Tuesday, August 20, 2013


പുലര്‍ച്ചെ  ആറു മണിക്ക്    മദ്രസ്സയില്‍    പോവാ ന്‍ ഉമ്മ    വന്ന് വീണ്ടും വീണ്ടും വന്ന് വിളിച്ചാല്‍ മാത്രം എഴുന്നേറ്റിരുന്ന  ഞങ്ങള്‍   ഞായറാഴ്ച്ചകളിലെ   സപ്ലിമെന്ററുകളില്‍    ഫാന്റം ആരാദ്യം വായിക്കണമെന്ന തര്‍ക്കത്തില്‍ എന്നെ ആദ്യം വിളിച്ചുണര്‍ത്തണമെന്ന് ഞാനും അനിയത്തിമാരോരുത്തരും അവരെ ഉണര്‍ത്തണമെന്നും ഉമ്മയെ സ്വകാര്യമായി എൽപ്പിക്കുമായിരുന്നു...പിന്നീട് വലുതായപ്പോള്‍     മാത്രുഭൂമി വീക്കിലി    ആരാദ്യം വായിക്കുമെന്നായി തര്‍ക്കം.

ഇപ്പോഴും മാത്രുഭൂമി വീക്കിലി ഇടുന്ന ദിവസം അടുക്കളയില്‍ രാവിലെ ജോലി തിരക്കുണ്ടെങ്കിലും ഒന്നു മറിച്ചുനോക്കുകയെങ്കിലും ചെയ്താലെ എനിക്കു സമാധാനമാവു .

ഒരു    കൂട്ടുകാരിയുടെ    വീട്ടില്‍   പോയപ്പോള്‍     അവളുടെ അമ്മമ്മ സംസാരത്തിനിടയില്‍ കുട്ടിക്ക് ഒരു കൂട്ടം കാണിച്ചു തരട്ടെ  എന്ന്     ചോതിച്ച് എംട്ടിയും   എന്‍ വിയുമൊക്കെ  പത്രാധിപരായിരുന്ന    കാലത്തെ       മദനനും എ എസും   വരച്ചിരുന്ന  സുന്ദരിമാരും    കുട്ടേട്ടനെന്ന     കുഞ്ഞുണ്ണിമാഷും നിറഞ്ഞു  നിന്ന   പണ്ടത്തെ   മാത്രുഭൂമിവീക്കിലികള്‍      അടുക്കി വെച്ച ത്    കാട്ടി തന്നപ്പോള്‍    എന്റെ   കോളേജ് ജീവിതവും, കൂട്ടുകാരി     സുവര്‍ണയും ഞാനും    അന്നതെ ല്ലാം  വായിച്ച് തര്‍ക്കിച്ചും ചര്‍ച്ച ചെയ്തും നടന്നതോര്‍ത്തു പോയി..അന്ന്    എനിക്കതൊന്നൂടെ  വായിക്കാന്‍ തരാമോ   എന്ന് ചോദിക്കാതിരിക്കാന്‍  ഞാനൊരു പാട്    കഷ്ട്ടപെട്ടു.

ഇന്നലെ   രാവിലത്തെ     തിരക്കിനിടയില്‍   പുതിയ    വീക്കിലി   കണ്ടപ്പോള്‍ വെ റുതെ   ഒന്ന് ഓടിച്ചു  നോക്കാമെന്നെ    വിചാരിച്ച് താളുകള്‍ മറിക്കുമ്പോളാണ്   പി ജെ ജെ ആന്റണിയുടെ    ''ഡല്‍ഹിയിലേക്കുള്ള യാത്ര'' കണ്ണില്‍ പെട്ടത്. ഇപ്പോള്‍  തിരക്കു  പിടിച്ച  രാവിലത്തെ   വീട്ടമ്മ ജീവിതത്തില്‍ വിശദമായ   വായന   ഉച്ച സമയത്തായതിനാല്‍  ആദ്യവും  അവസാനവും ഒന്നു നോക്കാമെന്നേ  അപ്പോള്‍   വിചാരിച്ചിരുന്നുള്ളു.


.ബോഡോ ഭാഷയില്‍  കഥ  എഴുതുന്ന  ദേവ പ്രീതിനെ  കാണാന്‍ അസ്സാമിലെ ചൈന  അതിര്‍ത്തിക്കടുത്ത്  ദിബ്രുഗര്‍    എന്ന  നാട്ടില്‍   എഴുത്തുകാരനായ അലപ്പുഴക്കാര നും അറബിയില്‍   കഥ  എഴുതുകയും സ്പെയിനില്‍ പൊറുക്കുകയും ചെയ്യുന്ന  ബുറത്തയ്ബാനും ശ്രീലങ്കന്‍ അഭയാർഥി പെരിയവണ്ണനും    വിമാനമിറങ്ങിയ  കഥ .

പരദേശത്തെ  എഴുതുമ്പോള്‍  സ്വദേശം  അതിന്റെ  ആരൂഡമാകുന്നതെങ്ങനെ എന്ന്    പറയാതെ  പറഞ്ഞു കൊടുത്ത     ബുത്തെയ്ബാന്‍.ഉള്‍ഫയാണോ ബോഡോ  ചെറുത്തു നില്പ്പിന്റെ  അസംഖ്യം     തുണ്ടുകളില്‍    ഒന്നാണോ എന്നറിയാതെ    കൈ രണ്ടും  പിന്നിലേക്ക്  ചേര്‍ത്തു കെട്ടി മണ്ണില്‍ അമര്‍ന്നു കിടക്കുമ്പോള്‍   മരണത്തെ  കാമിക്കുന്നുവോ എന്ന് ചോദിക്കുന്ന    പെരിയ വണ്ണന്‍  പട്ടാള വെടിയുണ്ടയും ബയണറ്റ് കൊണ്ട് ചിതറി കളഞ്ഞ ശ്രീലങ്കന്‍ തമിഴിന്റെ വേദന ഉള്ളിലൊതുക്കി പറയുന്നുണ്ട് ചിലപ്പോള്‍ തോന്നും എഴുത്തും ഒരഭിനയമാണ് എന്ന്.

ഭാഷയും സംസ്ക്കാരവും നഷ്ട്ടമാകുന്നത് പർവ്വതങ്ങൾ തങ്ങളുടെ മേല്‍ പതിക്കുന്നതിന് സമാനമാണെന്ന് പറയുന്ന ആംഡ് ബോര്‍ഡോ ഗാര്‍ഡ്സ് എന്ന ഒളിപ്പോര്‍ സംഘത്തിന്റെ പ്രധിനിധിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ബസ്മതി എന്ന യുവതി വടക്കു പടിഞ്ഞാറന്‍ ജനതയെ സാംസ്ക്കാരികമായി കോളനി വത്കരിക്കാനും പട്ടാളത്തിന്റെ കരുത്തില്‍ കീഴടക്കാനുമാണ് ഇന്ത്യ ശ്രമിക്കുന്നത് എന്ന് പറയുന്നുണ്ട്.

എഴുത്തുകാരാണെന്ന് തിരിച്ചറിഞ്ഞ് വിട്ടയക്കുമ്പോള്‍ ബസ്മതി ''ശരിയെന്ന് തോന്നുന്നുവെങ്കില്‍ ബോഡോകളുടെ ന്യായമായ പോരാട്ടത്തെക്കുറിച്ച് എഴുതുക മറിച്ചാണ് തോന്നുന്നുവെങ്കില്‍ പ്രണയത്തെയും ദാരിദ്ര്യത്തെയും ഗ്രുഹാതുരതെയും മഹിമപ്പെടുത്തി കമ്പോളത്തില്‍ ചെലവാകുന്ന സാഹിത്യചരക്കുകള്‍ ഉത്പ്പാദിപ്പിച്ച് നിങ്ങള്‍ക്ക് തുടരാം.ജനതകളുടെ അതി ജീവനം ഇന്ത്യന്‍ സാഹിത്യത്തിന് ഒരിക്കലും പ്രിയ വിഷയമായിട്ടില്ലല്ലൊ '' എന്നും കൂട്ടിചേര്‍ക്കുന്നു.

ഓരോരുത്തരെയായി വിമാനത്താവളത്തില്‍ നിന്ന് യാത്രയാക്കി ഡല്‍ഹിയിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോള്‍ ഇളം നിറമുള്ള ജീന്‍സും ട്ടോപ്പുമണിഞ്ഞ് വിസ്മയമായി പിന്നില്‍ വന്ന് തൊട്ട് കഥയുടെയും കവിതയുടെയും ഭാവിയെക്കുറിച്ച്, എഴുത്തിന്റെ രൂപങ്ങള്‍ മാറേണ്ടതിനെ കുറിച്ച്   മനുഷ്യര്‍ക്ക്  പുതിയ    ത രം    കണ്ണുകള്‍  ഉണ്ടാകേണ്ടതിനെ    കുറിച്ച്, സ്വ യം ആവിഷ്ക്കരിക്കാനും     നിര്‍ണയിക്കാനുമു ള്ള ജനങ്ങളുടെ അവകാശത്തെക്കുറിച്ച്  അങ്ങനെയങ്ങനെ    മിണ്ടിക്കൊണ്ടിരിക്കുമ്പോള്‍    വന്ന  ഡല്‍ഹിയിലേക്കുള്ള  വിമാനത്തെ  കുറിച്ച്    പറഞ്ഞ് കഥ അവസാനിക്കുമ്പോ ള്‍ ബംഗാളി കഥക ളും   നോവലുകളും  പരിചയപ്പെടുത്തി തന്ന    മുന്‍പേ പറക്കുന്ന    പക്ഷികളും  നിറകണ്‍ചിരിയും വായിച്ച് സ്വപ്നങ്ങള്‍ കണ്ട    പ്രഥമ പ്രതിശ്രുതിയും    സുവര്‍ണ ലതയും    ബകുളിന്റെ കഥ യും    വായിച്ച്  സത്യവതിയെ പോലെ   തന്റേടിയാവാന്‍    ആഗ്രഹിച്ച മാത്രുഭൂമിക്കാലത്തെ ഓര്‍ത്തിരിക്കെ   ഇനിയുമാവാത്ത    പ്രഭാത ഭക്ഷണത്തിന്റെ    പേരില്‍    എന്റെ    വീട്ടില്‍ നടക്കാനിടയുള്ള കലാപത്തെ കുറിച്ച്    അൽപ്പ നേരത്തേ ക്ക്    ഞാന്‍ മനപൂർവ്വം   മറന്നുകളഞ്ഞത് തന്നെയായിരുന്നു.

1 comment:

  1. ഇതുവരെ കാണാത്ത, നേരിലറിയാത്ത ഒരാളുടെ വീട്ടുവിശേഷങ്ങള്‍ ഇത്രയും ഇഷ്ടത്തോടെ വായിക്കാനാവുമെന്ന് മനസ്സിലാക്കി തന്നു സൈറത്താടെ ഈ കുറിപ്പുകള്‍. നേരിട്ട് സംസാരിക്കുന്നത് കാതോര്‍ത്തിരിക്കുന്നതുപോലെ വശ്യം, ഹൃദ്യം.

    ReplyDelete