Tuesday, August 20, 2013

എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ പര്‍ദ്ദ ധരിച്ചവരെ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നേയില്ല.ഉമ്മ എന്നും സാരിയാണ് ഉടുത്തിരുന്നത്. തൂവെള്ളനിറത്തിലുള്ള 'വെള്ളക്കാച്ചിയും അരികിലും വശങ്ങളിലും ലേസ് വെച്ച കുപ്പായവും കാതില്‍ നിറയെ ചിറ്റും അരയില്‍ വെള്ളിയരഞ്ഞാണവും അതിനു താഴെ അലസമായി കിടക്കുന്ന തൊരടും എല്ലാമിട്ടു മുറുക്കി ചുവപ്പിച്ചു നടന്നിരുന്ന ... വെല്ലിമ്മ എന്നു വിളിച്ചിരുന്ന ബാപ്പയുടെ ഉമ്മയും ഞാന്‍ കണ്ട പ്രായമായ സ്ത്രീകളൊന്നും അന്ന് പര്‍ദ്ദ ധരിച്ചിരുന്നില്ല.

പിന്നീടൊരു ദിവസം വെല്ലിമ്മാക്കു ഹജ്ജിനു പോവാന്‍ ബാപ്പ കോഴിക്കോട് പോയി കൊണ്ടു വന്ന പര്‍ദ്ദ കാണാന്‍ ഞങ്ങള്‍ കുട്ടികളെ പോലെ വലിയവരും മുന്നിലുണ്ടായിരുന്നു.'' കാസ് ലൈറ്റ്'' എന്ന് ഞങ്ങള്‍ കുട്ടികള്‍ പറഞ്ഞിരുന്ന പെട്രോള്‍ മാക്സിന്റെ വെളിച്ചത്തില്‍ പുതിയാപ്പിള പോവാനുള്ള കൊതി കൊണ്ടാണ് പതിനെട്ടു വയസ്സില്‍ കല്യാണം കഴിച്ചതെന്നു എപ്പോഴും പറയുമായിരുന്ന അന്നത്തെ ഞങ്ങളുടെ ഡ്രൈവര്‍ അവരുടെ വീട്ടില്‍ എന്തോ വഴക്ക് നടന്നതിന്റെ പേരില്‍ നാട് വിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ കൂടെ കൊണ്ടുവന്ന പര്‍ദ്ദയിട്ട മംഗലാപുരംകാരി പുതു പെണ്ണ് അന്ന് നാട്ടിലെ ചൂടുള്ള വാര്‍ത്തയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മാക്സി പ്രചരിച്ചു തുടങ്ങിയകാലത്ത് ജെ ലളിതാംബിക മാക്സി എന്ന നിശാ വസ്ത്രം സ്ത്രീകള്‍ പകലും ഉപയോഗിക്കുന്നതിനെ കളിയാക്കി ഗ്രഹലക്ഷ്മിയില്‍ രാവാട എന്ന് പറഞ്ഞ് എഴുതുകയുണ്ടായി..അക്കാലത്ത് ഒരുച്ച സമയം പുറത്തെ വരാന്തയില്‍ വായിച്ചു കൊണ്ടിരുന്ന എന്നോട് അതുവഴി പോയ അടുത്ത വീട്ടിലെ ജമീലു ഞാന്‍ എന്തെങ്കിലും ചോതിക്കുന്നതിനു മുന്‍പേ ആശുപത്രിയില്‍ പോവുകയാണ് എന്ന് പറഞ്ഞ് അവളിട്ട കറുത്ത മാക്സി നോക്കി '' കറുപ്പ് മാക്സി ഇപ്പോ ഫാഷനാ ഇയ്യത് അറിഞ്ഞില്ലെ'' എന്ന് ചോതിച്ചത് പര്‍ദ്ദയുടെ വരവിനെ കുറിച്ചാണെന്ന് ഞാനോര്‍ത്തില്ല.. .


പണ്ട് കോളേജ് പഠനക്കാലത്ത് കാണുമ്പോഴെല്ലാം എന്റെ ജ്യേഷ്ഠനെകൊണ്ട് നിങ്ങളെ കെട്ടിക്കട്ടെ എന്ന് കളിയായി ചോതിച്ചിരുന്ന പ്രീ ഡിഗ്രിക്കാരിയെ വര്‍ഷങ്ങള്‍ക്ക് ശേഷം പെരിന്തല്‍മണ്ണയിലെ ഒരാശുപത്രിയില്‍ വെച്ച് കണ്ടപ്പോള്‍ വിശേഷങ്ങള്‍ പറയുന്നതിനിടെ പര്‍ദ്ദ ധരിച്ചത് കാരണം എന്തോകാരണത്താല്‍ പെട്ടെന്ന് ഐ സി യു വില്‍ കയറേണ്ടി വന്നപ്പോള്‍ പുതുതായി വന്ന നേഴ്സ് ഡോക്റ്റര്‍ ആണെന്ന് എത്ര പറഞ്ഞിട്ടും വിശ്വസിക്കാതിരുന്നത് പറയുകയുണ്ടായി.
വിവാഹിതയായി കയറിവന്ന വീട്ടില്‍ അവിടുത്തെ മക്കളെയെല്ലാം വളര്‍ത്തിയ അവകാശത്തില്‍ എന്നോട് അമ്മായിഅമ്മ പോര് കാട്ടിയും പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ വീടു വെച്ചു മാറിയപ്പോള്‍ എന്റെ കൂടെ പോന്ന സ്നേഹമയിയായ പാത്തുമ്മാത്തയും ചെറു പ്രായത്തില്‍ ഭര്‍ത്താവു മരിച്ച ശേഷവും ത്ന്റെ ആറു മക്കളെ വളരെ നന്നായി വളര്‍ത്തിയ ഇവിടുത്തെ ആസ്യാമുവും അവരുടെ പഴയ പുള്ളി തുണിയും കുപ്പായവും മാറി പര്‍ദ്ദയിലേക്ക് മാറി. ഭര്‍ത്താവുപേക്ഷിച്ചിട്ടും മക്കളുമൊത്ത് നന്നായി ജീവിച്ചു കാണിക്കുന്ന എന്റെ അടുത്ത വീട്ടിലെ പെണ്‍കുട്ടിയും ചെറുപ്രായത്തില്‍ വിധവയായ ആസ്യാമുവും വാര്‍ധക്യത്തിലും സന്തോഷത്തോടെ ജീവിക്കുന്ന പാത്തുമ്മാത്തയും പര്‍ദ്ദയെ കാണുന്നത് ഇസ്ലാമിക വേഷമെന്നതിലുപരി പണ്ട് അടുക്കളയില്‍ ഒതുങ്ങികഴിന്നിരുന്ന പഴയ പുള്ളി തുണിയും കുപ്പായവുമിട്ട കാലത്തില്‍ നിന്നും സ്വന്തമായി അദ്ധ്വാനിച്ച് മക്കളെ വളര്‍ത്തി ആവശ്യങ്ങള്‍ക്ക് പുറം ലോകത്തെക്കിറങ്ങുമ്പോള്‍ സൗകര്യപ്രദവും കംഫര്‍ട്ടും നല്‍കുന്ന വസ്ത്രമെന്നാണ്.

പണ്ടൊക്കെ കല്യാണത്തിന്‍ പോവേണ്ടി വരുമ്പോള്‍ നല്ല ഡ്രെസ്സെടുക്കണമല്ലോ ആരോടെങ്കിലും സ്വര്‍ണം കടം വാങ്ങണമല്ലോ എന്നൊക്കെയുള്ള വിഷമമില്ലെന്തായാലുമിപ്പൊ പാവങ്ങളും പൈസക്കാരുമൊക്കെ ഇപ്പോ ഒരു പോലെയല്ലേ എന്ന് ചിരിയോടെ കൂട്ടി ചേര്‍ത്ത പാത്തുമ്മാത്തയുടെ വാക്ക് കേട്ടപ്പോള്‍ മലപ്പുറത്തെ ഈ മിടുക്കികള്‍ എഫ് ബി യിലെ ഈ പര്‍ദ്ദ വിവാദമൊന്നും അറിയാത്തത് നന്നായി എന്നോര്‍ത്തു പോയി ഞാന്‍..

8 comments:

 1. വേഷങ്ങള്‍ വേഷം കെട്ടലുകള്‍ മാത്രമായി തീര്‍ന്നിരിക്കുന്ന ഇക്കാലത്ത് പര്‍ദ്ദയ്ക്കും വിവാദ മോചനമില്ല ...നല്ല കുറിപ്പ് ..സൈറാ ബ്ലോഗ്‌ തുടങ്ങിയത് വളരെ നന്നായി ..നമ്മുടെ ചില കോറലുകള്‍ ഇങ്ങന ഈ ഏടില്‍ മായാതെ കിടക്കുമല്ലോ...ഭാവുകങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ ..:)

  ReplyDelete
 2. പണ്ടൊക്കെ കല്യാണത്തിന്‍ പോവേണ്ടി വരുമ്പോള്‍ നല്ല ഡ്രെസ്സെടുക്കണമല്ലോ ആരോടെങ്കിലും സ്വര്‍ണം കടം വാങ്ങണമല്ലോ എന്നൊക്കെയുള്ള വിഷമമില്ലെന്തായാലുമിപ്പൊ .. ഇത് കലക്കി... പക്ഷെ ഇന്ന് പർദയെ പോലും “ഷേപ്പ്” ചെയ്തിടുന്നത് കണാം.. ആശംസകൾ

  ReplyDelete
 3. നല്ല കുറിപ്പ് ..ഭാവുകങ്ങള്‍

  ReplyDelete
 4. സൈറൂസ് .................പാത്തൂസ്

  ReplyDelete
 5. ആശംസകള്‍. എഴുത്ത് തുടരട്ടെ....

  ReplyDelete
 6. എഴുതിത്തള്ളേണ്ട വിഷയം - ധരിപ്പിക്കുന്നവൻ ധരിപ്പിക്കട്ടെ ..
  അല്ലാത്തവൻ വേണ്ട... അത്ര തന്നെ.
  കേട്ട് മടുക്കാൻ തുടങ്ങി

  ReplyDelete
 7. സൈറാ , അവസാനം ബ്ളോഗ് തുടങ്ങിയല്ലേ , നന്നായി ... എല്ലാ ആശംസകളും ...! തുടർ വായനക്കായി ഞാനും ഇവിടെ കൂടുന്നു ..

  ReplyDelete