Saturday, November 16, 2013

ഭര്‍ത്താവിന്റെ സഹോദരങ്ങളും ഞങ്ങളും വേറെ വേറെ വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഒരു കൂട്ടുകുടുംബം പോലെയാണ് ഇവിടുത്തെ ജീവിത രീതി.കുട്ടികള്‍ ഉമ്മമ്മ എന്ന് വിളിക്കുന്ന ഭര്‍ത്താവിന്റെ ഉമ്മ താമസിക്കുന്ന തറവാടു വീട്ടിലാണ് മിക്ക സമയവും കുട്ടികളെല്ലാവരും.
ഉമ്മയുടെ ആണ്മക്കളെല്ലാം പൊതുവെ ഗൗരവക്കാരാണ്.എങ്കിലും ആ വീട്ടിലെ ഏതു കാര്യത്തിനും അവസാനം ഉമ്മ യെസ് മൂളിയാല്‍ അപ്പീലില്ല എന്നതിനാല്‍ മക്കള്‍ എന്തു കാര്യം നടക്കണമെങ്കിലും ആദ്യം ഉമ്മയെ പോയി സോപ്പിടും.സ്നേഹത്തിന്റെ നിറകുടമായ ആ ഉമ്മ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും യെസ് മൂളുന്നത് ചിലപ്പോള്‍ പ്രശ്നമാവാറുണ്ട്.
എന്റെ എല്ലാ കൂട്ടുകാരേയും ഉമ്മാക്ക് വലിയ ഇഷ്ടമാണ്. .കൂട്ടുകാരോടൊത്തു നടത്തിയ കാശ്മീര്‍ യാത്ര ഞാന്‍ ഉമ്മയില്‍ നിന്ന് സമ്മതം വാങ്ങി ഒപ്പിച്ചെടുത്തതാണ്.

എന്റെ മകന്‍ തുലാമഴക്ക് നവംബര്‍ മഴ എന്നേ പറയൂ.ഇപ്പോള്‍ വലിയ കുട്ടിയായി കൗമാരക്കാരനായി അവന്‍.എന്നാലും വെറ്റിലക്ക് വെത്തല ബലൂണിന്‍ ബളൂണ്‍ എന്നൊക്കെ ചെറിയകുട്ടിയായപ്പോള്‍ പറഞ്ഞിരുന്നത് പോലെ ചില വാക്കുകള്‍ ഇപ്പോഴും അവന്റെ കൂടെയുണ്ട്. എത്ര കളിയാക്കിയിട്ടും തിരുത്തി കൊടുത്തിട്ടും ഒരു മാറ്റവുമില്ല. ചെറുപ്പത്തിലേ തൊട്ട് തുടങ്ങിയ തമിഴ് നാട്ടിലെ പഠനവും അടുത്ത കൂട്ടുകാര്‍ തമിഴ് സംസാരിക്കുന്നവര്‍ ആയത് കൊണ്ടുമാവാം അവനിത് കിട്ടിയത് എന്നാണെനിക്ക് തോന്നുന്നത്.അവധിക്കാലത്ത് തറവാട്ടില്‍ വരുന്ന മകന്‍ പുറത്ത് പോവുമ്പോഴെല്ലാം ഉമ്മമ്മക്ക് വെത്തല വേണൊ എന്ന് ചോദിക്കുന്നത് കേട്ട് എല്ലാവരും കൂടി അവന് അണ്ണാച്ചി എന്ന് പേരിട്ടു.

ഇന്നവന്‍ ചെന്നൈയില്‍ നിന്ന് വിളിച്ചപ്പോള്‍ എന്നത്തേയും പോലെ ഭക്ഷണം കഴിച്ചോ അസുഖമൊന്നുമില്ലല്ലോ എന്നൊക്കെ ഞാന്‍ ചോദിച്ചു തുടങ്ങുന്നതിനു മുന്‍പേ നവംബര്‍ മഴയാണിവിടെ പുറത്തിറങ്ങിയിട്ടില്ല മമ്മക്കല്ലേ മഴയോട് വല്യ ഇഷ്ട്ടം മഴയോട് അങ്ങോട്ട് വരാന്‍ പറയു എന്നൊക്കെ പറയാന്‍ തുടങ്ങി.

നല്ല കോരി ചൊരിയുന്ന മഴയത്തുള്ള യാത്ര എനിക്കിഷ്ടമാണെന്ന് പറയുമ്പോള്‍ മകന്‍ ഞാന്‍ സെല്‍ഫിഷ് ആണെന്ന് പറയും.കോരിചൊരിയുന്ന മഴയില്‍ പണ്ടത്തെ തൊപ്പിക്കുടക്ക് പകരം ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ടുണ്ടാക്കിയ മേലാകെ പൊതിയുന്ന കുടയും ചൂടി വൈകുന്നേരം തണുത്ത് വിറച്ചു വരുന്ന പണിക്കാരെകാണുമ്പോള്‍ എനിക്കും തോന്നാറുണ്ട് അങ്ങിനെ.

ഒരു കൃഷിക്കാരന്റെ മകളായി
ജനിച്ചത് കൊണ്ടാവാം മഴയോട് എനിക്കിത്ര ഇഷ്ടം.ഓര്‍മവെച്ചു തുടങ്ങിയപ്പോള്‍ തൊട്ട് മഴക്കനുസരിച്ചുള്ള ജീവിത രീതി കണ്ട് വളര്‍ന്നതും ഒരു കാരണമാവാം.
കുംഭത്തില്‍ ഒരു മഴ കിട്ടിയില്ലെങ്കില്‍ മീനം മേടമാസക്കാലത്തെ ചൂട് സഹിക്കാനാവില്ല,എടവപ്പാതിയായി വെറകും ചകിരിയും മഴ നനയാതെ അടുക്കണം,തുലാമാസത്തിലെ ഇടിയും മഴയും ഓര്‍ക്കുന്നതേ പേടിയാണ്, ചിങ്ങത്തിലെ മഴ ചീഞ്ഞെ പെയ്യു എന്നൊക്കെ പറയുന്ന പണിക്കാരുടെ വായില്‍ നോക്കി നടക്കലായിരുന്നു അന്നത്തെ മുഖ്യ വിനോദം.

കര്‍ക്കിടകത്തിലെ മഴ മദ്രസയിലെ കൂട്ടുകാരിയുടെ ഉമ്മയുടെ നിറഞ്ഞ കണ്ണുകളെയാണെന്നും ഓര്‍മിപ്പിക്കാറ്.മൂന്നു നാലു മാസമായി ഫീസടക്കാതിരുന്നപ്പോള്‍ ഇനി ഉമ്മയെ വിളിച്ചു കൊണ്ടു വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന് മൗലവി പറഞ്ഞ ദിവസമായിരുന്നു അത്.

അന്നൊക്കെ മൗലവിമാര്‍ക്ക് മദ്രസ്സയില്‍ നിന്ന് കിട്ടുന്ന തുഛമായ ശമ്പളവും കൊയ്ത്ത് കഴിഞ്ഞാല്‍ വീടുകളില്‍ നിന്ന് കിട്ടുന്ന നെല്ലും മാത്രമേ വരുമാനമുണ്ടായിരുന്നുള്ളു.രാത്രി ഞങ്ങളെ ഖുര്‍ആന്‍ ഓതിച്ചു കഴിഞ്ഞാല്‍ വീട്ടിലെ ജോലിക്കാരി മൗലവിക്കുള്ള ചോറും കറിയും കൊണ്ടുവരുന്നത് വരെ ഞാനും അനിയത്തിയും ജ്യേഷ്ഠനും അവിടെ ചുറ്റിപറ്റി നില്‍ക്കും.മൗലവി പറയുന്ന വിശേഷങ്ങള്‍ കേള്‍ക്കാനായിരുന്നു അത്.ഖുര്‍ആന്‍ ഓതുന്നത് തെറ്റിക്കുമ്പോള്‍ നല്ല അടി തരുമായിരുന്നെങ്കിലും ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു മൗലവിയെ.അങ്ങിനെ ഒരു ദിവസം വീട്ടിലെ ബുദ്ധിമുട്ടുകളെ കുറിച്ച് മൗലവി പറഞ്ഞിരുന്നു ഞങ്ങളോട്.

കൂട്ടുകാരിയുടെ ഉമ്മയെ കണ്ടതും കുട്ടികള്‍ ഫീസടക്കാത്തതിനാല്‍ ശമ്പളം വൈകി കിട്ടുന്നതും വീട്ടിലെ ബുദ്ധിമുട്ടുകളും പറഞ്ഞു തുടങ്ങിയിരുന്നു മൗലവി.. കര്‍ക്കിടമാസമായതിനാല്‍ പണി ഒന്നുമില്ലാതതിനാലാണ് ഫീസടക്കാത്തത് എന്ന് കണീരോടെ പറഞ്ഞ കൂട്ടുകാരിയുടെ ഉമ്മയെയും അതു കേട്ട് ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് കയറിയ മൗലവിയേയും ഓര്‍മിക്കുന്ന ഒരു സങ്കടമഴയായിരുന്നു അന്നത്തെ മഴ.

അലറിവിളിച്ച് കോരിചൊരിയുന്ന മഴയത്ത് വീടിനു ചുറ്റും ഓടിയ ഒരു പെറ്റിക്കോട്ടുകാരിയുടെ കഥയുമുണ്ട് മഴക്ക് പറയാന്‍.കിണറ്റിന്‍ കരയിലെ കുളിമുറിയില്‍ വെള്ളം കോരിവെച്ച് വീട്ടിലെ ജോലിക്കാരി താത്ത എത്ര വിളിച്ചാലും പോവാതെ ഉമ്മ വടിയുമായി വരുന്നതു വരെ കളിച്ചിരുന്ന ബാല്യത്തിലായിരുന്നു അത്. കോരി ചൊരിയുന്ന മഴയത്ത് എണ്ണ തേച്ച് ഓടിട്ട വീടിന്റെ മൂലയിലെ പാത്തിയില്‍ നിന്ന് ശക്തയില്‍ വീഴുന്ന വെള്ളത്തിനു കീഴെ ഒരു സോപ്പ് മുഴുവന്‍ തീരുന്നത് വരെ പതപ്പിച്ച് കുളിക്കാന്‍ ആരും വിളിക്കേണ്ടി വരാറില്ലായിരുന്നു.
മഴയുള്ള ഒരു ദിവസം അനിയത്തിയും ജ്യേഷ്ഠനും ഇറയത്ത് വന്നു വീഴുന്ന വെള്ളത്തിനു ചുവട്ടില്‍ തിരക്കിയും ഉന്തിയും കുളി തുടങ്ങിയിരുന്നു.അല്‍പ്പം വൈകിയാണെങ്കിലും ഞാനും അവരോടൊപ്പം ചേര്‍ന്നു.

അന്നൊക്കെ മഴ തുടങ്ങിയാല്‍ ശരീരത്തില്‍ കറുപ്പും ചുവപ്പും വരകളുള്ള ഒരു തരം തേരട്ടകളുണ്ടാവും.എനിക്കത് കാണുന്നതേ അറപ്പായിരുന്നു.കുളിമുറിയിലെങ്ങാനും കണ്ടാല്‍ ആരെങ്കിലും വന്ന് അതിനെ കളഞ്ഞാലെ ഞാന്‍ പിന്നെ ആ വഴിക്ക് പോവു.


ഇറവെള്ളത്തിലെ കുളികഴിഞ്ഞാല്‍ പനി പിടിക്കാതിരിക്കാന്‍ കുളിമുറിയിലെ വെള്ളം കുറച്ച് തലയിലൊഴിച്ചേ തല തുവര്‍ത്താവൂ എന്നാണ് ഉമ്മയുടെ ഓര്‍ഡര്‍.ഇഷ്ടം പോലെ മഴ നനഞ്ഞ് കുളിമുറിയിലേക്ക് പോകുമ്പോള്‍ അനിയത്തിയും ജ്യേഷ്ഠനും എന്തോ സ്വകാര്യം പറയുന്നു.ഒരു വടിയെടുത്ത് അനങ്ങാതെ നില്‍ക്കു എന്നൊക്കെ പറയുന്നുണ്ട്.ഓടിനിടയിലെങ്ങോ ഉണ്ടായിരുന്ന ഒരു തേരട്ട ശക്തമായ വെള്ളപ്പാച്ചിലില്‍ കൃത്യം എന്റെ തലയില്‍ വന്ന് വീണ് എന്റെ നീണ്ട മുടിയില്‍ കുരുങ്ങികിടക്കുകയാണെന്ന് ഞാനറിഞ്ഞില്ല.അവരെത്ര തട്ടിയിട്ടും അതു പോവുന്നുമില്ല.എന്താണെന്ന് ഞാനെത്ര ചോദിച്ചിട്ടും രണ്ടുപേരും പറയുന്നുമില്ല..അവസാനം ഒരു ഇല കൂട്ടി പിടിച്ച് എടുക്കാമെന്നായി അവരുടെ തീരുമാനം.ഇല കൂട്ടി പിടിച്ച് അതിനെ തൊട്ടതും അനിയത്തിക്ക് അറപ്പ് തോന്നി കൂവിയപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.കൂവിയാര്‍ത്ത് വീടിനു ചുറ്റും ഓടിയ എന്നെ പിടിച്ചു വെച്ച് ആ തേരട്ടയെ കളയാന്‍ ഉമ്മയും താത്തയും അന്ന് കുറേ ബുദ്ധിമുട്ടി.പിന്നീട് ഞാനൊരിക്കലും ഇറ വെള്ളത്തില്‍ കുളിച്ചിട്ടില്ല.

ഇന്ന്, അടുത്ത വീട്ടിലെ ക്വാറി പൊട്ടിക്കാന്‍ വെള്ളം മോട്ടോര്‍ വെച്ച് വറ്റിച്ചു തുടങ്ങിയപ്പോള്‍ കിണറിലെല്ലാം വെള്ളം കുറഞ്ഞു പോയതില്‍ പണിക്കാരെല്ലാം ആശങ്കപ്പെടുന്നത് കണ്ടു.ഏറ്റവും കൂടുതല്‍ മഴ പെയ്തത് ഈ വര്‍ഷമായിരുന്നു.എന്നിട്ടും ഒരു വെയില്‍ വന്നാല്‍ കിണറിലെ വെള്ളം കുറഞ്ഞു പോവുന്നു എന്നായിരുന്നു അവരുടെ വിഷമം.

ഞാനിവിടെ വിവാഹം കഴിഞ്ഞു വരുമ്പോള്‍ നോക്കെത്താ ദൂരം വയലുകളായിരുന്നു.വയലിനോട് ചേര്‍ന്നൊഴുകുന്ന കൈ തോടുകളുമുണ്ടായിരുന്നു.

പഠിച്ചത് ബിസിനസ് മാനേജ്മെന്റ് ആണെങ്കിലും ഭര്‍ത്താവിന് കൃഷിയിലാണ് താത്പര്യം.ഉയര്‍ന്ന ശമ്പളമുള്ള ജോലി വേണ്ടെന്ന് വെച്ച് കൃഷി തെരഞ്ഞെടുത്തപ്പോള്‍ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നു. ഞനതിന് കൂട്ടു നില്‍ക്കുന്നുവെന്ന് പറഞ്ഞ് എന്നെയും വെറുതെ വിട്ടില്ല.

കൃഷിയിലേക്ക് ഇറങ്ങിയപ്പോഴാണ് ബുദ്ധിമുട്ടറിഞ്ഞത്.അടുത്ത വീട്ടുകാര്‍ കൈതോടുകളെല്ലാം വളച്ചു കെട്ടി മണ്ണിട്ട് തൂര്‍ത്ത് റബ്ബര്‍ വെച്ചതിനാല്‍ തോട് ഞങ്ങളുടെ തൊടിയില്‍ അവസാനിച്ച് ഞങ്ങളുടെ കുറേ സ്ഥലം വെള്ളം കെട്ടി നില്‍ക്കുകയായിരുന്നു.മഴപെയ്താല്‍ വലിയൊരു കുളം നിറഞ്ഞൊഴുകുന്നത് പോലെ വെള്ളം തോന്നിയ പോലെ ഒഴുകും.
അയല്പ്പക്കകാര്‍ പഴയ തോട് കീറാന്‍ സമ്മതിക്കാതിരുന്നപ്പോള്‍ വേനല്‍കാലത്ത് വെള്ളം കെട്ടി നില്‍ക്കത്തക്കവണ്ണം സ്വന്തം സ്ഥലത്തിലൂടെ തന്നെ പുതിയ തോട് കീറി കുറച്ചകലെയുള്ള പുല്ലും കാടും പിടിച്ചു കിടന്ന തോട്ടിലേക്ക് വെള്ളം തിരിച്ചു വിടേണ്ടി വന്നു.ഓരോന്നോരോന്നായി ചെയ്തു വരാന്‍ അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും കഴിഞ്ഞ വര്‍ഷത്ത കൊടും വേനലില്‍ അവരുടെ കമുകും കപ്പയും വാഴയുമെല്ലാം ഉണങ്ങിയപ്പോള്‍ നനഞ്ഞു കിടക്കുന്ന തൊടിയും വെള്ളം വറ്റാത്ത കിണറും കണ്ട് വെള്ളം ചോദിച്ചു വന്ന അവരുടെ മുഖത്ത് സങ്കടമായിരുന്നു.

ഇന്ന് ഞങ്ങളൊഴികെ ബാക്കിയെല്ലാവരും വയലെല്ലാം നികത്തി റബര്‍ കൃഷി ചെയ്തിരിക്കയാണ്.‍.അതു കൊണ്ട് തന്നെ നെല്‍കൃഷി ലാഭകരമെന്നല്ല നഷ്ടവുമായിരുന്നു.ലോകത്തുള്ള കിളികളെല്ലാം ഇവിടെയായിരുന്നു എന്നാണ് പണിക്കാര്‍ അതിനെ കുറിച്ച് പറഞ്ഞത്.ചാഴി ശല്യം പുറമേ.അടുത്തുള്ള എല്‍ പി സ്കൂളില്‍ നിന്ന് കൊയ്ത്തും മെതിയും കാണാന്‍ കുട്ടികളുമായി ട്ടീച്ചര്‍മാര്‍ വന്ന ദിവസം ഇവിടെ ജോലി ചെയ്യുന്ന മുണ്ടിക്ക് കൊയ്ത്തും മെതിയും നടത്തിയിരുന്ന അവരുടെ പുതിയ തലമുറയെ ഓര്‍ത്ത വലിയ സങ്കടമായിരുന്നു.
തിരുവനന്തപുരത്ത് പെയ്ത മഴ ട്ടീവീയില്‍ കണ്ട് മൂടികെട്ടി നില്‍ക്കുന്ന ആകാശം നോക്കി ഞാനും പാത്തുമ്മാത്തയും സങ്കടപ്പെട്ടപ്പോള്‍ എന്റെ മഴ ഇഷ്ട്ടം കണ്ട് വെള്ളം കേറാത്ത വീട്ടിലിരുന്ന് മഴത്ത് ഡ്രൈവ് ചെയ്യുന്ന ബുദ്ധിമുട്ടറിയാത്ത മഴയത്ത് ജോലി ചെയ്യുന്നവരെ അറിയാത്ത മമ്മയുടെ സ്വാര്‍ഥതയാണെന്ന് പറഞ്ഞ മകന്റെ വാക്കുകള്‍ ഓര്‍ത്തുപോയി.

മഴ പെയ്തു തുടങ്ങിയാല്‍ ഉരുള്‍ പൊട്ടുമെന്ന് ഭയപ്പെടുന്ന മലയില്‍ താമസിക്കുന്ന കൂട്ടുകാരിയും എന്റെ മഴ ഇഷ്ടത്തെ കുറിച്ച് പറയുന്നത് ഇതു തന്നെയാണല്ലോ....
 

No comments:

Post a Comment