടുപ്പിലാണ്.ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന യാത്ര.കുങ്കുമ പൂക്കളുടെ നാട്ടിലേക്ക്

No comments:

Post a Comment