Tuesday, August 20, 2013

ഏറെ പ്രിയപെട്ട ഒരു സുഹ്രുത്തിനെ എഫ് ബി യില്‍ കാണാതിരുന്നപ്പോള്‍ എന്തു പറ്റിയെന്നറിയാനിട്ട സന്ദേശത്തിന്‍ പനിയായിരുന്നു ഒരാഴ്ച്ചയായിട്ട്,നന്നായി മൂടി പുതച്ച് കിടന്നു പനിയും ആസ്വദിച്ചു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി.വേറൊരു ദിവസം പ്രിയ കൂട്ടുകാരി ശുഭയും എഴുതി പനിക്കിടക്കയിലെ മയക്കത്തില്‍ കണ്ട സ്വപ്നങ്ങളെ കുറിച്ചും അമ്മയെക...ുറിച്ചുമെല്ലാം..മഴ നനഞ്ഞും പുഴയില്‍ ചാടി തിമര്‍ത്തും വളര്‍ന്ന കുട്ടിക്കാലമായതിനാലാവാം എനിക്ക് പനി വരാറേ ഇല്ല...എന്നും ഭര്‍ത്താവിനും മക്കള്‍ക്കുമിഷ്ട്പെട്ട ഭക്ഷണം പാകം ചെയ്തും അവരുടെ സുഖ സൗകര്യങ്ങള്‍ നോക്കിയും ജീവിക്കുന്ന ഞാന്‍ പനിച്ചു കിടന്നാല്‍ എന്റെ വീടിന്റെ താളം തെറ്റില്ലേ എന്നൊക്കെ ആലോചിച്ചു പോയെങ്കിലും ഇതൊക്കെ കേട്ട് ഇടക്കൊന്നു പനിച്ചു കിടക്കാന്‍ ഞാനും ഒന്നു ആഗ്രഹിച്ചുപോയി.

കഴിഞ്ഞ ഒരാഴ്ച്ചയായി എന്നെ ഉലച്ചു കളഞ്ഞ ഈ പനി എനിക്കാസ്വദിക്കാനേ ആയില്ലാ എന്നാതാണു സത്യം. മാധവികുട്ടിയുടെ '' കോലാടിലെ'' അമ്മയെ പോലെ മരിക്കാന്‍ പോവുമ്പോഴും പരിപ്പു കരിയുന്നു എന്ന വേവലാതിപ്പെടുന്ന അമ്മയെപോലെ മകന്‍ ഭക്ഷണം കഴിച്ചില്ലല്ലോ....മകള്‍ പനിയാണെന്ന് പറഞ്ഞ് വിളിച്ചതല്ലേ ഭേദമുണ്ടോ എന്ന് വിളിച്ചില്ലല്ലോ എന്നെല്ലാം ഓര്‍ത്തും മയങ്ങിയും കിടന്ന ദിവസം ഞാനോര്‍ത്തതെല്ലാം എന്റെ ഉമ്മയെആയിരുന്നു
.അമ്മയെന്നാല്‍ മോരുകാച്ചിയ മണമാണോര്‍മവരികയെന്ന് എന്റെ കൂട്ടുകാരി എന്നോട് പറയുമായിരുന്നു.ഗരം മസാലയുടെയും ബിരിയാണി കൂട്ടിന്റെയും മണമാണെനിക്ക് എന്റെ ഉമ്മ.അസുഖവും വാര്‍ധക്യവും ഇപ്പോള്‍ അവരെ ഞങ്ങളെക്കാള്‍ ശാഠ്യക്കാരും വാശിക്കാരുമാക്കി.
ജോലിയുടെ തിരക്കുകള്‍ പറഞ്ഞ് നീട്ടി നീട്ടി വെക്കുന്ന എന്റെ മകളുടെ വരവും പഠനത്തിനായി ദൂരെ പോയ മകനെയും ഓര്‍ത്ത് പനിച്ചു കിടന്ന പാതി മയക്കത്തിലും ഓര്‍ത്തെടുക്കാനാവാത്ത സ്വപ്നത്തിനുമവസാനം കാല്‍ വേദനിക്കുന്നു തല വേദനിക്കുന്നു എന്നെല്ലാം പറഞ്ഞ് ഉമ്മ കോരി തരുന്ന കഞ്ഞി വേണ്ടന്ന് പറഞ്ഞ് ശാഠ്യം പിടിച്ച് ആ മടിയില്‍ ഒന്ന് മയങ്ങികിടക്കാനാഗ്രഹിച്ചു പോയി ഞാന്‍..

No comments:

Post a Comment