Tuesday, August 20, 2013

കഴിഞ്ഞ ആഴ്ച വൈകുന്നേരം ഗേറ്റ് അടക്കാന്‍ ചെന്നപ്പോളാണ് ബംഗാളി തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സ് മുറ്റത്ത് ഞാനവളെ ആദ്യമായി കണ്ടത്.വിടര്‍ന്ന കണ്ണുകളും ചപ്ര തലമുടിയുമായി മുന്‍പിലെ രണ്ട് പല്ലില്ലാത്ത എട്ടു വയസു തോന്നിക്കുന്ന മിടുക്കിയെ.രണ്ട് ദിവസത്തിനുള്ളില്‍ ഞാനും എനിക്കു മനസിലാവാത്ത ഏതോ ഭാഷയില്‍ അവളും സംസാരിച്ചു നല്ല കൂട്ടായി.പത്തു ദിവ...സത്തേക്ക് അച്ചന്‍ ജോലി ചെയ്യുന്ന നാട് കാണാന്‍ വന്നതാണെന്ന് അപ്പുറത്തെ കടക്കാരനാണ് എനിക്കു പറഞ്ഞു തന്നത്.

രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് മഴ പെയ്ത വൈകുന്നേരം നനഞ്ഞ തൊടിയിലൂടെ നടക്കുമ്പോഴാണ് ഞാനവളുടെ കരച്ചില്‍ കേട്ടത്.കാര്യമന്വേഷിച്ച എനിക്ക് അവളുടെ അമ്മ പറഞ്ഞതൊന്നും മനസിലായില്ല.അവരെ തിരഞ്ഞ് വന്ന അവളുടെ അച്ചന്‍ അമ്മ കാണാതെ മഴ നനഞ്ഞ് കളിച്ചതിനാണ് അടി കിട്ടിയത് എന്ന് ഹിന്ദിയും ആംഗ്യ ഭാഷയും ചേര്‍ത്ത് പറഞ്ഞപ്പോള്‍ മഴ നനഞ്ഞ് കഴിഞ്ഞാല്‍ തല തുവര്‍ത്താതേ പോയി കുളിച്ചാല്‍ പനി പിടിക്കില്ല എന്ന ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ ചെയ്തിരുന്ന സൂത്രം ഞാനെനിക്കറിയാവുന്ന ഹിന്ദിയും ആംഗ്യ ഭാഷയുമൊക്കെ ചേര്‍ത്ത് എത്ര പറഞ്ഞു കൊടുത്തിട്ടും അവര്‍ക്ക് ഒട്ടും മനസിലായതുമില്ല.

ഒരിക്കല്‍ ഒറ്റമഴ വീടും കാട്ടിലെ മഴയും മഴയുടെ സംഗീതവുമൊക്കെ പറഞ്ഞ സുഹ്രുത്തിനോട് ഈ മഴ സൂത്രം പറഞ്ഞപ്പോള്‍ ഒരു വനയാത്രയില്‍ ആദിവാസികള്‍ പറഞ്ഞുകേട്ടറിയാമെന്ന് പറഞ്ഞപ്പോഴാണ് ഞാനോര്‍ത്തത് ഞങ്ങള്‍ക്കത് ബാല്യകാലത്തെ കളികൂട്ടുകാരായ ആദിവാസി കുട്ടികളില്‍ നിന്ന് കിട്ടിയതാവാമെന്ന്.

തണുത്ത് തണുത്തുള്ള മഴക്കാല യാത്രകളും എനിക്കിഷ്ട്ടമാണ്.മഴയും പുഴയും പുഴയോരത്തെ ലൈബ്രറിയും നിലമ്പൂരിലെ ഞങ്ങളുടെ വീടിനടുത്തുള്ള അന്നത്തെ ഓരോ കുട്ടികളുടെയും ജീവിതവുമായി ചേര്‍ന്നു നിന്നിരുന്നത് കൊണ്ടാവാം ഈ ഇഷ്ട്ടം.വര്‍ക്കലയില്‍ ഏതോ കല്യാണത്തിന് പോയ അനിയത്തി ഇപ്പ്രാവശ്യത്തെ നമ്മുടെ മഴ യാത്ര ഇങ്ങോട്ടാക്കിയാലോ സീസണല്ലാത്തതിനാല്‍ വാടകയും കുറവാണെന്ന് പറയുന്നു എന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞ ഒഴിവുകഴിവുകള്‍ കേട്ട് അവളും എന്റെ മകനും കടലില്‍ പെയ്യുന്ന മഴയുടെ സംഗീതവും തിരക്കില്ലാത്ത ഒഴിഞ്ഞ വരാന്തയിലിരുന്ന് മഴ കണ്ട് വായിക്കാവുന്ന പുസ്തകങ്ങളെ കുറിച്ചെല്ലാം പറഞ്ഞ് എന്നെ കൊതിപ്പിച്ചതും ഈ മഴ ഇഷ്ട്ടം അറിഞ്ഞു കൊണ്ട് തന്നെയാണ്.

മഴ തന്നെ എത്ര തരമാണ്.

സ്കൂളില്‍ പോവാനുള്ള സൗകര്യത്തിന്‍ താമസിച്ചിരുന്ന നിലമ്പൂരിലെ വീട്ടില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള അവധിക്കാലത്ത് താമസിച്ചിരുന്ന കൃഷിയും പയ്ക്കളും പണിക്കാരും ഒക്കെയുള്ള എരുമമുണ്ടയിലെ വീട്ടിലെ അവധിക്കാലങ്ങളില്‍ കൂട്ടുകാരായ ആദിവാസികുട്ടികളോടൊത്ത് ബാപ്പ ഇല്ലാത്ത ദിവസം നോക്കി തൊട്ടാവാടി മുള്ളുരസി ചോര പൊടിഞ്ഞ കാലടികളുമായി മടക്കി കുത്തിയ പാവാടയില്‍ കാട്ടിലെ കായകള്‍ ശേഖരിച്ചും കണ്ണാരം പൊത്തിയും കളിക്കുന്നതിനിടയില്‍ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ പൊടുന്നനെ വന്നു വീണ് പേടിപ്പിച്ച വേനല്‍ മഴ.... പാറും മഴ

പുതിയ പുസ്തകത്തിന്റെ മണമുള്ള ജൂണ്‍ മഴ

കൂട്ടുകാരോടൊത്ത് വെള്ളം തെറിപ്പിച്ച് ആര്‍ത്ത് വിളിച്ച് സ്കൂള്‍ വിട്ടോടുമ്പോള്‍ തണുത്ത കാറ്റിന്റെ അകമ്പടിയോടെ വീശുന്ന ചാറ്റല്‍ മഴ
മഴ പെയ്ത മുറ്റത്തെ മഴവില്‍ ചാലുകളില്‍ കടലാസു തോണി ഉണ്ടാക്കി ഒഴുക്കി കളിക്കുമ്പോള്‍ ആറ്ത്തലച്ചു പെയ്ത കര്‍ക്കിടക മഴ.
എരുമമുണ്ടയിലെ വീട്ടിലെ ഓണക്കാലത്ത് നോക്കെത്താ ദൂരം വെള്ളം നിറഞ്ഞുകിടക്കുന്ന വയല്‍ വരമ്പിലൂടെ മഴ നനഞ്ഞ് ജ്യേഷ്ഠന്റെ കൂടെ ചൂണ്ടയിടാന്‍ പോയതിന് അടി വാങ്ങിയ ചിങ്ങ മാസത്തിലെ ചീഞ്ഞ മഴ.
കൂട്ടുകാരോടൊപ്പം വീട്ടില്‍ നിന്ന് അകലെയുള്ള റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിന്‍ കാണാന്‍ പോവുന്നത് ഉമ്മയോട് പറയാതിരുന്നാല്‍ ട്രെയിന്‍ വരുന്നതിനു തൊട്ടു മുന്‍പ് ട്രാക്കില്‍ വെക്കുന്ന പത്തു പൈസാ നാണയം പരന്നു ലോക്കറ്റു പോലെയാവും അത് മാലയിലിടാന്‍ കൊണ്ടുതരാമെന്നൊക്കെ പറഞ്ഞത് കേട്ട് ലോകത്തിലേറ്റവും വിവരമുള്ളതും ധൈര്യമുള്ളതും ഞങ്ങളുടെ ഇക്കാക്കാണെന്ന് വിശ്വസിച്ചിരുന്ന ഞാനും അനിയത്തിയും നേരം വളരെ വൈകിയിട്ടും അവനെ കാണാതായ വീട്ടിലെ കോലാഹലം കണ്ടിട്ടും മിണ്ടാതിരുന്നതിന് കിട്ടിയ അടി കൊണ്ട് വാവിട്ട് കരഞ്ഞപ്പോള്‍ ഞങ്ങളെക്കാള്‍ ഉച്ചത്തില്‍ അലറിപെയ്ത മഴ.
ട്ടീച്ചറില്ലാത്ത പിരിയഡില്‍ പകരം വരുന്ന ദിവസങ്ങളിലെല്ലാം രാമായണ മഹാഭാരത കഥകള്‍ പറഞ്ഞു തന്ന രവീന്ദ്രന്‍ മാഷിന്റെ ക്ലാസ്സില്‍ പാഞ്ചാലിയെ പ്രണയിച്ചത് ശെരിക്കും കര്‍ണനായിരുന്നു എന്ന് കേട്ട് കര്‍ണനോട് ഇഷ്ട്ടം തോന്നിയ എട്ടാംക്ലാസ്സില്‍ ഏക്കറുകള്‍ പരന്നുകിടക്കുന്ന ഞങ്ങളുടെ മാനവേദന്‍ സ്കൂളിന്റെ വലിയ ജനലുകള്‍ക്കപ്പുറം നോക്കെത്താദൂരത്തോളം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ചാലിയാര്‍ പുഴയില്‍ പെയ്ത മഴ.

ജനാലക്കപ്പുറം പെയ്ത മഴ...ഓടിട്ടവീട്ടിലെ മഴ..മരക്കൊമ്പില്‍ നിന്നും ഇറ്റു വീഴുന്ന മഴ..
വയലോരത്തെ എന്റെ ഈ വീട്ടിലെ മഴ .. വെള്ളം കെട്ടിനില്‍ക്കാന്‍ ഉണ്ടാക്കിയ തടയണക്കു മുകളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ സംഗീതവും അനേകായിരം ചീവീടുകളും തവളകളും ചേര്‍ന്നു രാത്രി പെയ്യുന്ന ജുഗല്‍ബന്തി മഴ

No comments:

Post a Comment