Monday, December 30, 2013

മഴതന്‍ മറ്റേതോ മുഖങ്ങള്‍

ഓര്‍മ്മയിലും ജീവിതത്തിലും പെയ്യുന്ന മഴയോടുള്ള പ്രണയം കുറിപ്പുകളായി ഫേസ്ബുക്കില്‍ പോസ്റ് ചെയ്യുമ്പോഴൊക്കെ ഉച്ചത്തില്‍ വിയോജിക്കാറുള്ള ഒരു കൂട്ടുകാരി ഉണ്ടെനിക്ക്. ‘അപ്പോള്‍,മഴയോട് നിനക്ക് ഒരിക്കലും ദേഷ്യം വന്നിട്ടില്ലേ, മഴ ശല്യമെന്ന് ഒരിക്കലും തോന്നിയിട്ടില്ലേ ‘ എന്നൊക്കെ ആവര്‍ത്തിച്ചു ചോദിക്കുന്നവള്‍. എഴുത്തിലും കവിതയിലുമൊന്നും എഴുതുന്ന പോലെയല്ല സത്യത്തില്‍ മഴ, നിനക്കതൊന്നും അറിയില്ല എന്നൊക്കെ അവള്‍ കൂട്ടിച്ചേര്‍ക്കും.

സൈറ മുഹമ്മദ്

അതിനെ ചിരിയോടെ നേരിട്ട്, വീണ്ടും മഴയുടെ പ്രിയ വഴികളിലൂടെ വാക്കിന്റെ കുട ചൂടി നടക്കാറാണ് പതിവ്. ജീവിതത്തിന്റെ വെയിലത്ത് മഴയുടെ കാല്‍പ്പനിക വഴികള്‍ എന്താശ്വാസമെന്ന് മറ്റൊരാളോട് എങ്ങിനെ പറഞ്ഞറിയിക്കും? അതിനാല്‍, മഴയ്ക്ക് ഓര്‍മ്മയുടെ ഒറ്റമുഖം മാത്രം. സ്വപ്നത്തിന്റെയും ഓര്‍മ്മയുടെയും പാട്ടിന്റെയും വാക്കിന്റെയും ഒറ്റ വഴി. എന്നാല്‍, അതു മാത്രമാണോ എനിക്കു മഴ? തീര്‍ച്ചയായും അല്ലെന്ന് ഇപ്പോള്‍ ആലോചിച്ചു നോക്കുമ്പോള്‍ അറിയാം. വിജയലക്ഷ്മിയുടെ കവിതയിലേതുപോലെ ‘മഴ തന്‍ മറ്റേതോ മുഖങ്ങളെ’ക്കുറിച്ച് പറയാന്‍ എനിക്കുമുണ്ട് ചിലതൊക്കെ.
സങ്കടങ്ങളുടെ മഴ എന്റെ ഓര്‍മ്മയിലും പെയ്യുന്നുണ്ട്. എല്ലാവരെയും പോലെ, വിലാപങ്ങളുടെയും വിഷാദത്തിന്റെയും മുറികളും തുറന്നിടാറുണ്ട് ചിലപ്പോഴൊക്കെ മഴ. മഴയുടെ നാനാര്‍ത്ഥങ്ങളിലൂടെയാണ് ഞാനും വളര്‍ന്നത്, ജീവിക്കുന്നത്. അതില്‍ മഴയ്ക്ക് സങ്കടങ്ങളുടെയും വിഷാദത്തിന്റെയും വേദനയുടെയും മരണത്തിന്റെയും മുഖം കൂടിയുണ്ട്. അവയിലൂടെ നടക്കുമ്പോള്‍ ഇപ്പോഴും പെയ്തുപോവും മനസ്സ്.


കരച്ചിലിനെക്കാളും ഉച്ചത്തില്‍ പെയ്ത മഴ കേട്ട്, കരയാനാവാതെ നിശ്ചലമായ അവന്റെ ശരീരത്തിനരികെ ഇരുന്നപ്പോള്‍ ഒരിക്കലും നേരം വെളുക്കരുതെന്ന് ആഗ്രഹിച്ചു പോയ നിമിഷങ്ങളെ ഓര്‍ക്കുന്നത് കൊണ്ടാവുമോ രാത്രി മഴ എന്നെ ഇപ്പോഴും വല്ലാത്തൊരു സങ്കടത്തില്‍ കൊണ്ടു ചെന്നെത്തിക്കുന്നത്? Photo: Aneesh ANS


അനുജന്‍ മരിച്ചന്ന് രാത്രി
രാത്രി മഴയുടെ ശബ്ദം കേട്ടു കിടക്കാന്‍ ഏറെ ഇഷ്ട്ടമായിരുന്നെനിക്ക്. ഓര്‍ക്കാതിരിക്കെ പൊടുന്നനെ മരണത്തിന്റെ ആഴക്കടലിലേക്കാണ്ടു പോയ എന്റെ പൊന്നനുജന്‍ മരിച്ച രാത്രിയില്‍ നിര്‍ത്താതെ പെയ്ത മഴയുടെ ശബ്ദമായിരുന്നു പിന്നെ രാത്രി മഴകള്‍ക്കെല്ലാം. ആര്‍ത്തു കരയുന്ന ജ്യേഷ്ഠന്റെയും അനിയത്തിമാരുടേയും കരച്ചിലിനെക്കാളും ഉച്ചത്തില്‍ പെയ്ത മഴ കേട്ട്, കരയാനാവാതെ നിശ്ചലമായ അവന്റെ ശരീരത്തിനരികെ ഇരുന്നപ്പോള്‍ ഒരിക്കലും നേരം വെളുക്കരുതെന്ന് ആഗ്രഹിച്ചു പോയ നിമിഷങ്ങളെ ഓര്‍ക്കുന്നത് കൊണ്ടാവുമോ രാത്രി മഴ എന്നെ ഇപ്പോഴും വല്ലാത്തൊരു സങ്കടത്തില്‍ കൊണ്ടു ചെന്നെത്തിക്കുന്നത്?


ഐ സി യു വിന്റെ തൊട്ടടുത്തുള്ള മുറിയില്‍ ഡ്രിപ്പ്സും അനേകം ട്യൂബുകളുമായി, പൊട്ടി വീര്‍ത്തു പുറത്തേക്കുന്തിയ കണ്ണുകളുമായി, പൊട്ടിക്കരഞ്ഞു കൊണ്ട് എന്നെ മുറുകെ കെട്ടി പിടിച്ച രൂപം എന്റെ മകനാണെന്ന് മനസിലാവാന്‍ അല്‍പ്പസമയം വേണ്ടിവന്നു.Photo: Aneesh ANS


അത് എന്റെ മോനായിരുന്നു!
ആര്‍ത്തലച്ചു പെയ്യുന്ന ഒരു മഴ ദിവസം തന്നെയായിരുന്നു മകന്റെ ഫോണ്‍ വന്നത്. അന്നവന്‍ കോയമ്പത്തൂര്‍ പഠിക്കുകയായിരുന്നു. കൂട്ടുകാരന്റെ ബൈക്കുമായി ഏ ടി എമ്മില്‍ പോകുന്ന വഴി ആക്സിഡന്റായി; പേടിക്കേണ്ടാ, ഒന്നും പറ്റിയില്ല,ഞാന്‍ ആംബുലന്‍സിനു വിളിച്ചിട്ടുണ്ടെന്നൊക്കെ പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തപ്പോള്‍ ഞാനോര്‍ത്തത് ചെറിയ ഒരാക്സിഡന്റാവുമെന്നായിരുന്നു.ബൈക്ക് വാങ്ങി കൊടുക്കാത്തതിന് രണ്ടു ദിവസമായി അവനെന്നോട് പിണക്കമായിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഞാനവനെ ലാളിച്ചിരുന്ന പോലെ ഇടക്ക് സുന്ദരി കുട്ടീ, മമ്മക്കള്ളീ, സൈരാബാനൂ എന്നൊക്കെ നീട്ടി വിളിച്ച് പിറകെ നടക്കുന്ന അവനെ മമ്മക്കുട്ടി എന്ന് വിളിച്ച് എല്ലാവരും കളിയാക്കാറുണ്ട്. രാവിലേയും വൈകുന്നേരവും കോളേജിലെ വിശേഷങ്ങള്‍ മുഴുവന്‍ ഫോണ്‍ ചെയ്തു പറയുന്ന അവന്‍, മമ്മയോട് പിണക്കമാണ്, ലോകത്തിലെ ഏറ്റവും ചീത്ത മമ്മയാണ് എന്നോട് ഒരു സ്നേഹവുമില്ല എന്നൊക്കെ പറഞ്ഞ് ഫോണ്‍ ചെയ്തതിനു ശേഷം രണ്ടു ദിവസമായി വിളിച്ചിട്ടേ ഇല്ലായിരുന്നു.
എവിടെ വെച്ച്,എന്ത് ആക്സിഡന്റ് എന്നൊക്കെ ചോദിക്കുന്നതിനു മുന്‍പ് ഫോണ്‍ കട്ട് ചെയ്യപ്പെട്ടു. പിന്നീട് തിരിച്ചു വിളിച്ചപ്പോള്‍ ഒരു അപരിചിത ശബ്ദമായിരുന്നു അങ്ങേ തലക്കല്‍. ‘കുഴപ്പമൊന്നുമില്ല,തിരക്കുള്ള അവിനാശി റോഡില്‍ ബൈക്ക് ആക്സിഡന്റാണ്, കോളജില്‍ വിവരമറിയിച്ചിട്ടുണ്ട്, പി എസ് ജി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആക്കിയിട്ടുണ്ട്’ എന്നൊക്കെ അയാളെന്നെ സമാധാനിപ്പിച്ചു.
കോരിച്ചൊരിയുന്ന മഴയിലെ ട്രാഫിക്ക് ബ്ലോക്കിലൂടെ, അരിച്ചരിച്ചു നീങ്ങുന്ന വാഹനങ്ങളുടെ നീണ്ട നിരയില്‍ കുടുങ്ങി പോയ കാറില്‍ നിശ്ശബ്ദയായി കാറിന്റെ വിന്‍ഡോ ഷീല്‍ഡില്‍ വന്നു പെയ്യുന്ന മഴ നോക്കിയിരുന്നപ്പോള്‍, എന്ത് കൊണ്ടാണെന്നറിയില്ല, മനസ്സില്‍ വന്നത് അനിയന്‍ മരിച്ചു പോയ മഴയുള്ള രാത്രിയായിരുന്നു.
മകന്റ ലോക്കല്‍ ഗാര്‍ഡിയന്‍ കൂടിയായ കൂട്ടുകാരന്‍ പോലീസ് ഓഫീസറായിരുന്നു. വിളിച്ചപ്പോള്‍ അവന്‍ നോട്ട് റീച്ചബിള്‍.അപ്പോഴും ഭര്‍ത്താവ് പറയുന്നുണ്ട്, ഒന്നുമുണ്ടാവില്ല അവന്‍ വിളിച്ചതല്ലേ എന്നൊക്കെ.പിന്നീട് വിളിക്കുമ്പോള്‍ അവന്‍ എന്തു കൊണ്ട് ഫോണെടുക്കുന്നില്ല എന്ന് ചോദിക്കുമ്പോള്‍ ഉത്തരമില്ല. പിന്നീട്, വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ അവന്റെ കൂട്ടുകാര്‍ വിളിച്ചപ്പോഴാണ് ആശ്വാസം തോന്നിയത്.
എങ്കിലും അവന്റെ കയ്യില്‍ ഫോണ്‍ കൊടുക്കു എന്നു പറയുമ്പോഴെല്ലാം പോലീസുകാര്‍ വന്നിട്ടുണ്ട് അവരോട് സംസാരിക്കുകയാണവന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിക്കുകയും ചെയ്തു. ആ ആശ്വാസത്തിലാണ് വിവരമറിഞ്ഞ് കൂട്ടംകൂടി നില്‍ക്കുന്ന അവന്റെ കൂട്ടുകാരുടെ കൂടെ ഞാന്‍ അകത്തേക്ക് നടന്നത്.ഐ സി യു വിന്റെ തൊട്ടടുത്തുള്ള മുറിയില്‍ ഡ്രിപ്പ്സും അനേകം ട്യൂബുകളുമായി, പൊട്ടി വീര്‍ത്തു പുറത്തേക്കുന്തിയ കണ്ണുകളുമായി, പൊട്ടിക്കരഞ്ഞു കൊണ്ട് എന്നെ മുറുകെ കെട്ടി പിടിച്ച രൂപം എന്റെ മകനാണെന്ന് മനസിലാവാന്‍ അല്‍പ്പസമയം വേണ്ടിവന്നു.
അവന്റെ കൂട്ടുകാരന്റെ അച്ഛനും കുടുംബ സുഹൃത്തുമായ ന്യൂറോസര്‍ജന്‍, വിദേശത്തായിരുന്നെങ്കിലും ഓപ്പറേഷന്‍ വേണമെന്നു പറയുകയാണെങ്കില്‍ ഞാന്‍ വരാം എന്ന് പറഞ്ഞ ആ ദിവസം പെയ്ത മഴ സൌഹൃദമഴയായിരുന്നു എന്ന് ഞാന്‍ ശ്രദ്ധിച്ചതേ ഇല്ല .അവസാനം കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലേക്ക് മാറ്റാമെന്നും അവിടെയുള്ള അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ സര്‍ജന്‍ ഓപറേറ്റ് ചെയ്യുമെന്നും തീരുമാനിച്ച രാത്രിയില്‍ ഇഞ്ചക്ഷന്‍ ചെയ്യാന്‍ വന്ന മലയാളി നേഴ്സ് പറഞ്ഞാണറിഞ്ഞത്, ആക്സിഡന്റായ ദിവസം മകന്റെ കൂട്ടുകാര്‍ അടച്ച ആശുപത്രി ബില്ലിനെകുറിച്ച്. ടെന്‍ഷനില്‍ ഞാനതെല്ലാം മറന്നുപോയിരുന്നു.
വേദനകൊണ്ട് പിടയുന്ന കൂട്ടുകാരനെ കണ്ണീരോടെ യാത്രയയക്കാന്‍ വന്ന അവരിലൊരാളുടെ കയ്യില്‍ ആ പൈസ കൊടുത്തപ്പോള്‍, വേണ്ട ആന്റി, ഞങ്ങള്‍ക്ക് പോലുമറിയില്ല ആരൊക്കെ പൈസ തന്നു എന്നായിരുന്നു മറുപടി. വന്നവരെല്ലാം പേഴ്സ് തന്ന് മുഴുവന്‍ പൈസ എടുത്തോളു എന്ന് പറഞ്ഞപ്പോള്‍ ചില പേഴ്സില്‍ മാസവസാനമായതിനാല്‍ നൂറില്‍ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന മകന്റെ കൂട്ടുകാരന്റെ വാക്കുകള്‍ കേട്ടപ്പോള്‍ മഴയും എന്റെ കൂടെ കരയുന്നുണ്ടായിരുന്നു.
ഓപ്പറേഷനു ശേഷം ജീവിതത്തിലേക്കു തിരിച്ചു വന്ന എന്റെ പൊന്നുമകനു വേണ്ടി പ്രാര്‍ഥനയോടെ കൂടെ നിന്ന അവന്റെ കൂട്ടുകാരനും അമ്മയും ഞങ്ങളെ യാത്രയാക്കിയതും ഒരു മഴനേരത്തായിരുന്നു.


ഉറക്കം വരാതെ നിര്‍ത്താതെ പെയ്യുന്ന മഴയുടെ ശബ്ദം ചെവിയോര്‍ത്ത് കിടക്കേ മുഴങ്ങിക്കേട്ട ഫോണ്‍ ശബ്ദം അവന്റെ മരണവാര്‍ത്തയായിരുന്നു.Photo: Aneesh ANS


അസമയത്തെ മരണവാര്‍ത്ത
സംഗീതമാണെങ്കിലും സിനിമയാണെങ്കിലും പുസ്തകമാണെങ്കിലും ഇഷ്ട്ടങ്ങളെല്ലാം ഒരു പോലെയായിരുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. കൂട്ടുകാരനെന്ന് പറയാമോ എന്നെനിക്കറിയില്ല. വയസില്‍ എന്നെക്കാളും കൂടുമെങ്കിലും ഭര്‍ത്താവിന്റെ സഹോദരനായി വരുമെന്നതിനാല്‍, എന്നെ ഇത്ത എന്നാണ് വിളിച്ചിരുന്നത് .കണ്ടുകഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ നിരവധി കാര്യങ്ങളായിരുന്നു. പിന്നീടവന്‍ പഠിത്തം കഴിഞ്ഞ് ജോലിയായി ചേര്‍ന്നതിനു ശേഷം കാണുന്നത് അപൂര്‍വ്വമായി . ഞാനെന്റേതായ തിരക്കിലുമായി. അതിനിടയില്‍ അവന്റെ വിവാഹവും കഴിഞ്ഞു. വളരെ നല്ല ഒരു പെണ്‍കുട്ടിയായിരുന്നു അവന്റെ ഭാര്യ.എന്നെകാണുമ്പോള്‍ കൂടുതല്‍ അടുപ്പം കാണിക്കുന്നത് ഞങ്ങളുടെ സൌഹൃദം അറിയുന്നത് കൊണ്ടാവുമെന്ന് മക്കള്‍ എപ്പോഴും പറയുമായിരുന്നു.
കുറെ വര്‍ഷങ്ങളായിരുന്നു ഞങ്ങള്‍ കണ്ടിട്ട്. മകളുടെ എം ബി എ യുടെ അഡ്മിഷന്റെ തിരക്കിലൊരു ദിവസമാണ് എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ശ്വാസകോശ ക്യാന്‍സറായി പെരിന്തല്‍മണ്ണയിലെ ഒരു ആശുപത്രിയില്‍ അഡ്മിറ്റാണെന്ന് ഭര്‍ത്താവ് പറയുന്നത് .അതറിഞ്ഞ ദിവസം ഞാനുറങ്ങിയതേ ഇല്ല. അടുത്ത ദിവസം ആശുപത്രിയിലേക്ക് പുറപ്പെടുമ്പോള്‍ കോരിചൊരിയുന്ന മഴയായിരുന്നു. ആശുപത്രിയില്‍ ചെന്നപ്പോള്‍ വെള്ളം കയറിയതിനാല്‍, താഴെ ഐ സി യുവിലുള്ള രോഗികളെ മുകളിലെ നിലയിലേക്ക് മാറ്റുകയായതിനാല്‍ കാണാന്‍ പറ്റില്ല എന്നായി ആശുപത്രിയിലെ ജീവനക്കാര്‍.
കുറേ സമയം അവന്റെ ഭാര്യയുടെ അടുത്തിരുന്ന് തിരിച്ചു പോരുമ്പോള്‍ ഞാന്‍ നിശബ്ദമായി കരയുകയായിരുന്നു. അടുത്ത ദിവസം രാവിലെ തന്നെ ഭര്‍ത്താവിന്റെ കൂടെ പോവുമ്പോള്‍, അത്ര മോശം അവസ്ഥയിലാണവന്‍ എന്ന് ഞാനറിഞ്ഞിരുന്നില്ല. അവനങ്ങിനെ ഒരസുഖമുള്ളത് ആരും പറഞ്ഞുമില്ല.ചുമയായതിനാല്‍ എന്തോ ടെസ്റ്റ് വേണമെന്ന് ഡോക്ട്ടര്‍ പറഞ്ഞിട്ടുണ്ട്, അവര്‍ ജിദ്ദയില്‍ നിന്ന് തിരിച്ചു പോരികയാണ് എന്നൊക്കെ ഒരിക്കല്‍ അവന്റെ ഉമ്മ പറഞ്ഞപ്പോള്‍ ഞാനത്ര കാര്യമാക്കിയിരുന്നില്ല.
ഞാനെത്തുമ്പോള്‍ അവനെ റൂമിലേക്ക് മാറ്റിയിരുന്നു.ആകെ അവശനായിരുന്നു അവന്‍. ഞാനറിയാത്ത ഒരു പാട് ആളുകളുണ്ടായിരുന്നു അവനു ചുറ്റും. കുറച്ചു നേരം അവന്റെ അടുത്തിരുന്ന് യാത്ര പറയാന്‍ നേരം ‘എനിക്ക് ഇത്തയോട് കുറെ സംസാരിക്കാനുണ്ടായിരുന്നു ഇനിയിപ്പോ സമയമില്ലല്ലോ എന്റെ കയ്യില്‍’ എന്ന് ചിരിയോടെ പറഞ്ഞ അവന്റെ വാക്കുകള്‍ എന്റെ മനസില്‍ തീമഴയായി.
കനലെരിയുന്ന മനസുമായി ഉറക്കം വരാതെ നിര്‍ത്താതെ പെയ്യുന്ന മഴയുടെ ശബ്ദം ചെവിയോര്‍ത്ത് കിടക്കേ മുഴങ്ങിക്കേട്ട ഫോണ്‍ ശബ്ദം അവന്റെ മരണവാര്‍ത്തയായിരുന്നു. തോരാത്ത മഴയില്‍ അന്നവന്‍ യാത്രയാവുമ്പോള്‍ ഉള്ളില്‍ വേദനയുടെ ഒരു മഴക്കാലം തന്നെ ആര്‍ത്തിരമ്പുകയായിരുന്നു.
തലക്കെട്ടിന് നന്ദി: പ്രിയ കവി വിജയലക്ഷ്മിയുടെ മഴതന്‍ മറ്റേതോ മുഖം എന്ന കവിത(നാലാമിടത്തില്‍   പ്രസിദ്ധീകരിച്ചു  വന്നത്)

No comments:

Post a Comment