Tuesday, August 20, 2013

ഒരു പേരിലെന്തിരിക്കുന്നു....ഷേക്സ്പിയര്‍ ചോദിച്ചതാണ് ...
ഒരു ദിവസം എഫ് ബിയിലെ എന്റെ കൂട്ടുകാരന്‍ റസൂല്‍ അവരുടെ കുടുംബ സുഹ്രുത്ത് കമറു എന്റെ കൂട്ടുകാരിയാണെന്നറിഞ്ഞ് സൈറ മുഹമ്മദിനെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ക്ക് ഞാനാണെന്ന് മനസിലായതേ ഇല്ല എന്ന് പറഞ്ഞു അവളെന്നെ കണ്ടപ്പോള്‍.സൈറയുടെ കൂടെയുള്ള മുഹമ്മദ് ഞാനറിയാതെ എന്നോ തൂങ്ങിയതാണ് എന്റെ ... പേരിന്റെ വാലായി.ക്രിഷ്ണമൂര്‍ത്തി ബോര്‍ഡിങ്ങ് സ്കൂളിലെ കത്തെഴുതാനുള്ള വ്യാഴ്ചയിലെ പിരിയഡില്‍ മൂന്നാം ക്ലാസുകാരി മകളാണ് ആദ്യമായി ഇന്‍ലന്റിന്റെ മുന്‍ വശത്ത് സൈറമുഹമ്മദ് എന്നെഴുതിയത്. പിന്നീട് സ്കൂളില്‍ നിന്നും വരുന്നകത്തുകളിലെ ടു അഡ്രസ്സെല്ലാം അങ്ങിനെയായി.പിന്നെപ്പോഴോ വോട്ടര്‍ പട്ടികയിലും ഐഡന്റിറ്റി കാര്‍ഡിലും അങ്ങിനെയായി പോയതിനാല്‍ പാസ്പോര്‍ട്ട് എടുക്കാന്‍ ഞാന്‍ പെട്ട പാട് പറയാതിരിക്കുകയാണ് നല്ലത്.

അഞ്ചാം ക്ലാസ്സിലേക്ക്ജയിച്ച് പുതിയ സ്കൂളില്‍ ചേര്‍ന്നപ്പോള്‍ നാലു വരെ പഠിച്ച കല്ലായി സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ഉന്ന്യസ്സന്‍ മാസ്റ്റര്‍ ഏത് പേരും തന്റെ ഇഷ്ട്ടത്തിന്‍ സ്പെല്ലിങ് നിശ്ചയിക്കുന്ന ആളായതിനാലും അന്ന് ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലാതിരുന്നതിനാലും റ്റീസീയില്‍ സൈറയുടെ ഐ എഴുതാതിരുന്നതിനാല്‍ ഹാജര്‍ വിളിക്കുമ്പോള്‍ സറ എന്ന് വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് കൂട്ടുകാരെയും കൂട്ടി ഓഫ്ഫിസ് റൂമില്‍ പേര് തിരുത്താന്‍ ചെന്നത്.അന്നത്തെ ക്ലാസ്സ്മാസ്റ്റര്‍ ഹിന്ദി നടി സൈരാബാനുവിന്റെ ആരാധകനായിരുന്നതു കൊണ്ട് നമുക്കു സൈരാബാനു എന്നാക്കിയാലോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതിക്കാതിരുന്നത് വീടിനടുത്തുള്ള എപ്പോഴും മൂക്കൊലിപ്പിച്ചു നടക്കുന്ന, എല്ലാ കളിയിലും എന്നെ തോല്പ്പിക്കുന്ന പോരാത്തതിന് അവധിക്കാലത്ത് ഞാന്‍ പോയ സ്ഥലങ്ങളെ കുറിച്ചും വായിച്ച പുസ്തകങ്ങളെ കുറിച്ചും കണ്ട സിനിമകളെ കുറിച്ചുമെല്ലാം കൂട്ടുകാരോട് പറയുമ്പോഴെല്ലാം എല്ലാം നുണയാണെന്ന് പറയുന്ന സൈറാബാനുവിനോടുള്ള ദേഷ്യം കൊണ്ടായിരുന്നു എന്നതാണ് സത്യം .ഇപ്പോള്‍ കാണുമ്പോഴെല്ലാം ഓടി വന്ന് കയ്യില്‍ അമര്‍ത്തി പിടിക്കുന്ന , വിശേഷങ്ങള്‍ ചോദിക്കുന്ന അവളെ കാണുമ്പോള്‍ എല്ലാം ഞാനത് ഓര്‍ക്കും


പിന്നീട് ചിലര്‍ സഹിറ സഈറ എന്നൊക്കെ വിളിച്ചെങ്കിലും വീട്ടിലെല്ലാവര്‍ക്കും ഞാന്‍ സെയിറ ആയിരുന്നു.മദ്രസയിലെ മൗലവി നിനക്കെത്ര പേരാണെന്ന് കളിയാക്കിയ ദിവസം ഉമ്മ ശെരിക്കും എനിക്കിട്ട പേരെന്താണെന്ന് ചോദിച്ചപ്പോള്‍ സെയെറ എന്ന് പറഞ്ഞപ്പോള്‍ അങ്ങിനെ ഒരു പേരുമില്ല ഉമ്മാക്ക് ഒരു വിവരവുമില്ല എന്ന് പറഞ്ഞ് കരഞ്ഞത് വീട്ടിലന്ന് തമാശയായി

വിവാഹിതയായി കയറിവന്ന വീട്ടില്‍ അനിയന്മാരും അനിയത്തിമാരും സൈറത്ത എന്ന് വിളിച്ചപ്പോള്‍ പുറം ജോലിക്കാര്‍ വിളിച്ചിരുന്ന പേരായിരുന്നു വേറൊരു തമാശ..ആ വീട്ടില്‍ മരുമക്കളെല്ലാം '' ഇമ്മു' മാരായിരുന്നു..ആളെ തിരിച്ചറിയാന്‍ ഭര്‍ത്താക്കന്മാരുടെ പേര് കൂടെ ചേര്‍ക്കുമെന്നുമാത്രം...മൂത്തമകന്റെ ഭാര്യയായതിനഅല്‍ ഞാന്‍ കാക്കുവിന്റെ ഇമ്മുവായി..എന്റെ ജ്യേഷ്ഠന് എന്നെ അത് പറഞ്ഞ് കളിയാക്കാനെ അന്ന് നേരമുണ്ടായിരുള്ളു..
ഇപ്പോള്‍ അവരുടെ പുതിയ തലമുറ മുതല്‍ പണികളുടെ മേല്‍ നോട്ടം വഹിക്കുന്ന അറുപത്കാരന്‍ മാനുകാക്കാ വരെ എന്നെ താത്ത എന്നായി വിളി.

പണ്ട് കോഴിക്കോട് പ്രീഡിഗ്രിക്കു പഠിച്ചപ്പോള്‍ നീത എന്നു പേരുള്ള ഒരു കൂട്ടുകാരി ഉണ്ടായിരുന്നു...കൊങ്ങിണിയായതിനാല്‍ മലയാളം എഴുതാനും വായിക്കാനുമറിയാത്ത അവള്‍ നന്നായി പാടുമായിരുന്നു.ഒരു മലയാളം പാട്ട് പാടണമെന്ന അവളുടെ സ്വപ്നം നടപ്പിലാക്കാന്‍ ഞാനും കൂട്ടത്തില്‍ ഇത്തിരി കുസൃതി കൂടുതലുള്ള സീതയും ജയചന്ദ്രന്‍ പാടിയ നീ മധു പകരു എന്ന പാട്ടിന്റെ കാസറ്റ് തപ്പി പിടിച്ച് കൊടുത്ത ദിവസം തന്നെ എനിക്ക് അത്യാവശ്യമായി വീട്ടില്‍ പോവേണ്ടി വന്നു..ലിറിക്സ് ഞാന്‍ ഇംഗ്ലീഷില്‍ എഴുതി കൊടുത്തോളാമെന്ന് സീത പറഞ്ഞപ്പോള്‍ ഞാന്‍ സംശയിച്ചതേ ഇല്ല..പരിപാടിയുടെ ദിവസം അവളുടെ പാട്ട് കേള്‍ക്കാന്‍ കൂട്ടുകാരോടൊത്ത് ആഡിറ്റോരിയത്തില്‍ ചെന്ന ഞാന്‍ അവളുടെ പാട്ട് കേട്ട് ഞെട്ടി പോയി.മധു പകരു നീ മലര്‍ ചൊരിയുവിലെ r നു പകരം സീത m എന്നെഴുതി കൊടുത്ത് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ ഇരിക്കുന്നു.എല്ലാവരുടെയും കൂട്ടചിരിക്കിടയില്‍ അവള്‍ പാട്ട് മുഴുവനാക്കി വന്ന ശേഷം സംഭവിച്ചതറിഞ്ഞു പൊട്ടിചിരിച്ചപ്പോളായിരുന്നു എനിക്കാശ്വാസമായത്.എഫ് ബി യില്‍ ഇടക്കിടെ അന്നത്തെ കൂട്ടുകാരികളുടെ പേര് അടിച്ചു നോക്കുമ്പോളൊന്നും ഞാന്‍ നീത എന്ന പേര് തിരയാറില്ല.കാരണം..കൊങ്ങിണി സമുദായത്തില്‍ വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്ര് വീട്ടുകാര്‍ പേര് മാറ്റി അവര്‍ക്കിഷ്ട്ടമുള്ള പേരിടും എന്ന് ഒരിക്കല്‍ അവള്‍ ഞങ്ങളോട് പറഞ്ഞിരുന്നു.അന്നത് തമാശയായി തോന്നിയെങ്കിലും ഈ പേര് വല്ലാത്ത ഒരു പൊല്ലാപ്പ് തന്നെയാണെന്ന് മനസിലാവുന്നത് ഇപ്പോഴാണെന്ന് മാത്രം .

1 comment:

  1. ഒരു പേരിലെന്തിരിക്കുന്നു..പ്രാഞ്ചി.

    ReplyDelete