Monday, December 30, 2013

കാശ്മീര്‍: ഒരു സുന്ദര സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ ഭാഗം - 2

ശ്രീനഗറില്‍ വന്നിറങ്ങിയ ദിവസം ത്സലം നദിയുടെ ഓരം ചേര്‍ന്നുള്ള വഴിയിലൂടെ പോവുമ്പോള്‍ നദിയുടെ അങ്ങേ അറ്റത്തെ മലമുകളില്‍ കണ്ട ശങ്കാരാചാര്യ ക്ഷേത്രം നോക്കി കൂട്ടുകാര്‍ പറഞ്ഞിരുന്നു, അവിടേയും ഒന്ന് പോവണമെന്ന്. അതുകൊണ്ട് ശ്രീനഗറിലെ മൂന്നാം ദിവസത്തെ പുലര്‍ച്ചയിലെ ആദ്യ യാത്ര അങ്ങോട്ടായിരുന്നു. പണ്ട് ശ്രീനഗര്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയായിരുന്നു. ശങ്കരാചാര്യര്‍ ഒരു വഞ്ചിയിലാണ് പാണ്ടവര്‍ നിര്‍മിച്ച മലമുകളിലെ ആ ക്ഷേത്രത്തിലേക്ക് പോയത് എന്നാണ് പറയപ്പെടുന്നത്. അന്ന് അവിടെയെല്ലാം നാഗങ്ങളായിരുന്നു. നാഗങ്ങളുടെ ശല്യം സഹിക്കവയ്യാതാവുകയും പാര്‍വ്വതീദേവി ശിവനെ പ്രാര്‍ഥിച്ച് ആവശ്യം ഉന്നയിച്ചപ്പോള്‍ ശിവന്‍ വെള്ളമെല്ലാം വറ്റിച്ചു കളഞ്ഞാണ് ത്സലം നദിക്ക് ഇന്നത്തെ രൂപമായത് എന്നാണ് ഐതിഹ്യം. ഇതെല്ലാം അവിടെയുള്ള കൂട്ടുകാരന്‍ പറഞ്ഞു തന്ന കഥയാണ്.
 
സാച്ചിഗം വൈല്‍ഡ് ലൈഫ് സാങ്ച്ച്വറിക്ക് ചേര്‍ന്ന് സമുദ്രനിരപ്പില്‍ നിന്ന് 1000 അടി ഉയരത്തിലുള്ള കുന്നിന്‍ മുകളിലാണ് ഈ ക്ഷേത്രം. 243 കല്‍പടവുകള്‍ കയറണം ക്ഷേത്രത്തിലെത്താന്‍. ശിവനാണു പ്രതിഷ്ഠ. കര്‍പ്പൂരത്തിന്റേയും ചന്ദനത്തിന്റേയും മിശ്ര സുഗന്ധം. മുഴങ്ങുന്ന മണിയൊച്ചകള്‍. എല്ലാം കണ്ടും കേട്ടും രഘുപതി രാഘവ അലയടിക്കുന്ന ക്ഷേത്രാങ്കണത്തിന്റെ മുറ്റത്ത് കരിങ്കല്‍ പാകിയ മുറ്റത്ത് നിന്നപ്പോള്‍ ദൂരെ കണ്ട ദാല്‍ തടാകത്തിന്റേയും ഹസ്രത്ത് ബാല്‍ പള്ളിയുടേയും ശ്രീനഗര്‍ സിറ്റിയുടേയും മഞ്ഞയും പിങ്കും നിറമുള്ള സബര്‍വാന്‍ മലയുടെടേയും വിദൂര കാഴ്ച്ചകളുടെ മധുരം പറഞ്ഞറിയിക്കാനാവില്ല. മഞ്ഞയും പിങ്കും ഇല ചാര്‍ത്തുകളോടെ പ്രൗഡിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ചീനാര്‍ മരങ്ങളും ദേവദാരുവും വില്ലോട്രീയും പൈനും ചേര്‍ന്ന് സബര്‍വ്വന്‍ മലനിരകളെ കൂടുതല്‍ സുന്ദരിയാക്കിയിരുന്നു.
 
 
ചഷ്മാഷാഹിയിലേക്കായിരുന്നു അടുത്തയാത്ര. ചെറുതെങ്കിലും ഷാജഹാന്‍ നിര്‍മിച്ച മൂന്നു തട്ടുകളായി പരന്നു കിടക്കുന്ന ഈ ഗാര്‍ഡനും സൗന്ദര്യത്തില്‍ ഒട്ടും പിന്നിലല്ല. ഉദ്യാനത്തിന്റെ മധ്യഭാഗത്തായി ദിവ്യജലം ഒഴുകിയെത്തുന്ന ഒരു ഉറവയാണ് മുഖ്യ ആകര്‍ഷണം. ഉദര സംബന്ധമായ എല്ലാ രോഗങ്ങളും ആ ജലം കുടിച്ചാല്‍ മാറുമെന്നാണ് വിശ്വാസം. ജവഹര്‍ ലാല്‍ നെഹ്‌റു കാശ്മീര്‍ സന്ദര്‍ശന വേളയില്‍ ഈ ദിവ്യ ജലം കുടിച്ചിരുന്നുവത്രേ. വിദേശികളും സ്വദേശികളുമായി ധാരാളം സഞ്ചാരികള്‍ ചഷ്‌മാഷാഹി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. എല്ലാ സഞ്ചാരികളും ആ നീരുറവയില്‍ നിന്ന് വരുന്ന വെള്ളം കുടിക്കാനും കയ്യില്‍ കരുതിയിരുന്ന കുപ്പികളില്‍ ശേഖരിക്കാനുമുള്ള തിരക്കിലായിരുന്നു.
 
മുഗള്‍ ഉദ്യാനങ്ങളില്‍ വെച്ച് ഏറ്റവും മനോഹരം എന്ന് വിശേഷിപ്പിക്കാവുന്ന ഷാലിമാര്‍ ഉദ്യാനത്തിലേക്കായിരുന്നു അടുത്ത യാത്ര.1619ല്‍ ജഹാംഗിര്‍ തന്റെ പ്രിയ പത്‌നി നൂര്‍ജഹാന് വേണ്ടി നിമ്മിച്ചതാണ് ഈ ഉദ്യാനം. നാല് തട്ടുകളായിട്ടാണ് ഈ പൂന്തോട്ടം നിര്‍മിച്ചിരിക്കുന്നത്. മനോഹരമായ ജലധാരയില്‍ നിന്നും ഉദ്യാന മധ്യത്തിലൂടെ തെളിഞ്ഞ തണുത്ത ജലം ഒഴുകുന്നുണ്ട്. മനോഹരങ്ങളായ അനവധി പേരറിയാത്ത പൂക്കളും ഫലവൃക്ഷങ്ങളും ചീനാര്‍ മരങ്ങളും നിറഞ്ഞ ഈ പൂന്തോട്ടം മറ്റേതു മുഗള്‍ ഉദ്യാനത്തേക്കാളും മനോഹരമാണ്. ഏറ്റവും മുകളില്‍ നിന്നുള്ള തട്ടില്‍ നിന്ന് നോക്കിയാല്‍ വിടര്‍ന്നു നില്‍ക്കുന്ന അനേകായിരം പൂക്കളുടേയും ജലധാരയുടേയും പിറകിലായി കാണുന്ന ദാല്‍ തടാകത്തിന്റെ കാഴ്ച്ച ഏതോ ചിത്രകാരന്‍ തന്റെ ക്യാന്‍വാസില്‍ വരച്ചു വെച്ച ഛായാ ചിത്രമാണോ എന്ന് ഒരു നിമിഷം സംശയിച്ചു പോവും. 
 
സമയം മൂന്നുമണിയോടടുത്തിരുന്നു. ഗസ്റ്റ് ഹൗസിലെ പാചകക്കാരന്‍ തീറഥ് ഉണ്ടാക്കിയ രുചികരമായ കാശ്മീരി വിഭവങ്ങള്‍ ആണ് എന്നും കഴിച്ചിരുന്നതെങ്കിലും അന്ന് ഞങ്ങള്‍ പരമ്പരാഗത കാശ്മീര്‍ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചിരുന്ന ദിവസമായിരുന്നു. നഗരത്തിലെ പ്രാചീന ഹോട്ടലായ അഹ്ദൂറായിരുന്നു കൂട്ടുകാര്‍ തിരഞ്ഞെടുത്തത്. കാശ്മീരികള്‍ക്ക് ആടാണ് പ്രാധാന്യമെന്ന് അറിഞ്ഞപ്പോള്‍ ശുദ്ധ വെജിറ്റേറിയന്മാര്‍ക്ക് സങ്കടമായി. ആടിനെ അറുത്ത് അതിന്റെ തൊലി മദ്രസകള്‍ക്ക് ദാനം ചെയ്യുകയാന് പതിവ്.
 
അവിടുന്ന് ലാല്‍ചൗക്ക് ചുറ്റി നേരെ ഹസ്രത്ത്ബാല്‍ പള്ളിയിലേക്കായിരുന്നു യാത്ര. നമ്മുടെ മിഠായി തെരുവു പോലെയുണ്ട് ലാല്‍ചൗക്ക് കാണാന്‍. എല്ലാ ലഹളകളും ആദ്യം പൊട്ടി പുറപ്പെടുന്നത് ആ തെരുവില്‍ നിന്നാണെന്നാണ് പറഞ്ഞ് കേട്ടത്. ഒരു കാര്യം പറയാതെ വയ്യ. വൃത്തിയുള്ള റോഡുകള്‍. പ്ലാസ്റ്റിക്കോ മാലിന്യങ്ങളോ എവിടേയും കണ്ടില്ല. ഹസ്രത്ത്ബാല്‍ പള്ളി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ്. മാര്‍ബിള്‍ പാകിയ തറകള്‍. ധാരാളം സഞ്ചാരികള്‍ ഉണ്ടായിരുന്നു അവിടേയും. 
 
 
നിശാദ് ഗാര്‍ഡന്‍ കൂടി അന്നു തന്നെ സന്ദര്‍ശിക്കണമായിരുന്നു. ടിക്കറ്റ് എടുത്ത് അകത്തു കയറുമ്പോള്‍ അവിടം സഞ്ചാരികള്‍ നന്നേ കുറവായിരുന്നു. മുഗള്‍ ഉദ്യാനങ്ങളില്‍ മിക്കവയുടെ പശ്ചാത്തലത്തിലും ദാല്‍ തടാകം കാണുവാന്‍ കഴിയും. മുഗള്‍ രാജാവായ ജഹാംഗിറിന്റെ പ്രിയ സഖി നൂര്‍ജഹാന്റെ സഹോദരന്‍ അസിഫ് ഖാന്‍ ആണ് നിശാത് ബാഗ് നിര്‍മ്മിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അനേകം ചിനാര്‍, പോപ്ലര്‍ വൃക്ഷങ്ങളും മനോഹര വര്‍ണങ്ങളില്‍ വിടര്‍ന്നു നില്‍ക്കുന്ന നിരവധി പൂക്കളും നിറഞ്ഞ ഈ ഉദ്യാനവും സുന്ദരം തന്നെ. ഇരുട്ട് വീണു തുടങ്ങിയിരുന്നു. ഒരു വൈദ്യുതി വിളക്ക് പോലും അവിടെ ഉണ്ടായിരുന്നില്ല. സന്ദര്‍ശകര്‍ക്കാവട്ടെ ഒരു തിരക്കുമില്ലായിരുന്നു. രാത്രിയില്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന ദാല്‍ തടാകം കണ്ടപ്പോള്‍ പകല്‍ സുന്ദരിയാണെങ്കില്‍ രാത്രി അതീവ സുന്ദരിയാണ് ശ്രീനഗര്‍ എന്ന് തോന്നി. ഗസ്റ്റ് ഹൗസിലേക്ക് മടക്കം. രണ്ട് സ്വറ്റര്‍ ഇട്ടിട്ടും അതിനു മേലൊരു ജാക്കറ്റിട്ടിട്ടും തോല്പ്പിക്കാനാവാത്ത തണുപ്പ്. അകലെയുള്ള വീടിനേയും കുടുംബത്തേയും ഒര്‍ത്ത് കിടന്ന് ഉറങ്ങിയതറിഞ്ഞില്ല.
 
കാശ്മീര്‍ വാലിയോട് വിടപറയുന്ന ദിവസമായിരുന്നു അന്ന്. എന്തൊക്കെയോ ബാക്കി വെച്ചപോലെ. സോനാമാര്‍ഗ്, പഹല്‍മാര്‍ഗ്, ലഡാക്ക്. കാണാകാഴ്ച്ചകള്‍ ഇനിയുമെത്ര. കുറച്ചു സ്വപ്നങ്ങള്‍ അവിടെ ബാക്കി വെച്ച് ജമ്മുവിലേക്ക് പോവാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങള്‍. വെറുതെ ചെടികള്‍ക്കും പൂക്കള്‍ക്കും ഇടയിലൂടെ ചുറ്റിതിരിയുമ്പോളാണ് ഗസ്റ്റ് ഹൗസിനു പുറകിലെ ആപ്പിള്‍ തോട്ടത്തില്‍ വിറകു ശേഖരിക്കുന്ന കാശ്മീരി പെണ്‍കുട്ടികളെ കണ്ടത്. കാണുമ്പോഴെല്ലാം മനോഹരമായി ചിരിക്കുന്ന അവരോട് യാത്ര പറയാമെന്ന് വെച്ച് ചെന്നതായിരുന്നു. അവരും ആദ്യം ചോദിച്ചത് കശ്മീര്‍ ഇഷ്ട്ടപെട്ടുവോ എന്നാണ്. നിങ്ങളെ പോലെ തന്നെ മനോഹരിയാണു കശ്മീരും എന്ന് പറഞ്ഞപ്പോള്‍ നാണമായി എല്ലാവര്‍ക്കും. വീട്ടില്‍ വരു എന്നവര്‍ കുറേ നിര്‍ബന്ധിച്ചു. എനിക്ക് പോവണമെന്നുണ്ടായിരുന്നു. അപ്പോള്‍ പുറപ്പെട്ടാലെ വഴിയിലെ കാഴ്ച്ചകള്‍ കണ്ട് ഇരുട്ടും മുന്‍പ് ജമ്മുവിലെത്തു എന്ന് പറഞ്ഞതോര്‍ത്തപ്പോള്‍ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു.
 
 
ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്കുള്ള 293 കിലോമീറ്റര്‍ റോഡുയാത്ര. മഞ്ഞു വീഴുന്നതിനു മുന്‍പ് ലേ- ലഡാക്കിലേക്കുള്ള സാധനങ്ങള്‍ കൊണ്ടു പോവുന്ന ലോറികളും ആപ്പിള്‍ നിറച്ച ലോറികളുമെല്ലാമായി ഇടക്കിടെ ഉണ്ടായ ട്രാഫ്ഫിക് ബ്ലോക്കിലൂടെ പോവുമ്പോഴാണ് വഴിയരികില്‍ 71ല്‍ പാക്കിസ്ഥാനില്‍ നിന്ന് പിടിച്ചെടുത്ത ഒരു ടാങ്ക് വഴിയരികില്‍ പ്രദര്‍ശനത്തിന് വെച്ചത് കണ്ടത്. കാലപഴക്കം കൊണ്ട് ഇടിഞ്ഞു വീണ അവന്തിപൂരിലെ സൂര്യക്ഷേത്രവും പിന്നിലാക്കി ഞങ്ങളുടെ ഇന്നോവ ഓടികൊണ്ടിരുന്നു.
 
ക്രിക്കറ്റ്ബാറ്റിനു പ്രസിദ്ധമായ അനന്ത് നാഗിലൂടെയാണ് യാത്ര. ഇവിടുത്തെ കാശ്മീര്‍ വില്ലോ മരങ്ങള്‍ കൊണ്ട് നിര്‍മിച്ച ക്രിക്കറ്റ് ബാറ്റുകള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകരാജ്യങ്ങള്‍ക്കിടയില്‍ പോലും പേരുകേട്ടവയാണ്. അതിര്‍ത്തി തര്‍ക്കങ്ങളും വിഘടനവാദ പ്രവര്‍ത്തനങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശങ്ങളിലൊന്നാണിത്. അവിടുത്ത്കാര്‍ അനന്ത്‌നാഗ് എന്ന പേരു മാറ്റി ഇസ്ലാമാബാദ് എന്നാക്കിയിരിക്കുകയാണിപ്പോള്‍.
 
കുങ്കുമപ്പൂക്കളുടെ ദേശമാണ് പാമ്പൂര്‍. നോക്കെത്താ ദൂരത്ത് കുങ്കുമപ്പൂവുകള്‍ നിറഞ്ഞ പാടങ്ങള്‍. വയലറ്റ് നിറമാണ് പൂക്കള്‍ക്ക്. പൂക്കളുടെ കേസരിയെയാണ് കുങ്കുമപ്പൂവ് എന്ന് പറയുന്നത്. ഒരു ഗ്രാം സഫ്രോണ്‍ കിട്ടണമെങ്കില്‍ വളരയേറെ പൂക്കള്‍ ശേഖരിക്കേണ്ടിവരും. വണ്ടി നിര്‍ത്തിയതും കുങ്കുമപൂവും പൂ കൊണ്ടുണ്ടാക്കിയ ലേപനങ്ങളും വില്‍ക്കുന്ന കച്ചവടക്കാര്‍ പൊതിഞ്ഞു. പതിനൊന്നു കിലോമീറ്റര്‍ മലതുളച്ചുണ്ടാക്കിയ ടണലിന്റെ ഇരുളിലൂടെ ഗാസിഗണ്ടിലേക്ക്.
 
വളഞ്ഞുപുളഞ്ഞ വഴിയിലൂടെ ടൈറ്റാനിക്ക് പോയന്റ് വ്യൂവും കടന്ന് ഞങ്ങളുടെ ഇന്നോവ ചീറിപാഞ്ഞു. കാഴ്ച്ചകളുടെ ഒരു വസന്തമായിരുന്നു ആ യാത്ര. കുതിച്ചൊഴുകുന്ന ചെറാബ് നദിക്കരയുടെ ഇരുവശവുമുള്ള മലയുടെ ചെരുവിലൂടെ ചെത്തിയുണ്ടാക്കിയ റോഡ്. നവംബര്‍ പകുതി കഴിഞ്ഞാല്‍ ഈ വഴിയുള്ള യാത്ര മഞ്ഞു വീണു ദുഷ്‌ക്കരമാവും. കാലവും പ്രകൃതിയും രൂപപ്പെടുത്തിയ വലിയ ഉരുളന്‍ കല്ലുകളില്‍ തട്ടി പതഞ്ഞു വരികയാണ് ചെറാബ്. നീരൊഴുക്കിന്റെ ചടുല താളം. ഇടക്ക് കശ്മീര്‍ സ്വീറ്റ്‌സിനു പ്രസിദ്ധമായ കുദ്ദില്‍ വണ്ടി നിര്‍ത്തി. അവരുടെ പേരുകെട്ട പട്ടീസ എന്ന മധുരപലഹാരത്തിന്റെ രുചി അറിയാന്‍. കശ്മീരികള്‍ പൊതുവെ മധുരം കുറച്ചുപയോഗിക്കുന്നവരാണെന്ന് തോന്നി.
 
മലമുകളിലേക്ക് ചെല്ലുംതോറും ദേവദാരുമരങ്ങളുടെ വശ്യത. മനോഹരമാണ് പത്‌നീടോപ്പും. താഴ്വാരത്തില്‍ പ്രശ്‌നങ്ങളുള്ള സമയത്ത് സഞ്ചാരികള്‍ മഞ്ഞ് കാണാന്‍ പോയിരുന്നത് ഇവിടേക്കായിരുന്നു. പഴയ ഹിന്ദി പ്രണയഗാനങ്ങള്‍ കേട്ട് ഉലയുന്ന കാറ്റില്‍ പട്ടുപാവാട കൂട്ടിപിടിച്ച് കൂട്ടുകാരോടൊത്ത് ആഘോഷിച്ചിരുന്ന ദിനങ്ങളെ ഓര്‍മിപ്പിച്ചും ഓര്‍ത്തെടുത്തും പൊട്ടിചിരിച്ചും ഞങ്ങള്‍ നാലു പേരും ആഘോഷമാക്കിയ ആ യാത്ര ഉദംപൂരിലെ കന്‍റോണ്‍ന്മെന്റിലെ ഗസ്റ്റ് ഹൗസില്‍ അവസാനിച്ചപ്പോള്‍ ഇരുട്ടിന് കനം വീണിരുന്നു.
 
II
 
 
പുലര്‍ച്ചെ എഴുന്നേറ്റ് വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പുറപ്പെടുമ്പോള്‍ എല്ലാവരും നല്ല ഉത്സാഹത്തിലായിരുന്നു. ക്ഷേത്രങ്ങളുടെ നാടാണ് ജമ്മു. ജമ്മുവിലെ കട്രയില്‍ സ്ഥിതി ചെയ്യുന്ന ത്രികുടപര്‍വ്വം കയറി പ്രതിവര്‍ഷം ഒരു കോടിയിലധികം ആളുകളാണ് ദേവി ദര്‍ശനത്തിനായി വരുന്നത്. ഉത്തരേന്ത്യയുടെ മുഴുവന്‍ അമ്മയാണ് ദേവി. കോളേജ് പഠനകാലത്ത് എക്‌സ്‌ക്കര്‍ഷനു പോയപ്പോളെല്ലാം നിരവധി ക്ഷേത്രങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ഇത്ര ഭക്തി നിറഞ്ഞ ഒരന്തരീക്ഷത്തില്‍ കൂട്ടുകാരോടൊപ്പം ഒരു ക്ഷേത്ര സന്ദര്‍ശനം ആദ്യമായിരുന്നു. ആദ്യം ഞാന്‍ ഒന്നു മടിച്ചു നിന്നെങ്കിലും അവിടെ ജാതിയൊന്നും നോക്കില്ല നിനക്കും ഒന്നവിടെ കാണാമല്ലോ, ആഗ്രഹിച്ചിട്ടും എത്രയോ ആളുകള്‍ക്ക് പോവാനായിട്ടില്ല എന്നൊക്കെ പറഞ്ഞ് കൂട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ കൂടെ കൂടാന്‍ തീരുമാനിച്ചു.
 
 
കട്രയില്‍ എത്തിയപ്പോള്‍ ആദ്യം ചെയ്തത് ഒരു ലോഡ്ജില്‍ റൂമെടുത്ത് ബാഗുകളും സാധനങ്ങളും കൊണ്ടു വെക്കുകയായിരുന്നു. കട്ര സാമാന്യം വലിയൊരു നഗരമാണ്. യാത്രക്ക് തയ്യാറായി അവിടെ ഞങ്ങള്‍ എത്തുമ്പോഴേക്കും കൂട്ടുകാരന്റെ ജമ്മുവിലെ ഓഫീസില്‍ നിന്ന് വന്ന ആള്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പും മലകയറാനുള്ള പോണികളുമൊക്കെ റെഡിയാക്കി ദര്‍ശനി കവാടത്തില്‍ കാത്തുനിന്നിരുന്നു. ആദ്യം നടന്നു കയറാനായിരുന്നു പ്ലാന്‍. മല കണ്ടപ്പോള്‍ തിരിച്ചിറങ്ങുന്നത് നടന്നാവാമെന്നായി എല്ലാവരും.
പോണി പ്രതീക്ഷിച്ചു ചെന്ന ഞാന്‍ നല്ല തലയെടുപ്പോടെ കഴുത്തില്‍ തോരണങ്ങളും കിങ്ങിണികളും തൂക്കി നില്‍ക്കുന്ന കുതിരകളെ കണ്ട് ഞെട്ടിപോയി. വശത്തെ ഉയരമുള്ള തറ കാണിച്ച് കുതിരപുറത്ത് കയറാന്‍ എത്ര വിളിച്ചിട്ടും ഞാന്‍ പോയില്ല. അവസാനം അത്രേം തലയെടുപ്പും ഉയരവുമില്ലാത്ത ഒരു പോണിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. മല കയറാന്‍ കുതിരകളും പോണികളും പല്ലക്കും ഹെലികോപ്റ്ററുമുണ്ട്.
 
കുതിച്ചൊഴുകുന്ന ബാണാസുര നദിക്ക് മുകളിലൂടെ എന്റെ പോണി മല കയറാന്‍ തുടങ്ങിയപ്പോഴേക്ക് എനിക്ക് ബാലന്‍സ് ആയി കഴിഞ്ഞിരുന്നു. ആസ്ബറ്റോസ് മേഞ്ഞ മേല്‍ക്കൂരക്കു താഴെ ഇരുവശവും മാലയും ഭക്തി ഗാനങ്ങളുടെ സീഡിയും ആപ്രിക്കോട്ടും വാള്‍നട്ടും വില്‍ക്കുന്ന കടകള്‍. അത്യാവശ്യം വന്നാല്‍ വിളിക്കാവുന്ന ടോള്‍ ഫ്രീ നമ്പറുകള്‍ വെച്ച ബോര്‍ഡുകള്‍ ഓരോ വളവിലും കാണാം. വൃത്തിയുള്ള പാതകള്‍. എങ്കിലും കുതിരപ്പുറത്തിര്‍ന്നുള്ള ആ പോക്ക് സാഹസികത നിറഞ്ഞതാണ്. ഒരു വശത്ത് അഗാധമായ കൊക്ക, മറുവശത്ത് ദേവദാരുക്കള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന മാമരങ്ങള്‍. ഇടക്ക് മുകളില്‍ നിന്ന് വലിയ പാറകല്ലുകള്‍ അടര്‍ന്നു വീണ് അപകടങ്ങളുണ്ടാവാറുണ്ടെന്ന് കുതിരക്കാരന്‍ പറഞ്ഞു. ഖാലിദ് എന്നു പേരുപറഞ്ഞ കുതിരക്കാരന്‍, കൂടെയുള്ളത് സഹോദരങ്ങളാണ് എന്നാണ് പറഞ്ഞത്. ഒരു ദിവസം ഒരു പ്രാവശ്യമേ മലമുകളിലേക്കു പോവു എന്നാണയാള്‍ പറഞ്ഞത്. പായുന്ന പോണിക്കൊപ്പം വളഞ്ഞു പുളഞ്ഞ വഴിയിലൂടെ ഓടിയെത്തുക പ്രയാസം തന്നെയാണ്. ചില സ്ഥലങ്ങളില്‍ എത്തുമ്പോള്‍ കുതിരക്കാരന്‍ വടി ആഞ്ഞു വീശാന്‍ തുടങ്ങും. അടി വീഴുന്നതിനു മുന്‍പ് പോണി കുതിച്ചു പായാനും തുടങ്ങും. അപ്പോള്‍ പോണിക്ക് മുകളില്‍ ഉള്ള ആ ഇരുത്തം ആദ്യമൊക്കെ എനിക്ക് പേടിയായിരുന്നു.
 
 
വീശിയടിക്കുന്ന തണുപ്പും ആസ്വദിച്ച് ദേവദാരുവും പൈനും ഇടതൂര്‍ന്ന നീല മലയിടുക്കുകളുടെ വന്യതയും താഴെ ദൂരെയായി കാണുന്ന കട്രനഗരത്തിന്റെ വശ്യതയും കണ്ണെത്താദൂരത്താവുന്നിടത്തോളം നോക്കി ആസ്വദിച്ചിരിക്കുന്നതിനിടെ നല്ല വേഗത്തില്‍ കയറ്റം ഓടികയറുന്ന പോണിയേയും ഇടക്ക് വേച്ചു പോവുന്ന അതിന്റെ കാലുകളേയും ഞാന്‍ മറന്നുപോയിരുന്നു. കൂട്ടുകാരെ ഇടക്ക് കാണാതായിരുന്നു. കുതിച്ചു പായുന്ന അവരുടെ കുതിരയെ ഇടക്ക് ഞാന്‍ മുകളിലെ വളവിലൂടെ മിന്നായം പോലെ കണ്ടു.
 
കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കുത്തനെയുള്ള ഷോര്‍ട്ട്കട്ടുകളുണ്ട്. ചായയും കോളയും സ്‌നാക്‌സും വില്‍ക്കുന്ന കടകള്‍ വഴിയില്‍ ധാരാളം. പതിനാലു കിലോമീറ്റര്‍ കയറ്റം കയറി വേണം ഭവനത്തിലെത്താന്‍. വെള്ളചായം പൂശിയ വലിയൊരു സമുച്ചയത്തിലാണ് ദേവിയുടെ ഗുഹാക്ഷേത്രം. ക്ലോക്ക് റൂം, സ്‌നാനഘട്ടങ്ങള്‍, താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ എല്ലാമുണ്ടവിടെ. ജനം ഒഴുകുകയാണ്. ഭക്തകണ്ഠ്ങ്ങളില്‍ നിന്നുയരുന്ന ജയ്മാതാദി വിളികള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷം. കുറച്ചുനേരം വിശ്രമിച്ച ശേഷം ഇടുങ്ങിയ ദര്‍ശനവഴിയിലൂടെ കഷ്ടിച്ച് ഏഴടി ഉയരമുള്ള തുരങ്കത്തിലൂടെ ഞങ്ങള്‍ നീങ്ങി. കൂട്ടുകാരെല്ലാം നിശബ്ദമായ പ്രാര്‍ഥനയിലായിരുന്നു. വിടവിലൂടെ വരുന്ന ജലപ്രവാഹം മാര്‍ബില്‍ ചാലിലൂടെ ഒഴുകി കാല്‍ നനച്ചു. ദേവിയുടെ പാദത്തില്‍ നിന്നുയരുന്ന ചരണ്‍ഗംഗയാണെന്ന് കൂട്ടുകാരി ചെവിയില്‍ പറഞ്ഞുതന്നു. തുരങ്കത്തിലൂടെ ഏകദേശം നൂറു മീറ്റര്‍ പോയാല്‍ വലിയൊരു ഗുഹയില്‍ മൂന്നുകല്ലുകളുടെ രൂപത്തില്‍ വിശ്വാസികളുടെ ആരാധ്യപാത്രമായ ദേവി. വലതു വശത്ത് എഴുന്നു നില്‍ക്കുന്ന കല്ല് മഹാകാളിയും നടുവില്‍ മഹാലക്ഷ്മിയും വലതുവശത്ത് മഹാസരസ്വതിയും ആണെന്ന് തൊഴുകയ്യുമായി നിന്നിരുന്ന കൂട്ടുകാരോട് വിവരിച്ചു. പൂജാരി ഏതോ സ്വപ്നലോകത്തെന്ന പോലെ അന്ധാളിച്ചു നില്‍ക്കുന്ന എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. അവിടെ ദക്ഷിണയായി ഒന്നും സ്വീകരിക്കില്ല, ഇഷ്ടമുള്ളത് ഭണ്ഡാരപെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതി .
 
ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്ക് നാലുമണിയായിരുന്നു. ഭക്ഷണം കഴിച്ച് പോണിക്ക് മുകളിലേക്ക് കയറാനുള്ള തയ്യാറെടുപ്പിനിടെ കൂട്ടുകാരിയുടേ മകള്‍ ഗാഥ ഇങ്ങോട്ട് വന്ന കുതിരയില്‍ കയറില്ലെന്ന് പിടിവാശിയായി. ഏറ്റവും ഉയരവും തലയെടുപ്പുമുള്ള ആ കുതിര തലക്കുമുകളിലുള്ള മലയിടുക്കിലെ പാതയിലൂടെ കുതിച്ച് പായുന്നത് കണ്ടപ്പോള്‍ തന്നെ ഞാന്‍ പേടിച്ചു പോയിരുന്നു. ഇനി പതുക്കെ കൊണ്ടുപോവാം എന്നൊക്കെ കുതിരക്കാരന്‍ പറഞ്ഞിട്ടും അവള്‍ കൂട്ടാക്കിയില്ല. കൂട്ടുകാരിലൊരാളുടെ കുതിരയെ അവളുടെ കുതിരയുമായി മാറി ഞങ്ങള്‍ ഭൈരവ് നാഥ് ക്ഷേത്രത്തിലേക്കുള്ള കയറ്റം കയറിതുടങ്ങിയപ്പോള്‍ സൂര്യന്‍ താഴ്ന്നു തുടങ്ങിയിരുന്നു. 
 
 
കിഴുക്കാം തൂക്കായ ഒരു മലയിലാണ് ഭൈരവ്‌നാഥ് മന്ദിര്‍. ഒരു കൊച്ചു ക്ഷേത്രം. കൂട്ടുകാര്‍ ദര്‍ശനത്തിനു പോയസമയം ക്ഷേത്രത്തിന്റെ വിശാലമായ തളത്തില്‍ നിന്നാല്‍ കാണുന്ന ജമ്മുവിന്റെ ചുവന്ന ആകാശത്തിനു കീഴെ ഒരു കുഞ്ഞു വീടുപോലെ മലമടക്കിലെ വൈഷ്‌ണോദേവിയുടെ ഭവനം നോക്കിനിന്നപ്പോള്‍ ക്ഷീണമെല്ലാം മറന്നുപോയിരുന്നു ഞാന്‍.
 
ദര്‍ശനം കഴിഞ്ഞ് കൂട്ടുകാര്‍ തിരിച്ചെത്തിയപ്പോഴേക്ക് നേരം നന്നെ ഇരുട്ടിയിരുന്നു. നടന്നിറങ്ങാമെന്ന് പറഞ്ഞിരുന്നെങ്കിലും യാത്ര പോണിയില്‍ തന്നെയാവാമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. കയറുന്നത് പോലെ സുഖമുള്ളതായിരുന്നില്ല പോണിയുടെ മുകളിലിരുന്നുള്ള മടക്കം. അനേകം നിയോണ്‍ ബള്‍ബുകളുണ്ടെങ്കിലും ചിലയിടങ്ങളിലെല്ലാം നേര്‍ത്ത വെളിച്ചമേ ഉണ്ടായിരുന്നുള്ളു. വീട്ടില്‍ തിരിച്ചെത്താനുള്ള കുതിരക്കാരന്റെ തിരക്ക് കാരണം ആഞ്ഞു വീശുന്ന വടിയുടെ വേദനയില്‍ ഇറക്കത്തിലൂടെ പോണി ഇടക്കെല്ലാം കുതിച്ചുപായുന്നുണ്ടായിരുന്നു. കൂട്ടുകാരെല്ലാം മുന്നിലായികഴിഞ്ഞിരുന്നു. വേച്ചുപോയ കുതിരയുടെ മുകളിലിരുന്ന് ജയ്മാതാദി എന്ന് ഭയത്തോടെ നിലവിളിക്കുന്ന ഭക്തന്റെ ശബ്ദത്തില്‍ ഇരുട്ടിലെ അഗാധമായ കൊക്കയിലേക്ക് നോക്കി ന്റെ പടച്ചോനെ എന്ന നബീസുവിന്റെ വിളി മുങ്ങിപോയി.
 
പകുതി ദൂരമെത്തിയപ്പോള്‍ കൂട്ടുകാര്‍ കുതിരകളില്‍ നിന്നിറങ്ങി ചായ കുടിക്കാന്‍ കാത്തുനില്‍ക്കുന്നത് കണ്ടു. പോണിയില്‍ നിന്നിറങ്ങി അവരോടൊപ്പം നടക്കുമ്പോള്‍ ശരീരത്തില്‍ ഏതു ഭാഗത്താണ് വേദനയില്ലാത്തത് എന്നൊരു സംശയം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. മഴ വരുന്നു വേഗം പോവാം എന്ന് പറഞ്ഞ് തിരക്കുകൂട്ടിയ കുതിരക്കാരെ നോക്കിയപ്പോള്‍ ഇനിയും മുക്കാല്‍ മണിക്കൂറ് കൂടി ബാക്കിയുള്ള പോണി യാത്ര ഓര്‍ത്തപ്പോള്‍ എല്ലാവര്‍ക്കും കരച്ചില്‍ വന്നു. കൂട്ടുകാരുടെ കുതിര നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി. എന്റെ പോണി എത്ര ഓടിയിട്ടും അവരോടൊപ്പം എത്തുന്നുമില്ല. എനിക്ക് ഇറങ്ങി നടന്നാല്‍ മതിയെന്നായി. കുതിരക്കാരന്‍ സമ്മതിക്കില്ലെന്നറിയാവുന്നത് കൊണ്ട് മഞ്ചു വാര്യര്‍ ഏതോ സിനിമയില്‍ പറഞ്ഞ പോലെ ഇനി നിങ്ങള്‍ കയറലു ഞാന്‍ ഇറങ്ങലു എന്നൊക്കെ അയാളെ നോക്കി പറഞ്ഞ് കുറെ വട്ടുകളിപ്പിച്ചത് വേദന മറക്കാനായിരുന്നു. പതിനാറു കിലോമീറ്റര്‍ ഇറക്കം ഇറങ്ങി റൂമിലെത്തിയതും ഞാന്‍ കിടക്കയിലേക്ക് വീണു.
 
മായാകാഴ്ച്ചകളും വിസ്മയങ്ങളും തന്ന നാടിനോട് വിട പറയുകയാണ്. ഇനി ജമ്മു തവി സ്‌റ്റേഷനില്‍ നിന്ന് തീവണ്ടിമാര്‍ഗം ഡല്‍ഹിയിലേക്ക്. യാത്രയിലുട നീളം തമാശയും ചിരിയുമായി കൂടെയുണ്ടായിരുന്ന കൂട്ടുകാരനോട് വിട പറഞ്ഞ് ഞങ്ങള്‍ ഡല്‍ഹിയിലേക്കുള്ള ട്രെയിനില്‍ കയറി. പൂത്തു നില്‍ക്കുന്ന കടുകുപാടങ്ങളുടെ നടുവിലൂടെ ട്രെയിന്‍ കൂകി പാഞ്ഞു. രാത്രി എട്ടുമണിക്ക് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ഞങ്ങളുടെ കൂട്ടുകാരി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടലായിരുന്നു അത്. എത്ര പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങള്‍ക്കൊടുവില്‍ കിടന്നപ്പോള്‍ പുലരാറായിരുന്നു. രാവിലെ ഏഴു മണിക്ക് ഡല്‍ഹിയിലെ വിമാനത്താവളത്തില്‍ നിന്ന് ഞങ്ങളേയും കൊണ്ട് വിമാനം ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ഗാഥ പതുക്കെ എന്റെ കൈ തണ്ടയില്‍ തൊട്ട് സൈറാന്റി നമ്മള്‍ തിരിച്ചു പോകുകയാണ് എന്ന് സങ്കടത്തോടെ പറഞ്ഞപ്പോള്‍ ഞാനോര്‍ത്തു. അതെ തിരിച്ചു പോകുകയാണ്. സുന്ദരമായ ഒരു സ്വപ്നത്തില്‍ നിന്ന് ഉണരാന്‍ പോകുകയാണ്.
 

No comments:

Post a Comment